Current Date

Search
Close this search box.
Search
Close this search box.

നിഴലിനെ ഭയക്കുന്ന സംഘ് ഭരണകൂടം

കോവിഡിനു മുന്‍പ് രാജ്യത്ത് അലയടിച്ച രണ്ട് പ്രധാന പ്രക്ഷോഭങ്ങളായിരുന്നു സി.എ.എ വിരുദ്ധ പ്രക്ഷോഭവും കര്‍ഷക സമരവും. രണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഒരു വിഭാഗത്തോടുള്ള വിവേചനത്തിനും വികലമായ നയങ്ങള്‍ക്കുമെതിരെയായിരുന്നു. രണ്ടു വര്‍ഷത്തെ കോവിഡ് മൂലം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രത്യക്ഷ സമരങ്ങള്‍ താല്‍ക്കാലികമായെങ്കിലും നിന്നു പോയി.

കോവിഡ് ലോക്ക് ഡൗണ്‍ കഴിഞ്ഞ ഇടവേളക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം സ്വപ്‌നം കണ്ട് കിടന്നുറങ്ങുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരും തീവ്ര ഹിന്ദുത്വ ശക്തികളും സട കുടന്നെഴുന്നേറ്റ കാഴ്ചയാണ് കഴിഞ്ഞ മാസങ്ങളില്‍ നാം കണ്ടത്. മുസ്ലിംകള്‍ക്കെതിരെ വംശഹത്യയും കലാപവും നടത്താന്‍ കാരണം അന്വേഷിച്ച് നടക്കുന്ന സംഘത്തിന് വീണുകിട്ടിയ സുവര്‍ണാവസരമാണ് രാമനവമി ആഘോഷം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മുസ്ലിംകള്‍ക്കെതിരെ മനപൂര്‍വം കലാപമുണ്ടാക്കാനുള്ള പദ്ധതിയും അവര്‍ കണ്ടുവെച്ചിരുന്നു.

ഇതിന്റെ ഭാഗമായിരുന്നു ഘോഷയാത്രകളും റാലികളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെയും പള്ളികള്‍ക്കും മറ്റു മുസ്ലിം സ്ഥാപനങ്ങള്‍ക്കും മുന്നിലൂടെ കടന്നു പോകുമ്പോള്‍ വാഹനത്തില്‍ നിന്നും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നും മുസ്ലിംകളെ പ്രകോപിപിക്കുന്ന തരത്തില്‍ മനപൂര്‍വം അനൗണ്‍സ്‌മെന്റുകയും പ്രസംഗങ്ങളും നടത്തിയത്. പിന്നാലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ നിരവധി സംസ്ഥാനങ്ങളില്‍ റാലിക്കിടെ കലാപമഴിച്ചുവിട്ടത് നാം കണ്ടു. നിരവധി പേര്‍ കൊല്ലപ്പെടുകയും പള്ളികളും മുസ്ലിം സ്ഥാപനങ്ങളും കടകളും വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതും തകര്‍ത്തതും വാര്‍ത്തയായി.

അതും കഴിഞ്ഞ് ഒരു പടി കൂടി കടന്ന് സംഘ്പരിവാര്‍ ഭരണകൂടം നടപ്പാക്കിയ മറ്റൊരു മുസ്ലിം ഉന്മൂലന പദ്ധതിയാണ് അനധികൃത കുടിയേറ്റമെന്ന പേരിലുള്ള ഒഴിപ്പിക്കല്‍ നടപടി. മധ്യപ്രദേശിലെ ഖര്‍ഗോനിനും ഡല്‍ഹിയിലെ ജഹാംഗീര്‍പുരിക്കും ശേഷം ഒടുവിലായിതാ അവര്‍ ഷഹീന്‍ ബാഗിലെത്തി നില്‍ക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച് നടത്തുന്ന ഈ നീക്കം അവരുടെ ഒളിയജണ്ടയാണെന്ന് എളുപ്പം മനസ്സിലാക്കും.

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ബുള്‍ഡോസറുകളുമായി അധികൃതര്‍ ഷഹീന്‍ ബാഗിലെത്തിയത്. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞത്. തുഗ്ലക്കാബാദ്, സംഗവിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളും അനധികൃത കുടിയേറ്റങ്ങളും ഒഴിപ്പിക്കുമെന്നാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ബുള്‍സോഡറുകള്‍ക്ക് മുന്നില്‍ രാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അധികൃതരുടെ നടപടിക്കെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കുകയും ഹരജി പരിഗണിച്ച കോടതി ഒഴിപ്പിക്കല്‍ നടപടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും നോട്ടീസ് നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നടപടിക്രമങ്ങള്‍ പാലിക്കാത്തതെന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്.

ഷഹീന്‍ ബാഗിനെ തെരഞ്ഞെടുത്തതിന്റെ പിന്നിലെ രാഷ്ട്രീയ കാരണങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും സംഘ്പരിവാര്‍ അവര്‍ക്കെതിരെ ഉയരുന്ന എതിര്‍ സ്വരങ്ങളെ മാത്രമല്ല, അതിനായി ഒരുമിച്ചു കൂടുന്ന ഇടങ്ങളെ പോലും ഭയപ്പെടുന്നു എന്ന്. 2019 ഡിസംബറില്‍, രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചവിഷയമായ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെയും കുത്തിയിരിപ്പ് സമരങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്നു ഷഹീന്‍ ബാഗ്. ഷഹീന്‍ ബാഗ് സമരം നയിച്ചത് സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

മോദി സര്‍ക്കാരിനെതിരായ ശക്തമായ സമരവുമായി മുന്നോട്ടുപോയ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം മൂലമാണ് അടച്ചത്. എന്നാല്‍ വീണ്ടും ഇതേസ്ഥലത്ത് സമരം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും കേന്ദ്രത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. അതുകൊണ്ടാണ് സമരത്തിന്റെ നിഴലിനെ പോലും ഭയക്കുന്നവരായി ബി.ജെ.പി ഭരണകൂടം മാറിയത്.

 

Related Articles