Current Date

Search
Close this search box.
Search
Close this search box.

പുതിയ ഭരണഘടന അൾജീരിയക്ക് പുതുതായി എന്താണ് നൽകുക?

1954 നവംബർ ഒന്ന് മുതൽ 1962 ജുലൈ അഞ്ച് വരെ നീണ്ടുനിന്ന കാലഘട്ടം രാജ്യമെന്ന നിലയിൽ അൾജീരിയക്ക് സുപ്രധാനമാണ്. ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയിലെ 45 മില്യൺ ജനങ്ങൾക്കും പെട്ടെന്ന് മറക്കാൻ കഴിയാത്ത ചരിത്ര മുഹൂർത്തമാണത്. നീണ്ട 132 വർഷത്തെ ഫ്രഞ്ച് അധിനിവേശത്തിന്റെ അവസാന ദിനമായിരുന്നു 1962 ജുലൈ അഞ്ച്. 1954 മുതൽ 1962 വരെ നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് അൾജീരിയക്ക് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഈ ചരിത്ര മുഹൂർത്തം അൾജീരിയൻ ജനത മറക്കുകയില്ലെന്നതിന്റെ തെളിവുകൂടിയാണ് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തബൂൻ പ്രഖ്യാപിച്ച നവംബർ ഒന്നിലെ പുതിയ ഭരണഘടനക്കായുള്ള ജനഹിതപരിശോധന. ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയക്ക് പുതിയ വഴി സാധ്യമാക്കുകയാണെന്നാണ് അതിനെ കുറിച്ച്  പ്രസിഡന്റ് തബൂൻ പറഞ്ഞത്. അങ്ങനെ നവംബർ ഒന്ന് വീണ്ടും പുതിയ ചരിത്രത്തിന് തുടക്കം കുറിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അൾജീരിയൻ ജനത നേടുന്നതെന്തായിരിക്കും!

Also read: സലാഹുദ്ദീന്റെ ഖുദ്സ് വിമോചനം

1954-1962 യുദ്ധപോരാട്ടത്തിന്റെ കാലഘട്ടം കഴിഞ്ഞാൽ അൾജീരിയക്കാർ ഓർക്കുന്ന മറ്റൊരു ചിരിത്ര മുഹൂർത്തമാണ് 1988 ഒക്ടോബർ അഞ്ച്. അൾജീരിയയുടെ മൂന്നാമത്തെ പ്രസി‍ഡന്റായിരുന്ന ശാദുലി ബിൻ ജദീദിന്റെ കാലഘട്ടത്തിൽ നടന്ന ആദ്യത്തെ ദേശീയ ജനകീയ പ്രക്ഷോഭത്തെയാണ് അത് ഓർമിപ്പിക്കുന്നത്. 2020 ഒക്ടോബർ അഞ്ചിന് അൾജീരിയൻ തെരുവുകളിൽ പോരാട്ടത്തിന്റെ ആ തിരിനാളം വീണ്ടും ഉയർന്നിരിക്കുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന്റെ 32-ാം വാർഷികം അനുസ്മരിച്ചും, പുതിയ രാഷ്ട്രീയ മാറ്റത്തിന് ആഹ്വാനം ചെയ്തും സമരക്കാർ തലസ്ഥാനമായ അൾജിയേഴ്സ് നിരത്തുകളിൽ 2020 ഒക്ടോബർ അഞ്ചിന് പ്രതിഷേധിക്കുന്ന ചിത്രം ചരിത്രത്തിന്റെ തുടർച്ചയാണ്. നിലവിൽ ഭരണകൂടത്തിനെതിരായി പ്രതിഷേധിച്ചുവെന്നതിന്റെ പേരിൽ മാധ്യമ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും, ഹിറാക് പ്രവർത്തകരും തടവിൽ കഴിയുകയാണ്. ഭരണകൂടം പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ വീര്യത്തോടെ തെരുവുകൾ പ്രതിഷേധത്തിന് സാക്ഷിയാവുകയാണ്. ഭരണകൂടം രാജിവെക്കണമെന്നും സൈനികേതരമായ രാഷ്ട്രമാണ് വേണ്ടതെന്നുമുള്ള മുദ്രവാക്യം ഉയർത്തി കൈമോശം വരുന്ന സ്വാതന്ത്ര്യത്തെ നിലനിർത്താൻ കൊറോണ പ്രതിസന്ധിക്കിടയിലും ജനം ജീവൻ ത്യജിച്ച് നിരത്തുകളിൽ പോരാടുകയാണ്. കാരണം തങ്ങളുടെ മരണത്തെക്കാൾ വലുതാണ് സ്വാതന്ത്ര്യമെന്ന് അവർ മനസ്സിലാക്കുന്നു!

Also read: ആദം നബി ഇന്ത്യയിൽ?

കഴിഞ്ഞ വർഷം അബ്ദുൽ അസീസ് ബൂത്ഫിലിക്കക്കെതിരായി ജനം തരിഞ്ഞതിലൂടെ പുതിയ രാഷ്ട്രീയ മാറ്റമായിരുന്നു മുന്നിൽ കണ്ടത്. അങ്ങനെ അഞ്ചാം തവണയും പ്രസിഡന്റാകാൻ തുനിഞ്ഞിറങ്ങിയ ബൂത്ഫിലിക്കക്ക് നിരാശപ്പെടേണ്ടി വന്നു. 20 വർഷത്തെ അഴിമതി നിറഞ്ഞ ഭരണത്തിൽ ജനം മടുത്തിരുന്നു. അബ്ദുൽ അസീസ് ബൂത്ഫിലിക്ക പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നതിന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആറ് ദിവസങ്ങൾക്ക് ശേഷം, 2019 ഫെബ്രുവരി 16ന് ഹിറാക് പ്രസ്ഥാനം പ്രതിഷേധവുമായി തെരുവിലിറങ്ങി അദ്ദേഹത്തിന് മുന്നിൽ ശക്തമായ പ്രതിഷേധ നിര തീർത്തു. അങ്ങനെ സൈന്യത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് 2019 ഏപ്രിലിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. ശേഷം പ്രതിഷേധം ശക്തമാവുകയും ഹിറാക് പ്രതിഷേധ പ്രസ്ഥാനം തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടടുകയും ചെയ്തു. എന്നാൽ സ്ഥാനാർഥികളിധികം സൈന്യം നിർത്തിയവരായിരുന്നു. അങ്ങനെ വൻഭൂരിപക്ഷത്തോടെ അബ്ദുൽ മജീദ് തബൂൻ അധികാരത്തിലേറി. പ്രസിഡന്റിന്റെ സ്ഥാനമാറ്റം എന്താണ് അൾജീരിയക്ക് പുതിയതായി നൽകിയതെന്ന ചോദ്യത്തിന് രാജ്യം കൂടുതൽ സൈനിമാകുന്നു എന്നല്ലാതെ മറ്റൊരു മറുപടിയില്ല. നവംബർ ഒന്നിന് ഹിതപരിശോധന നടക്കാൻ പോകുന്ന പുതിയ ഭരണഘടന പ്രധാനമന്ത്രിക്കും പാർലമെന്റിനും കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ്. രാജ്യം സ്വാതന്ത്ര്യം പുലരിയിലേക്ക് കാലെടുത്തുവെച്ച ദിനവും പാരതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ദിനവും ഒന്നാകുമോ!

Also read: ഇത്ര അനായസകരമായ ആരാധന വേറെ ഏതാണുള്ളത്?

നവംബർ ഒന്നിനെ അനുസ്മരിച്ച് നടക്കാൻ പോകുന്ന പുതിയ ഭരണഘനാ ഹിതപരിശോധന അസ്വാതന്ത്ര്യത്തിന്റെ വിത്തുപാകിയ ദിനമായും ചരിത്രം അടയാളപ്പെടുത്താമോ എന്നത് പ്രസക്തമാകുന്നത് അൾജീരിയയുടെ നിലവിലെ സാഹചര്യത്തെ മുൻനിർത്തിയാണ്. ഉത്തരാഫ്രിക്കാൻ രാജ്യങ്ങൾ പര്യടനം നടത്തുന്ന അമേരിക്കൻ സ്റ്റൈറ്റ് സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ വ്യാഴാഴ്ച അൾജീരിയ സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ഉദ്ദേശം അൾ‍ജീരിയൻ അയൽരാജ്യങ്ങളായ ലിബിയയും മാലിയുമായുള്ള ദീർഘകാല പോരാട്ടത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നന്നാണ് യു.എസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. പതിനഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് യു.എസ് പ്രതിരോധ സെക്രട്ടറി അൾജീരിയ സന്ദർശിക്കുന്നത്. എന്നിരുന്നാലും, അമേരിക്കൻ-അൾജീരിയൻ ബന്ധത്തിൽ വിള്ളലൊന്നുമില്ല. അൾജീരിയ അമേരിക്കയെ എല്ലാത്തിന്റെയും ആധാരമായി (pivotal state) കാണുകയും ചെയ്യുന്നു. 9/11 ന്യൂയോർക്കിലെ ആക്രമണത്തിൽ അമേരിക്കക്ക് ആദ്യം പിന്തുണയർപ്പിച്ച രാഷ്ട്രങ്ങളിൽ അൾജീരിയയും ഉൾപ്പെടുന്നു. യഥാർഥ്യത്തിൽ, പെന്റഗൺ മേധാവിയുടെ സന്ദർശന ഉദ്ദേശം ചെെനയുടെയും റഷ്യയുടെയും സഖ്യകക്ഷിയായ അൾജീരിയയുമായി സൈനിക താൽപര്യത്തെ മുൻനിർത്തി കൂടുതൽ ബന്ധം ശക്തിപ്പെടുത്തുകയാണ്. എസ്പർ അൾജീരിയ സന്ദർശിക്കുന്നതിന് മുമ്പ്, അൾജീരിയയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ചെങ്ക്രിഹ റഷ്യൻ സൈനിക പ്രതിനിധികളുമായി രാഷ്ട്രങ്ങൾക്കിടയിലെ സൈനിക സഹകരണത്തിന്റെ കാര്യത്തിൽ ചർച്ച നടത്തിയിരുന്നതായി അൾജരീയൻ പ്രതരോധ മന്ത്രാലയം വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ അൾജീരിയക്ക് 90 ശതമാനം ആയുധവും വിതരണം ചെയ്യുന്നത് റഷ്യയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ അൾജീരിയൻ സന്ദർശനത്തിൽ ആയുധ വിതരണത്തെ സംബന്ധിച്ച താൽപര്യം ഒളിഞ്ഞിരിക്കുന്നുണ്ട്. നൽകാൻ അമേരിക്കയും വാങ്ങാൻ അൾജീരിയയും തയാറാകുമ്പോൾ പുതിയ ഭരണഘടന അതിന് തടസ്സമാകരുതല്ലോ!

Related Articles