Current Date

Search
Close this search box.
Search
Close this search box.

ലോക്ക്ഡൗണിനിടെ വിരുന്നെത്തുന്ന ഈദ്

വിശ്വാസി സമൂഹത്തിന് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളും പരിസ്ഥിതിയും എന്നും പരീക്ഷണങ്ങള്‍ നിറഞ്ഞത് തന്നെയായിരുന്നു. ഓരോ തവണയും വ്യത്യസ്ത രൂപത്തിലുള്ള പ്രതിസന്ധികളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് അവര്‍ കടന്നുപോകാറുള്ളത്. എന്നാല്‍ പതിവിനു വിപരീതമായി ലോകമൊന്നടങ്കമുള്ള വിശ്വാസികളെല്ലാം ഒരുപോലെ പ്രതിസന്ധിയെ നേരിടുന്നതിനിടെയാണ് ഇത്തവണത്തെ റമദാനും പെരുന്നാളും കടന്നുവന്നത്.

രണ്ടു മാസത്തിലധികമായി മിക്ക രാജ്യങ്ങളിലും പള്ളികളടക്കം പൊതുഇടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ വാക്‌സിനോ പ്രതിരോധ മരുന്നോ കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞുവൈറസിനു മുന്നില്‍ ലോകത്തെ വന്‍രാഷ്ട്രങ്ങളടക്കം മുട്ടുകുത്തിയിരിക്കുകയാണ്. മനുഷ്യരെ ഒരുപാട് ചിന്തിപ്പിക്കാനും പുനര്‍വിചിന്തനം നടത്താനും കോവിഡ് 19 എന്ന മഹാമാരിക്കു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. വിശ്വാസികളെ സംബന്ധിച്ച് തന്റെ മുന്നിലുള്ള ഓരോ തടസ്സങ്ങളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റി അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്. അങ്ങിനെ ചെയ്യുമ്പോള്‍ മാത്രമേ ഇരുലോകത്തും അവര്‍ക്ക് ജീവിതവിജയം സാധ്യമാകൂ. ഈ ഒരു വൈറസിനു മുന്നില്‍ അമാന്തിച്ചു നിന്ന് കൈകള്‍ മലര്‍ത്തിയാല്‍ തീരുന്നതല്ല ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിയുടെ ഉത്തരവാദിത്വബോധവും കടമയും. അതിനെ വീറോടെ സധൈര്യം വകഞ്ഞുമാറ്റി മുന്നോട്ടു പോകുകയും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയുമാണ് നാം ചെയ്യേണ്ടത്.

ലോകത്തുടനീളമുള്ള മസ്ജിദുകളെല്ലാം കഴിഞ്ഞ രണ്ടുമാസത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നുവല്ലോ. ജുമുഅ-ജമാഅത്തുകളും തറാവീഹ് നമസ്‌കാരങ്ങളുമടക്കം നാമെല്ലാവരും വീടുകളില്‍ വെച്ചാണ് നിര്‍വഹിച്ചിരുന്നത്. സമാനമായ അവസ്ഥയാണ് ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന്റെ വേളയിലും നാം സ്വീകരിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ വിവിധ മതസംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും സമുദായ നേതാക്കള്‍ അത് അംഗീകരിച്ച് അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. കേവലം സുന്നത്തായ പെരുന്നാള്‍ നമസ്‌കാരം എങ്ങിനെ വീടുകളില്‍ വെച്ച് കുടുംബത്തോടൊന്നിച്ച നമസ്‌കരിക്കാം എന്നതിനെ സംബന്ധിച്ച് വിവിധ പണ്ഡിതന്മാര്‍ ഇതിനോടകം നിര്‍ദേശങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അതിനനുസൃതമായി മുന്നോട്ടു പോകുക എന്നത് വിശ്വാസി സമൂഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു സമൂഹത്തിന്റെ സുരക്ഷക്കായി തങ്ങളുടെ പ്രിയപ്പെട്ട ആഘോഷപരിപാടികളും പെരുന്നാള്‍ സന്തോഷവും മാറ്റിവെക്കാന്‍ അവര്‍ തയാറാണ്. എന്നാല്‍ ഇതിന്റെയര്‍ത്ഥം ഈദ് ദിനത്തില്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കണം എന്നല്ല, സര്‍ക്കാര്‍ തന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചും ഇളവുകള്‍ ഉപയോഗപ്പെടുത്തിയും കുടുംബ സന്ദര്‍ശനം ദൃഢമാക്കാനും കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നാം മറന്നുകൂട.

Also read: സകാതുൽ ഫിത്വർ എപ്പോൾ, എങ്ങനെ?

ലോകത്തും നമ്മുടെ രാജ്യത്തും കോവിഡ് മൂലം പ്രയാസപ്പെടുന്ന സഹോദരി സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരെ സഹായിക്കാനും നാം ഈ അവസരത്തെ നാം മാറ്റണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ തുടങ്ങിയ കൂട്ടപ്പലായനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട് കുട്ടികളെയും വൃദ്ധരായ മാതാപിതാക്കളെയും തോളിലേറ്റി നഗ്നപാദരായാണ് നൂറുകണക്കിന് കിലോമീറ്ററുകള്‍ അവര്‍ നടന്നു നീങ്ങുന്നത്. പലരും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്നേ മരിച്ചു വീഴുന്നു. ഇതിനോടകം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായ ഈ സംഭവം മനുഷ്യത്വം മരവിക്കുന്ന കാഴ്ചയാണ് നമുക്ക് വെച്ചുനീട്ടുന്നത്. അവര്‍ക്കുവേണ്ട സഹായങ്ങളിലേര്‍പ്പെടാനും ദുരിതമനുഭവിക്കുന്നവരും പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടല്‍ തുടരുന്ന സഹോദരി സഹോദരങ്ങള്‍ക്കു വേണ്ടിയും റമദാനിലും പെരുന്നാള്‍ ദിനത്തിലും ജയിലറകള്‍ക്കുള്ള കഴിച്ചുകൂട്ടന്നവരെയും നാം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. കോവിഡ് കാലത്ത് ദുരിതം ഇരട്ടിയായ പശ്ചിമേഷ്യയിലെ യുദ്ധ ഭൂമിയിലുള്ളവര്‍ക്കുവേണ്ടിയും സ്വന്തം നാട് വിട്ട് പലായനം തുടരുന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുമെല്ലാം നാം നാഥനിലേക്ക് കൈയുയര്‍ത്തണം. ഇതിനെല്ലാമുപരി ഈ മഹാപ്രതിസന്ധിയെ മറികടക്കാനും ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും കോവിഡിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കാനും നാം നാഥനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. തീര്‍ച്ചയായും നമ്മുടെ എല്ലാ പരിശ്രമങ്ങളും അവന്‍ വിജയിപ്പിക്കുക തന്നെ ചെയ്യും.

എല്ലാ പ്രിയ വായനക്കാര്‍ക്കും ചെറിയപെരുന്നാള്‍ സന്തോഷങ്ങള്‍……

Related Articles