Current Date

Search
Close this search box.
Search
Close this search box.

ട്രംപും ബൈഡനും നല്‍കുന്ന സന്ദേശം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വാര്‍ത്തകളും വിശേഷങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ ലോകത്തെ പ്രധാന ചര്‍ച്ചവിഷയം. അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഉറ്റുനോക്കിയ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. ഒട്ടേറെ ചരിത്ര നിമിഷങ്ങള്‍ക്കാണ് 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാക്ഷിയായയത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ ലോകത്തിനു മുന്നില്‍ തന്നെ താന്‍പോരിമയുടെയും അഹങ്കാരത്തിന്റെയും ആള്‍രൂപമായിട്ടായിരുന്നു ട്രംപ് അമേരിക്കയെ അടക്കിവാണിരുന്നത്. അധികാരമേറ്റതിനു പിന്നാലെ തന്നെ ഉത്തര കൊറിയ, ചൈന, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി കൊമ്പുകോര്‍ക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഭരണാധികാരിയായിരുന്നു ട്രംപ്. ബുദ്ധി ശൂന്യനായ കോമാളിയെയാണ് തങ്ങള്‍ അധികാരത്തില്‍ കയറ്റിയതെന്ന് പിന്നീട് പല അമേരിക്കക്കാരും അടക്കം പറഞ്ഞു. പിന്നീടങ്ങോട്ട് തന്നിഷ്ടപ്രകാരം യു.എസ് കോണ്‍ഗ്രസിന്റെയോ സെനറ്റ് അംഗങ്ങളുടെയോ അഭിപ്രായത്തിനും നിര്‍ദേശങ്ങള്‍ക്കും വില കല്‍പിക്കാതെ ധിക്കാരപരമായ തീരുമാനങ്ങളും നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു അദ്ദേഹം.

തന്നെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന ധാര്‍ഷ്ട്യത്തില്‍. എതിര്‍ക്കുന്നവരെയെല്ലാം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങളിലൂടെയും അശ്ലീലമായ പരിഹാസ്യങ്ങളിലൂടെയുമാണ് ട്രംപ് നേരിട്ടത്. അടുത്ത ഒരു തെരഞ്ഞെടുപ്പിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തുനില്‍ക്കുകയായിരുന്നു അമേരിക്കന്‍ ജനത എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നത്. കഴിഞ്ഞ തവണ ട്രംപിന്റെ കൂടെ നിന്ന മിക്ക സംസ്ഥാനങ്ങളും അദ്ദേഹത്തെ കൈയൊഴിഞ്ഞു. മാത്രമല്ല ഫലം പുറത്തുവന്നതോടെ സ്വന്തം പാര്‍ട്ടിയായ റിപ്ലബ്ലിക്കന്‍ നേതാക്കളും അനുയായികളുമെല്ലാം ട്രംപിനു നേരെ തിരിഞ്ഞു. ഭൂരിഭാഗം അമേരിക്കയും ജനതയും ബൈഡന്‍ അധികാരത്തില്‍ വരുന്നത് സ്വപ്‌നം കണ്ടവരായിരുന്നു എന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു.

Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 1

എല്ലാ കാലവും അധികാരവും സമ്പത്തും നിയമവും കൈപ്പിടിയില്‍ വെച്ച് ഒരു രാഷ്ട്രത്തെ മുഴുവനായി അടക്കിവാഴാന്‍ കഴിയില്ല എന്നും അധികാരത്തില്‍ കയറ്റിയിരുത്തിയ ജനതയാല്‍ തന്നെ ആ കസേരയില്‍ നിന്നും വലിച്ച് താഴെയിറക്കും എന്നുമാണ് ലോകത്തെ സ്വേഛാധിപത്യ ഭരണാധികാരികള്‍ നമ്മോട് പറഞ്ഞു തന്നത്. ഇത് തന്നെയാണ് ട്രംപിന്റെ വിഷയത്തിലും നാം കണ്ടത്. സ്വന്തം തോല്‍വി ഇതുവരെ ഉള്‍കൊള്ളാന്‍ ട്രംപിനായിട്ടില്ലെന്നു മാത്രമല്ല, തോല്‍വി സമ്മതിച്ചു തന്നിട്ടുമില്ല. വീണ്ടും വോട്ടെണ്ണണം, വോട്ടെടുപ്പില്‍ കള്ളക്കളിയുണ്ടായി എന്നെല്ലാം പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയാണ് ട്രംപ്. അതായത് അധികാരം വിട്ടൊഴിയാന്‍ ഒരിക്കലും സമ്മതനാകാതെ തല്‍സ്ഥാനത്ത് തുടരാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

നേരത്തെ ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച ബൈഡനെ അമേരിക്കക്കാര്‍ക്ക് പരിചയമുണ്ട്. മനുഷ്യത്വമുള്ള നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഒബാമയോടൊപ്പം ചേര്‍ന്ന് വിവിധ ജനകീയ പദ്ധതികള്‍ക്കും നയതന്ത്ര രൂപീകരണത്തിനും ബൈഡന്‍ നേതൃത്വം നല്‍കിയിരുന്നു. ഇത് തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയതും. തെരഞ്ഞെടുപ്പ് പ്രചാര വേളയില്‍ അമേരിക്കയിലെ കുടിയേറ്റ സമൂഹം പ്രത്യേകിച്ച് കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ വംശജര്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച നേതാവായിരുന്നു ബൈഡന്‍. ട്രംപിന്റെ ഭരണകാലത്ത് നിരവധി കറുത്ത വര്‍ഗ്ഗക്കാരാണ് വംശവെറി മൂലവും വെള്ള വംശീയത മൂലവും യു.എസ് തെരുവുകളില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളും മുസ്ലിംകളും അഭയാര്‍ത്ഥികളുമെല്ലാം ട്രംപ് ഭരണത്തില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഈ വിഭാഗത്തിന്റെയെല്ലാം പിന്തുണയും ബൈഡന്‍ എളുപ്പം സ്വന്തമാക്കി. ഇതെല്ലാം ബൈഡനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ഇറാഖുമായുള്ള അമേരിക്കയുടെ യുദ്ധം, അമേരിക്കയിലെ അഭയാര്‍ത്ഥി പ്രശ്‌നം, കുടിയേറ്റക്കാരോടുള്ള സമീപനങ്ങള്‍, വെളുത്ത വംശീയത, വംശീയ വിദ്വേഷം, ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാട്, യെമന്‍ യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം എന്നീ വിഷയങ്ങളിലെല്ലാം രമ്യമായ പരിഹാരങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുമെന്നാണ് ബൈഡനില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. ഇത്തരം അനുകൂല പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് ക്യാംപയിനില്‍ അദ്ദേഹം ഉന്നയിച്ചിരുന്നത് എന്നത് ഇതിന് ആക്കം കൂട്ടുന്നു. എബ്രഹാം ലിങ്കനു ശേഷം അമേരിക്കയുടെ ജനകീയ നേതാവായി ബൈഡനെ കാലം അടയാളപ്പെടുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകം കണക്കുകൂട്ടുന്ന പുതിയ പാതയിലാണോ ബൈഡന്‍ അമേരിക്കയെ നയിക്കുക എന്ന് വരും ദിവസങ്ങളില്‍ തന്നെ നമുക്ക് കാത്തിരുന്ന് കാണാം.

Related Articles