ഫലസ്തീന് ജനത കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സ്വന്തം മണ്ണ് തിരിച്ചുപിടിക്കാനുള്ള ധര്‍മസമരത്തിലാണ്. സയണിസ്റ്റ്- ജൂത ഇസ്രായേല്‍ ശക്തികളുടെ യന്ത്രത്തോക്കുകള്‍ക്കും അത്യാധുനിക യുദ്ധ വിമാനങ്ങള്‍ക്കും ഇടയില്‍ വെറുംകൈയോടെ അവര്‍ പോരാടുന്ന കാഴ്ചയും വാര്‍ത്തകളും ലോകം കണ്ടും കേട്ടും മടുത്തിരിക്കുകയാണ്. അതിനൊരറുതി വരുത്താന്‍ ഐക്യരാഷ്ട്ര സഭയടക്കം ലോക രാജ്യങ്ങള്‍ക്കൊന്നും ഇതുവരെ ആയിട്ടുമില്ല.
എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ അഞ്ചു വയസ്സായ പിഞ്ചു ബാലിക അടക്കം 12ലധികം പേരെയാണ് ഇസ്രായേല്‍ നിഷ്ടൂരമായി വധിച്ചത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ഓപറേഷനാണ് തങ്ങള്‍ തയാറെടുക്കുന്നതെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്.
രണ്ടാം ദിവസവും വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. എന്നാല്‍ ഇതിന് മറുപടിയായി ഫലസ്തീന് പ്രതിരോധ സംഘടനയായ ഇസ്ലാമിക ജിഹാദ് 60 റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. ഇസ്രായേല്‍ ടൗണുകള്‍ ലക്ഷ്യമാക്കി മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റുകളുമാണ് തൊടുത്തുവിട്ടത്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവഷിഷ്ടങ്ങളുടെയും വീടുകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ഫലസ്തീന് നഗരങ്ങളായ ഗസ്സ, ജറൂസലേം, ഹൈഫ, റാമല്ല എന്നിവിടങ്ങളില്‍ ഫലസ്തീനികള്‍ പ്രതിഷേധ റാലികളും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുഞ്ഞുബാലിക അല ഖദ്ദൂം ലോകത്തിന്റെ തന്നെ നൊമ്പരമായി. ചേതനയറ്റ ശരീരവുമായി അലയെ ഖബറടക്കത്തിനായി കൊണ്ടുപോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കഫന്‍ ചെയ്ത് ഫലസ്തീന് പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. ആക്രമണത്തെത്തുടര്‍ന്ന് തെല്‍ അവീവില്‍ വെച്ച് ഞായറാഴ്ച നടക്കാനിരുന്ന ജുവന്റസ് അത്ലറ്റികോ മാഡ്രിഡ് മത്സരം വരെ റദ്ദാക്കേണ്ടി വന്നു.
ഗാസയില്‍ കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ഇസ്രായേല്‍ ഉപരോധത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും പുതിയ സംഘര്‍ഷം നേരിടാന്‍ ഫലസ്തീന് ആരോഗ്യ മേഖല സജ്ജമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രവുമല്ല ഗസ്സയിലെ ഏക പവര്‍ പ്ലാറ്റ് ശനിയാഴ്ച സംഘര്‍ഷത്തെത്തുടര്‍ന്ന് അടക്കുകയും ചെയ്തു. ഇതോടെ ശക്തമായ ഊര്‍ജ പ്രതിസന്ധിയാണ് ഗസ്സ മുനമ്പ് അനുഭവിക്കുന്നത്.
പതിവു പോലെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും സമാധാന ദൗത്യക്കാരും കടുത്ത ആശങ്കയും അപലപന കുറിപ്പും ഇറക്കിയിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യോമാക്രമണം നടത്തുന്ന വിദേശ പരിശീലനം ലഭിച്ച ഇസ്രായേല്‍ സൈന്യത്തിന് മുന്നില്‍ ദൈവീക വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ഉപയോഗിച്ചാണ് ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ചെറുത്തുനില്ക്കുന്നത്. അതിനാല്‍ തന്നെ സയണിസ്റ്റ് പട്ടാളത്തിന്റെ അധിനിവേശത്തിനു മുന്പില് അടിപതറാതെ നില്‍ക്കാനുള്ള കരുത്തും ഊര്‍ജവും ഇവരുടെ മനസ്സില്‍ അവശേഷിക്കുന്ന കാലത്തോളം ഫലസ്തീന് മണ്ണ് സ്വന്തമാക്കാമെന്നത് അവരുടെ സ്വപ്നം മാത്രമാകും.
📲 കൂടുതല്‍ വായനക്ക് വാട്സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU