Current Date

Search
Close this search box.
Search
Close this search box.

ഇത് ഇന്ത്യയാണ്; ഏതൊരു പൗരനും പ്രതിഷേധിക്കാം

എതിര്‍പ്പ് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ ആര്‍ക്കും അവകാശമില്ലേ? സമാധാനപരമായി പ്രതിഷേധിക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ നിയമം പറയുന്നത്. പ്രതിഷേധം അക്രമാസക്തമാവുകയാണെങ്കില്‍, ക്രമസമാധാന പാലകര്‍ക്ക് തടയാനും പ്രതിരോധിക്കാനും ആളിക്കത്തിക്കാതിരിക്കാനും കേസെടുക്കാനും അവകാശമുണ്ട്; പ്രതിഷേധിച്ചവരുടെ വീട് തകര്‍ക്കാന്‍ യാതൊരു അവകാശവുമില്ല. അനധികൃതമാണ് നിര്‍മാണമെങ്കില്‍ അതിനും ചട്ടങ്ങളും നടപടി ക്രമങ്ങളുമുണ്ട്. എന്നാല്‍, പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നത് ഇന്ത്യയില്‍ നിയമമായി മാറിയോയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. ഏറ്റവും അവസാനമായി, പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരോട് ഭരണകൂടം കാണിച്ച ക്രൂരതകള്‍ അതിന്റെ ഉദാഹരണങ്ങളാണ്. പ്രയാഗ്‌രാജില്‍ (അലഹാബാദിന് യോഗി സര്‍ക്കാര്‍ നല്‍കിയ പുതിയ പേര്) പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിനെയും കുടുംബത്തെയും പിടിച്ചുകൊണ്ടുപോകുകയും, പിന്നാലെ അവരുടെ വീട് തകര്‍ക്കുകയും ചെയ്തത് മാറുന്ന ഇന്ത്യയിലെ അസാധാരണമല്ലാത്ത കാഴ്ചകളാണ്.

2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ആ പ്രതിഷേധങ്ങള്‍ തകര്‍ക്കാനുള്ള നിരവധിയായ ഭരണകൂട ഇടപെടലുകള്‍ ഇന്ത്യന്‍ ജനത കണ്ടതാണ്. കൊറോണ മഹാമാരി കൊണ്ടുവന്ന ഇടവേളക്ക് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനിരിക്കുകയാണ്. ഇനിയും ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങളെ വീട് തകര്‍ത്ത് നേരിടുമെന്ന സന്ദേശമാണ് ഹിന്ദുത്വ ഭരണകൂടം നല്‍കാന്‍ ശ്രമിക്കുന്നത്. ആരും പ്രതിഷേധിക്കാന്‍ വരരുതെന്ന ഫാസിസ്റ്റ് തീരുമാനങ്ങളാണത്. ‘ഇത് പക്ഷേ എന്റെ മാത്രം കഥയല്ല, ഇന്ത്യയിലെ ഏതൊരു മുസ്‌ലിം കുടുംബത്തിന്റെയും അവസ്ഥയാണ്. എതിര്‍ശബ്ദം പ്രകടിപ്പിക്കുന്നവരുടെ വീടുകയറി പ്രിയപ്പെട്ടവരെ പൊലീസ് പിടിച്ചുകൊണ്ടുപോയേക്കാവുന്ന അവസ്ഥ’ -ജെ.എന്‍.യു വിദ്യാര്‍ഥി നേതാവും മുഹമ്മദ് ജാവേദിന്റെ മകളുമായ അഫ്രീന്‍ ഫാത്തിമ പറയുന്നു.

മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മക്കും നവീന്‍ കുമാര്‍ ജിന്‍ഡാലിനുമെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് ബി.ജെ.പി നടപടി സ്വീകരിച്ചത്. നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ഈ രണ്ട് ബി.ജി.പി നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഇറാന്‍ തുടങ്ങിയ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് രംഗത്തുവന്നത്. ഇത് ഇന്ത്യയുടെ കാഴ്ചപ്പാടെല്ലെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയിറിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ക്ക് ‘നയതന്ത്രം’ കാണിക്കേണ്ടി വന്നു. എന്നാല്‍, മുഹമ്മദ് നബിയെ നിന്ദിച്ചതിന്റെ പേരില്‍ നൂപുര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം വെമ്പല്‍കൊള്ളുകയായിരുന്നു. ആരും ചോദിക്കാന്‍ വരില്ലെന്ന അധികൃതരുടെ ധാര്‍ഷ്ട്യമാണത്.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഞയറാഴ്ച നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥന്‍ സുരേന്ദ്ര കുമാര്‍ ഝാ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം നടന്ന പ്രതിഷേധത്തില്‍ 230 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാളില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച 170 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയില്‍ ജൂണ്‍ 16 വരെ ആളുകള്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമല്ലാതിരുന്ന അബ്‌സര്‍ എന്ന യുവാവിനെ ആറ് തവണയാണ് പൊലീസ് വെടിവെച്ചത്. അതുപോലെ, തബാറക് എന്ന് യുവാവിനെയും പ്രതിഷേധത്തിന്റെ ഭാഗമല്ലാതിരിന്നിട്ടും പൊലീസ് വെടിവെച്ചു. ഇന്ത്യയില്‍ വംശഹത്യ നടക്കാന്‍ പോകുന്നുവെന്ന് ജെനസൈഡ് വാച്ചിന്റെ സ്ഥാപകനായ ഗ്രിഗറി എച്ച് സ്റ്റാന്റന്‍ നല്‍കിയ മുന്നറിയിപ്പ് യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞുപിടിച്ച് ഒരു മതത്തെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ വീടുകള്‍ മാത്രം തകര്‍ക്കപ്പെടുന്നു. അവരുടെ മതം ചിഹ്നങ്ങള്‍ ചോദ്യചിഹ്നമാകുന്നു. അധികം കാത്തിരിക്കേണ്ടതില്ലാത്ത വംശഹത്യയെ കുറിച്ചായിരുന്നു ഗ്രിഗറി എച്ച് സ്റ്റാന്റന്‍ മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ച (12.06.2022), ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യു.എസ് പ്രതിനിധി സംഘവുമായി റാമല്ലയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രായേല്‍ അധിനിവേശകര്‍ ചെയ്തുകൊണ്ടിരിക്കുന്ന തോന്നിവാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് കൂടിക്കാഴ്ചക്കിടെ മഹ്‌മൂദ് അബ്ബാസ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴസ് അസിസ്റ്റന്റ് സെക്രട്ടറി ബാര്‍ബറ ലീഫിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘത്തോട് വ്യക്തമാക്കിയതായി അല്‍ജസീറയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ത്വീറ നഗരത്തിലെ ഫലസ്തീന്‍ കുടുംബങ്ങളുടെ വീടുകള്‍ ഇസ്രായേല്‍ അധിനിവേശകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഹ്‌മൂദ് അബ്ബാസിന്റെ കടുത്ത ഭാഷയിലുള്ള പ്രതികരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്റെ വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കപ്പെടുന്നത്. ഒരു ദിവസം നടന്ന ഒരേ സംഹാരതാണ്ഡവം ഒരേ ആശയലോകത്തിന്റെ സ്വാഭാവികതയാകുന്നത് ഇവിടെയാണ്.

Related Articles