Editors Desk

സയ്യിദ് ഖുതുബ്; തൂലിക പടവാളാക്കിയ വിപ്ലകാരി

1966 ആഗസ്റ്റ് 29-ന് അവര്‍ സയ്യിദ് ഖുതുബിനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമാണ് ഇല്ലാതാക്കിയത്. അതിലൂടെ അദ്ദേഹത്തിന്റെ ചിന്തക്ക് കൂടുതല്‍ വ്യാപനം ലഭിക്കുകയാണുണ്ടായത്. എന്നും ഒരു ചാട്ടവാര്‍ പോലെ അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന പേന ചലിച്ചത് ധിക്കാരികള്‍ക്കും സേച്ഛാധിപത്യത്തിന്റെ അതിക്രമങ്ങള്‍ക്കുമെതിരെയായിരുന്നു. ജാഹിലിയത്ത് എന്നാല്‍ ഒരു കാലഘട്ടത്തിന്റെ പേരല്ലെന്നും, സ്രഷ്ടാവ് കാണിച്ചു തരുന്ന നേര്‍മാര്‍ഗത്തോട് പുറം തിരിഞ്ഞ് നില്‍ക്കലാണെന്നും അദ്ദേഹം വിശദീകരിച്ചു തന്നു. സേച്ഛാധിപതികളായ ഭരണാധികാരികള്‍ പ്രതിനിധീകരിക്കുന്നത് ജാഹിലിയത്തിനെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. കാരണം അല്ലാഹു ഇറക്കിയതനുസരിച്ച് വിധി കല്‍പിക്കാന്‍ വിസമ്മതിക്കുന്നവരാണവര്‍.

എല്ലാത്തരം അതിക്രമങ്ങള്‍ക്കും എതിരെ പോരാടാനാണ് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചത്. അതിക്രമികള്‍ക്കെതിരെ ദുര്‍ബലനും മര്‍ദിതനും ഒപ്പം ഉറച്ച് നിലകൊണ്ടു. അല്ലാഹുവിന്റെ ദീനിന്റെ ജീവസ്സുറ്റ ഒരു ചിത്രമാണ് അദ്ദേഹം സമര്‍പ്പിച്ചത്. അത് വിശ്വാസി ഹൃദയങ്ങളെ ആകര്‍ഷിച്ച പോലെ ഇസ്‌ലാമിന്റെ ശത്രുക്കളെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. ജാഹിലിയത്തിന് എന്നും പ്രിയപ്പെട്ട അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇസ്‌ലാമിനെയാണ് ഖുതുബ് മണ്ണിട്ട് മൂടിയത്. പകരം ജാഹിലിയത്തുമായി ഒരു സന്ധിക്കും തയ്യാറാവാത്ത, ജീവിതത്തെ മുച്ചൂടും ചൂഴ്ന്ന് നില്‍ക്കുന്ന, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്ത മറക്കപ്പെട്ട് ചില ചിഹ്നങ്ങളിലും പ്രകട രൂപങ്ങളിലും അതിനെ പരിമിതപ്പെടുത്തി വികൃതമാക്കപ്പെട്ട ഇസ്‌ലാമിന്റെ ചിത്രമായിരുന്നു വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനിന്നിരുന്നത്. എന്താണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്ന് മുസ്‌ലിംകളായവര്‍ക്ക് പോലും അറിയാത്ത അവസ്ഥയില്‍, സാമൂഹിക സാമ്പത്തിക വ്യവസ്ഥകളെല്ലാമുള്ള സമ്പൂര്‍ണമായ ഒരു ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് തിരുത്താന്‍ സയ്യിദ് ഖുതുബ് ആര്‍ജ്ജവം കാണിച്ചു.

ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്ന ഭരണാധികാരികളുടെ പാദസേവകരായ പണ്ഡിതന്‍മാര്‍ക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു. ദീനിന്റെ സേവകരായി വേഷമണിഞ്ഞ അവരാണ് ഏറ്റവും അപകടകാരികളായ ശത്രുക്കള്‍. ആവശ്യം വരുമ്പോള്‍ വളക്കാനും തിരിക്കാനും ചുരുട്ടി വെക്കാനും പറ്റിയ ഒന്നായിരുന്നു അവരുടെ കൈകളിലെ ദീന്‍. അവര്‍ ദീനിന്റെ സേവകരല്ല, ദീനിനെ വിറ്റ് ഉപജീവനം നടത്തുന്ന കച്ചവടക്കാര്‍ മാത്രമാണെന്ന് തുറന്നെഴുതാന്‍ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. ദീനിനെ വിറ്റ് ഉപജീവനം നടത്തുന്ന മുഫ്തിമാരെയും കൊട്ടാരം പണ്ഡിതന്‍മാരെയും നമുക്ക് ഇക്കാലത്തും കാണാം. അതോടൊപ്പം അതിനെ നേരിടാന്‍ സയ്യിദ് ഖുതുബിനെ പോലുള്ള ദാര്‍ശനികരുടെ ചിന്തകള്‍ നെഞ്ചേറ്റിയ വലിയൊരു സമൂഹം തന്നെയുണ്ടെന്നാണ് ആധുനിക ഈജിപ്തിന്റെയും ഇസ്‌ലാമിക ലോകത്തിന്റെയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

അല്ലാഹുവിന് വേണ്ടി ജീവിച്ചവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രം നല്‍കുന്ന അപൂര്‍വ സമ്മാനമാണ് രക്തസാക്ഷിത്വമെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി കൊതിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ‘അല്ലാഹുവിന് സ്തുതി! കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ രക്തസാക്ഷിത്വം നേടുന്നതിന് വേണ്ടിയായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചത്.’ എന്ന വധശിക്ഷാ വിധിയോടുള്ള പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം രാത്രി ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടു പോകുന്ന സയ്യിദ് ഖുതുബിന്റെ ചിരിക്കുന്ന മുഖമാണ് മാധ്യമങ്ങള്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിച്ചത്. ആ പുഞ്ചിരിയിലൂടെ തന്റെ സഹോദരങ്ങളോടും ശിഷ്യഗണത്തോടും പറയാനുള്ളതെല്ലാം അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനത്തിലുള്ള സ്ഥൈര്യവും പ്രിയപ്പെട്ടവരെ സ്വര്‍ഗത്തില്‍ കണ്ടുമുട്ടുന്നതിലുള്ള സന്തോഷവുമായിരുന്നു ആ മുഖത്ത്.

Facebook Comments
Related Articles
Show More
Close
Close