Current Date

Search
Close this search box.
Search
Close this search box.

കരിനിയമങ്ങളെ പ്രതിരോധിക്കുക

UAPA.jpg

ഫാഷിസം എന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കാലഘട്ടം ലോകത്തിന് സംഭാവന ചെയ്ത പദപ്രയോഗമാണെങ്കിലും ഫാഷിസ്റ്റ് വാഴ്ചക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വര്‍ഗീയമോ വംശീയമോ ആയ അജണ്ടകളുള്ള ഭരണക്രമങ്ങളെയും സംവിധാനങ്ങളെയുമാണ് പൊതുവെ ഫാഷിസ്റ്റുകള്‍ എന്ന് നാം പ്രയോഗിക്കാറുള്ളത്. എന്നാല്‍ ആശയങ്ങളും അതിന്റെ അവതരണവും പ്രയോഗവുമൊക്കെ എപ്പോഴാണോ മനുഷ്യത്വരഹിതവും ജനവിരുദ്ധവുമാകുന്നത് അതൊക്കെ ഫാഷിസമാണ്. അത് ഭരണതലത്തിലെത്തുമ്പോള്‍ മര്‍ദ്ദക ഭരണങ്ങളൊക്കെ ഫാഷിസമാണ്. പുരാതന കാലഘട്ടങ്ങളിലും ജനങ്ങളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടും വിമതസ്വരങ്ങളെ നിശ്ബദമാക്കി കൊണ്ടും എത്രയോ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഹിറ്റ്‌ലറും മുസോളിനിയും ഫ്രാങ്കോയും നടപ്പിലാക്കിയ ഫാഷിസ്റ്റ് ഭരണത്തിന് വംശീയ ചുവയുണ്ടായിരുന്നുവെങ്കില്‍ റഷ്യയില്‍ സ്റ്റാലിനും കംബോഡിയയില്‍ പോള്‍പോട്ടും നടത്തിയത് കമ്മ്യൂണിസിസ്റ്റ് ചുവയുള്ള ഫാഷിസമായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയതും മറ്റൊരു ഫാഷിസം.

ലോകത്ത് ഉയര്‍ന്നുവന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങളൊക്കെ തങ്ങളുടെ പ്രതിയോഗികളെ നിഷ്‌കരുണം വകവരുത്തിയിരുന്നു. നിയമങ്ങള്‍ കാറ്റില്‍പറത്തിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടും അതവര്‍ ഭംഗിയായി നിര്‍വഹിച്ചു. തങ്ങളുടെ റാന്‍മൂളികളും ഇഷ്ടക്കാരും മാത്രമുള്ള ഒരു രാഷ്ട്രമാണ് അവര്‍ സ്വപ്‌നം കണ്ടിരുന്നത്. അതില്‍ എല്ലാം സഹിച്ചു കഴിയാന്‍ താല്‍പര്യമുള്ള പ്രജകള്‍ക്ക് കഴിയാം. ഫാഷിസം എന്ന ഭരണദുഷിപ്പിന്റെ അഭിനവരൂപമാണ് ഇന്ത്യയില്‍ നടമാടപ്പെടുന്നത്. ഭരണഘടന പ്രകാരം രാജ്യം സെക്കുലര്‍ ജനാധിപത്യ രാജ്യമായി തുടരുമ്പോള്‍ തന്നെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. സംസാരിക്കാനോ എഴുതാനോ ഭക്ഷിക്കാനോ പോലും സ്വാതന്ത്ര്യങ്ങള്‍ നല്‍കാതെ ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു. എന്നാല്‍ പൂര്‍വകാല ഫാഷിസ്റ്റു ഭരണകൂടങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി നിയമത്തിന്റെയും ജുഡീഷ്യറിയുടെയുമൊക്കെ മറപിടിച്ചാണ് ഇന്ത്യയില്‍ ഫാഷിസം അരങ്ങേറുന്നത്. വളരെ നിശബ്ദമായി യു.എ.പി.എ, ടാഡ, പോട്ട പോലുള്ള കരിനിയമങ്ങള്‍ ചുമത്തി രാജ്യത്തെ മുസ്‌ലിം, ദലിത്, ആദിവാസി ചെറുപ്പക്കാരെ തുറുങ്കിലടക്കുന്നു. ഇല്ലാത്ത കേസുകള്‍ ചുമത്തി വിചാരണ പോലും നടത്താതെ വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടിവരുന്ന ഇത്തരം ചെറുപ്പക്കാരെ പിന്നെ പുറംലോകം കണ്ടിട്ടില്ല.

അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യനെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും തുറുങ്കിലടച്ചത് ഫാഷിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന തീവ്രഹിന്ദുത്വവാദികളായിരുന്നില്ല. സെക്കുലറിസം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന, ഖദറിന്റെ വെണ്‍മയില്‍ തിളങ്ങുന്ന മൃദു ഹിന്ദുത്വവാദികളായിരുന്നു. വെളുത്ത സായിപ്പില്‍ നിന്ന് കറുത്ത സായിപ്പിലേക്കുള്ള മാറ്റം എന്ന് ഗാന്ധിജി പറഞ്ഞത് പോലെ മൃദുലതയില്‍ നിന്ന് തീവ്രതയിലേക്ക് ഫാഷിസം മാറി എന്നത് മാത്രമാണ് വ്യത്യാസം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് ഇതേ കരിനിയമത്തിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഉണര്‍ന്നു. മഅ്ദനിയെ ജയില്‍വാസിയാക്കിവരും മഅ്ദനിക്കു നേരെ മുഖം തിരിച്ചവരും ഇന്ന് അതേ മഅ്ദനിയുടെ പേരില്‍ തന്നെ സ്വന്തം നേതാവിന് വേണ്ടി കേഴുന്നത് കേരളം കാണുന്നു. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന ഉള്‍വിളി അവര്‍ക്കുണ്ടായിരിക്കുന്നു.

എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുക എന്ന പുതിയ തന്ത്രം കൂടി ഇത്തരം കരിനിയമങ്ങളിലൂടെ പ്രയോഗിക്കപ്പെടുന്നതാണ് സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചപ്പോള്‍ കൈകൊട്ടി രസിച്ചവരും അര്‍ത്ഥം വെച്ച് ചിരിച്ചവരും ഇന്ന് സമൂഹത്തിന് മുന്നില്‍ ചികിത്സ തേടുന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. ഇന്ത്യയെ പോലെ മഹത്തായ ഒരു ജനാധിപത്യരാജ്യത്ത് ഇത്തരം കരിനിയമങ്ങള്‍ ഉണ്ടാക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എത്ര ആഴമുള്ളതാണെന്ന് സമൂഹം ഇനിയെങ്കിലും തിരിച്ചറിയും. അത്തരം കരിനിയമങ്ങള്‍ നിരോധിക്കാനും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാനും സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലുള്ള എല്ലാ മനുഷ്യസ്‌നേഹികളുടെയും പിന്തുണ ആവശ്യമാണ്. ഇല്ലെങ്കില്‍ ഇനിയും പലരുടെയും ജീവന്‍ ജയിലറകളില്‍ ഹോമിക്കപ്പെടും.

Related Articles