Editors Desk

ശുഭസൂചനകള്‍ നല്‍കുന്ന സന്ദര്‍ശനം

പ്രമുഖ ബറേല്‍വി പണ്ഡിതന്‍ മൗലാനാ തൗഖീര്‍ റസാ ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ ദാറൂല്‍ ഉലൂം ദുയൂബന്ദ് സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപോര്‍ട്ട് ചെയ്തത്. ബറേല്‍വി വിഭാഗത്തിന്റെ സ്ഥാപകനായ അലാ ഹസ്‌റത്ത് അഹ്മദ് റസാ ഖാന്റെ ചെറുമകനും ഇത്തിഹാദെ മില്ലത്ത് പ്രസിഡന്റുമായ റസാ ഖാന്‍ ദുയൂബന്ദ് സ്ഥാപനത്തിന്റെ റെക്ടര്‍ മുഫ്തി അബ്ദുല്‍ ഖാസിം നുഅ്മാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് നിലവിലെ സാഹചര്യത്തിലുള്ള പ്രസക്തിയായിരിക്കാം വാര്‍ത്തയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പരസ്പരം മുഖ്യപ്രതിയോഗികളായി കാണുന്ന രണ്ട് വിഭാഗങ്ങളാണ് ബറേല്‍വികളും ദുയൂബന്ദികളും. നിരോധിത സംഘടനയായ ജെയ്‌ശെ മുഹമ്മദ് ചായ്‌വുള്ളവരെന്ന് സംശയിച്ച് ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അറസറ്റ് ചെയ്ത മൂന്ന് യുവാക്കളില്‍ ഒരാളായ ശാകിര്‍ അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനാണ് റസാ ഖാന്‍ ദുയൂബന്ദിലെത്തിയത്. ഇരു വിഭാഗത്തിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടത്താറുണ്ടെങ്കിലും ഒരു വിഭാഗത്തിലെ നേതാക്കള്‍ മറു വിഭാഗത്തിന്റെ സ്ഥാപനം സന്ദര്‍ശിക്കുന്നത് അപൂര്‍വമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘പൊതുശത്രു’വിനെതിരെ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് വിവരിക്കുന്നു. ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അതോടൊപ്പം ഇന്ത്യക്കാരെന്ന നിലയില്‍ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടവരാണ് നാം എന്ന സന്ദേശമാണ് ഖാന്‍ പങ്കുവെച്ചത്. എന്നാല്‍ അതേസമയം മുസ്‌ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനോ പാര്‍ശ്വവല്‍കരിക്കാനോ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തി അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ഗൂഢാലോചനകള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടുള്ള നേതാവാണ് റസാ ഖാന്‍ എന്നത് സൂഫി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവന തെളിയിക്കുന്നു. മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് അവരെ തമ്മിലടിപ്പിക്കുകയെന്ന ആര്‍.എസ്.എസ് അജണ്ടയാണ് സൂഫീ സമ്മേളനത്തിലൂടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ ശക്തികളില്‍ നിന്നും ആക്രമണങ്ങളും വെല്ലുവിളികളും ഉയരുന്ന നിലവിലെ സാഹചര്യം തേടുന്ന ഒരു സന്ദര്‍ശനം തന്നെയാണ് ഖാന്‍ നടത്തിയിരിക്കുന്നത്. മതപരമായി എന്തൊക്കെ അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും ഉണ്ടെങ്കിലും മുസ്‌ലിം സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണ്. ഇല്ലാത്ത ഭീകരകുറ്റങ്ങള്‍ ചാര്‍ത്തി മുസ്‌ലിംകള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. മലേഗാവ് പോലുള്ള സ്‌ഫോടന കേസുകളില്‍ എല്ലാവര്‍ക്കും ബോധ്യപ്പെടും വിധം വ്യക്തമായതാണത്. പരസ്പരം തമ്മില്‍ തല്ലി ഊര്‍ജ്ജം കളയുന്ന മുസ്‌ലിം വിഭാഗങ്ങള്‍ അതവസാനിപ്പിച്ച് ഒന്നിച്ചു നില്‍ക്കാന്‍ സാധിക്കുന്ന തലങ്ങളിലെല്ലാം ഒന്നിച്ചു നിന്നാല്‍ മാത്രമേ സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ നയങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് എല്ലാ വിഭാഗങ്ങള്‍ക്കും ഉണ്ടാവേണ്ടത് അനിവാര്യമാണ്.

Facebook Comments
Related Articles
Close
Close