Current Date

Search
Close this search box.
Search
Close this search box.

കാണാതെ പോകരുത്,ഈ മാതൃഹൃദയത്തിലെ നന്മ

hj.jpg

കുഞ്ഞോള്‍ത്ത മരിക്കുന്നതു വരെ എപ്പോള്‍ കണ്ടാലും അഷ്റഫിനെ കുറിച്ച് പറഞ്ഞു കരയും. എന്റെ അടുത്ത സുഹൃത്തായിരുന്നു അഷ്റഫ്. പെട്ടെന്നാണ് സഊദിയില്‍ വെച്ച് അവനെ മരണം തട്ടിയെടുത്തത്. അവര്‍ക്കു വേറെയും മക്കളുണ്ട്. പക്ഷെ തന്റെ ജീവിത കാലത്തു നഷ്ടമായ മകനെ കുറിച്ച് പലപ്പോഴും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു മാതാവിന്റെ മനസ്സ് അങ്ങിനെയാണ്. എന്നും സ്‌നേഹിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ. അത് കൊലയാകുമ്പോള്‍ ഒരിക്കലും അവരുടെ മനസ്സ് പൊറുക്കില്ല. അവസാനമായി വെറുക്കുക മാതാവാകും എന്നാണു പറഞ്ഞു വരുന്നത്. മക്കളുടെ കാര്യത്തില്‍ മാതാക്കള്‍ പലപ്പോഴും സ്വാര്‍ത്ഥരാണ്. അത് സ്‌നേഹത്തിന്റെ സ്വാര്‍ത്ഥതയാണ്.

ഒറ്റപ്പാലത്തെ പാലത്തിങ്ങല്‍ ആയിശ ബീവിയുടെ ത്യാഗം അങ്ങിനെയാണ് ചരിത്രത്തില്‍ ഇടം പിടിക്കുക. മകന്റെ ഘാതകന് മാപ്പു കൊടുക്കുക എന്നത് ഒരു മാതാവിനെ സംബന്ധിച്ചിടത്തോളം നിസാര കാര്യമല്ല. ”എന്റെ മകന്‍ പോയി, ഇനി അവര്‍ക്കു കൂടി നഷ്ടം വരേണ്ട” എന്ന് പറയാന്‍ മാത്രം വിശാലമായ മാതൃ ഹൃദയം.  ഇരുട്ടിനു പ്രാമുഖ്യമുള്ള കാലത്തു ഇത്തരം വെളിച്ചങ്ങള്‍ നാം കാണാതിരുന്നു കൂട.

ഇസ്ലാമിക നിയമ പ്രകാരം കൊലയാളിക്ക് മാപ്പു നല്‍കാനുള്ള അവകാശം അടുത്ത ബന്ധുക്കള്‍ക്കാണ്. അതിന് പകരമായി നഷ്ടപരിഹാരം ഈടാക്കാം എന്നുമുണ്ട്. കൊലക്കു പ്രതിക്രിയ വേണം എന്നതാണ് ഇസ്ലാമിന്റെ തീരുമാനം. ‘ പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്’ എന്നതാണ് ഖുര്‍ആന്‍ പറഞ്ഞതും. കൊലകളുടെ രീതിയും സ്വഭാവവും അനുസരിച്ചു വിധി പറയുക എന്നത് അവിടെയും സാധ്യമാണ്.

നമ്മുടെ നാട്ടില്‍ കൊലയാളിക്ക് മാപ്പു കൊടുക്കാനുള്ള അവകാശം പ്രസിഡന്റിന്റെ വശമാണ്. അത് അദ്ദേഹത്തിന്റെ വിവേചനാധികാരമായി കണക്കാണുന്നു. കൊല്ലപ്പെട്ട വ്യക്തിയുമായി പ്രസിഡന്റിന് ഒരു ബന്ധവും കാണില്ല. പുറത്തു നിന്നുള്ള വിവരം നോക്കിയാകും അങ്ങിനെ സംഭവിച്ചാല്‍ തന്നെ ഉണ്ടാകുക. അതെ സമയം ഇസ്ലാമില്‍ അത് മറ്റൊരു രൂപത്തിലാണ്. കൊല്ലപ്പെട്ടയാളുടെ വിരഹം മനസ്സിലാകുന്നവര്‍ തന്നെ പ്രതിക്ക് മാപ്പു കൊടുക്കുക. അവിടെയാണ് ത്യാഗം കടന്നു വരുന്നതും.

ഒന്നിച്ചു ഒരേ മുറിയില്‍ താമസിച്ചവരാണ് കൊന്നവനും കൊല്ലപ്പെട്ടവനും. പലപ്പോഴും നിസാര കാര്യങ്ങള്‍ വലിയ പാതകത്തിലേക്കു മനുഷ്യനെ നയിക്കും. ഒരു നിമിഷം മനസ്സിനെ പിടിച്ചു നിര്‍ത്താന് കഴിയാതെ പോയാല്‍ ഒരു ജീവിതം മുഴുവന്‍ അതിന്റെ ദുരന്തം പേറണം. ആസിഫും മുഹറമും അങ്ങിനെയാകും ദുരന്ത കഥാപാത്രങ്ങള്‍ ആയതും. മനസ്സിനെ സംസ്‌കരിക്കുക എന്നത് നിസാര വിഷയമല്ല. ശരീരത്തിന്റെ ശുദ്ധി പോലെയല്ല മനസ്സിന്റെ ശുദ്ധി. ദൃശ്യവും മറ്റൊന്ന് അദൃശ്യവുമാണ്. ഒന്ന് നമ്മുടെ കയ്യിലാണ് മറ്റേതു പലപ്പോഴും പിശാചിന്റെ കയ്യിലും. അവിടെയാണ് മനുഷ്യന്‍ പരാജയപ്പെടുക.   

മറ്റൊരാളുടെ ദുഃഖം മനസ്സിലാക്കാനും മാതൃ ഹൃദയത്തിനു കഴിയും. തന്റെ മുന്നില്‍ ഭര്‍ത്താവിന്റെ ജീവന് വേണ്ടി അഭ്യര്‍ത്ഥിച്ച ഒരു ഭാര്യയുടെ വിഷമവും അവര്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയും. മാതൃ ഹൃദയം ഒരു അത്ഭുതമാണ്. അതില്‍ നിറയെ സ്‌നേഹവും കാരുണ്യവുമാണ്. വിട്ടുവീഴ്ചയാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. അത് ഉള്‍ക്കൊള്ളുവാനും ഉള്‍ക്കൊള്ളിക്കുവാനും മറ്റുള്ളവര്‍ക്കും കഴിഞ്ഞു എന്നതും എടുത്തു പറയണം. ഈ മാതാവിന്റെ നല്ല മനസ്സുകൊണ്ട് തിരിച്ചു കിട്ടിയത് ഒരു ജീവിതമാണ്. വാക്കില്‍ നിന്നും പ്രയോഗത്തില്‍ വരുമ്പോള്‍ നമ്മില്‍ അധികവും വഴി പിരിയുന്നതും അവിടെ തന്നെയാണ്. ജീവിച്ചിരിക്കുന്ന മക്കളെക്കാള്‍ എന്ത് കൊണ്ട് മരണപ്പെട്ടുപോയ മകനെ കുറിച്ച്  കുഞ്ഞോള്‍ത്ത വ്യാകുലപ്പെടുന്നു എന്നത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 

Related Articles