Editors Desk

ഐ എസിനെ ഇസ്‌ലാമാക്കുന്നവര്‍

കല്യാണം കഴിക്കാത്ത യുവതിയോട് എത്ര കുട്ടികളുണ്ട് എന്ന് ചോദിച്ചാല്‍ എങ്ങിനെയിരിക്കും?. ഐ എസ് നടത്തിയ കൂട്ടക്കൊലയില്‍ എന്ത് കൊണ്ട് മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചില്ല എന്ന ചിലരുടെ ചോദ്യത്തിനും അത് തന്നെയാണ് ഉത്തരം.

 ഐ എസ് ഇസ്‌ലാമല്ല എന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ മത സംഘടനകളാണ്.  ഐ എസിനെ കുറിച്ച് നമുക്ക് പറഞ്ഞു കേട്ട വിവരം മാത്രമാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന് പേര് വെച്ചത് കൊണ്ട് അത് ഇസ്‌ലാമാകണമെന്നില്ല. പല വിദേശ സര്‍വകലാശാലകളിലും ഇസ്‌ലാമിക് പഠനത്തിന്റെ തലപ്പത്തു ഇസ്‌ലാമല്ലാത്തവരാണ് എന്നത് നാം വായിച്ച സത്യമാണ്. ഇസ്‌ലാം ഒന്നാമതായി സുതാര്യമാണ്. പക്ഷെ ഐ എസ് സുതാര്യമല്ല. അവരുടെ നേതാവിനെ മാധ്യമങ്ങള്‍ പലവട്ടം കൊന്നു കഴിഞ്ഞു.

ഇസ്‌ലാം അല്ല എന്ന് മുസ്‌ലിംകള്‍ ഉറപ്പിച്ചു പറഞ്ഞ ഒരു കാര്യത്തില്‍ അവരുടെ ചെയ്തികള്‍ക്ക് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍  പ്രതിഷേധിക്കണം എന്നത് കുറച്ചു കടന്ന പ്രയോഗമാണ്. അതിന്റെ പേരില്‍ ലജ്ജ തോന്നാന്‍ മാത്രം ഒന്നും സംഭവിച്ചില്ല.  ഐ എസിനെ പിന്തുണക്കുന്നവരെ കേരളത്തില്‍ എവിടെയും നാം കണ്ടില്ല. പിന്നെ ആരോടാണ് നാം മാപ്പു പറയാന്‍ ആവശ്യപ്പെടുക. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ അവരറിയാതെ ചെയ്യുന്നത് ഐ എസും ഇസ്‌ലാമും തമ്മില്‍ ബന്ധമുണ്ട് എന്ന് വരുത്തി തീര്‍ക്കലാണ്. അല്ലെങ്കില്‍ ഒരു മുസ്‌ലിം വിരുദ്ധ ലോബി അവരെ വില്‌ക്കെടുത്തു എന്നും മനസ്സിലാക്കണം.  സാഹിത്യ പ്രവര്‍ത്തകര്‍ കുറച്ചു കൂടി കാര്യങ്ങള്‍ മനസ്സിലാക്കി വേണം പ്രതികരിക്കാന്‍.

ഇവിടെ കൊല്ലപ്പെട്ടത് നിരപരാധികളായ മനുഷ്യരാണ്. മതത്തിനും ജാതിക്കുമപ്പുറം അതിനൊരു മാനുഷിക വശമുണ്ട്. ഇന്ത്യക്കാര്‍ എന്നത് പോലും രണ്ടാമത്തെ വിഷയമാണ്. കൊല്ലപ്പെട്ടവരില്‍   ഇന്ത്യക്കാരുമുണ്ട് എന്നതിനാല്‍ നമുക്കതൊരു ദേശീയ ദുരന്തമാണ്.  മുസ്‌ലിംകള്‍ മാത്രം പ്രകടനം നടത്തിയാല്‍ അതിനു പരിഹാരമാകില്ല. ഇന്നലെ പശുവിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നതിനു പതിനൊന്നു പേരെ കോടതി ശിക്ഷിച്ചു. അവരെല്ലാം സംഘ് പരിവാര്‍ വിഭാഗത്തില്‍ പെട്ടവരാണ് എന്നും നമുക്കറിയാം. വിധി  വന്നതിനു ശേഷം അതിനു തങ്ങള്‍ക്കു പങ്കില്ല എന്ന് പറയാനാണ് സംഘ് പരിവാര്‍ ശ്രമം നടത്തുന്നത്. എന്ത് കൊണ്ട് ഇതേ ആവേശത്തില്‍ ഇവരെ അപലപിച്ചു ഒരു പ്രകടനം നടത്താന്‍ സംഘ് പരിവാര്‍ സംഘടനകളോട് ആവശ്യപ്പെടുന്നില്ല?. അത് ഐ എസ് പോലെയല്ല ജനം നേരില്‍ കണ്ടതാണ്. അപ്പോള്‍ എന്തും തള്ളിപ്പറയുക എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ജോലിയാണോ?
 
ഞങ്ങള്‍ ഭീകരരല്ല എന്ന് വിളിച്ച് പറഞ്ഞു കൊണ്ട് ജീവിക്കേണ്ട അവസ്ഥയിലാണ് ചിലര്‍. അതെ സമയം ഭീകരതയും ഫാസിസവും കൈമുതലാക്കി മുന്നേറുന്നവര്‍ ഇതില്‍ നിന്നും രക്ഷപ്പെടുന്നു.  മുസ്‌ലിം ലോകം ഒരു നാഥനില്ലാ കളരിയാണ്. അവിടെ പലതും മുളച്ചു പൊന്തുന്നു. കാരണം ആര്‍ക്കും കളിയ്ക്കാന്‍ മാത്രം അവിടുത്തെ പരിസരങ്ങള്‍ തുറന്നു കിടക്കുന്നു. ഇസല്മിന്റെ പേരില്‍ ആരോ പടച്ചുണ്ടാക്കിയതിന് ഇങ്ങു കേരളത്തിലെ മുസ്‌ലിംകള്‍ പ്രകടനം നടത്താത്തതില്‍ മനോവിഷമം തോന്നുന്നവര്‍ ഇസ്‌ലാമും ആനുകാലികവും മനസ്സിലാക്കിയിട്ടില്ല എന്നെ നമുക്കു പറയാന്‍ കഴിയൂ.  അവര്‍ സ്വയം ഐ എസിനെ ഇസ്‌ലാമാക്കാനുള്ള തിരക്കിലാണ്. അതായത് കള്ളന് കഞ്ഞി വെക്കാനുള്ള തിരക്കില്‍.

 

Facebook Comments
Show More

Related Articles

Close
Close