Current Date

Search
Close this search box.
Search
Close this search box.

ദേശസ്‌നേഹം വിളമ്പുന്ന ഗാന്ധി ഘാതകര്‍

abvp.jpg

ദേശസ്‌നേഹത്തിന്റെ കുത്തക സ്വയം ഏറ്റെടുത്ത് തങ്ങളല്ലാത്തവരെല്ലാം ദേശദ്രോഹികളും രാജ്യത്തിന്റെ ശത്രുക്കളുമാണെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ ഇന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെയുണ്ടായിരുന്ന എല്ലാ മറകളും പൊളിച്ചെറിഞ്ഞ് സംഘ് ഫാഷിസം പുറത്തുവന്നതിന്റെ അടയാളങ്ങളാണ് നാമിന്ന് കാണുന്നത്. പശുവിറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മാഹുതി ചെയ്ത രോഹിത് വെമുലയും ഭീകരകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികളുമെല്ലാം അതിന്റെ ഇരകളുടെ പ്രതീകങ്ങളാണ്. ഭൂരിപക്ഷ വിഭാഗങ്ങളുടെ ഉള്ളില്‍ എപ്പോഴും ന്യൂനപക്ഷങ്ങളെ കുറിച്ച ഭീതിയും ആശങ്കയും വളര്‍ത്തി അതിനെ അധികാരത്തിലേക്കുള്ള തങ്ങളുടെ ചവിട്ടുപടികളായി ഉപയോഗിക്കുകയുമാണവര്‍ ചെയ്യുന്നത്. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെ കുറിച്ച പട്ടേല്‍ പ്രക്ഷോഭസമര നേതാവ് രാഹുല്‍ ദേശായിയുടെ വെളിപ്പെടുത്തല്‍ പച്ചയായി അത് പറയുന്നുണ്ട്. 2002ലെ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരുന്നതിന് വേണ്ടി മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട രാഷ്ട്രീയ നാടകമായിരുന്നു ഗോധ്ര സംഭവമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നില്‍ക്കണമെന്നും അല്ലെങ്കില്‍ മുസ്‌ലിംകള്‍ നിങ്ങളെ കൊല്ലുമെന്നുമുള്ള ഭീതി ഉണ്ടാക്കിയെടുക്കുന്നതിനാണത് ചെയ്തതെന്നും ദേശായ് പറയുന്നു.

വൈകാരിക വിഷയങ്ങള്‍ ഏറ്റുപിടിച്ച് അതിലൂടെ വളരാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ എന്നും നടത്തിയിട്ടുള്ളത്. അതില്‍ ഒരു പരിധിയോളം അവര്‍ വിജയിച്ചിട്ടുണ്ടെന്നും പറയാം. ഏകസിവില്‍കോഡും, രാമക്ഷേത്രവും, ഗോവധനിരോധനവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഇന്ന് അധികാരത്തിന്റെ കൂടി പിന്‍ബലമുള്ളത് കൊണ്ട് ദേശസ്‌നേഹവും ദേശദ്രോഹവും നിര്‍വചിക്കുന്നതും അവരായിരിക്കുന്നു. അത് പതിച്ചുകൊടുക്കാനുള്ള അവകാശം സ്വയം ഏറ്റെടുത്തിരിക്കുകയാണവര്‍. ചുരുക്കത്തില്‍ സംഘ്പരിവാറിനും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനും ഉയരുന്ന എതിര്‍ശബ്ദങ്ങളെല്ലാം ദേശവിരുദ്ധതയും ദേശദ്രോഹവുമായി മുദ്രകുത്തപ്പെടുന്നു. ലോക പ്രശസ്തരായ ചിന്തകരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ജെ.എന്‍.യുവിനെ ഭീകരരുടെ താവളമായി മുദ്രകുത്തേണ്ടത് അവരുടെ ആവശ്യമായി മാറുന്നത് അവിടെ നടക്കുന്ന ആശയസംവാദങ്ങളുടെ പേരിലാണ്.

സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ മുസ്‌ലിംകളെയും ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെയും മാത്രമല്ല, രാജ്യത്തെ തന്നെയാണെന്നാണ് അനുദിനം വ്യക്തമായി കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയായി അവതരിപ്പിക്കപ്പെടുന്ന വൈവിധ്യത്തെയും നാനാത്വത്തിലുള്ള ഏകത്വത്തെയും തകര്‍ത്തെറിയാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെയും സമുദായത്തിന്റെയോ പ്രശ്‌നമായി അതിനെ കാണുന്നതിന് പകരം രാജ്യത്തിത്തിന്റെയും മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നമായി അഭിമുഖീരിക്കാന്‍ സാധിക്കണം. ബാബരി മസ്ജിദ് കേവലം ഒരു കെട്ടിടത്തെ ചൊല്ലി രണ്ട് മതവിഭാങ്ങള്‍ക്കിടയിലുള്ള തര്‍ക്കമാണെന്നും ഏകസിവില്‍കോഡ് മുസ്‌ലിംകള്‍ നാല് കെട്ടുന്നത് തടയുന്നതിനുള്ള നീക്കമാണെന്നും പറഞ്ഞവരുടെ പിന്‍മുറക്കാരാണിന്ന് ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും ശത്രുവാണെന്നും അതിനാല്‍ ഞങ്ങളോടൊപ്പം കൂടുന്നതിലാണ് നിങ്ങള്‍ക്ക് രക്ഷ എന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വാദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സമൂഹത്തിലെ സ്‌നേഹത്തെയും സഹിഷ്ണുതയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ മുഴുവന്‍ മനുഷ്യരുടെയും ശത്രുവാണെന്ന തിരിച്ചറിവോടെ ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Related Articles