Current Date

Search
Close this search box.
Search
Close this search box.

ഒരു കാലി റിപ്പബ്ലിക്ക്!

REPUBLIC.jpg

രാജ്യം അതിന്റെ 67-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. 1950 ജനുവരി 26-ന് ഭീംറാവു അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന നിലവില്‍ വന്ന ദിവസമാണ് ഇന്ത്യ അതിന്റെ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. ജനങ്ങള്‍ക്കും ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്കും പരമാധികാരമുള്ള രാഷ്ട്രം. ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് അവിടെ നിയമനിര്‍മാണങ്ങള്‍ നടക്കുക. ജനപ്രതിനിധികള്‍ തെരെഞ്ഞെടുത്ത പ്രസിഡന്റായിരിക്കും രാഷ്ട്രത്തലവന്‍, അല്ലാതെ സ്വേച്ഛാധിപതിയായിരിക്കുകയില്ല. ഇതാണ് ഒരു രാജ്യം റിപ്പബ്ലിക്കാണെന്ന് പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്.

എന്നാല്‍ റിപ്പബ്ലിക്ക് ദിനം കടന്നുവരുന്ന ഇന്ത്യയുടെ സമകാലിക രാഷ്ട്രീയാവസ്ഥ റിപ്പബ്ലിക്കിനെ ആഘോഷിക്കാന്‍ മാത്രം പാകപ്പെട്ടതല്ല. രാജ്യത്ത് ജാതി രാഷ്ട്രീയവും സവര്‍ണ്ണാധിപത്യവും അരങ്ങുവാഴുമ്പോള്‍ റിപ്പബ്ലിക്ക് ദിനത്തിന്റെ കടന്നുവരവ് അനൗചിത്യമായത് പോലെ. പതിറ്റാണ്ടുകളായി രാജ്യം ഉയര്‍ത്തു പിടിക്കുന്ന പല മൂല്യങ്ങളും ചവിട്ടിത്തേച്ച് മോദി സര്‍ക്കാര്‍ അതിന്റെ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ പുതുവര്‍ഷം കൊണ്ടാടുമ്പോള്‍ രാജ്യത്തെ റിപ്പബ്ലിക്കാക്കിയ അംബേദ്കര്‍ അനുകൂലിക്ക് ജീവനൊടുക്കേണ്ടി വരുന്നു. സംസ്‌കാരവും ദിശാബോധവും പ്രദാനം ചെയ്യുന്ന കലാലയങ്ങളും സര്‍വകലാശാലകളും കാവിയണിയുന്നു. അവിടെ മുസ്‌ലിമിനോ ദലിതനോ വിദ്യ അഭ്യസിക്കാനാവുന്നില്ല. അവരുടെ ദേശസ്‌നേഹവും രാജ്യക്കൂറും ചോദ്യം ചെയ്യപ്പെടുന്നു. തന്റെ ആശയങ്ങള്‍ എഴുതാനോ പറയാനോ സാധിക്കുന്നില്ല. കലാലയങ്ങളുടെ തലപ്പത്ത് കാവി പുതച്ച ഫാഷിസ്റ്റുകള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. രോഹിത്തുമാര്‍ ആത്മഹത്യ ചെയ്യുന്ന കലാലയങ്ങളില്‍ തന്നെ ഗജേന്ദ്ര ചൗഹാന്മാരും സുധീര്‍ കുമാറുമാരും അധികാരമേല്‍ക്കുന്നു. എഴുത്തുകാരും സാഹിത്യകാരന്മാരും കൊല്ലപ്പെടുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ കാണാന്‍ വരുന്ന അതിഥിക്ക് മുന്നില്‍ വിളമ്പാന്‍ അപദാനങ്ങള്‍ ഇനിയും സര്‍ക്കാരിന് ബാക്കി.

ആധുനിക ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു രാജ്യത്ത് നടക്കുന്നത് പൗരാണിക ചാതുര്‍ണ്യവര്‍ണ്യ വ്യവസ്ഥയുടെ തിരിച്ചുവരവാണ്. ഭരണഘടനയേക്കാള്‍ ഇവിടെ വായിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതും മനുസ്മൃതിയാണ്. ജനങ്ങളേക്കാള്‍ ഇവിടെ ആദരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും കന്നുകാലികളാണ്. പ്രധാനമന്ത്രി രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ ശിങ്കിടികളാകട്ടെ പ്രജകളെ കൊന്നു തിന്നുന്നു. ഒരുകാലത്ത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂര്‍ത്തീരൂപമായിരുന്ന ഇന്ത്യ ഇന്ന് ഫാഷിസത്തിന്റെ കൂത്തരങ്ങായി അധഃപതിച്ചിരിക്കുന്നു. പിന്നാക്ക ജനവിഭാഗക്കാരനായ അംബേദ്ക്കറുടെ പേരില്‍ തന്നെ ഈ റിപ്പബ്ലിക്ക് ദിനവും നാം കൊണ്ടാടുമ്പോള്‍ സംഘ്പരിവാറുകള്‍ക്ക് എത്രത്തോളം ദേശസ്‌നേഹമുള്ളതായിരിക്കും ഈ ദിനം?

Related Articles