Current Date

Search
Close this search box.
Search
Close this search box.

അറബി ഭാഷയുടെ സവിശേഷതയും വൈപുല്ല്യവും.!

ഡിസംബർ 18, ലോകമിന്ന് അറബി ഭാഷാ ദിനമായി ആചരിക്കുന്നു. ഐകടരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് 2010 ഡിസംബർ 18 നായിരുന്നു. അന്ന് മുതൽ ഡിസംബർ 18 ന് അറബി ഭാഷാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു. ഇന്ന് 28 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 128 കോടി ജനങ്ങളുടെ മതഭാഷയുമാണത്. കാവ്യഭംഗി കൊണ്ടും സാഹിത്യ സൗകുമാര്യത കൊണ്ടും അനിതര സാധരണമായ ഭാഷയാണ് അറബി. പദസമ്പത്തും അക്ഷരങ്ങളുടെ ലാവണ്യവും ആ ഭാഷയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഒരക്ഷരം കൂടുമ്പോഴുള്ള അർത്ഥവ്യത്യാസവും, പദങ്ങളുടെ ആഴവും പരപ്പും മറ്റു ഭാഷകളിൽ നിന്ന് അറബിയെ വേറിട്ടു നിർത്തുന്നു. സാഹിത്യ സാങ്കേതിക വൈജ്ഞാനിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും ലോക ജനസഖ്യയിൽ നാലിലൊന്ന് പേർ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ 6 ഭാഷകളിലൊന്നുമാണ്. എല്ലാത്തിലും ഉപരി സത്യവിശ്വാസികൾ അറബിയെ സ്നേഹിക്കുന്നത് റസൂൽ (സ) യുടെ മാതൃഭാഷയും, വിശുദ്ധ ഖുർആനിന്റെ ഭാഷയും ആയതു കൊണ്ടുതന്നെയാണ്. പ്രവാചകൻ (സ)യുടെ കാലഘട്ടത്ത് അറബികൾ ഒരു തരം മസൃണമായ വൈകാരിക ബന്ധമാണ് ഭാഷയോട് അവർ കാണിച്ചിരുന്നത്. ഒരു ഗോത്രത്തിൽ കവിയുണ്ടാവുക എന്നത് അറബികൾക്ക് അടിസ്ഥാന ചോദകമായിരുന്നു.

 

ചരിത്രം  പരിശോദിക്കുമ്പോൾ, ലോകത്ത് വിപ്ലവം സൃഷ്ടിച്ച രണ്ട് ഭാഷാ ശാഖകളിൽ ഒന്നായ സെമറ്റിക് ഭാഷയിൽ നിന്നുമാണ് അറബിയുടെ ഉൽഭവം. സെമറ്റിക് കുടുംബത്തിൽ നിന്നും തന്നെ ഉടലെടുത്ത ഹീബ്രു, സുറിയാനി ഭാഷകൾ അറബിയേക്കാൾ മാഹാത്മ്യം ഉണ്ടെന്ന് പറഞ്ഞ് കേൾക്കുന്നു. പക്ഷെ ഇവയിൽ നിന്നുമൊക്കെ ഇത്രയും കാലം കഴിഞ്ഞിട്ടും ഇപ്പോഴും ജീവനോടെ, സാഹിത്യ ലോകത്ത് അതി സുന്ദരമായി നിലനിൽക്കുകയാണ് അറബി. അതിന്റെ തനിമയാർന്ന സാഹിത്യവശ്യതക്ക് 1500 കൊല്ലത്തിലധികം പഴക്കം കാണാം. മാത്രവുമല്ല, ഇന്ന് മുസ്ലിം രാജ്യങ്ങളിൽ മാത്രമല്ല മറ്റ് നിരവധി രാഷ്ട്രങ്ങളിൽ ഈ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ലോകത്ത് റോമൻ ലിപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് അറബി ലിപിയായിരുന്നു. ഒരു ഭാഷയെ നാം സർവസജീവമെന്ന് പറയണമെങ്കിൽ അത് നിലകൊള്ളുന്ന കാലഘട്ടത്തിലെ ഏതെങ്കിലുമൊരു ജന വിഭാഗത്തിന്റെ മാനസികവും ചിന്താപരവുമായ ആവിശ്യങ്ങൾ നിർവ്വഹിക്കാൻ അതിന് സാധിക്കണം. അറബിയുടെ പ്രസക്തിയും അനന്ത സാധ്യതകളും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല, കൊളംബസും വാസ്ഗോഡ ഗാമയുമെല്ലാം തങ്ങളുടെ സഞ്ചാരത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിന് അറബികളുടെ സഹായം തേടിയതായി ചരിത്രത്തിൽ കാണാം. അറബികളുടെ വാണിജ്യവൽകരണത്തിലും കച്ചവടത്തിലുമെല്ലാം കേരളത്തിലും പുറത്തും അറബിയുടെ പങ്ക് വളരെ വലുതായിരുന്നു.

 

14-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്ത, രിഹ് ല എന്ന കൃതിയിൽ കേരളത്തിലെ അറബിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. ഭാഷയുടെ പ്രചാരണത്തിന് കോഴിക്കോട്ടെ ഖാളിമാരുടെയും മഖ്ദൂമുമാരുടെയും സാന്നിധ്യം ഇവിടെ സമരണീയമാണ്. മാത്രവുമല്ല, കോഴിക്കോട്ടെ പ്രമുഖ പണ്ഡിതനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാനുമായ ഖാളി മുഹമ്മദ് (റ)വിന്റെ “അൽ ഫത്ഹുൽ മുബീൻ” എന്ന അധിനിവേശത്തിന്റെ കിരാതചിത്രങ്ങൾ അനാവരണം ചെയ്യുന്ന ഗ്രന്ഥം അറബിയുടെ ഭാഷാ സൗന്ദര്യവും വിഷയ ഗാംഭീര്യവും വിളിച്ചോതുന്നു. മൊത്തത്തിൽ സാഹിത്യത്തിന്റെയും ദർശനങ്ങളുടെയും ശാസ്ത്രത്തിന്റെയും ഭാഷയായി മാറാൻ അറബിക്ക് സാധിച്ചത് വിശുദ്ധ ഖുർആനിന്റെ ഭാഷ ആയതു കൊണ്ടാണ്. നമുക്കറിയാം ഖലീഫ ഹാറൂൺ റശീദിന്റെ കാലഘട്ടത്ത് 20 അറബി ഭാഷാ പണ്ഡിതന്മാരെ ബൈതുൽ ഹിക്മയിൽ ഏർപെടുത്തി രാമായണവും ഭഗവത് ഗീതയുമെല്ലാം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്രദ്ധേയമായ സംഭവമാണ്. ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വർഗ, വർണവ്യത്യാസമില്ലാതെ അറബിപഠനം ജീവിതമാർഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഖലീൽ ജി.ബ്രാൻ, ജോർജ് സൈദാൻ തുടങ്ങിയ വിശ്വ സാഹിത്യകാരന്മാർ പലരും അറബിയിൽ ഗ്രന്ഥരചന നടത്തിയിട്ടുള്ളവരാണ്. ഈജിപ്ത്, ലപനാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടുമിക്ക എഴുത്തുകാരും കവികളും തങ്ങളുടെ രചകൾ പുറം ലോകത്ത് എത്തിച്ചത് അറബി ഭാഷയിലൂടെയാണ്. മാത്രമല്ല, ദൈവശാസ്ത്രത്തിൽ അഗ്രഗണ്യനായ ഇബ്നു സീന, അരിസ്റ്റോട്ടിൽ കൃതികളുടെ ഏറ്റവും വലിയ വ്യാഖ്യാതാവായ ഇബ്നു റുശ്ദ്, സാമൂഹ്യ ശാസ്ത്രത്തിൽ ഗ്രന്ഥരചന നടത്തിയ ഇബ്നു ഖൽദൂൻ, സഞ്ചാരി അൽബിറൂണി, അറബികളുടെ സ്വകാര്യ അഹങ്കാരം എന്ന് വിളിക്കപ്പെടുന്ന ഇമാം റാസി തുടങ്ങിയ പ്രഗൽഭർ രചിച്ച രചനകൾ മാനവ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് തന്നെ മുഖ്യ പങ്ക് വഹിക്കാൻ സഹായകമായി. 750 – 850 കാലഘട്ടത്തിൽ കണക്കില്ലാത്ത അത്രയും കുതികളാണ് അറബിയിൽ വിവർത്തനം ചെയ്യപെട്ടത്. എല്ലാത്തിലും ഉപരി വിശുദ്ധ ഖുർആനിന്റെ അവതരണത്തോടെയാണ് അറബി ഭാഷക്ക് മറ്റൊരു ചിത്രവും വികാസവും ഉണ്ടാവുന്നത്. ഇന്ന് ലോക ഭാഷയായ ഇഗ്ലീഷിനേക്കാൾ ദശലക്ഷക്കണക്കിന് പദങ്ങളാണ് അറബിയിലുള്ളത്. അതുകൊണ്ട് തന്നെ ലോകമെമ്പാടും അറബിയുടെ സുഗന്ധം പരക്കേണ്ടതുണ്ട്.

Related Articles