Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ് നിയമനം: സര്‍ക്കാരിന് വൈകി വന്ന വിവേകം

സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 2017 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിലാണ് നിയമനം പി.എസ്.സിക്ക് വിടുമെന്ന് ആദ്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമനവും ഇത്തരത്തില്‍ വിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ഉപേക്ഷിച്ചു. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ തീരുമാനം നിയമസഭയില്‍ അറിയിച്ചതിന് പിന്നാലെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും മുഴുവന്‍ മുസ്ലിം സംഘടനകളും രംഗത്തെത്തുകയാണ് ചെയ്തത്.

പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം ലീഗും നിയമസഭക്കുള്ളിലും മുസ്ലിം മത സംഘടനകള്‍ സഭക്ക് പുറത്തും പ്രതിഷേധം നടത്തി. ആദ്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്നും വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് തന്നെ വിടുമെന്നും വാശി പിടിച്ചു. ഇക്കാര്യത്തില്‍ നിയമസഭയിലെ വാക് പോരിലും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്ന് സമസ്ത ഇരു വിഭാഗം, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളും പ്രക്ഷോഭവുമായി തെരുവിലിറങ്ങി. സംഘടനകള്‍ കൂട്ടായും ഒറ്റയായും നിയമസഭ മാര്‍ച്ച്, കലക്ടറേറ്റ് മാര്‍ച്ച്, ബഹുജന സമ്മേളനം, പ്രതിഷേധ റാലി, പള്ളികളില്‍ ഉദ്‌ബോധനം എന്നിവ സംഘടിപ്പിച്ചു. വിഷയം മാധ്യമങ്ങളും കേരളീയ രാഷ്ട്രീയ മണ്ഡലത്തിലെയും പ്രധാന ചര്‍ച്ച വരെയായി.

വെറും 106 ഓഫീസ് തസ്തികകള്‍ മാത്രമുള്ള വഖഫ് ബോര്‍ഡിലെ നിയമനം മാത്രം പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാരിന് എന്താണിത്ര പിടിവാശിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചേദ്യം. കോളേജ് അധ്യാപകരും ഡോക്ടര്‍മാരും അടക്കം ആയിരത്തിലേറെ തസ്തികകളുള്ള ദേവസ്വം ബോര്‍ഡ് അടക്കമുള്ള മറ്റു നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാതിരിക്കുകയും മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരും നീക്കം ശുദ്ധ വിവേചനമാണെന്നും സര്‍ക്കാരിനെതിരെ ആക്ഷേപമുണര്‍ന്നു. മാത്രവുമല്ല, ഇന്ത്യയില്‍ ആകെ 30 വഖഫ് ബോര്‍ഡുകളുണ്ട്. ഇതില്‍ കേരളത്തിലെ നിയമനം മാത്രമാണ് പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതും.

1954ലെ വഖ്ഫ് നിയമം പരിഷ്‌കരിച്ച് 1995ലാണ് കേന്ദ്ര വഖഫ് ആക്ട് നിലവില്‍ വന്നത്. 2019ല്‍ കേരള വഖഫ് റൂള്‍സും പ്രാബല്യത്തില്‍ വന്നു. 1960 മുതലാണ് കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. 1996 മുതല്‍ വഖഫ് ആക്ട് നിലവില്‍ വരികയും അതനുസരിച്ച് വഖഫ് ബോര്‍ഡ് മുന്നോട്ടുപോകുകയുമാണ് ചെയ്യുന്നത്. കേരളത്തിലുടനീളമുള്ള വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പള്ളികളും മദ്‌റസകളും മറ്റു പള്ളി സ്വത്തുവകകളുടെയും മേല്‍നോട്ടവും നിയമ നടപടികളുമാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന ചുമതല. അതിനാല്‍ തന്നെ മുസ്ലിംകളായ പല ആളുകളും പള്ളികള്‍ക്കും മദ്‌റസകള്‍ക്കുമായി വഖഫ് ചെയ്യുന്ന (ദൈവമാര്‍ഗത്തില്‍ അര്‍പ്പിക്കുന്ന) സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമാണ് ബോര്‍ഡ് ജീവനക്കാരില്‍ വന്നു ചേരുക. ഇത് മുസ്ലിം സമുദായാംഗങ്ങള്‍ തന്നെയാണ് ഇത്രയും കാലം കൈകാര്യം ചെയ്തു പോന്നിരുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഇതിന്റെ കൈകാര്യ കര്‍തൃത്വം മറ്റു സമുദായാംഗങ്ങളിലെത്തിപ്പെടുമ്പോള്‍ സംഭവിക്കുന്ന ആശങ്കയും മുസ്ലിം സമുദായത്തോട് മാത്രം സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെയുമാണ് പ്രധാനമായും മുസ്ലിം സംഘടനകള്‍ ചോദ്യം ചെയ്തത്.

എന്നാല്‍ പി.എസ്.സി വഴിയാണെങ്കിലും മുസ്ലിം സമുദായാംഗങ്ങളെ മാത്രമേ നിയമിക്കൂ എന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സര്‍ക്കാരും വഖഫ് മന്ത്രിയും ബോര്‍ഡ് ചെയര്‍മാനുമെല്ലാം ആവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി നേരിട്ട് തന്നെ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുകയും സംഘടനകള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്നും ഉറപ്പ് നല്‍കി. ഇതിനിടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വന്തം നിലക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണുകയും അവരുടെ ആശങ്ക അറിയിക്കുകയും ചെയ്തു. തീരുമാനം പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ സമരപരിപാടികളില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നതായും സമസ്ത അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും തീരുമാനത്തില്‍ മാറ്റമൊന്നും വരുത്താതിരിക്കുകയും പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെ മുസ്ലിം ലീഗ് അടക്കം വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമൊന്നും വരുത്താതെ മൗനമവലംബിക്കുന്ന കാഴ്ചയാണ് പിന്നീടും മാസങ്ങളോളം കാണാന്‍ സാധിച്ചത്.

തുടര്‍ന്ന് 2022 ജൂലൈ 20ന് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം പുനപരിശോധിക്കുമെന്നും നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരുമെന്നും പറഞ്ഞത്. ‘മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കും. പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ ആശങ്ക താനുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. ഈ യോഗത്തിലുണ്ടായ തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തും’ ഇങ്ങനെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

ആദ്യം ഓര്‍ഡിനന്‍സും പിന്നീട് ബില്‍, ശേഷം ഗവര്‍ണറുടെ ഒപ്പും വാങ്ങിയ ശേഷമാണ് നാണം കെട്ട് സര്‍ക്കാര്‍ തങ്ങളുടെ പിടിവാശി ഉപേക്ഷിക്കുന്നത്. ഇത്തരം ഏറെ മുന്നോട്ടുപോയ ഒരു നിയമം പാതിവഴിയില്‍ സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നത് വൈകിയുദിച്ച ബുദ്ധി എന്നേ പറയാനൊക്കൂ. മുസ്ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ എന്തിന് ഇത്രയും മാസങ്ങള്‍ തീരുമാനം നീട്ടിക്കൊണ്ടുപോയി എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

 

Related Articles