Current Date

Search
Close this search box.
Search
Close this search box.

‘വെജിറ്റേറിയനിസം’ നടപ്പാക്കാന്‍ കൈകടത്തലുകള്‍ പരസ്യമാക്കി സംഘ് ഭരണകൂടം

2014ല്‍ മോദി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ സമസ്ത മേഖലകളിലും കാവിവത്കരണം ആരംഭിച്ചിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് താക്കോല്‍ സ്ഥാനങ്ങളിലും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലുമെല്ലാം ബി.ജെ.പി- സംഘ്പരിവാര്‍ ആശയക്കാരെ തിരുകികയറ്റുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. ഹിന്ദു രാഷ്ട്ര നിര്‍മിതിക്കാവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സമൂഹത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക-കലാ-കായിക-വിദ്യാഭ്യാസ-മത-സമുദായ മേഖലകളിലെല്ലാം തങ്ങളുടെ ആദര്‍ശവും ആശയവും നടപ്പിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്ത് കൂട്ടിയത്. ഇതിനായി ഭരണഘടന തന്നെ അവര്‍ ഉടച്ചുവാര്‍ത്തു.

പുതിയ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നു. ജയില്‍ ശിക്ഷ നിയമങ്ങളും കോടതി വ്യവസ്ഥകളും മാറ്റി അല്ലെങ്കില്‍ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമാക്കി മാറ്റി. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചും ന്യൂനപക്ഷ-അധസ്ഥിത സമൂഹത്തെ ലക്ഷ്യം വെച്ചുമായിരുന്നു മിക്ക നിയമനിര്‍മാണങ്ങളുമെല്ലാം. കാരണം ഹിന്ദു രാഷ്ട്ര രൂപീകരണത്തിന്റെ നയ-നിലപാടുകള്‍ക്ക് തടസ്സം നില്‍കക്കുന്നതും അതിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയതും ഈ കൂട്ടരായിരുന്നു എന്നതാണ്. അതിനാല്‍ തന്നെ ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായിക നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്നതും ജയിലിലടക്കുന്നതും പൊതുസമൂഹത്തില്‍ തേജോവധം ചെയ്യുന്നതും ഗണ്യമായ അളവില്‍ വര്‍ധിച്ചു. ഇതിനായി മാധ്യമ-ഉദ്യോഗസ്ഥ-നീതിന്യായ മേഖലയും കഠിനപ്രയത്‌നം നടത്തി.

എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റതിനു പിന്നാലെ കാവിവത്കരണം കൂടുതല്‍ പരസ്യമായി താഴെതട്ടിലേക്ക് വ്യാപിപിക്കുന്ന നടപടികളിലേക്കാണ് അവര്‍ കടന്നത്. ഇതിനവരെ പ്രേരിപ്പിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാത്തതും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ തന്നെ തങ്ങളുടെ കൈപിടിയിലൊതുക്കാന്‍ കഴിഞ്ഞതുമാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ ശീലങ്ങളും വ്യവസ്ഥകളും പൊളിച്ചെഴുതുന്ന പണിയാണ് അവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യന്മേലുള്ള കടന്നുകയറ്റമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ്വദ്വീപിലും കേന്ദ്ര സാങ്കേതിക സര്‍വകലാശാലകളിലും ബീഫ് നിരോധവും ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നതും.

കശ്മീരിനെ മാതൃകയാക്കി ലക്ഷ്വദീപിനെയും തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചിട്ട് ഏറെ നാളായി. ഇതിന്റെ ഭാഗമായി ആദ്യം ചെയ്തത് അവിടുത്തെ അഡ്മിനിസ്‌ട്രേറ്ററായി തങ്ങളുടെ ഇഷ്ടക്കാരനെ നിയമിച്ചു എന്നതാണ്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിനെയാണ് ഇതിനായി നിയമിച്ചത്. കേന്ദ്ര ഭരണത്തിന് കീഴിലുള്ള ലക്ഷ്വദ്വീപിന്റെ സമ്പൂര്‍ണ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കാണുണ്ടാവുക. 10 ജനവാസ ദ്വീപുകളിലായി 70,000ത്തോളം ആളുകളാണ് ദ്വീപില്‍ അധിവസിക്കുന്നത്. വിവിധ സവിശേഷതകളാണ് ലക്ഷദ്വീപിനെ വ്യത്യസ്തമാക്കുന്നത്. മലയാളം സംസാരിക്കുന്ന കേരളത്തോട് സാമ്യമാണ് ഇവിടുത്തെ ആചാരങ്ങളും സംസ്‌കാരങ്ങളും. ജനസംഖ്യയില്‍ 99 ശതമാനവും മുസ്ലിംകളാണ്. അതിനാല്‍ തന്നെ ഇവിടെ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ഓരോന്നായി മാറ്റിയെഴുതുകയാണ് ഇപ്പോള്‍ മോദിയുടെ സഹചാരിയായ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ആദ്യ ഘട്ടമായി പുതിയ ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് തടയാനായി ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റെഗുലേഷന്‍ എന്ന പേരില്‍ നിയമനിര്‍മാണം കൊണ്ടുവരികയാണ് ചെയ്തത്.

