കഴിഞ്ഞ രണ്ടാഴ്ചയായി ലോകമാധ്യമങ്ങളുടെയെല്ലാം ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത് യുക്രൈനിലേക്കാണ്. യുക്രൈനില്‍ അയല്‍രാജ്യമായ റഷ്യ നടത്തുന്ന അധിനിവേശവും കടന്നാക്രമണവും ലോകയുദ്ധവുമാണ് വാര്‍ത്തകള്‍ നിറയെ. ഒരു ഭാഗത്ത് യുക്രൈന് ഒറ്റയ്ക്കു നിന്ന് പോരാടുന്നതിന്റെയും മറുഭാഗത്ത് സര്‍വ സന്നാഹങ്ങളും അത്യാധുനിക യുദ്ധക്കോപ്പുകളുമായി പുടിന്റെ റഷ്യന്‍ സൈന്യം യുക്രൈനിന്റെ തന്ത്രപ്രധാനമായ മേഖലകള്‍ ഓരോന്നായി കീഴടക്കിക്കൊണ്ടിരിക്കുകയുമാണ്. യുക്രൈന് യുദ്ധത്തിന്റെ പൊടിപ്പു തൊങ്ങലും വെച്ചുള്ള കഥകളും വീഡിയോകളും ചിത്രങ്ങളുമാണ് ലോകമാധ്യമങ്ങളിലും സര്‍വ സോഷ്യല്‍ മീഡിയകളിലും കളം നിറഞ്ഞാടുന്നത്.
യുദ്ധത്തില്‍ ഭൂരിഭാഗം അന്താരാഷ്ട്ര ശക്തികളും യു.എന്നുമടക്കം യുക്രൈന്റെ കൂടെയാണ്. അമേരിക്കയടക്കം യുക്രൈനെ പിന്തുണക്കുമ്പോള്‍ റഷ്യയെ യുദ്ധത്തില്‍ നിന്നും പിന്മാറാന് സമ്മര്‍ദ്ദം ചെലുത്താന്‍ ലോകത്തെ ഒരു ശക്തിക്കും ആയിട്ടില്ല എന്നതാണ് വിരോധാഭാസം. ലോകരാജ്യങ്ങളുടെ മാനസിക പിന്തുണ മാത്രമാണ് യഥാര്‍ത്ഥത്തില്‍ യുക്രൈനുള്ളത്. സ്വന്തം സൈന്യത്തിനും ജനത്തിനും ആത്മവിശ്വാസം നല്‍കിയും പ്രചോദനം നല്‍കിയും റഷ്യെക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് യുക്രൈന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കിയാണ്. അദ്ദേഹത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പിന്റെ കഥകളും സോഷ്യല്‍മീഡിയയും അന്താരാഷ്ട്ര മാധ്യമങ്ങളും ഏറെ പുകഴ്ത്തിയിട്ടുണ്ട്.
എന്നാല്‍, ഇതേസമയം തന്നെ നാം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പതിറ്റാണ്ടുകളായുള്ള ഇസ്രായേലിന്റെ അധിനിവേശവും ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പും റഷ്യ-യുക്രൈന് യുദ്ധവുമായി താരതമ്യപ്പെടുത്തുക എന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇസ്രായേല്‍ എന്ന ജൂത രാജ്യം ഫലസ്തീന് എന്ന കൊച്ചുരാഷ്ട്രത്തിനു മേല്‍ ചെയ്തുകൊണ്ടിരിക്കുന്നത് റഷ്യ യുക്രൈനുമേല്‍ ചെയ്യുന്നതിനേക്കാള്‍ ഭീകരമായ അധിനിവേശവും കടന്നാക്രവുമാണ്. എന്നാല്‍ റഷ്യ-യുക്രൈന് യുദ്ധത്തിന് കിട്ടുന്ന വാര്‍ത്താപ്രാധാന്യവും മാധ്യമശ്രദ്ധയും ഇതിന് ലഭിക്കുന്നുണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്.
ഇവിടെ റഷ്യയുടെ അധിനിവേശത്തെ ശക്തമായി അപലപിക്കുകയും റഷ്യക്കെതിരെ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ എത്ര യൂറോപ്യന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇസ്രായേലിനെ തള്ളിപ്പറയാനും ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്താനും തയാറാകുന്നുണ്ട് എന്നാണ് പ്രസക്തമായ ചോദ്യം. എത്ര പേര് ഫലസ്തീനികളുടെ സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ വകവെച്ചു നല്‍കുന്നുണ്ട്. ഫലസ്തീന് എന്ന സ്വതന്ത്ര രാഷ്ട്ര രൂപീകരണത്തിന് യുക്രൈന് പിന്തുണ അര്‍പ്പിച്ച എത്ര രാജ്യങ്ങള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. യു.എന്നും അമേരിക്കയുമടക്കം പലപ്പോഴും ഒരേ സമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം നിലകൊള്ളുകയുമാണ് ചെയ്തതെന്ന് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.
ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷത്തിന് 54 വര്‍ഷത്തിലധികം പഴക്കമുണ്ട്. ഫലസ്തീന്റെ മണ്ണ് ഓരോ ദിവസവും തങ്ങളുടെ കാല്‍ക്കീഴിലാക്കാനും ഫലസ്തീനിലെ മുസ്ലിം ജനസംഖ്യയെ ഇല്ലാതാക്കാനുമാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നത്. റഷ്യ യുക്രൈനില്‍ ചെയ്യുന്നതിന് സമാനമോ അതിനേക്കാള്‍ ഭീകരമോ ആണിത്. റഷ്യന്‍ അധിനിവേശം നാളെയോ മറ്റന്നാളോ സമാപിച്ചേക്കും. എന്നാല്‍ ഫലസ്തീനികള്ക്കുമേലുള്ള ഇസ്രായേലിന്റെ അതിക്രമങ്ങള്‍ അപ്പോഴും നിര്‍ലോഭം തുടരുന്നുണ്ടാകും. ഇതിന് തടയിടാനോ ഇസ്രായേലിന് നല്കുന്ന പിന്തുണ അവസാനിപ്പിക്കാനോ ഒരു രാജ്യവും സന്നദ്ധമല്ലതാനും.
യുക്രൈന് സായുധ പിന്തുണയും ആയുധങ്ങളും നല്കുന്ന ഒരു രാജ്യവും ഇന്നുവരെ ഫലസ്തീന് ആയുധം നല്കാന് തയാറായിട്ടില്ല. നിലനില്‍പ്പിനു വേണ്ടി ആയുധവും കല്ലും കൈയിലെടുക്കുന്ന ഫലസ്തീനികളെയും അവിടുത്തെ പിഞ്ചുകുട്ടികളെയും സ്ത്രീകളെയും തീവ്രവാദിയും ഭീകരവാദികളുമാക്കി ചിത്രീകരിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അടക്കം യുക്രൈനില്‍ സമാനമായ ചെറുത്തുനില്‍പ്പ് നടത്തുന്നവരെ പിന്തുണക്കുകയും അവര്‍ക്ക് വീര പരിവേഷം നല്‍കുന്നതും എന്തുകൊണ്ടായിരിക്കും. അവിടെയാണ് യുക്രൈനികള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് മതം അടക്കമുള്ള പലവിധ കാരണങ്ങളാല്‍ ഫലസ്തീനികള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള് തിരിച്ചറിയുക.
📲വാര്‍ത്തകള്‍ വാട്സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp