Current Date

Search
Close this search box.
Search
Close this search box.

ലിബിയ സമാധാനത്തിലേക്കോ ?

പശ്ചിമേഷ്യയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് സമാനമായ വടക്കന്‍ ആഫ്രിക്കയിലെ രാജ്യമാണ് ലിബിയ. 2011 മുതലാണ് ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത്. രാജ്യത്ത് വര്‍ഷങ്ങളായി ഏകാധിപത്യ ഭരണം നടത്തിയിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ അറബ് വസന്തത്തെത്തുടര്‍ന്ന് വീശിയടിച്ച ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ രണ്ട് വിഭാഗങ്ങള്‍ നടത്തുന്ന ശ്രമങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ട്രിപ്പോളി ആസ്ഥാനമായുള്ള Government of National Accord (GNA)ഉം മുന്‍ സൈനിക കമാന്‍ഡറും കിഴക്കന്‍ ലിബിയ ആസ്ഥാനമായി സര്‍ക്കാര്‍ രൂപീകരിച്ച ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുളള ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍.എന്‍.എ)യും തമ്മിലാണ് രാജ്യത്തെ പ്രധാന പോരാട്ടം. ജി.എന്‍.എയുടെ തലവനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ഫായിസ് അല്‍ സറാജ് ആണ് ജി.എന്‍.എക്ക് നേതൃത്വം നല്‍കുന്നത്. ഇരു വിഭാഗങ്ങള്‍ക്കും പിന്തുണയുമായി വിവിധ രാഷ്ട്രങ്ങളും ചേരിതിരിഞ്ഞ് പക്ഷം കൂടിയതോടെയാണ് ലിബിയ വെടിയൊച്ചകളാല്‍ മുഖരിതമായത്. തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്ത് ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ഖലീഫ ഹഫ്തറിന്റെ ലക്ഷ്യം. ഇതിന് തടയിടാന്‍ സര്‍വസന്നാഹങ്ങളുമായി സറാജിന്റെ സൈന്യവും നിലയുറപ്പിച്ചു. തുടര്‍ന്നങ്ങോട്ട് രാജ്യം കണ്ട എക്കാലത്തെയും വലില ആഭ്യന്തര യുദ്ധമായിരുന്നു അരങ്ങേറിയത്.

Also read: പൗരത്വ സങ്കൽപ്പത്തിൻറെ ചരിത്രവും വികാസവും

ജി.എന്‍.എക്കാണ് യു.എന്നും തുര്‍ക്കിയും പിന്തുണ നല്‍കുന്നത്. എന്നാല്‍, റഷ്യ, ഈജിപ്ത്, യു.എ.ഇ എന്നിവരുടെ പിന്തുണ ലിബിയന്‍ നാഷണല്‍ ആര്‍മിക്കായിരുന്നു. ഇരു വിഭാഗങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ നല്‍കി ഈ രാജ്യങ്ങളെല്ലാം യുദ്ധത്തിന് കോപ്പുകൂട്ടി. ലിബിയയെ എന്നെന്നേക്കുമായി അരാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയായിരുന്നു ഇക്കൂട്ടരെല്ലാം ചെയ്തത്.

ഇതിനിടെ യു.എന്നിന്റെയും അമേരിക്കയുടെയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും പൂര്‍ണാര്‍ത്ഥത്തില്‍ വിജയത്തിലെത്തിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെങ്കിലും അത് പാലിക്കുന്നതില്‍ ഇരു വിഭാഗവും പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിഷയത്തില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി യു.എന്‍ വക്താവ് ആണ് വെള്ളിയാഴ്ച അറിയിച്ചത്. ജനീവയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ലിബിയന്‍ യുദ്ധമുന്നണിയിലുള്ള പാര്‍ട്ടികള്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയതെന്നാണ് ലിബിയന്‍ ദൗത്യത്തിനായുള്ള യു.എന്‍ വക്താവ് സ്റ്റെഫാനി വില്യംസ് അറിയിച്ചത്. ഇത് ലിബിയയില്‍ സമാധാനത്തിലേക്കും സ്ഥിരതയിലേക്കുമുള്ള ഒരു സുപ്രധാന വഴിത്തിരിവാണെന്നായിരുന്നു യു.എന്നിന്റെ പ്രതികരണം. ലിബിയയില്‍ മുഴുവന്‍ ഭാഗങ്ങളും സമാധാനത്തിലേക്ക് തിരിച്ചു വരണമെന്നും ഇരുവിഭാഗം സായുധ സംഘവും ആയുധം താഴെ വെക്കണമെന്നും കരാറില്‍ പറയുന്നു. കരാര്‍ പ്രകാരം യുദ്ധ രംഗത്തുള്ള വിദേശ സൈനിക പോരാളികള്‍ മൂന്ന് മാസത്തിനുള്ളില്‍ ലിബിയ വിട്ടു പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലിബിയന്‍ ജനതയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്തെ മുഴുവന്‍ സംഘര്‍ഷവും അവസാനിച്ച് സമാധാനം പുലരട്ടെ എന്നു പ്രതീക്ഷിക്കുന്നവരാണ് അതില്‍ ഒരു കൂട്ടര്‍. എന്നാല്‍, പഴയതു പോലെ ഇരു വിഭാഗവും ഉടന്‍ തന്നെ കരാര്‍ ലംഘിക്കാന്‍ സാധ്യതയുണ്ടന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. എന്നിരുന്നാലും രാഷ്ട്രീയ പ്രതിസന്ധി മാറി, പുതിയ ഭരണനേതൃത്വത്തിലൂടെ ബോംബിങ്ങും വെടിയൊച്ചകളുമില്ലാത്ത പുതിയ ലിബിയയുടെ പുലരി വിടരുമെന്ന് തന്നെ നമുക്കും പ്രത്യാശിക്കാം.

Related Articles