Current Date

Search
Close this search box.
Search
Close this search box.

എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍

flame.jpg

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന പ്രദേശത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വ്യാജ പ്രചാരങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് മുസഫര്‍ നഗര്‍ കലാപത്തെ അതിജീവിച്ച ചെറുപ്പക്കാരന്റെ കഥ പറയുന്ന ഹര്‍ഷ് മന്ദറിന്റെ ലേഖനം. ഒരു ബൈക്ക് ആക്‌സിഡന്റ് എങ്ങനെ ഒരു കലാപത്തിന്റെ ആദ്യ തീപ്പൊരിയായി മാറിയെന്ന് വ്യക്തമാക്കുകയാണ് അതിലൂടെ. രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ ഇരു സമുദായങ്ങള്‍ക്കിടയിലുള്ള കൂട്ടിയിടിയാക്കി അതിനെ മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ബി.ജെ.പി എം.എല്‍.എ സംഗീത് സോം പ്രചരിപ്പിച്ച ഒരു വീഡിയോയായിരുന്നു. ബീഫ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ അണിനിരന്നിരുന്ന ഇതേ ബി.ജെ.പി നേതാവ് ‘അല്‍-ദുആ’ എന്ന ബീഫ് കയറ്റുമതി കമ്പനിയുടെ സ്ഥാപകനെന്നത് ദേശീയ മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യത്തോട് ഇത്തരക്കാര്‍ എത്രത്തോളം കൂറുപുലര്‍ത്തുന്നുണ്ടെന്നാണത് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തെ പോലെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന നേതാക്കള്‍ സമൂഹത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നത്. അതിനവര്‍ ഉപയോഗിക്കുന്നത് വ്യാജ പ്രചരണങ്ങളും വീഡിയോകളും.

ഇറാഖില്‍ അല്‍ഖാഇദക്കെതിരായ വികാരം ഉണ്ടാക്കിയെടുത്ത് തങ്ങളുടെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാന്‍ അമേരിക്ക ചെയ്തതും മറ്റൊന്നായിരുന്നില്ല. അല്‍ഖാഇദയുടെ പേരില്‍ വ്യാജ വീഡിയോകള്‍ നിര്‍മിക്കുന്നതിന് പെന്റഗണ്‍ 50 കോടി ഡോളര്‍ ചെലവഴിച്ചതിനെ കുറിച്ച റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത്തരം വീഡിയോകള്‍ പ്രചരിപ്പിച്ച് അല്‍ഖാഇദയോട് ആഭിമുഖ്യമുള്ളവരെ നിരീക്ഷിക്കലായിരുന്നു അതിന്റെ ഉദ്ദേശ്യമെന്നാണ് പെന്റഗണ് വേണ്ടി അക്കാര്യം നിര്‍വഹിച്ച് ‘ബെല്‍ പോട്ടിംഗര്‍’ കമ്പനിയുടെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിലൂടെ അല്‍ഖാഇദക്കെതിരായ ശക്തമായ ഒരു വികാരം സൃഷ്ടിച്ച് അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ ന്യായീകരിക്കാന്‍ പെന്റഗണ് സാധിച്ചു എന്നതാണ് വസ്തുത. ഇന്ന് ഐ.എസിന്റെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന വീഡിയോകളുടെ ആധികാരികതയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ് പ്രസ്തുത റിപോര്‍ട്ട്.

ഇന്ന് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായിട്ടാണ് ഐഎസ് ബന്ധം ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മുസ്‌ലിം വേദികളുമെല്ലാം തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും ഐഎസിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തു വെക്കാനാണ് തല്‍പരകക്ഷികള്‍ക്ക് താല്‍പര്യം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ഭീതി വളര്‍ത്താന്‍ തയ്യാറാക്കപ്പെടുന്ന അത്തരം പ്രചരണങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങളുമുണ്ട്. സമൂഹത്തിലെ സൗഹൃദവും സാഹോദര്യവും പരസ്പര വിശ്വാസവുമാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന, സ്‌നേഹവും സാഹോദര്യവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ നല്ല മനസ്സുകളും ഏതൊരു വിഷയത്തിലും ഇത്തരം പ്രചാരണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച ശേഷം മാത്രം വിധിയെഴുതാവൂ.

Related Articles