Current Date

Search
Close this search box.
Search
Close this search box.

തൈമൂര്‍ അലി ഖാന്‍ ഹിന്ദുത്വര്‍ക്ക് ഭീകരവാദിയാണ്

timur3.jpg

ഒരു കുഞ്ഞ് പിറന്ന് വീഴുന്നത് ഒട്ടുമിക്ക മനുഷ്യസംസ്‌കാരങ്ങളിലും സന്തോഷത്തിന്റെ മുഹൂര്‍ത്തമായാണ് കണക്കാക്കപ്പെടുന്നത്. ബോളിവുഡിലെ താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതില്‍ വിലപിക്കുന്ന ആളുകളെയാണ് കഴിഞ്ഞ ആഴ്ച്ച കാണാന്‍ കഴിഞ്ഞത്. കാരണം മറ്റൊന്നുമല്ല, ബോളിവുഡ് താരദമ്പതികളായ സൈഫ് അലി ഖാനും, കരീന കപൂറും അവര്‍ക്ക് പിറന്ന കുഞ്ഞിന് 14-ാം നൂറ്റാണ്ടിലെ ടര്‍ക്കിഷ് രാജാവും, ലോകം കണ്ട വലിയ ചക്രവര്‍ത്തിമാരില്‍ ഒരാളുമായ തൈമൂറിന്റെ പേരാണ് നല്‍കിയത്. അതെ തൈമൂര്‍ അലി ഖാന്‍.

തൈമൂര്‍ എന്ന പേരിന് എന്താണ് കുഴപ്പം? ചരിത്രത്തിലെ തൈമൂറിന്റെ വെട്ടിപിടിക്കലുകളുടെ ക്രൂരമുഖത്തെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളിലുള്ളവര്‍ക്ക് ആകെ പറയാനുള്ളത്. ഡല്‍ഹിയിലെ തുഗ്ലക്ക് സുത്താനേറ്റിനെതിരെയും തൈമൂര്‍ സൈനിക നീക്കം നടത്തിയിട്ടുണ്ട്. 1398-ല്‍ ഡല്‍ഹി ആക്രമിച്ച തൈമൂര്‍ സൈന്യം മുഴുവന്‍ ഡല്‍ഹി നിവാസികളെയും കൂട്ടക്കൊല ചെയ്തു എന്നാണ് ചരിത്രം.

600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച് മരണമടഞ്ഞ തൈമൂര്‍ രാജാവിന്റെ പേര് ഇന്ന് ജനിക്കുന്ന ഒരു കുഞ്ഞിന് ഇട്ടാല്‍ സാമൂഹിക മാധ്യമങ്ങളിലെ ഭൂരിപക്ഷ ഇന്ത്യക്കാര്‍ ആ നവജാത ശിശുവിനെ ‘ഭീകരവാദി’ അല്ലെങ്കില്‍ ‘ജിഹാദി’ എന്ന് വിളിക്കും.

ഹിന്ദുത്വ ശക്തികളുടെ ചരിത്രം വളച്ചൊടിക്കല്‍ പ്രക്രിയയുടെ ആദ്യത്തെ ഇര ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം തന്നെയാണ്. മുസ്‌ലിം ഭരണാധികാരികളെ കുറിച്ചും ഭരണകാലത്തെ കുറിച്ചും ഹിന്ദുത്വ ശക്തികള്‍ അവതരിപ്പിച്ച വളച്ചൊടിച്ച ചരിത്ര ആഖ്യാനങ്ങള്‍ വലിയ തോതില്‍ സമുദായത്തില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതുതന്നെയാണ് തൈമൂര്‍ എന്ന് പേര് വിളിക്കപ്പെട്ട ഒരു നവജാത ശിശുവിന് നേര്‍ക്ക് ഉറഞ്ഞ് തുള്ളാന്‍ സോഷ്യല്‍ മീഡിയക്ക് ശക്തിപകരുന്നതും.

ഹിന്ദുത്വരുടെ വീക്ഷണത്തില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ‘നല്ല പിള്ളകള്‍’ ആരൊക്കെയാണെന്ന് നോക്കാം: സംശയം വേണ്ട മറാത്തക്കാര്‍ തന്നെ. മുഗള്‍ കാലഘട്ടം അവസാനിപ്പിക്കുന്നതില്‍ മറാത്തകള്‍ക്ക് വലിയ പങ്കുണ്ട്. അങ്ങനെ അവര്‍ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപടുത്തു. യുദ്ധത്തിലൂടെയും വെട്ടിപ്പിടിക്കലിലൂടെയും, മുഗള്‍ രാജവംശത്തിന്റെ ചാപല്ല്യങ്ങള്‍ മുതലെടുത്തും തന്നെയാണത് സാധിച്ചത്. എന്നാല്‍ മറാത്തകളെ കുറിച്ചുള്ള വര്‍ത്തമാന കാല ആഖ്യാനങ്ങള്‍ നേരെമറിച്ചാണ്. ഇന്ന് ‘ഹിന്ദു’ ‘മുസ്‌ലിം’ കള്ളികള്‍ക്കുള്ളിലായി തിരിക്കപ്പെട്ട നിലയിലാണ് മുഗള്‍-മറാത്ത ചരിത്രം നമുക്ക് കാണാന്‍ സാധിക്കുക.

