Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറിലെ പട്ടാള അട്ടിമറിയും സൂചിയും

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്മറാണ് ഇപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നൂറിലധികം വ്യത്യസ്ഥ വംശീയ ഗ്രൂപ്പുകള്‍ അധിവസിക്കുന്നു എന്നതാണ് മ്യാന്മറിനെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. വിവിധ തരത്തിലുള്ള മാനുഷിക, രാഷ്ട്രീയ പ്രതിസന്ധി അനുഭവിക്കുന്ന മ്യാന്മര്‍ മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ലാവോസ്, തായ്‌ലാന്റ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്മറിലെ ഭൂരിപക്ഷ ജനവിഭാഗം ബുദ്ധ മതസമൂഹമാണ്. 87.9 ശതമാനം വരുമിത്.

ആന്തമാന്‍ കടലിനും ബംഗാള്‍ ഉള്‍ക്കടലിനോടും ചേര്‍ന്ന് കിടക്കുന്ന രാഷ്ട്രമാണിത്. രാജ്യത്തെ ന്യൂനപക്ഷ മതസമൂഹമായ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ ബുദ്ധ തീവ്രവംശീയവാദികളും സൈന്യവും സംയുക്തമായി നടത്തിയ കൂട്ടക്കുരുതിയും കലാപവുമാണ് നേരത്തെ മ്യാന്മറിനെ വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചിരുന്നത്. മാത്രമല്ല, മ്യാന്മര്‍ ദേശീയ നേതാവായി വാഴ്ത്തപ്പെടുന്ന ലോകം അംഗീകരിച്ച സമാധാന നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ആങ്‌സാന്‍ സൂചിയുടെ സമീപകാല നയനിലപാടുകളും ചര്‍ച്ചയായിരുന്നു. ബുദ്ധ സന്യാസിമാരും മ്യാന്മര്‍ സൈന്യവും റോഹിങ്ക്യകള്‍ക്കെതിരെ കൂട്ടക്കുരുതി തുടരുമ്പോള്‍ മൗനാനുവാദം നല്‍കിയും അതിനെ ന്യായീകരിച്ചും രംഗത്തുവന്ന നേതാവാണ് സൂകി. ലോക ചരിത്രത്തില്‍ മനുഷ്യാവകാശത്തിനും സമാധാനത്തിന്റെയും വക്താവായി നിലകൊണ്ടയാളായിരുന്നു നേരത്തെ സൂകി എന്നതാണ് ഇവിടെ ശ്രദ്ധേയം. സൂകിക്കെതിരെ അന്ന് മുതല്‍ തന്നെ വ്യാപകമായ വിമര്‍ശനങ്ങളും ചോദ്യം ചെയ്യപ്പെടലും ഉണ്ടായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം മ്യാന്മറില്‍ പട്ടാളം അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നത്. 1962 മുതല്‍ 50 വര്‍ഷത്തോളം പട്ടാളമായിരുന്നു മ്യാന്മറില്‍ ഭരണം നടത്തിയിരുന്നത്. പിന്നീട് ജനാധിപത്യ വ്യവസ്ഥയിലേക്ക് രാജ്യം പതിയെ കടന്നുവരികയായിരുന്നു. 2015ല്‍ ആങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലാണ് ആദ്യമായി ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. തുടര്‍ന്ന് നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ നവംബറില്‍ നടന്നത്. നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ മ്യാന്മറില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഫെബ്രുവരിയില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കുകയായിരുന്നു.

പട്ടാളത്തിന്റെ പിന്തുണയുള്ള പാര്‍ട്ടികള്‍ വലിയ തോല്‍വിയാണ് നേരിട്ടിരുന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പട്ടാളം രംഗത്തെത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിയതോടെയാണ് അട്ടിമറിയുണ്ടായത്. രാജ്യത്തിന്റെ അധികാരം സായുധ സൈനിക മേധാവിയായ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങിന് കൈമാറിയതായി സ്‌റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ അധികാരം സായുധ സേന മേധാവിക്ക് കൈമാറണമെന്ന ഭരണഘടന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് അധികാരം പിടിച്ചെടുത്തത്. ആങ്‌സാന്‍ സൂകിയെ കൂടാതെ മ്യാന്മര്‍ പ്രസിഡന്റ് യുവിന്‍ മിന്റിനെയും അവരുടെ എന്‍.എല്‍.ഡി പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളെയും സൈന്യം തടങ്കലിലാക്കിയിട്ടുണ്ട്. പിന്നാലെ ഒരു വര്‍ഷത്തേക്ക് രാജ്യവ്യാപകമായി സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ നയ്പിഡോയില്‍ ഇന്റര്‍നെറ്റും ടെലിവിഷനും ഫോണും റദ്ദാക്കി. നഗരങ്ങളെല്ലാം സൈന്യം കൈയടക്കി റോന്തുചുറ്റുകയാണ്.

2017ലാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ റാഖൈനില്‍ സൈന്യവും ബുദ്ധ തീവ്രവാദി സംഘടനയും ചേര്‍ന്ന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ കൂട്ടക്കലാപവും വംശീയ അതിക്രമങ്ങളും നടത്തിയത്. നിരവധി റോഹിങ്ക്യന്‍ വംശജരെ കുടിലുകളോടു കൂടെ കത്തിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, കൂട്ടിയിട്ട് കത്തിച്ചു തുടങ്ങിയ ക്രൂരമായ അതിക്രമണങ്ങളാണ് നടന്നിരുന്നത്. ഇതേതുടര്‍ന്ന് ഏഴ് ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ജീവന്‍ ഭയന്ന് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. കൂടുതല്‍ പേരും ബംഗ്ലാദേശിലേക്കായിരുന്നു പലായനം ചെയ്തത്. അവിടെയും അവര്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെയും പുറത്തുവന്നിരുന്നു. ഈ നടപടിക്കെല്ലാം നേതൃത്വം നല്‍കിയത് സൈനിക തലവനായ ഹ്ലെയ്ങ്ങായിരുന്നു. ദേശീയ നേതാവ് സൂകിയുടെ മൗന സമ്മതയും ഈ നടപടിക്കെല്ലാമുണ്ടായിരുന്നു.
2019ല്‍ ഹ്ലെയിങിനെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഫേസ്ബുക്ക് ട്വിറ്ററും അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.

തടങ്കലിലാക്കപ്പെട്ട സൂകിയെയും പ്രസിഡന്റിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധവും ശക്തമാണ്. ഐക്യരാഷ്ട്ര സഭയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അമേരിക്കയും ബ്രിട്ടനുമടക്കം നിരവധി ലോകരാജ്യങ്ങളും മ്യാന്മര്‍ സൈന്യത്തിന്റെ അട്ടിമറി നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമേര്‍പ്പെടുത്തുമെന്നും അമേരിക്ക സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ, 15 വര്‍ഷം വീട്ടുതടങ്കലിലായിരുന്ന സൂചി വീട്ടിലിരുന്ന്‌കൊണ്ട് ജനാധിപത്യത്തിനായി വാദിക്കുകയും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് അവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചത്. ഇപ്പോള്‍ സമാനമായ അവസ്ഥയിലേക്കാണ് വീണ്ടും മ്യാന്മര്‍ എത്തിപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നടപടികളാകും വരും ദിനങ്ങളില്‍ ഇനി മ്യാന്മറില്‍ നിന്നും നമുക്ക് കേള്‍ക്കാനാകുക.

 

Related Articles