Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍

ഖത്തറിനെതിരെ സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ തീവ്രവാദ- ഭീകരവാദം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഈ രാജ്യങ്ങള്‍ വ്യോമ-കര-നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. പിന്നാലെ എല്ലാ ആരോപണങ്ങളും ഖത്തര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉപരോധം കടന്നു പോകുന്നുണ്ടെങ്കിലും അതില്‍ കുലുങ്ങാതെ നിര്‍ഭയം സ്വയം പര്യാപ്തത കൈവരിച്ച് മുന്നോട്ടു കുതിക്കുന്ന ഖത്തറിനെയാണ് നമുക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഈ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും രാജ്യത്തെ സമസ്ത മേഖലകളിലും സ്വയം പര്യാപ്തതയും വികസനവും പരിഷ്‌കരണവും നടപ്പിലാക്കി ഉപരോധത്തെ അതിജീവിക്കാന്‍ ഇന്ന് ഖത്തറിനായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഉപരോധത്തിന്റെ തുടക്കത്തില്‍ നിലനിന്ന വെല്ലുവിളികളും അനിശ്ചിതത്വങ്ങളുമൊന്നും ഇപ്പോള്‍ ഖത്തറിനെ ബാധിക്കുന്നില്ല എന്നു തന്നെ പറയാം.

ഈജിപ്ത് ഭീകരരായി പ്രഖ്യാപിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഖത്തര്‍ അഭയം നല്‍കുന്നു,അല്‍ജസീറ ടി.വി നിര്‍ത്തലാക്കണം,ഖത്തര്‍ ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നു, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക,ഖത്തറിലുള്ള തുര്‍ക്കി സൈനിക ക്യാംപ് അടച്ചുപൂട്ടുക തുടങ്ങി 13 ഇന നിബന്ധനകളാണ് ഉപരോധം അവസാനിപ്പിക്കാന്‍ വേണ്ടി സൗദി സഖ്യം ഖത്തര്‍ ഭരണകൂടത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഒരു വ്യവസ്ഥയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഖത്തര്‍ തീര്‍ത്തു പറഞ്ഞു. ഉപരോധത്തെ നേരിടാന്‍ സ്വദേശീയരും വദേശീയരും ഒരുപോലെ ഭരണകൂടത്തിനൊപ്പം ശക്തമായ പിന്തുണയുമായി ഉറച്ചു നിന്നു.

എന്നിരുന്നാലും ഉപരോധം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും മഞ്ഞുരുക്കത്തിനുള്ള സാധ്യതകളാണ് എങ്ങും കാണുന്നത്. അനുരഞ്ജന ചര്‍ച്ചകളും മധ്യസ്ഥ ചര്‍ച്ചകളുമെല്ലാം വിവിധ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്. നിരവധി ചര്‍ച്ചകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞു പോയത്. ഖത്തറിനെതിരെ സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം സൗദിയും യു.എ.ഇയും അവസാനിപ്പിക്കണമെന്നും ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് അമേരിക്ക ആവശ്യപ്പെട്ടത്. ഉപരോധവും നിയന്ത്രണങ്ങളും നീക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി നേതൃത്വത്തോട് സമ്മര്‍ദ്ദം ചെലുത്തിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് യു.എസ് നേരത്തെ സൗദിയിലെ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ വിവിധ അറബ്-ജി.സി.സി ഉച്ചകോടികളിലും ഒരുമിച്ച് പങ്കെടുത്തിരുന്നു. ലോകം ഇന്ന് നേരിടുന്ന കോവിഡ് പ്രതിസന്ധിയിലും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും മുന്‍ നിര്‍ത്തി അറബ് രാജ്യങ്ങളുടെ ഐക്യവും സാഹോദര്യവും അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന മുറവിളിയാണ് മേഖലയില്‍ നിന്നും ഇപ്പോള്‍ പൊതുവായി ഉയരുന്നത്. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് പുതിയ നീക്കത്തിന് തുടക്കമിട്ടതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഖത്തര്‍ എന്ന കുഞ്ഞു രാഷ്ട്രം വളരെ സുന്ദരമായാണ് ഈ വെല്ലുവിളിയെ അതിജീവിച്ചത്. അതിനാല്‍ തന്നെ ഖത്തര്‍ ഉപരോധത്തിന്റെ നാലാം വര്‍ഷത്തിലെങ്കിലും പ്രതിസന്ധി അവസാനിക്കുമെന്ന് നമുക്ക് കരുതാം. വരും നാളില്‍ ഉപരോധം പൂര്‍ണമായും പിന്‍വലിച്ച് കാര്യങ്ങള്‍ പഴയ നിലയിലേക്ക് തന്നെ എത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.

Related Articles