2011ലെ ഇന്ത്യന്‍ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു 2012ല്‍ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഉയര്‍ത്തിപ്പിടിച്ചും അണ്ണാ ഹസാരെക്കൊപ്പം ചേര്‍ന്നുള്ള ‘ജന്‍ ലോക്പാല്‍ ബില്‍’ നടപ്പിലാക്കാനുമുള്ള പ്രക്ഷോഭത്തിന്റെയുമെല്ലാം ചുവടുപിടിച്ചായിരുന്നു പാര്‍ട്ടി രൂപീകരണം. അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ രാഷ്ട്രീയ പാര്ട്ടിയാക്കണോ എന്ന കാര്യത്തില്‍ അണ്ണാ ഹസാരെയും കെജ്രിവാളും തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ സാധാരണക്കാരന്റെ പാര്‍ട്ടി എന്നര്‍ത്ഥം വരുന്ന ആം ആദ്മി പാര്‍ട്ടിക്ക് സാക്ഷാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്നതിലേക്കെത്തിച്ചേര്ന്നത്.
അഴിമതിയെന്ന മാലിന്യത്തെ തൂത്തുവാരുക എന്ന ലക്ഷ്യവുമായി ‘ചൂല് വിപ്ലവം’ എന്ന പേരിലായിരുന്നു പാര്‍ട്ടിയുടെ രംഗപ്രവേശം. അതിനാല്‍ തന്നെ അവരുടെ ഔദ്യോഗിക ചിഹ്നമായും ചൂല് തന്നെയാണ് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതും പിന്നീട് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുപോന്നതും.
‘ഞാനും ഒരു സാധാരണക്കാരന്’ എന്നെഴുതിയ വെള്ള ഗാന്ധിയന്‍ തൊപ്പിയും ചൂലുമായി വലിയ വിപ്ലവമാണ് തുടക്കകാലത്ത് അവര്‍ തലസ്ഥാന നഗരിയില്‍ ചെയ്തുപോന്നത്. അതിന്റെ തുടര്‍ച്ചയായി കന്നി തെരഞ്ഞെടുപ്പില്‍ ബി.ടെക് ബിരുദധാരിയായ അരവിന്ദ് കെജ്രിവാള് ഡല്‍ഹിയില്‍ മുഖ്യമന്ത്രി കസേരയിലുമെത്തി. ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വലും കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനും നേര്‍ക്ക് ഉയര്‍ന്ന വിവിധങ്ങളായ അഴിമതിയാരോപണങ്ങളും സാമ്പത്തിക തിരിമറിയും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവത്തതുമെല്ലാം മടുപ്പനുഭവിച്ച ഡല്‍ഹി ജനത ഒരു മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആ അവസരം കൃത്യമായി മുതലെടുത്താണ് ആം ആദ്മി ജനങ്ങളിലേക്കിറങ്ങിചെന്ന് വലിയ വിജയം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നേടുന്നത്. തുടര്‍ച്ചയായി 2015ലും 2020ലും അവര്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തൂത്തുവാരി. സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു അവര്‍ ഭരണം മുന്നോട്ടുകൊണ്ടുപോയത്. സമാനമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് പിന്നീട് അവര്‍ പഞ്ചാബിലും വിജയിച്ചു. നിലവില്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ അവര്‍ ഭരണം നടത്തുന്നുണ്ട്.
ആം ആദ്മിയുടെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന് ആ പാര്‍ട്ടിയുടെ രൂപീകരണ കാലത്ത് തന്നെ വലിയ ചര്‍ച്ചയായതാണ്. സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയും അവ പരിഹരിച്ചും മുന്നോട്ടുപോയ ആം ആദ്മി വൈദ്യുതി, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങള്‍ക്കായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
എന്നാല്‍ കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബി.ജെ.പിയോടുള്ള അവരുടെ സമീപനത്തിലും ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളും സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടകളിലും രാഷ്ട്രീയമായി കൃത്യമായി ഒരു നിലപാടും കെജ്രിവാളും ആം ആദ്മിയുടെ നേതാക്കളും ഉന്നയിച്ചിരുന്നില്ല. അത്തരം വിഷയങ്ങളില്‍ യാതൊരു പരസ്യ നിലപാടും രാഷ്ട്രീയമായി കൈകൊണ്ടില്ലെന്ന് മാത്രമല്ല, പലപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചുപോന്നത്.
