Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യം മധ്യേഷ്യക്കെന്നും അലങ്കാരം മാത്രം

;io.jpg

അഷ്റഫ് അമ്മാറിന്റെ മുറിയില്‍ പോയാല്‍ അദ്ദേഹം അടുത്ത് പിടിച്ചിരുത്തും. പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം തന്റെ നാടിനെ കുറിച്ച് പറയും. ഈ ചുമരുകള്‍ക്കും കാതുണ്ടെന്നു അദ്ദേഹം പതുക്കെ പറയും. നൈലിന്റെ നാട്ടുകാരന്റെ മനോവിഷമം അയാളുടെ വാക്കുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം. ഒന്നിച്ചു ജോലി ചെയ്തിരുന്ന അതെ നാട്ടുകാരായ പലരുമുണ്ട്. സീ സീ എന്ന രണ്ടക്ഷരം കുപ്പായത്തില്‍ തുന്നിയായിരുന്നു യാസിര്‍ വന്നിരുന്നത്. അവസാന സമയത്തു അവനിലും മാറ്റം കണ്ടു. വിലക്കയറ്റവും നാട്ടിലെ അസ്വസ്ഥതകളും അവനെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്. ആര്‍ക്ക് വോട്ടു ചെയ്യും എന്ന ചോദ്യത്തിന് അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു പുഞ്ചിരിയില്‍ അവന്‍ മറുപടി ഒതുക്കി.

ജനാധിപത്യം മധ്യേഷ്യക്കു എന്നും ഒരു അലങ്കാരം മാത്രമാണ്. ജനം തിരഞ്ഞെടുക്കുന്നു എന്ന് വരുത്തിത്തീര്‍ത്ത ഒരു ഏകാധിപതി എന്നതാണ് ശരിയായ വിവക്ഷ. ജനാധിപത്യം ഒരു നിലപാടിന്റെ കൂടി പേരാണ്. മൂന്നോ നാലോ അഞ്ചോ കൊല്ലത്തിലൊരിക്കല്‍ വോട്ടു ചെയ്യുക എന്നതില്‍ അത് പരിമിതമാകാന്‍ പാടില്ല. മറിച്ചു അതൊരു ജീവിത ശൈലിയാകണം. ആ രീതിയിലേക്ക് മധ്യേഷ്യന്‍ രാഷ്ട്രീയം മാറാന്‍ ഇനിയും കാലം പിടിക്കും. എതിരാളികളില്ലാത്ത തിരഞ്ഞെടുപ്പാണ് അവിടങ്ങളില്‍ സാധാരണ നടക്കാറ്.

അവസാനമായി തിരഞ്ഞെടുപ്പു നടക്കുന്ന ഈജിപ്ത് അതിന്റെ ശരിയായ ഉദാഹരണമാണ്. ഏഴുപേര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടായിരുന്നു . അവസാനം സീ സീ മാത്രം ബാക്കിയായി. ബാക്കി ആറു പേരും എങ്ങിനെ രംഗത്തു നിന്നും ഒഴിവായി എന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കില്ല എന്ന പേരില്‍ ഒരാള്‍ ഒഴിഞ്ഞു പോയി. മറ്റുള്ളവരില്‍ ചിലര്‍ പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് രംഗത്തു വന്ന മിലിറ്ററി ഉദ്യോഗസ്ഥരെ രാജ്യരക്ഷ നിയമ പ്രകാരം അറസ്റ്റു ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് അലിയുടെ അനുയായികള്‍ ആക്രമിക്കപ്പെട്ടു. ജീവനിലുള്ള ഭയത്താല്‍ അദ്ദേഹവും പിന്മാറി. തിരഞ്ഞെടുപ്പിന് രംഗത്തു വന്നപ്പോള്‍ പഴയ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ ചെറുമകനും രാഷ്ട്രീയ സമ്മര്‍ദ്ദം  കാരണം പിന്മാറേണ്ടി വന്നു. മുന്‍  പ്രധാനമന്ത്രി അഹ്മദ് ഷഫീഖ്  ഇപ്പോള്‍  ജീവിക്കുന്ന   നാട്ടില്‍   നിന്നും  പുറത്താക്കപ്പെട്ടു. നാമനിര്‍ദ്ദേശ  പത്രിക നല്‍കേണ്ട അവസാന നിമിഷത്തില്‍ ഒരാളെ പിടിച്ചിട്ടു എന്നതാണ് ഇപ്പോഴത്തെ എതിരാളി എന്ന് പറയാം. തിരഞ്ഞെടുപ്പ് തീര്‍ത്തും പ്രഹസനമാണ് എന്ന കാരണത്താല്‍ പ്രതിപക്ഷം പൂര്‍ണമായി വിട്ടുനിന്നു എന്നതാണ് തിരഞ്ഞെടുപ്പിന്റെ ആകെത്തുക.

ഈജിപ്ത് രാഷ്ട്രീയം പറഞ്ഞാല്‍ അവഗണിക്കാന്‍ കഴിയാത്ത മൂന്ന് ഘടകങ്ങളെക്കുറിച്ചു വിദഗ്ദ്ധര്‍ പറയും. ഒന്ന് സൈന്യം, രണ്ടു ഇഖ്വാനുല്‍ മുസ്ലിം മൂന്നു കോപ്റ്റിക് ക്രിസ്ത്യാനികള്‍. അതില്‍ ഒന്നാമത്തെ വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സൈന്യത്തിന്റെ കൂടി ഇടപെടലായിരുന്നു വിപ്ലവത്തിന് മുമ്പുള്ള ഈജിപ്തില്‍ നാം കേട്ടത്. വീട്ടില്‍ വന്നു പിടിച്ചു കൊണ്ട് പോയവരെ കുറിച്ച് പിന്നെ ഒരു വിവരവും ലഭിക്കാറില്ല എന്നാണ് അശ്‌റഫ് അമ്മാര്‍ പറഞ്ഞത്. ഈജിപ്ത് സൈന്യം മറ്റു രാജ്യങ്ങളുടെ സൈന്യം പോലെയല്ല എന്നാണ് അറിയുന്നവര്‍ പറയുന്നത്. ഒരു കോര്‍പറേറ്റ് സ്ഥാപനമായി കൂടി അവിടെ സൈന്യം വളര്‍ന്നിട്ടുണ്ട്.

രണ്ടാമത്തെ വിഭാഗത്തെ മാറ്റി നിര്‍ത്തി ഈജിപ്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നാണു വിദഗ്ധ മതം. ഈജിപ്ത് ജനതയുടെ മനസ്സില്‍ ഇന്നും അവര്‍ക്കു സ്ഥാനമുണ്ട്. പൂര്‍ണമായി അവരെ എല്ലാ രംഗത്തു നിന്നും അകറ്റി നിര്‍ത്താന്‍ നിയമം മൂലവും അല്ലാതെയും സീസി ഭരണകൂടത്തിന് കഴിഞ്ഞു എന്നത് ശരിയാണ്. അതുകൊണ്ട് തന്നെ പല പോളിംഗ് ബൂത്തുകളും ആളൊഴിഞ്ഞ അവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട് വരുന്നത്. പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള പ്രതിപക്ഷത്തെ പോലും നിശ്ശബ്ദരാക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞു.

ഒരിക്കല്‍ സീ സീ ഭക്തരായിരുന്ന പലരും ഇപ്പോള്‍ മാറി ചിന്തിക്കുന്നു. അതിനു കാരണം രാഷ്ട്രീയമല്ല. സാധനങ്ങളുടെ വില കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് വര്‍ധിച്ചത് പതിന്മടങ്ങാണ്. ജീവിത ചിലവുകളുടെ കാര്യത്തില്‍ വന്ന വര്‍ധനവില്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല എന്നതാണ് അവരുടെ പരാതി. അടുത്തിടെ സൈനായിലും മറ്റും വര്‍ധിച്ചു വന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സീ സീ ഭരണകൂടത്തിന് കഴിയാതെ പോയി എന്ന് കരുതുന്നവരും ആ നാട്ടില്‍ കുറവല്ല.

മൊത്തത്തില്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ജനാധിപത്യം ഒരു പ്രഹസനമാണ്. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ ഭരണത്തില്‍ വരുമെന്ന ആശങ്കയാണ് ഇത്തരം പൊറാട്ടു നാടകങ്ങളെ വിമര്‍ശിക്കാന്‍ പടിഞ്ഞാറിനെയും അമേരിക്കയെയും പ്രേരിപ്പിക്കാത്തത്.

 

Related Articles