Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുമ്പോള്‍

refugees.jpg

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം മൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവര്‍ കുറച്ചൊന്നുമല്ലയുള്ളത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷക്കണക്കിന് പേരാണ് കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്.

നടുക്കടല്‍ നീന്തിക്കടന്നും കൈക്കുഞ്ഞുങ്ങളുമായി കിലോമീറ്ററുകള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയും മഞ്ഞുമലകള്‍ താണ്ടിയും ജീവന്‍ പണയം വച്ചാണ് പലരും അഭയം തേടി അയല്‍രാഷ്ട്രങ്ങളിലെത്തിയത്. ഈ യാത്രക്കിടെ പാതിവഴിയില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ടവരും പട്ടിണികിടന്ന് മരിച്ചവരും ധാരാളം. അതിര്‍ത്തി കടക്കുന്നതിനിടെ അനധികൃത കുടിയേറ്റക്കാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും ആരോപിച്ചും മര്‍ദിച്ച് തല്ലിയോടിക്കപ്പെട്ടവര്‍ അതിലേറെ. ഇങ്ങനെ മനസ്സിലാമനസ്സോടെ പലവിധ പീഡനങ്ങളും ക്രൂരതകളും സഹിച്ചാണ് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്.

എന്നാല്‍, ഇവിടങ്ങളിലും സമാധാനം നല്‍കാതെ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും രാജ്യം വിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍. വിശിഷ്യ കിഴക്കന്‍ രാജ്യങ്ങള്‍. അഭയാര്‍ത്ഥികളായി രാജ്യത്തെത്തിയവര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും പിടികൂടി ജയിലിലടക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണിവര്‍. അമേരിക്ക,റഷ്യ,ഇംഗ്ലണ്ട്,ഇസ്രായേല്‍,ഈജിപ്ത്,പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്,അമേരിക്ക തുടങ്ങിയ മേഖലകളിലേക്കാണ് അഭയാര്‍ത്ഥികളിലധികവും കുടിയേറിയത്. ഇതു കൂടാതെ മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. ഇവരെല്ലാം അത്യധികം ഭീതിയോടെയാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഏതു നിമിഷവും തങ്ങളെ ഇവിടെ നിന്നും ആട്ടിയോടിക്കുമെന്ന ഭീഷണിയിലാണ് ഇന്നിവര്‍ കഴിയുന്നത്. തിരിച്ചു തങ്ങളുടെ നാട്ടിലേക്ക് പോകാന്‍ ഒട്ടും താല്‍പര്യമില്ലാത്തവരാണ് ഇതില്‍ ഭൂരിഭാഗവും.

ബോംബിട്ടും വെടിവച്ചും തകര്‍ത്ത തങ്ങളുടെ വീടുകളില്‍ നിന്നും കൈയില്‍ കിട്ടിയ സാധനങ്ങുമായി ജീവനില്‍ കൊതിച്ച് അതിര്‍ത്തി കടന്നവരാണിവര്‍. തിരിച്ചു നാട്ടിലേക്കു പോകുന്നതിലും ഭേദം ഇവിടെ കിടന്ന് മരിക്കുന്നതാണെന്നാണ് ഇവരില്‍ പലരും കരഞ്ഞുപറയുന്നത്. സിറിയ,യമന്‍,ആഫ്രിക്ക,ഇറാഖ്,ഇറാന്‍,ബംഗ്ലാദേശ്,മ്യാന്മര്‍,ഈജിപത്,തുനീഷ്യ,ലിബിയ,ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി അഭയാര്‍ത്ഥികളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന അല്‍പം ചില രാജ്യങ്ങളുമുണ്ട്.

അഭയം തേടിയെത്തിയ രാജ്യത്തും ക്രൂര പീഡനങ്ങള്‍ക്കിരയായവരും അടിമകളാകേണ്ടി വന്നവരും ധാരാളമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണം ചെയ്യുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു. പുരുഷന്മാരെ ജയിലിലടക്കുകയും തടവറകളില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യങ്ങള്‍ ദിനേന പുറത്തുവിടാറുണ്ട്. അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും അതിന് പരിഹാരം കാണാനും ശ്രമിക്കേണ്ട യു.എന്നും അതിന്റെ ഏജന്‍സികളും ഇക്കാര്യത്തില്‍ പരാജയമാണ്.

എങ്കിലും ഉള്‍ക്കടലില്‍ അകപ്പെടുന്ന അഭയര്‍ത്ഥികളെ രക്ഷപ്പെടുത്താനും അവര്‍ക്കുവേണ്ട അടിയന്തരസഹായങ്ങള്‍ നല്‍കാനും യു.എന്നിന്റെ ഏജന്‍സികളും മറ്റു സന്നദ്ധ സംഘടനകളും രംഗത്തുവരാറുണ്ട്. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടനയും  അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റു രാജ്യങ്ങളിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായ അംഗത്വ കാര്‍ഡ് നല്‍കുകയാണ് ചെയ്യാറുള്ളത്. ഇത് പല ഘട്ടങ്ങളിലായി പുതുക്കി നല്‍കാറാണ് പതിവ്.

രാജ്യത്തുള്ള ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോട് രാജ്യം വിടണമെന്നാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആവശ്യപ്പെട്ടത്. അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇവിടെയുള്ള അഭയാര്‍ത്ഥികളും ഭീതിയിലായത്. അഫ്ഗാനില്‍ നിന്നുള്ള അഭയാത്ഥികള്‍ രാജ്യം വിടണമെന്ന് പാകിസ്താനും ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യം വിടണമെന്നും നരേന്ദ്ര മോദി സര്‍ക്കാരും ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ത്ഥികള്‍ നില്‍ക്കക്കള്ളിയില്ലാതെ അടുത്ത അഭയസ്ഥാനം അന്വേഷിച്ച് അലയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

 

 

Related Articles