Editors Desk

ഇസ്‌ലാം സുന്ദരമാണ് അതിനെ വികൃതമാക്കരുത്

ബഹുസര്വ സമൂഹത്തിലെ ഇസ്‌ലാമിക പ്രതിനിധാനം എന്നത് വീണ്ടും പല അര്‍ഥങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അടുത്ത കാലത്തായി നടന്നിട്ടുള്ള പല സംഭവങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മതപ്രബോധനം എന്നത് ബഹുസ്വര സമൂഹത്തില്‍ വളരെ സൂക്ഷമതയോടെ നിര്‍വ്വഹിക്കേണ്ട ധര്‍മ്മമാണ്. ഈ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന സൂക്ഷമതക്കുറവ് പലപ്പോഴും അത് സമൂഹത്തില്‍ വിപരീത ഫലം ഉളവാക്കും. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഇത്തരം വിഷയങ്ങളില്‍ വളരെ ജാഗ്രത ഉണ്ടായിരിക്കേണ്ട സന്ദര്‍ഭമാണിത്. പ്രത്യേകിച്ചും മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സമൂഹത്തിനകത്ത് വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍.

പ്രവാചകന്‍(സ)മക്കയിലും മദീനയിലും ബഹുസ്വര സമൂഹത്തിനകത്തായിരുന്നു ജീവിച്ചിരുന്നതെന്നും ഇരു സമൂഹങ്ങളിലും എങ്ങനെയാണ് ഇടപഴകിയിരുന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്നത്. ബഹുസ്വര സമൂഹത്തില്‍ നിന്നും ഒളിച്ചോടുക എന്നത് ഇസ്‌ലാമിന്റെ സമീപനമല്ല. മറിച്ച ഇത്തരം സമൂഹങ്ങള്‍ക്കകത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങള്‍ ആയിത്തീരുക എന്നതാണ് മുസ്‌ലിമിന്റെ കടമ. ഇതിനു വിരുദ്ധമായ രീതിയിലുള്ള അതിരിവിട്ട പ്രയോഗങ്ങള്‍ ഇസ്‌ലാമിനു ചേര്‍ന്നതല്ല എന്നു മാത്രമല്ല അത് ഇസ്‌ലാമിനെ സംബന്ധിച്ച് പൊതു സമൂഹത്തിനിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുളളൂ.