പിന്നാലെ ദ്വീപില്‍ ഗോവധനിരോധനവും ഭക്ഷണ ക്രമവും മാറ്റാനൊരുങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലക്ക് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും ഇറച്ചി മാംസാദികള്‍ ഒഴിവാക്കി. പൂര്‍ണമായും വെജിറ്റേറിയനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബീഫ്, ചിക്കന്‍, മട്ടന്‍ എന്നീ ഭക്ഷണങ്ങളാണ് എടുത്തുകളഞ്ഞത്. മത്സ്യവും മുട്ടയും മാത്രമാണ് നിലനിര്‍ത്തിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ തന്നെ മാംസ ഭക്ഷണങ്ങള്‍ ഇവിടെ പ്രധാനമായിരുന്നു. എന്നാല്‍ തങ്ങളുടെ അജണ്ടയിലേക്ക് ദ്വീപിനെ പതിയെകൊണ്ടുവരാനുളള നീക്കത്തിന്റെ ഭാഗമായാണ് വെജിറ്റേറിയന്‍ മെനു മാത്രമാക്കി ചുരുക്കാനുള്ള നീക്കം.

ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിലൂടെ ബീഫ് പൂര്‍ണമായും നിരോധിക്കുക എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനായി കരട് നിയമം തയാറാക്കി കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ നിന്നുമാണ് ദ്വീപിലേക്കുള്ള മുഴുവന്‍ ചരക്കുകളും എത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തേക്ക് സ്‌കൂളുകളിലേക്കുള്ള മെനുവില്‍ മാംസ ഭക്ഷണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞ് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കുകയായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന മെനുവില്‍ ബീഫ് ഉള്‍പ്പെടെയുള്ള മാംസഭക്ഷ്യാധികള്‍ ഉണ്ടായിരുന്നു.

ഏറ്റവും ഒടുവില്‍ രാജ്യത്തെ ഉന്നത സാങ്കേതിക സര്‍വകലാശാലകളില്‍ ഒന്നായ എന്‍.ഐ.ടിയിലും ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും കേന്ദ്ര സര്‍ക്കാര്‍ മെനുവില്‍ നിന്നും മാംസ ഭക്ഷണം നിരോധിക്കാനൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരവും മുട്ടയും ഭക്ഷണ മെനുവില്‍ നിന്ന് ഒഴിവാക്കി. വിചിത്ര വാദം ഉന്നയിച്ചാണ് നിരോധനം. ആഗോള കാലാവസ്ഥ വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം. ആദ്യഘട്ടമായി ആഴ്ചയിലൊരിക്കല്‍ സസ്യാഹാരം മാത്രമാകും കാന്റീനുകളില്‍ വിളമ്പുക.

ഇത്തരത്തില്‍ ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീട് നമ്മുടെ വീടിന്റെ തീന്മേശയിലും സംഘ്പപരിവാര്‍ ആഗ്രഹിക്കുന്ന ഭക്ഷണം വിളമ്പുക എന്നതാണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്. അടുത്ത പടിയായി സ്‌കൂളുകളില്‍ നിന്നും ഹോട്ടലുകളിലേക്കും പൊതു ഇടങ്ങളിലേക്കും ഇത് വ്യാപിപിക്കും. രാജ്യമൊട്ടാകും ഗോവധ നിരോധനം ഉടന്‍ തന്നെ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രം. എന്നാല്‍ രാജ്യത്ത് ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധയുളളവരുള്ളിടത്തോളം കാലം ഇത്തരം നീക്കങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാനാവില്ല. വ്യക്തികളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈകടത്തലുകള്‍ക്കെതിരെ ജനകീയമായ പ്രക്ഷോഭം ഉയര്‍ന്നു വരിക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.

Related Articles