Current Date

Search
Close this search box.
Search
Close this search box.

കേവലം മൂന്ന് വാക്കല്ല ത്വലാഖ്

talaq.jpg

മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് എന്ന സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്നും, അത് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. അതേസമയം മുത്തലാഖ് മുസ്‌ലിം സമുദായത്തിന്റെ അവകാശമാണെന്നും അതിന് ഭരണഘടനയുടെ പിന്‍ബലമുണ്ടെന്നുമാണ് പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിലപാട്.

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് കൊണ്ടും, മുത്തലാഖ് ഖുര്‍ആനിന് വിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടും നേരത്തെ അഖിലേന്ത്യ മുസ്‌ലിം വനിത വ്യക്തിനിയമ ബോര്‍ഡ് രംഗത്ത് വന്നിരുന്നു. ചുരുക്കത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ പുരുഷന്‍മാരും, മുസ്‌ലിം വനിത വ്യക്തിനിയമ ബോര്‍ഡിലെ സ്ത്രീകളും തമ്മിലുള്ള ഒരു നിയമപോരാട്ടമായി മുത്തലാഖ് വിഷയം മാറിയിട്ടുണ്ട്.

ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന സോത്രസ്സ് പരിശുദ്ധ ഖുര്‍ആനാണ്. മുസ്‌ലിം ജീവിതത്തിന്റെ സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയമ-പെരുമാറ്റ ചട്ടങ്ങള്‍ വളരെ കൃത്യമായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അത്തരത്തില്‍ യുക്തിഭദ്രമായും, ഒരുപാട് സ്ഥലമെടുത്തും സമയമെടുത്തും ഖുര്‍ആനില്‍ വിശദമാക്കപ്പെട്ടിട്ടുള്ള കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിയമമാണ് ത്വലാഖ് എന്ന വിവാഹമോചന നിയമം.

യഥാര്‍ത്ഥത്തില്‍ അലഹബാദ് കോടതിക്കുള്ള അഭിപ്രായം തന്നെയാണ് മുത്തലാഖിന്റെ വിഷയത്തില്‍ പരിശുദ്ധ ഖുര്‍ആനിനും ഉള്ളത്. എന്തെല്ലാം കാര്യങ്ങള്‍ കൊണ്ടാണോ മുത്തലാഖ് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്ന് കോടതി പറഞ്ഞത്, ആ കാരണങ്ങളൊക്കെ കൊണ്ട് തന്നെ മുത്തലാഖ് ഇസ്‌ലാമിക ഭരണഘടനക്കും വിരുദ്ധമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ദമ്പതികള്‍ മാനസികവും ശാരീരികവുമായി സമാധാനത്തിലും സന്തുലിതാവസ്ഥയിലുള്ള സമയത്ത് മാത്രം തീരുമാനിക്കാന്‍ പാടുള്ളതും, സമയബന്ധിതമായി മാത്രം നടപ്പാക്കാന്‍ പാടുള്ളതുമായ നിയമാണ് ത്വലാഖ്. അതുകൊണ്ടാണ് ദേഷ്യപ്പെട്ടിരിക്കുന്ന സമയത്തും, സ്ത്രീ ആര്‍ത്തവകാലത്തിലായിരിക്കുന്ന സമയത്തും ത്വലാഖ് ചൊല്ലരുതെന്നും, സമ്മര്‍ദ്ദം ചെലുത്തിയുള്ള ത്വലാഖ് സാധുവാകില്ലെന്നും ഇസ്‌ലാമിക ശരീഅത്ത് വളരെയധികം കണിശതയോടെ പറയുന്നത്.

ത്വലാഖ് ചൊല്ലിയാലും, പിന്നീട് മാനസാന്തരപ്പെട്ട് ചൊല്ലിയ ത്വലാഖ് റദ്ദാക്കി പഴയ പോലെ സ്‌നേഹത്തില്‍ കഴിയാന്‍ മതിയായ അവസരം ഇസ്‌ലാമിക ശരീഅത്ത് ദമ്പതികള്‍ക്ക് നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് മാസക്കാലത്തോളം നീണ്ടു നില്‍ക്കുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ്ണമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഒരു പ്രകിയയിലൂടെ കടന്ന് പോയതിന് ശേഷം വളരെ മാന്യമായി മാത്രം ദമ്പതികള്‍ക്കിടയില്‍ സംഭവിക്കേണ്ട ഒന്നാണ് ഇസ്‌ലാമിക നിയമത്തിന്റെ കാഴ്ച്ചപ്പാടില്‍ വിവാഹമോചനം.

ഈ അതിബൃഹത്തും നീതിയുക്തവുമായ നിയമമാണ് ഇന്ന് വളരെയധികം ലാഘവബുദ്ധിയോടെ അടിസ്ഥാന സ്രോതസ്സില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട് കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിന്റെ ഫലമായി അനീതിയും അവകാശലംഘനങ്ങളും സംഭവിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് രൂപപ്പെടുന്ന കര്‍മ്മശാസ്ത്ര വിധികളെ അതാതിന്റെ കാലഘട്ടത്തോട് ചേര്‍ത്താണ് വായിക്കേണ്ടത്. ഈ വായനയില്‍ സംഭവിച്ച പിഴവുകളാണ് കാലങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ പിറന്ന മുത്തലാഖ് എന്ന ‘പരിഹാരത്തെ’, വ്യത്യസ്ത മൂല്യങ്ങളും സാഹചര്യങ്ങളും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നത്.

ഗവേഷണത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച്, സമുദായം പണ്ഡിതപൂജയില്‍ അഭിരമിച്ചപ്പോള്‍ കാലങ്ങള്‍ക്ക് മുമ്പുള്ള താല്‍ക്കാലിക കര്‍മ്മശാസ്ത്രവിധികള്‍ ഇക്കാലഘട്ടത്തിലെ അനിഷേധ്യ നിയമങ്ങളായി മാറുകയുണ്ടായി. മുത്തലാഖിന്റെ ഫലമായി മുസ്‌ലിം സ്ത്രീ സമൂഹം നരകയാതന അനുഭവിച്ചാലും ശരി, മുത്തലാഖിന്റെ കാര്യത്തില്‍ മുന്‍കാല പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ക്കപ്പുറത്തേക്ക് ഞങ്ങള്‍ പോകില്ല എന്ന വാശി വിവേകമല്ല മറിച്ച് വൈകല്ല്യമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അതിനാല്‍ ത്വലാഖിനെ ദുരുപയോഗം ചെയ്യുന്ന മുത്തലാഖ് പോലുള്ള രീതികളെ കര്‍ശനമായി നിയന്ത്രിക്കണം എന്ന നിര്‍ദേശം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മുത്തലാഖിനെതിരെ സംസാരിക്കാന്‍ കിട്ടിയ അവസരം മുസ്‌ലിം വ്യക്തി നിയമത്തെ മൊത്തത്തില്‍ റദ്ദ് ചെയ്യാനും, ഏകസിവില്‍ കോഡിനെ ന്യായീകരിക്കാനുമുള്ള അവസരമാക്കി മാറ്റുന്ന തല്‍പ്പരകക്ഷികളെ കൂടി നേരിടേണ്ട പരിതസ്ഥിതിയിലാണ് സമുദായമെന്ന് സമുദായ നേതാക്കള്‍ ഈ അവസരത്തില്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്.

 

Related Articles