നമ്മുടെ രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത സൗഹാര്‍ദ്ദം ഏറ്റവും കൂടുതലുള്ളതും വര്‍ഗീയ പ്രശ്‌നങ്ങള്‍ വളരെ കുറവുള്ളതും നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. മാലിക് ബ്‌നു ദിനാറും സംഘവും കേരളത്തില്‍ എത്തിയപ്പോള്‍ ഇവിടുത്തെ സമൂഹം വളരെ ഹാര്‍ദ്ദവമായിട്ടായിരുന്നു അവരെ സ്വീകരിച്ചത്്. അവിടെ നിന്ന് ഇങ്ങോട്ട് മത സൗഹാര്‍ദ്ദത്തിന്റെ മഹത്തായ നിരവധി അടയാളങ്ങള്‍ നമുക്ക് ചരിത്രത്താളുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. കേരളത്തിന്റെ തന്നെ ചരിത്രത്തോളം പഴക്കമുണ്ട് മത സൗഹാര്‍ദ്ദത്തിന്റെയും ചരിത്രത്തിന്. അധിനിവേശ ശക്തികളില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിന് വേണ്ടി മുസ്‌ലിമല്ലാത്ത സാമൂതിരിയോടൊപ്പം ചേര്‍ന്ന പടപൊരുതുന്നതിനെ കേരളത്തിലെ ഏറ്റവും മഹാനായ മത പണ്ഡിതാനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ ജിഹാദായിട്ടാണ് വിശേഷിപ്പിക്കുന്നത്. അഥവാ പൊതുസമൂഹത്തില്‍ അവരോടൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തെപ്പോലുള്ള മഹാന്മരായ പണ്ഡിതാന്മാര്‍ യാതൊരുവിധ പ്രശ്‌നവും കണ്ടില്ലെന്നു മാത്രമല്ല അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുക കൂടിയാണ് ചെയ്തത്.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ മത സൗഹാര്‍ദ്ദം ദൃഢമായി നിലനില്‍ക്കാനുള്ള കാരണം മുഴുവന്‍ സമൂഹങ്ങളും പരസ്പരം ഇടപഴകി ജീവിക്കുന്നു എന്നതാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിത രീതികളിലും വ്യത്യാസമുണ്ടായിരിക്ക തന്നെ യോജിപ്പിന്റെ മേഖലകളില്‍ പരമാവധി യോജിക്കാനും വിയോജിക്കുമ്പോഴും ജനാധിപത്യ മര്യാദ ഉയര്‍ത്തിപ്പിടിക്കാനും ആഘോഷങ്ങളിലും സന്തോഷ ദുഖങ്ങളിലും പരസ്പരം പങ്കുചേരാനും നാം കാണിക്കുന്ന ജാഗ്രതക്ക് മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. മത സൗഹാര്‍ദ്ദം തകര്‍ക്കുക എന്നത് വര്‍ഗീയ വാദികളുടെ വലിയ സ്വപ്‌നമാണ്. അത് തകരുന്നതിലൂടെ ഒഴുകുന്ന ചോരച്ചാലുകളിലൂടെ മാത്രമേ അവര്‍ക്ക് വളരുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതിനുള്ള ശ്രമം പല ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്. പ്രത്യേകിച്ചും ഹിന്ദുത്വ ശക്തികളില്‍ നിന്നും. വളരെ ചെറിയ സംഭവങ്ങള്‍പ്പോലും വര്‍ഗീയവത്കരിച്ച് അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ ഇത്തരം ശക്തികള്‍ നിതാന്ത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവമാണ്.

ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം സൃഷ്ടിക്കുകയാണ് അതിരുവിട്ട  പ്രഭാഷകര്‍ അവരുടെ പ്രഭാഷണത്തിലൂടെ ചെയ്യുന്നത്. ഇസ്‌ലാമിന്റെ തനത് മുഖത്തിന് കോട്ടം തട്ടും വിധം അടിസ്ഥാന ആശയങ്ങളെയും ചരിത്ര സംഭവങ്ങളെയും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി അക്ഷര വായനയിലൂടെ ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നവരാണ് പ്രധാനമായും ഇത്തരം പ്രഭാഷണങ്ങള്‍ക്ക് പിന്നില്‍. പ്രവാചകന്റെ ജീവിതത്തിലെ തന്നെ പൊതുസമൂഹവുമായുള്ള സൗഹാര്‍ദ്ദത്തിന്റെ ഒട്ടേറെ സംഭവങ്ങളെ ബോധപൂര്‍വം തമസ്‌കരിച്ചുകൊണ്ടാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്തരം പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ നാം ജാഗ്രത കാണിക്കുന്നില്ലെങ്കില്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നാം കെട്ടിപ്പെടുത്ത മത സൗഹാര്‍ദ്ദമായിരിക്കും നിഷ്പ്രഭമായിപ്പോവുക. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് എല്ലാം എല്ലാവരുടെയും മുന്നിലേക്ക് വളരെപ്പെട്ടെന്നു തന്നെ എത്തിപ്പെടും. പലപ്പോഴും പ്രഭാഷകര്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ തന്നെയായിക്കൊള്ളണമെന്നില്ല അത് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ട് മത പ്രബോധന രംഗത്തുള്ളവര്‍ കൂടതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നമ്മുടെ ഇടപെടുകള്‍ കൊണ്ട് ഇസ്‌ലാമിന്റെ ലളിത സുന്ദരമായ ആശയ മുഖത്തിന് കോട്ടം സംഭവിക്കാന്‍ പാടില്ല.

Facebook Comments
Related Articles
Show More
Close
Close