Current Date

Search
Close this search box.
Search
Close this search box.

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

ഫറോവ ബോധപൂർവം ആളുകളെ കൊന്നു. പ്രവാചകൻ മൂസയുടെ കൈകൊണ്ടു അബദ്ധത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കണക്കിൽ രണ്ടും കൊലപാതകമാണ് . പക്ഷെ ഒരേപോലെ എന്നാരും പറയില്ല.

ശബരിമല കേസും പൗരത്വ നിയത്തിനെതിരായ കേസും ഒരേപോലെ എന്നാരും പറയില്ല. രണ്ടിന്റെയും മെരിറ്റ് വ്യത്യാസമാണ്. ശബരിമലയിൽ ആചാരങ്ങളെ ഇല്ലാതാക്കാൻ കോടതി ഇടപെട്ടു എന്നതാണ് കാര്യം. ശബരിമല ഒരു മത വിഷയമാണ്‌. മതാചാരങ്ങൾ നിർണയിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന കോടതികൾക്ക് നൽകിയിട്ടില്ല. അത് തീരുമാനിക്കാനുള്ള അവകാശം വിശ്വാസികൾക്ക് തന്നെയാണ്. ലിംഗ നീതി, തുല്യ അവസരം എന്നത് ഭരണഘടന ഉറപ്പു നൽക്കുന്ന കാര്യമാണ്. പക്ഷെ പത്തിനും അമ്പതിനും മധ്യേയുള്ള സ്ത്രീകൾ ശബരിമല സന്നിധാനത്തിൽ വരാൻ പാടില്ല എന്നത് ഒരു ആചാരമാണ്. ആചാരം നീതിയുടെ ലംഘനമാണ് എന്ന കണ്ടെത്തലാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്. തുല്യ നീതിയുടെ കാര്യത്തിൽ സംഘ പരിവാരിനു സുപ്രീം കോടതി വിധിയോടാണ് താല്പര്യം.

ആയിരം വർഷത്തെ പഴക്കമുള്ള ആചാരമാണങ്കിലും സ്ത്രീകളെ ശബരിമലയിൽ കയറ്റാതിരിക്കുന്നതിൽ ഒരു യുക്തിയുമില്ല എന്നായിരുന്നു 2016 ൽ RSS നിലപാട്. കോടതി വിധി വന്നപ്പോൾ കേരള സർക്കാർ അതിന്റെ കൂടെ നിന്നു. സ്ത്രീകളെ ശബരിമലയിൽ നിന്നും തടയാൻ പാടില്ല എന്നതാണ് ഇടതു പക്ഷത്തിന്റെ ഈ കാര്യത്തിലെ നിലപാട്. ഇതിനെ വിശ്വാസം ആചാരം എന്നതിലപ്പുറം രാഷ്ട്രീയമായാണ് സംഘ പരിവാർ നേരിടാൻ തീരുമാനിച്ചത്. ഒരു മത വിരുദ്ധ മുന്നണി നാട് ഭരിക്കുമ്പോൾ മുതലെടുക്കാൻ നല്ലത് വിശ്വാസവും ആചാരവുമാണെന്ന് സംഘ പരിവാരിനു തോന്നിയാൽ അത് സ്വാഭാവികം മാത്രം. വിശ്വാസത്തെ മുതലെടുത്താണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ ഇടം പിടിച്ചത്. രാമജന്മഭൂമി എന്നത് അത് കൊണ്ട് തന്നെ വിശ്വാസം എന്നതിനേക്കാൾ സംഘ പരിവാരിനു തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിൽ നിക്ഷിപ്തമായ ചുമതലയാണ്. ബാബറി മസ്ജിദ് കാര്യത്തിൽ നീതി പൂർണമായി മുസ്ലിം പക്ഷത്തിയിട്ടും കോടതി വിധി അംഗീകരിക്കുക എന്നതാണ് മുസ്ലിം പക്ഷം സ്വീകരിച്ച രീതി. കോടതിയുടെ വിധികളെ ജനാധിപത്യ രീതിയിൽ ചോദ്യം ചെയ്യാൻ അവകാശമുണ്ട്‌. സുപ്രീം കോടതി വിധി പാർലിമെന്റിൽ ഒരു നിയമം നിർമ്മിക്കുക വഴി മറികടക്കാൻ കഴിയുമെന്നിരിക്കെ അതിനെ തെരുവിൽ കലാപമാക്കിയതിന്റെ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടണം.

ഈ വിഷയവുമായി ബന്ധപ്പെട്ടു കേരളത്തിൽ വലിയ സമരങ്ങൾ നടന്നു. ദിനംപ്രതി എന്ന നിലയിൽ ഹർത്താലും ബന്ദും അരങ്ങേറി. കോടികളുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. പലർക്കും പരിക്ക്പറ്റി. പോലീസിനെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി സംഘ പരിവാർ ഗുണ്ടകൾ കേരളത്തിൽ അക്രമം അഴിച്ചു വിട്ടു. പൊതു നിരത്തുകളിൽ നിന്നും അക്രമം സന്നിധാനത്തിലേക്ക് വരെ നീണ്ടു പോയി. എല്ലാ ജാനാധിപത്യ രീതികളും വലിച്ചെറിഞ്ഞ് കൊണ്ടാണ് ശബരിമല സമരം നടന്നത്.