18-ാം നൂറ്റാണ്ടില്‍ മറാത്തകള്‍ ബംഗാള്‍ ആക്രമിച്ച് കീഴടക്കി. നാല് ലക്ഷം ബംഗാളികളെയാണ് അന്ന് മറാത്തകള്‍ കൊന്നത്. മറാത്തകളുടെ ക്രൂരശൗര്യത്തിന് ഗുജറാത്തും സാക്ഷിയായി. മധ്യകാല ഇന്ത്യയിലെ മറാത്തകളുടെ ചരിത്രം തീര്‍ത്തും ചോരയില്‍ മുങ്ങിയതാണ്. മറ്റൊരവസരത്തില്‍, മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താനെ ഒരു പാഠം പഠിപ്പിക്കാനായി ടിപ്പു സംരക്ഷണം നല്‍കിയിരുന്ന ആയിരം വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രം മറാത്ത സൈന്യം അക്രമിക്കുകയുണ്ടായി. മറാത്ത രാഷ്ട്രത്തിലെ ബ്രാഹ്മണ പെഷവ ഭരണാധികാരികള്‍ അതിക്രൂരമായാണ് സമൂഹത്തില്‍ തൊട്ടുകൂടായ്മ നടപ്പിലാക്കിയിരുന്നത്. ഇക്കാരണത്താലാണ് ബ്രിട്ടീഷുകാരുടെ കൈകളിലൂടെ മറാത്തകള്‍ പരാജയപ്പെട്ടത് ഒരു അനുഗ്രഹമായി ബി.ആര്‍ അംബേദ്കര്‍ കണക്കാക്കിയത്. 1895-ല്‍ ഇന്ത്യയിലുടനീളം ശിവാജി ഉത്സവം സംഘടിപ്പിക്കാനുള്ള ബാല ഗംഗാധര തിലകിന്റെ പദ്ധതിക്ക് ഗുജറാത്തികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

എന്നാല്‍ ആധുനിക ഇന്ത്യന്‍ ചരിത്രം ചോരയില്‍ കുളിച്ച ശിവാജിയുടെ കൈകളില്‍ വെള്ളപൂശുകയാണ് ചെയ്യുന്നത്. ഗുജറാത്തിലും ബംഗാളിലും ശിവാജി ഇന്ന് ‘ഹിന്ദുക്കളുടെ’ രാജാവായി മാറിക്കഴിഞ്ഞു. ശിവാജിയുടെ പേരിലുള്ള ഉത്സവങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നുണ്ട്.

ഇതു തന്നെയാണ് അശോകന്റെയും അലക്‌സാണ്ടറുടെയും കഥ. ചോരപ്പുഴ ഒഴുക്കിയ പടയോട്ടങ്ങള്‍ തന്നെയാണ് രണ്ടു പേരും നടത്തിയത്. പക്ഷെ അവര്‍ വെട്ടിപിടിച്ച രാജ്യങ്ങളിലെ ആളുകള്‍ക്കിടയില്‍ അവരുടെ പേര് സര്‍വ്വസാധാരണമാണ്. ബി.ജെ.പിയുടെ ഒരു എം.പിയുടെ മകന് അലക്‌സാണ്ടര്‍ എന്നാണ് പേര്. അശോകന്റെ കലിംഗ യുദ്ധം നടന്നത് ഒറീസയിലാണെങ്കിലും, ഒറീസക്കാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അശോക എന്ന് പേരിടുന്നുണ്ട്. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.

ചരിത്രത്തെ ഇത്തരത്തില്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ഹിന്ദുത്വരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. നുണകൂമ്പാരങ്ങളുടെ പുറത്താണ് ആ പ്രത്യയശാസ്ത്രം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് തന്നെ.

തൈമൂറിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ഹിന്ദു ചരിത്രകാരന്‍മാരുടെ സൃഷ്ടികളില്‍ തൈമൂറിനെ കുറിച്ച് യാതൊന്നും കാണാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ചരിത്രകാരന്‍മാരാണ് തൈമൂറിന്റെ ക്രൂരമുഖത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ളത്. കാരണം ഉസ്മാനിയ സാമ്രാജ്യം, ഈജിപ്തിലെയും സിറിയയിലെയും മംമ്‌ലൂക്ക് സാമ്രാജ്യം തുടങ്ങിയ ഇസ്‌ലാമിക സാമ്രാജ്യങ്ങളാണ് തൈമൂറിന്റെ ആക്രമണങ്ങളുടെ പ്രധാന ഇരകള്‍. ഇന്ത്യയില്‍ പോലും ഹിന്ദുത്വര്‍ മുസ്‌ലിംകളായി കണക്കാക്കുന്ന തുഗ്ലക്ക് രാജവംശത്തിനെതിരെയാണ് തൈമൂര്‍ പടയോട്ടം നടത്തിയത്.

‘ഹിന്ദു പെണ്‍കുട്ടികള്‍ കരീനയില്‍ നിന്നും പാഠം പഠിക്കണം. സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക, കല്ല്യാണം കഴിക്കുമ്പോള്‍ ശരിക്ക് ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചെങ്കിസ് ഖാനും, ഔറംഗസേബും, തൈമൂറും ഒക്കെയായി മാറും’, ‘കരീനയുടെ കുഞ്ഞ് കാന്‍സര്‍ വന്ന് ചത്ത് പോകട്ടെ’ എന്നൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വക്താക്കളുടെ പ്രതികരണങ്ങള്‍.

ഹിന്ദുത്വ സൈദ്ധാന്തികര്‍ തൈമൂറിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചാല്‍ മറ്റൊരു വിവാദത്തിന് കൂടി ഇന്ത്യ സാക്ഷിയാവും എന്ന കാര്യം തീര്‍ച്ചയാണ്. തൈമൂറിന്റെ അനന്തരാവകാശിയും, തൈമൂറിന് ശേഷം ഭരണം ഏറ്റെടുത്ത ആളുടെ പേരായിരിക്കും ഹിന്ദുത്വര്‍ എടുത്ത് വീശാന്‍ പോകുന്ന അടുത്ത ആയുധം; അതെ, അദ്ദേഹത്തിന്റെ പേര് ഷാറൂഖ് എന്നായിരുന്നു.

Related Articles