Current Date

Search
Close this search box.
Search
Close this search box.

പശുവിന്റെ പേരില്‍ ഹനിക്കപ്പെടുന്ന മനുഷ്യത്വം

op.jpg

കണക്കു പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകന്‍ എന്നെ പഠിപ്പിച്ചത് ഇങ്ങിനെയാണ് ‘ഒരു പെന്‍സിലിനു പത്തു പൈസ, എങ്കില്‍ പത്തു പെന്‍സിലിനു എന്ത് വില വരും’ ഞങ്ങള്‍ കുട്ടികള്‍ പെന്‍സില്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു കൈവിരലുകളില്‍ കണക്കു കൂട്ടി. പെന്‍സിലും കണക്കും ഇന്നും എന്റെ മനസ്സില്‍ നിന്നും പോയിട്ടില്ല.

ഇന്നത്തെ രീതി മറ്റൊരു തരത്തിലാണ്. ഒരിക്കല്‍ അതിങ്ങനെ പഠിപ്പിച്ചു ‘ഒരു പള്ളി പൊളിക്കാന്‍ നൂറു പേര് അപ്പോള്‍ പത്തു പള്ളി പൊളിക്കാന്‍ എത്ര പേര് വേണം’. അങ്ങിനെയാണ് ഫാസിസം കണക്കു കൂട്ടി പഠിച്ചത്. ആ പഠനത്തിലൂടെ അവര്‍ അധികാരത്തിലെത്തി. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്ന നടപടിയിലൂടെ ഇന്ത്യന്‍ മണ്ണ് അവര്‍ കൈക്കലാക്കി. ഇപ്പോള്‍ അവരുടെ കണക്കു പഠനം മറ്റൊരു രീതിയിലാണ്. ‘പശുവിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലാന്‍ അമ്പത് പേര്. അപ്പോള്‍ പത്തു പശുവിന്റെ പേരില്‍ ഇരുപതു പേരെ കൊല്ലാന്‍ എത്ര പേര്’?. ‘ഒരു കൊലക്ക് കാവല്‍ നില്‍ക്കാന്‍ പത്തു പോലീസുകാര്‍. അപ്പോള്‍ പത്തു കൊലക്കു കാവല്‍ നില്‍ക്കാന്‍ എത്ര പോലീസുകാര്‍’?

ആധുനിക ഇന്ത്യയുടെ മുഖം കൂടുതല്‍ ഭീകരമായി തീരുന്നു. തല്ലിക്കൊല്ലുക എന്നത് നാട്ടില്‍ ഒരു വിനോദമായി തീര്‍ന്നിരിക്കുന്നു. ആര്‍ക്കും ആരെയും കൊല്ലാനുള്ള കാരണമായി പശു മാറിയിരിക്കുന്നു. മനുഷ്യത്വം താഴോട്ടു പോകുകയും മൃഗീയത മുന്നേറുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. പശുക്കടത്തുകാരനെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. അതിനേക്കാള്‍ ഭീകരമാണ് അതിനു പോലീസ് സംരക്ഷണം നല്‍കി എന്നത്. ഒരാളെ ചുട്ടു കൊല്ലുന്നത് നാം മുമ്പ് നേരില്‍ കണ്ടിട്ടുണ്ട്. ഒരാളെ അടിച്ചു കൊല്ലുന്നതും കാണുന്നു.

ഭരണകൂടങ്ങള്‍ നല്‍കുന്ന സംരക്ഷണം അക്രമികള്‍ നന്നായി ഉപയോഗിക്കുന്നു. നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നും കണ്ടെന്നും കേട്ടെന്നും വരില്ല. മറ്റു രാജ്യങ്ങളിലെ പൂച്ചയുടെ കരച്ചില്‍ പോലും അവര്‍ കേള്‍ക്കും, പക്ഷെ സ്വന്തം നാട്ടിലെ മനുഷ്യരുടെ ദീന രോദനം അവര്‍ ഒരിക്കലും കേള്‍ക്കില്ല. പശുവിന്റെ പേരില്‍ ആരേയും കൊല്ലാം എന്നിടത്താണ് നമ്മുടെ പൊതുബോധം. പശുവിനേക്കാളും വിലയില്ലാത്തവരായി ജനം മാറുമ്പോള്‍ ആ നാട്ടില്‍ മനുഷ്യത്വത്തിന് എന്ത് വില എന്ന് ചിന്തിച്ചാല്‍ മതി.

പേപ്പട്ടിയെ പോലെ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംസ്‌കാരം നമ്മുടെ ഭാരതത്തിനു ലഭിക്കുന്നു എന്നത് ഇന്ത്യക്കാരെ ലജ്ജിപ്പിക്കണം. പൗരന്റെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കേണ്ടവരാണ് പോലീസ് എന്നാണ് നമ്മുടെ വിശ്വാസം. ഒരു മനുഷ്യന്റെ ദയനീയ മരണത്തിനു കാവല്‍ നില്‍ക്കുക എന്നിടത്തേക്കു അവരും പോകുന്നു.  ജീവ ഭയം കൊണ്ട് എത്ര കാലം ഒരു ജനത ജീവിക്കും എന്നതാണ് ചോദ്യം. ഒരു ജനതയെ വിശ്വാസത്തില്‍ എടുക്കാതിരുന്നത്തിന്റെ അനന്തര ഫലമാണ് നാമിന്നു കാണുന്ന കാശ്മീര്‍. ഒരു ജനതയെ തല്ലിക്കൊന്നാലും ആരും ചോദിക്കില്ല എന്ന വിശ്വാസം രാജ്യത്തെ എങ്ങോട്ടു കൊണ്ടു പോകും എന്നതാകണം ചര്‍ച്ചയുടെ മര്‍മം. അഹ്‌ലാഖില്‍ നിന്നും നാമൊന്നും പഠിച്ചില്ല. രാജസ്ഥാനില്‍ ഒരു മനുഷ്യനെ ചുട്ടു കൊന്നിട്ടും നാമൊന്നും പഠിച്ചില്ല. തെറ്റ് ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുക എന്നത് ഭരണകൂട  ഉത്തരവാദിത്വം. അതില്ല എന്നതാണ് നാം നേരിടുന്ന ദുരന്തം.

മനുഷ്യത്വം മരവിച്ചു പോയ നാളുകള്‍ എന്നത് ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അലങ്കാര പദമാണ്. ആളുകളെ കൂട്ടം കൂട്ടമായി കൊന്നു തീര്‍ത്ത ജര്‍മന്‍ ഫാസിസവും ഒരു ഭരണകൂടത്തിന്റെ ഭാഗമായിരുന്നു എന്ന് കൂടി നാം ഓര്‍ക്കണം. അങ്ങിനെയാണ് നാം പുതിയ കണക്ക് പേടിച്ചു തുടങ്ങുന്നത്. 

 

 

Related Articles