നാട് സ്വാതന്ത്ര്യം നേടിയിട്ട് വർഷങ്ങൾ പലതായി. ഇപ്പോൾ നാട്ടിലുള്ള അധികം തലമുറയും സ്വാതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്നവരാണ്. അതെ സമയം മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറിയവരും നമ്മുടെ നാട്ടിലുണ്ട്. കുടിയേറ്റം എന്നത് ഒരു അന്താരാഷ്ട്ര കാര്യമാണ്. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്ത കാരണങ്ങൾ സംജാതമായാൽ സ്ഥലം മാറിപ്പോകുക എന്നത് സ്വാഭാവികം മാത്രം. ആഭ്യന്തര സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും ആ രീതിയിൽ മനുഷ്യരെ നാട് വിട്ടുപോകാൻ നിർബന്ധിക്കുന്നു. ലോകത്ത് എല്ലാ നാടുകളിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്. നമ്മുടെ തോട്ടടടുത്തു പല പ്രശ്ന രാജ്യങ്ങലുമുണ്ട്. അവിടെ നിന്നും പലരും നമ്മുടെ നാട്ടിൽ അഭയം തേടിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിന്ന് പലരും അപ്പുറത്തും അഭയം തെടിയിട്ടുണ്ടാവണം. അത് ആരൊക്കെ എന്ന് കണക്കാക്കൽ സർക്കാരിന്റെ ചുമതലയാണ്. അത്തരം ആളുകളെ മതവും ജാതിയും നോക്കിയല്ല പരിഗണിക്കേണ്ടത്. വിദേശി എന്ന നിലയിൽ വേണം പരിഗണിക്കാൻ. അതിൽ പലരും വർഷങ്ങളോളമായി നമ്മുടെ നാട്ടിൽ ജീവിക്കുന്നു.

പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. രാജ്യത്തെ എല്ലാവര്ക്കും തുല്യ നീതിയും അവസരവും എന്ന് ഊന്നിപ്പറയുന്ന ഭരണഘടനയെ തന്നെ അവർ അതിനു ഉപയോഗിച്ചു. ആധുനിക യുഗത്തിലും അപരിഷ്കൃത നിയമങ്ങൾ ചുട്ടെടുത്തു. പ്രസ്തുത നിയമം ഒരു ജനതയുടെ നിലനിൽപ്പ്‌ തന്നെ ചോദ്യം ചെയ്തു. അപ്പോൾ സ്വാഭാവികമായും അവർ സമര രംഗത്തേക്ക് വന്നു. അവരോടൊപ്പം നാട്ടിലെ ജനാധിപത്യ മതേതര കക്ഷികളും ഒത്തുചേർന്നു. ഡൽഹിയിൽ സ്ത്രീകൾ മാത്രം നടത്തിയ ഐതിഹാസിക സമരം നാം നേരിൽ കണ്ടതാണ്. നേരത്തെ പറഞ്ഞ ശബരിമല സമരത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു പൗരത്വ സമരം. ഒരാളും അക്രമിക്കപ്പെട്ടില്ല. ഒരു പൊതു/ സ്വകാര്യ മുതലും നശിപ്പിക്കപ്പെട്ടില്ല. നാട് ഭരിക്കുന്ന പാർട്ടിയും മുന്നണിയും സമരത്തിന്റെ കൂടെയായിരുന്നിട്ടും പലയിടത്തും കേസുകൾ രജിസ്റ്റർ ചെയ്തു. അത് സ്വാഭാവികം എന്ന നിലയിലാണ് സർക്കാർ പ്രതികരിച്ചത്.

തൊട്ടടുത്തുള്ള സംസ്ഥാനം ഈ കേസുകൾ പിൻവലിച്ചപ്പോൾ കേരള സർക്കാരും നിർബന്ധിത അവസ്ഥയിലേക്ക് മാറി. അങ്ങിനെ തൂക്കമൊപ്പിക്കുക എന്നതിന്റെ ഭാഗമായി രണ്ടു സമരത്തെയും സർക്കാർ ഒരേ രീതിയിൽ കണ്ടു എന്നത് അംഗീകരിക്കാൻ കഴിയില്ല. ഒന്ന് സംഘ പരിവാർ ബോധപൂർവം നാട്ടിൽ കലാപം വിതക്കാൻ വേണ്ടി രൂപ കൽപ്പന ചെയ്തത്. സർക്കാരിന്റെയും പോലീസിന്റെയും ജാഗ്രതയെക്കാൾ പ്രബുദ്ധരായ കേരള ജനത കാണിച്ച ജാഗ്രതയാണ് അവരുടെ കുതന്ത്രങ്ങൾ കേരള മണ്ണിൽ മുളക്കാരിതിക്കാൻ കാരണം. അതെ സമയം പൌരത്വ സമരം ഒരു ജനതയുടെ നിലനിൽപ്പിന്റെ വിഷയമായിരുന്നു. അതൊരിക്കലും നിയമത്തിന്റെ പരിധി ലംഘിച്ചില്ല. രണ്ടു കേസിനെയും ഒരേ രീതിയിൽ കൈകാര്യം ചെയ്യുക എന്നത് നീതിബോധത്തെ കൊഞ്ഞനം കാണിക്കലാണ്. ഒരു വിഭാഗം മതത്തെയും വിശ്വാസത്തെയും അവരുടെ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തി. മറ്റൊരു വിഭാഗം പ്രതികരണം എന്ന രാഷ്ട്രീയത്തെ സ്വയം രക്ഷക്ക് വേണ്ടി ഉപയോഗപ്പെടുത്തി. കാര്യത്തിന്റെയും കാരണതിന്റെയും മെരിറ്റ് പരിശോധിക്കുക എന്നതിനപ്പുറം ഒരു വെടിക്ക് രണ്ടു പക്ഷിയെ പിടിക്കുക എന്നതാണ് ഈ വിഷയത്തിൽ സർക്കാർ നിലപാട്. ഫറോവയേയും മൂസയെയും ചേർത്ത് പറയുന്നത് അത് കൊണ്ട് തന്നെയാണ് നാം എതിർക്കുന്നതും.

Related Articles