Current Date

Search
Close this search box.
Search
Close this search box.

ത്യാഗത്തിന്റെ പാഠമുള്‍ക്കൊണ്ട് മനുഷ്യരാവാം

fasting.jpg

ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠശാലയാണ് വിശുദ്ധ റമദാന്‍. അതുള്‍ക്കൊള്ളുന്ന സുപ്രധാന പാഠങ്ങളിലൊന്നാണ് ത്യാഗം. പകല്‍ സമയത്ത് നല്ല വിശപ്പുണ്ടായിരിക്കെ അന്നപാനീയങ്ങള്‍ ലഭ്യമായിട്ടും ദൈവിക കല്‍പന മാനിച്ച് അത് ത്യജിക്കുകയാണ് വിശ്വാസി. തന്റെ ശരീരത്തിന്റെ ആവശ്യത്തെക്കാളും താല്‍പര്യത്തേക്കാളും പ്രധാനം സ്രഷ്ടാവിന്റെ കല്‍പനയും അതിലൂടെ ലഭ്യമാകുന്ന അവന്റെ തൃപ്തിയുമാണെന്ന സന്ദേശമാണ് നോമ്പുകാരന്‍ അതിലൂടെ നല്‍കുന്നത്. സ്രഷ്ടാവ് കല്‍പിച്ചാല്‍ എന്തും ത്യജിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനം കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ഇങ്ങനെ സ്വന്തത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ സഹജീവിയുടെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനുള്ള പരിശീലനമാണ് റമദാനിലൂടെ നേടിയെടുക്കുന്നത്.

മൃഗത്തില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്ന ഒരു ഗുണം കൂടിയാണ് ത്യജിക്കാനുള്ള കഴിവ്. ഒരു മൃഗം അതിന്റെ ആമാശയത്തെയും വിശപ്പിനെയും കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. മറ്റു ജീവികളുടെ ആഹാരപ്രശ്‌നങ്ങള്‍ അതിനൊരു വിഷയമേ ആവുന്നില്ലെന്ന് ആരും ആക്ഷേപിക്കാറില്ല. മൃഗത്തെ സംബന്ധിച്ചടത്തോളം ആക്ഷേപാര്‍ഹമായ ഒരു കാര്യമല്ല അതല്ലെന്നതാണ് കാരണം. എന്നാല്‍ ഒരു മനുഷ്യനാണ് ഇങ്ങനെ ചിന്തിക്കുന്നതെങ്കില്‍ അവന്‍ മനുഷ്യനല്ലാതായി മാറുകയാണ് ചെയ്യുന്നത്. തനിക്ക് ആവശ്യമുണ്ടായിരിക്കെ തന്നെ തന്റെ സഹോദരന്റെ ആവശ്യത്തെ കൂടി പരിഗണിക്കുന്നവനായിരിക്കണം മനുഷ്യന്‍. അപ്പോള്‍ മാത്രമാണ് മനുഷ്യന്‍ എന്ന തലത്തിലേക്ക് ഉയരാന്‍ അവന് സാധിക്കുകയുള്ളൂ. മതങ്ങളും ദര്‍ശനങ്ങളും മനുഷ്യനോട് ഉപദേശിക്കുന്നതും കല്‍പിക്കുന്നതും അതാണ്.

സമൂഹത്തിലെ ദരിദ്രന്റെ ആഹാരത്തിന് പ്രേരണ നല്‍കാത്തവന്‍ മതത്തെ കളവാക്കിയവനാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അപ്രകാരം മറ്റൊരിടത്ത് ഖുര്‍ആന്‍ വിശ്വാസികളുടെ ഗുണമായി എടുത്തു പറയുന്ന കാര്യം തങ്ങള്‍ക്ക് ആവശ്യമുണ്ടായിരിക്കെ തന്നെ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന കല്‍പിക്കുന്നവരായിരിക്കും അവരെന്നാണ്. സമസൃഷ്ടികളെ കൂടി പരിഗണിക്കലാണ് സ്രഷ്ടാവിന്റെ താല്‍പര്യമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ശരീരത്തിന്റെ താല്‍പര്യങ്ങളും സ്രഷ്ടാവിന്റെ താല്‍പര്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ശരീരത്തിന്റെ താല്‍പര്യത്തെ മാറ്റിവെക്കാനുള്ള പരിശീലനമാണ് നോമ്പ് നല്‍കുന്നത്. ഈ അര്‍ഥത്തില്‍ ത്യാഗത്തിന്റെ പാഠങ്ങളുള്‍ക്കൊണ്ട് നല്ല മനുഷ്യരായി തീരാനാണ് റമദാനിലൂടെ നാം ശ്രമിക്കേണ്ടത്.

Related Articles