ബി.ജെ.പി നേതാക്കളായ നുപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും പ്രവാചകന് മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്
ശങ്ങളും അതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഉണ്ടായ കോളിളക്കവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പ്രവാചകനെതിരെയും ഇസ്ലാമിനെതിരെയും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സമാനമായ ആക്രമണം നേരിടുന്നത് ഇതാദ്യത്തെ സംഭവമല്ല. മുന്‍പും ഇത്തരത്തിലോ ഇതിനേക്കാള്‍ കൂടിയ വീര്യത്തിലോ പരാമര്‍ശങ്ങളും നിന്ദയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവും ഭരണകൂടവുമായി നേരിട്ട് ബന്ധമുള്ള ഒരാള്‍ പ്രമുഖമായ ഒരു ചാനലിന്റെ പ്രൈം ടൈം ഡിബേറ്റില്‍ പരസ്യമായി ഇത്തരത്തില്‍ പ്രതികരണം നടത്തിയതോടെയാണ് അത് വാര്‍ത്തകളിലിടം നേടിയതും ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതും.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റിയും മുസ്ലിംകള്ക്കെതിരെ നടക്കുന്നത് വംശഹത്യയാണെന്നും ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വര്‍ധിക്കുന്നു എന്ന തരത്തിലൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവിട്ടത് അമേരിക്കയും ഐക്യരാഷ്ട്രസഭയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചുമൊക്കൊണ്. മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയിലെ മുസ്ലിംകള്ക്കും ദലിത്-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കുമെതിരെ നടന്ന അതിക്രമങ്ങളുടെ തരംതിരിച്ചുള്ള പട്ടിക വരെ ഇത്തരം മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളും പുറത്തുവിട്ടിരുന്നു.
പശുവിന്റെ പേരിലും ബീഫിന്റെ പേരിലുമുള്ള ആള്കൂട്ടകൊലപാതകമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളെ വേട്ടയാടിയ ഒരു സംഭവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് ലൗ ജിഹാദ്, ഹലാല്‍ വിവാദം തുടങ്ങി നിരവധി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും മുസ്ലിംകള് ആക്രമണം നേരിട്ടിട്ടുണ്ട്. പിന്നീട് സി.എ.എ സമരകാലത്ത് വടക്കുകിഴക്കന്‍ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ചെറുതും വലുതുമായി സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും സ്പോണ്സര് ചെയ്ത കലാപങ്ങളുമെല്ലാം നാം കണ്ടതാണ്. എല്ലാത്തിന്റെയും ഇരകള്‍ മുസ്ലിംകള് ആയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. അന്നും മുസ്ലിം രാഷ്ട്രങ്ങളും അവരുടെ കൂട്ടായ്മയായ ഒ.ഐ.സിയും ജി.സി.സി രാഷ്ട്രങ്ങളും പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തിറക്കുകയും അപലപനം രേഖപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍ ഇസ്ലാമിനും പ്രവാചകനുമെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കാലങ്ങളായി പ്രചരിപ്പിക്കുന്ന കള്ളം പരസ്യമായി ആവര്‍ത്തിക്കുകയും വളരെ നിര്‍ലോഭമായി പ്രവാചകനെ അവഹേളിക്കുകയും ചെയ്തതോടെയാണ് ഇസ്ലാമിക രാഷ്ട്രങ്ങളും അറബ് രാഷ്ട്രങ്ങളും ഇപ്പോള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ലോകത്തെ കോടാനുകോടി മുസ്ലിംകള് ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രവാചകനെതിരെ ഇല്ലാകഥകള്‍ പ്രചരിപ്പിച്ചാല്‍ പതിവുപോലെ ഇന്ത്യയിലെ മുസ്ലിംകളെ വേട്ടയാടുക എന്ന സംഘ്പരിവാര്‍ അജണ്ടക്കപ്പുറം അത് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മുറിവേല്‍പ്പിക്കുന്ന ഒന്നായി മാറുകയായിരുന്നു. അത്കൊണ്ടാണ് നുപൂറിന്റെ പ്രസ്താവനെക്കിതരെ മുഴുവന്‍ ഇസ്ലാമിക-മുസ്ലിം രാഷ്ട്രങ്ങളും അറബ് രാഷട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഒറ്റക്കെട്ടായി രംഗത്തുവന്നത്. ഇതാണ് ഇവിടെ നാം എടുത്തുകാണേണ്ടതും.
പ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയാറാകണമെന്നും വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതിക്കാരെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നുമാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത്.
മിക്ക രാജ്യങ്ങളുടെ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതികളെയും നയതന്ത്ര പ്രതിനിധികളെയും വിളിച്ചുവരുത്തിയാണ് ഇത്തവണ വിഷയത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്നും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിഷയം ഇന്ത്യക്ക് ഇത്രയേറെ അപമാനമുണ്ടാക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ പ്രതിഷേധം അറിയിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ തങ്ങളുടെ എതിര്‍പ്പും നീരസവും പ്രകടിപ്പിക്കുകയാണ് ബി.ജെ.പി ഭരണകൂടം ചെയ്തത്. അത്തരത്തിലുള്ള ട്വീറ്റുകളായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നയതന്ത്ര വക്താക്കളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പ്രസ്താവന തിരുത്തിക്കാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ബി.ജെ.പിയോ മോദി ഭരണകൂടമോ ഇതുവരെ തയാറായിട്ടില്ല. കണ്ണില്‍ പൊടിയിടാന്‍ അവരെ സസ്പെന്റ് ചെയ്തു എന്നു അറിയക്കുകയാണ് ബി.ജെ.പി ചെയ്തത്. എന്നാല്‍ തനിക്ക് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പിന്തുണ ഉണ്ടെന്നാണ് നുപൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഇത്രയേറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും ബി.ജെ.പിയെ മാറിചിന്തിപ്പിക്കാന്‍ ഇതുകൊണ്ടാകുമോ എന്ന് മാത്രമാണ് നാം നോക്കിക്കാണുന്നത്. മുസ്ലിംകള്ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ സംഘ്പരിവാറിന്റെയും ബി.ജെ.പി ഭരണകൂടത്തിന്റെയും നയനിലപാടുകള്‍ പഴയപോലെ തന്നെയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU