Current Date

Search
Close this search box.
Search
Close this search box.

ഷിറീൻ അബൂ ആഖിലയുടെ കുടംബത്തിന് നീതി ലഭിക്കുമോ ?

ഷിറീൻ അബൂ ആഖിലയെ ആരും മറന്നുകാണില്ല. കഴിഞ്ഞ മെയ് 11നാണ് ധീര മാധ്യമപ്രവർത്തകയെ ഇസ്രായേൽ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒടുവിൽ, ഷിറീൻ അബൂ ആഖിലയുടെ കുടുംബം നീതി തേടി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ വാർത്തയാണ് പുറത്തുവരുന്നത്. ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തകയുടെ നീതിക്കായി അലയുകയാണിപ്പോൾ കുടുംബം. കൊലപാതകത്തിന് കാരണക്കാരായവരിലേക്ക് യു.എസ് അന്വേഷണമെത്തണമെന്നാണ് കുടുംബം വീണ്ടും വീണ്ടും ആവർത്തിച്ചതെന്ന് ഷിറീൻ അബൂ അഖിലയുടെ സഹോദര പുത്രിയായ ലിന അബൂ ആഖില ചൊവ്വാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. ഫലസ്തീൻ പ്രദേശങ്ങളിൽ ദിവസവും മരിച്ചുവീഴുന്ന ഓരോ ജീവനും അർഹിക്കുന്ന നീതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന യാഥാർഥ്യത്തിന് മുമ്പിൽ, ഷിറീന് എന്ത് നീതിയാണ് ലഭിക്കുകയെന്ന ആശ്ചര്യമാണ് ഇവ്വിഷയകമായി രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്.

ഷിറീന്റെ ശരീരത്തിലേക്ക് തുളച്ചുകയറിയ ബുള്ളറ്റ് ഇസ്രായേൽ സൈന്യം നിലയുറപ്പിച്ച ഭാഗത്ത് നിന്നാകാൻ സാധ്യതയുണ്ടെന്ന് ജൂലൈ നാലിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സമ്മതിച്ചിരുന്നു. എന്നാലത്, ‘ദുരന്തപൂർണമായ സാഹചര്യത്തിന്റെ ഫലമായി’ മനഃപൂർവമല്ലാതെ സംഭവിച്ചതാണെന്നാണ് യു.എസ് വിശദീകരിക്കുന്നത്. ഷിറീൻ കൊല്ലപ്പെട്ട സ്ഥലത്ത് സായുധരായ ഫലസ്തീനികൾ ഇല്ലായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളും സാക്ഷി മൊഴികളും വിവിധ സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണങ്ങളും തെളിയിക്കുന്നുണ്ടെങ്കിലും, ഇസ്രായേലിലുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പ്രതികരണമായാണ് വെടിവെയ്പ്പുണ്ടായതെന്നാണ് യു.എസിന്റെ പ്രസ്താവന. ഷിറീന്റെ കൊലപാതകത്തിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം തുടരുമെന്ന് ജൂലൈ 15ന് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിറീന്റെ കൊലപാതകം പരസ്യമായി ഉയർത്തിക്കാട്ടാതെയാണ് യു.എസിന്റെ ഇസ്രായേൽ നേതാക്കളുമായുള്ള ഓരോ കൂടിക്കാഴ്ചയും സമാപിക്കുന്നത്.

ഷിറീന്റെ കൊലപാതകത്തിൽ നീതി ലഭ്യമാക്കുമെന്ന് ആന്റണി ബ്ലിങ്കൻ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഞങ്ങളുടെ ആവശ്യത്തോട് ഈ ഭരണകൂടം കൃത്യമായി പ്രതികരിക്കുമോയെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്ന് ലിന അബൂ ആഖില ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്ററിൽ കുറിച്ചു. മറ്റൊരു അമേരിക്കൻ കുടുംബമോ ഫലസ്തീൻ കുടുംബമോ ഞങ്ങളനുഭവിക്കുന്ന വേദന സഹിക്കാതിരിക്കാൻ ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് ലിനയുടേത്. ഞങ്ങളുടെ സങ്കടവും രോഷവും ആശങ്കകളും നേരിട്ട് കേൾക്കാൻ പ്രസിഡന്റ് ജറൂസലമിൽ ഞങ്ങളുടെ അടുത്തേക്ക് വരാത്തതിനാൽ, ഞങ്ങൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകാൻ തീരുമാനിച്ചുവെന്നാണ് ഷിറീന്റെ കുടുംബം പ്രതികരിച്ചതെന്ന് പൊളിറ്റിക്കോ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഈ മാസാദ്യം ബൈഡൻ ഇസ്രായേലും അധിനിവേശ വെസ്റ്റ് ബാങ്കും സന്ദർശിച്ച വേളയിൽ, ഷിറീന്റെ ബന്ധുക്കൾ കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇപ്പോഴും, നീതിക്കായി അലയുന്ന ഷിറീന്റെ കുടംബത്തിന് വാക്കുകൾതീതമായ നീതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇരിപ്പുവശം അറിയുന്നവർക്ക് അങ്ങനെ പ്രതീക്ഷിക്കാമോ?

Related Articles