Current Date

Search
Close this search box.
Search
Close this search box.

സ്‌കൂള്‍ കലോത്സവത്തിലും ഇസ്ലാമോഫോബിയ ഉയര്‍ന്നുവരുമ്പോള്‍

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ചെങ്കിലും അതിനെതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ വിവാദം ഉയരുന്നത്. ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തില്‍ കടന്നുകൂടിയ ഇസ്ലാമോഫോബിയ രംഗങ്ങളായിരുന്നു വിവാദങ്ങളുടെ തുടക്കം. ഒടുക്കം സ്‌കൂള്‍ കലോത്സവത്തില്‍ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദത്തിലും ഇസ്ലാമോഫോബിയ തിരുകികയറ്റാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചു.

എല്ലാവരെയും ഉള്‍കൊള്ളുന്ന മതേതര സര്‍ക്കാര്‍ എന്ന് രായ്ക്കുരാമാനം വലിയ വായില്‍ പറുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറ്റു മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം നോക്കിനില്‍ക്കെയാണ് ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദത്തിന്റെ വേഷമണിയിച്ച് ഉദ്ഘാടന വേദിയില്‍ കലാപ്രകടനം അരങ്ങേറിയത്. ഇന്ത്യന്‍ സൈന്യം പിടികൂടന്ന ഭീകരന്റെ വേഷം മുസ്ലിംകളുടെ വേഷത്തിന് സമാനമായ കഫിയ്യ ധരിച്ചാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പരിപാടി മുഴുവന്‍ കണ്ടിട്ടും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമൊന്നും അതില്‍ യാതൊരു അതിശയോക്തിയും തോന്നിയിട്ടില്ല എന്നതാണ് ആശ്ചര്യം. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയടക്കം പ്രതികരിച്ചത്.

കലോത്സവ കമ്മിറ്റിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്‍പാകെ അവതരിപ്പിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഈ കലാവിഷ്‌കാരം വേദിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ സമയത്ത് തീവ്രവാദിയുടെ വേഷം അണിയാതെയാണ് അവതരിപ്പിച്ചിരുന്നത് എന്ന് പറഞ്ഞ് തടിയൂരുകയാണ് കമ്മിറ്റിക്കാര്‍ ചെയ്തത്. കുട്ടികളുടെയും രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കേണ്ട തീവ്രവാദിയുടെ വേഷം ഏതെന്ന് നേരത്തെ തന്നെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പ്രശ്‌നമുണ്ടാക്കുന്നവരെ വേഷം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞതായിരിക്കും ഇവിടെ പ്രചോദനമായത്. പിന്നാലെ വന്ന വെളിപ്പെടുത്തലുകളില്‍ ദൃശ്യാവിഷ്‌കാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുണ്ടെന്നും വെളിച്ചത്ത് വന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതിനെതിരെ ചെറിയ ഒരു നടപടി പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.

സര്‍ക്കാര്‍ സംഭവം ഗൗരവത്തിലെടുക്കുമെന്നും അന്വേഷിക്കുമെന്നും ഒരു വിഭാഗത്തിനെതിരായ നീക്കത്തെയും വച്ചുപൊറുപ്പിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസവും സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചത്. പതിവു പോലെ ഇതും സര്‍ക്കാരിന്റെ വാക്ചാരുതയില്‍ മുങ്ങിപ്പോകും എന്നല്ലാതെ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന് ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹമാകും.

ദൃശ്യാവിഷ്‌കാരത്തിന് പിന്നാലെ ഉയര്‍ന്നു വന്ന വിവാദമാണ് കലോത്സവത്തിലെ ഭക്ഷണ മെനു സംബന്ധിച്ച സംവാദം. ഇടതുപക്ഷ സഹയാത്രികര്‍ തുടങ്ങിവെച്ച വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടുകയും അവസാനം അതും സംഘ്പരിവാര്‍ മുതലെടുക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഇടത് സഹയാത്രികരായ ഏതാനും പേര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റോടെയാണ് വിവാദം ആരംഭിച്ചത്. കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി പാചകം ചെയ്യുന്നയാളുടെ മതവും ജാതിയും പറഞ്ഞ് വിവാദം ചിലര്‍ കൊഴുപ്പിക്കുകയായിരുന്നു. വിവാദത്തില്‍ പിന്നീട് ചേരിതിരിഞ്ഞ് ചര്‍ച്ച കൊഴിപ്പിച്ചു ചിലര്‍. പിന്നാലെ അടുത്ത വര്‍ഷം മുതല്‍ ഭക്ഷണ മെനുവില്‍ നോണ്‍ വെജ് ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ കലോത്സവ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. ഇതോടെ ചര്‍ച്ച മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചതായാണ് കാണാന്‍ കഴിഞ്ഞത്. നോണ്‍വെജ് എന്നാല്‍ ഹലാല്‍ ഭക്ഷണമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ് സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ദൃശ്യാവിഷ്‌കാരം പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി റിയാസ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും സ്വാഗതഗാനത്തില്‍ വര്‍ഗീയത ഇല്ലെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്.

കുരുന്നു മനസുകളില്‍ പോലും ഇത്തരം വര്‍ഗ്ഗീയ വിഷവിത്തുകള്‍ പാകാന്‍ മത്സരിക്കുകയാണ് ഇടതുപക്ഷവും വലതുപക്ഷവും. ഇതിലെല്ലാം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് വളരെ വ്യക്തമാണ്. അതിന് ഇളം മനസ്സില്‍ വളര്‍ന്നു വന്നേക്കാവുന്ന വിദ്വേഷവും ഭയവും ഒന്നും അവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല എന്നു വേണം മനസ്സിലാക്കാന്‍.

Related Articles