രാജ്യത്തെ മുസ്ലിംകളെ ഒന്നാകെ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നുവരെ ഒന്നും മിണ്ടിയില്ലെന്നു മാത്രമല്ല, ബില്ലിനെതിരെ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ശഹീന്‍ ബാഗ് സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് അവര്‍ ചെയ്തത്. ഡല്‍ഹി പൊലിസിന്റെ ഭരണം തങ്ങളുടെ കൈയിലാണെങ്കില്‍ ശഹീന്‍ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിപ്പിക്കുമായിരുന്നു എന്ന ആം ആദ്മിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. 2020ലെ ഡല്‍ഹി കലാപ സമയത്ത് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല കലാപത്തിന് പിന്നില്‍ കുടിയേറിയ റേഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണെന്ന പ്രസ്താവനയും കെജ്രിവാള് നടത്തി. കൊറോണ പരത്താന്‍ കാരണക്കാര്‍ തബ്ലീഗുകാരാണെന്ന സംഘ്പരിവാര്‍ പ്രചാരണവും ആം ആദ്മി ഏറ്റുപിടിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അവര്‍ സ്വാഗതം ചെയ്തു.ഹിന്ദുക്കള്‍ അരാജകത്വവും നീതിനിഷേധവും നേരിടുകയാണെന്നും പരസ്യമായി പറഞ്ഞു വോട്ടുപിടിക്കാന്‍ നോക്കി. അരവിന്ദ് കെജ്രിവാളും സഹമന്ത്രിമാരുടെയും ത്യാഗരാജ സ്റ്റേഡിയത്തിലെ ദീവാലി പൂജ, അക്ഷര്‍ദാം ക്ഷേത്രത്തിലെ ലക്ഷ്മി പൂജ, അയോധ്യ സന്ദര്‍ശനം…ഇങ്ങിനെ പതിയെ പതിയെ അവരുടെ തനിനിറം പുറത്തുവരുന്നത് രാജ്യത്തെ ജനങ്ങള്‍ കണ്ടു തുടങ്ങി. ചില സമയത്ത് സംഘ്പരിവാറിന്റെ അജണ്ടകള്‍ ആവര്‍ത്തിച്ചും ചില സമയത്ത് ഒരു പടി കൂടി കടന്ന് ബി.ജെ.പിയെ പോലും കടത്തിവെട്ടുന്ന നയ-നിലപാടുകളുമാണ് ആം ആദ്മിയും കെജ്രിവാളും സ്വീകരിച്ചു പോന്നത്. ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ടവ മാത്രമാണ് ഇവിടെ ഉന്നയിച്ചത്.
ഏറ്റവും ഒടുവിലായി വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അക്കൗണ്ട് തുറക്കാന്‍ വേണ്ടി തീവ്ര ഹിന്ദുത്വ കാര്‍ഡ് ഇറക്കിയാണ് ആം ആദ്മിയും കെജ്രിവാളും മുന്നോട്ടു പോകുന്നത്. ഗുജറാത്തില്‍ വിജയിച്ചാല്‍ രാമക്ഷേത്രത്തിലേക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കുമെന്നായിരുന്നു ആദ്യത്തെ പ്രസ്താവന. ഗുജറാത്തിലെ ഭൂരിപക്ഷ ജനസമൂഹം ഹൈന്ദവ വിശ്വാസികളാണെന്നും ഇത്രയും കാലം ഭരിച്ച ബി.ജെ.പി ഉത്തരേന്ത്യന്‍ പൊതുമനസ്സിനെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും മനസ്സിലാക്കിയാണ് അവിടെ ഹിന്ദുത്വ അജണ്ടയുമായി അദ്ദേഹം മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പിന്നാലെ, ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഗണപതിയുടെയും ലക്ഷ്മീ ദേവിയുടെയും ചിത്രം നോട്ടുകളില്‍ ഉള്‍പ്പെടുത്തിയാല്‍ അനുഗ്രഹം ഉണ്ടാകുമെന്നുമാണ് കെജ്രിവാള് പറഞ്ഞത്. 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആം ആദ്മിക്കും കെജ്രിവാളിനുമെതിരെ ഉയര്‍ന്നിരുന്ന ആരോപണം അവര്‍ മൃദു ഹിന്ദുത്വ കാര്‍ഡിറക്കുന്നു എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വിട്ട് തീവ്രഹിന്ദുത്വവും കടന്ന് ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് വരെ വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ ‘സാധാരണക്കാരന്റെ പാര്‍ട്ടി’. അതായത് ബി.ജെ.പിയുടെ ബി ടീമല്ല, ഞങ്ങള്‍ എ ടീം തന്നെയാണെന്നാണ് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.
🪀 *To Join Whatsapp Group* … 👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW