11,586 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുള്ള ഖത്തര്‍ വേദിയൊരുക്കിയ ലോകകപ്പ് കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ രാജ്യത്തേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. മത്സരങ്ങള്‍ ആരംഭിച്ച് പന്ത്രണ്ട് ദിനങ്ങള്‍ പിന്നിടുകയുമാണ്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആരാധകരുടെ രാജ്യത്തേക്കുള്ള ഒഴുക്ക്, അറബികളെയും മുസ്‌ലിംകളെയും സംബന്ധിച്ച വിചാരം പുനര്‍നിര്‍മിക്കാന്‍ പര്യാപ്തമാണെന്ന അവകാശവാദം പൂര്‍ണമായും ശരിയല്ല. എങ്കിലും, മുസ്‌ലിംകളെയും അവരുടെ സംസ്‌കാരത്തെയും കുറിച്ച് പാശ്ചാത്യര്‍ മാധ്യമങ്ങളിലൂടെയും കലകളിലൂടെയും പടച്ചുവിടുന്ന വലിയൊരു ശതമാനം അസത്യങ്ങള്‍ തുറന്നുകാണിക്കാന്‍ സാധിച്ചേക്കും. കളിയുടെ ആവേശത്തിനൊപ്പം ഇതിനുകൂടി വേദിയൊരുക്കുകയാണ് ലോകകപ്പ് മത്സരത്തിലൂടെ ഖത്തറെന്ന മിഡില്‍ ഈസ്റ്റിലെ കൊച്ചു രാജ്യം. 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം അറബികളെയും മുസ്‌ലിംകളെയും കുറിച്ച് വേരുറച്ച ധാരണ 28 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളിലൂടെ, പുതിയ പൗരസ്ത്യ-പാശ്ചാത്യ ആശയവിനിമയത്തിനും സമ്പര്‍ക്കത്തിനും നാന്ദികുറിക്കുമെന്നത് കളി കാണാനെത്തിയ ആരാധകരുടെ വിവിധങ്ങളായ പ്രതികരണത്തിലൂടെ, ഇസ്‌ലാം സ്വീകണത്തിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആധുനികതയോടും പുരോഗമനത്തോടും എപ്പോഴും മുഖം തിരിഞ്ഞുനില്‍ക്കുന്നവരാണ് അറബികള്‍ അല്ലെങ്കില്‍ മുസ്‌ലിംകള്‍ എന്ന ആഖ്യാനം മേല്‍കൈ നേടിയിരിക്കുന്നു. എല്ലാത്തിനെയും എതിര്‍ക്കുന്ന പ്രാകൃതരായ കാട്ടറബികള്‍, ആസ്വാദനത്തിന്റെ സുഖത്തില്‍ അഭിരമിക്കാന്‍ മില്യണ്‍കണക്കിന് സമ്പത്ത് ചെലവഴിക്കുന്നവര്‍, മദ്യത്തിന്റെ സമുദ്രത്തില്‍ ആര്‍ത്തുല്ലസിക്കുന്നവര്‍, മൈനുകളും ബോംബുകളും സ്ഥാപിച്ച് ആളുകളെ കൊല്ലുന്ന മതഭീകരര്‍, ചാവേറാക്രമണം നടത്തുന്ന തീവ്രവാദികള്‍, സ്ത്രീകളെ അടിച്ചമര്‍ത്തുന്നവര്‍, പാരമ്പര്യങ്ങളുടെ ചങ്ങലകളില്‍ കുടുങ്ങിയിരിക്കുന്നവര്‍ എന്നിങ്ങനെ നാനാവിധങ്ങളായ വിശേഷണങ്ങള്‍ പേറുന്ന ഒരു ജനതക്ക് ലോകത്തിന് മുന്നില്‍ തങ്ങളെ ദൃശ്യവത്കരിക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്.
ശരിയാണ്, ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഖത്തരികളുടെ നൃത്തം കണ്ടു, പാട്ടുകള്‍ കേട്ടു, വിശുദ്ധ ഖുര്‍ആന്‍ പാരായണം ആസ്വദിച്ചു. ‘വലിയൊരു ഗോത്രമായാണ് നാമെല്ലാവരും ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നതെന്ന’ ഓസ്‌കാര്‍ ജേതാവായ നടന്‍ മോര്‍ഗന്‍ ഫ്രീമാന്റെ വാക്കുകള്‍ക്ക് ലോകം ചെവികൊടുത്തു. മോര്‍ഗന്‍ ഫ്രീമാനൊപ്പം നട്ടെല്ലിന് താഴെ വളര്‍ച്ച മുരടിച്ച അപൂര്‍വ രോഗവുമായി ജനിച്ച 20 വയസ്സുള്ള ഖത്തരിയുമുണ്ടായിരുന്നു. ലോക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഗാനിം അല്‍ മുഫ്താഹ് എന്ന ആ ചെറുപ്പക്കാരന്‍ പാരായണം ചെയ്ത വിശുദ്ധ ഖുര്‍ആനിലെ ‘മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരുന്നു’ എന്ന വാക്യം ലോകം മുഴുവനും ഏറ്റെടുത്തു. ആ കാഴ്ച മനോഹരമായിരുന്നു! അറബ്യന്‍-മുസ്‌ലിം സംസ്‌കാരത്തെ ആളുകള്‍ അടുത്തുനിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും, അറബ് മനുഷ്യരുടെ ജീവിത കാഴ്ചകളിലേക്ക് വെളിച്ചം പകര്‍ന്നത് അറബ് വസന്തമാണെങ്കില്‍, 2022 ലോകകപ്പ് ആ വെളിച്ചത്തിന് കൂടുതല്‍ തിളക്കം പ്രദാനം ചെയ്യുന്നതായിരിക്കും. അറബ്, മുസ്‌ലിം വാര്‍പ്പുമാതൃകകള്‍ നിര്‍മിച്ചെടുക്കുന്നവര്‍ ഇപ്പോഴും ഖത്തറിനെതിരെ വലിയ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. പാശ്ചത്യര്‍ നിര്‍മിക്കുന്ന ഭീകരവാദത്തിന്റെയും ബോംബാക്രമണത്തിന്റെയും ഭീതിയില്ലാതെ 1.2 മില്യണിലധികം ആരാധകര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നെത്തിയിട്ടുണ്ടെങ്കില്‍ അതൊരു പ്രതീക്ഷയാണ്!
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0