Current Date

Search
Close this search box.
Search
Close this search box.

നഗോര്‍ണോ-കരാബാഹ്; വെടിയൊച്ച നിലക്കുമോ ?

കഴിഞ്ഞ സെപ്റ്റംബര്‍ 27 മുതലാണ് നീണ്ട ഇടവേളക്ക് ശേഷം അസര്‍ബൈജാന്‍-അര്‍മേനിയ രാജ്യങ്ങള്‍ക്കിടയിലെ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന നഗോര്‍ണോ-കരാബാക് മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായത്. വടക്കന്‍ കോക്കാസസ് പര്‍വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗോര്‍ണോ കരാബാഹ് പ്രദേശത്തെച്ചൊല്ലി അയല്‍രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ 2016 മുതല്‍ ഏറ്റുമുട്ടലിലാണ്. ഇപ്പോള്‍ വീണ്ടും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്ത് അവര്‍ സൈനിക നിയമം പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അസര്‍ബൈജാന്‍ ഇവിടെ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ആഹ്വാനം ചെയ്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ അതിര്‍ത്തി മേഖലയില്‍ പരസ്പരം ആക്രമണം ആരംഭിക്കുകയായിരുന്നു. ഇരു വിഭാഗത്തില്‍ നിന്നുമായി മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ബോംബിങ്ങില്‍ നിരവധി കെട്ടിടങ്ങളും വീടുകളുമാണ് ഇരു ഭാഗത്തു നിന്നും തകര്‍ന്നുവീണത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി അസര്‍ബൈജാന് പരസ്യ പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ തുര്‍ക്കിയുടെ ഇടപെടലിനെ എതിര്‍ത്ത് അര്‍മേനിയയും രംഗത്തെത്തി. തുര്‍ക്കി വിഷയത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷീന്‍യാനും രംഗത്തു വന്നു.

Also read: ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍

2016നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സൈനികരാണ്. തര്‍ക്കപ്രദേശമായ നഗോര്‍ണോ-കരാബാഹ് മേഖല അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായാണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ഇവിടെ ഭൂരിപക്ഷമുള്ളത് അര്‍മേനിയന്‍ വംശീയക്കാര്‍ക്കാണ്. അതിനാല്‍ തന്നെ അസര്‍ബൈജാന്റെ നിയമങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നുമില്ല. 1994ല്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സംഘര്‍ഷത്തില്‍ 30,000 പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണിക്കിന് പേര്‍ സ്വന്തം വീടും നാടും വിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.

ഒടുവില്‍ രണ്ടാഴ്ചക്കു ശേഷം സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയിരിക്കുകയാണ്. റഷ്യയാണ് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതായി അറിയിച്ചത്. ശനിയാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നത്. മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ്‌ക്രോസ് ആണ് ചര്‍ച്ചയില്‍ മധ്യസ്ഥം വഹിച്ചതെന്നും റഷ്യ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നാണ് റഷ്യയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്.

എന്നാല്‍ കരാര്‍ പ്രഖ്യാപിച്ച് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് രംഗത്തു വന്നു എന്നതാണ് ശ്രദ്ധേയം. യുദ്ധം അവസാനിപ്പിക്കാനും യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുമാണ് ധാരണയായിരുന്നത്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്ക് പിന്നാലെ ഇരു വിഭാഗവും കരാര്‍ ലംഘിച്ചതായി പരസ്പരം ആരോപിക്കുകയായിരുന്നു. അസര്‍ബൈജാന്‍ അര്‍മേനിയയിലേക്ക് ഷെല്ലാക്രമണം നടത്തിയെന്ന ആരോപണവുമായി അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയവും അര്‍മേനിയന്‍ സൈന്യം ആക്രമണം നടത്തിയെന്ന് അസരി സൈന്യവും ആരോപിച്ചു.

Also read: ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും

ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവ് വരുന്നില്ലെന്നാണ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇതിനോടകം യു.എന്നും റഷ്യയും തുര്‍ക്കിയും യു.എസുമടക്കമുള്ള അന്താരാഷ്ട്ര രാജ്യങ്ങള്‍ ഇടപെട്ടെങ്കിലും പൂര്‍ണമായ തോതില്‍ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ല. നഗോര്‍ണോ-കരാബാഹ് മേഖലിലെ വെടിയൊച്ചകള്‍ അവസാനിപ്പിക്കാന്‍ ഇനി എന്ത് ചെയ്യാനാകുമെന്നാണ് അന്താരാഷ്ട്രസമൂഹവും ഉറ്റുനോക്കുന്നത്.

Related Articles