Current Date

Search
Close this search box.
Search
Close this search box.

ഹാഷിംപുര വിധി; പൗരന്റെ സുരക്ഷക്ക് നേരെയുള്ള ചോദ്യചിഹ്നമാകുമ്പോള്‍

hashimpura.jpg

ഇന്ത്യാ രാജ്യത്തെ ഏറെ പഴക്കം ചെന്ന കേസുകളിലൊന്നായ ഹാഷിംപുര കൂട്ടകൊലയിലെ പ്രതികളായ 16 പോലീസുകാരെ ഡല്‍ഹിയിലെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരായ ഇവരില്‍ പത്ത് പേര്‍ ഇപ്പോഴും ഉത്തര്‍പ്രദേശ് പോലീസില്‍ സേവനം ചെയ്യുന്നവരുമാണ്. കോടതിയില്‍ കീഴടങ്ങി ജാമ്യത്തില്‍ ഇറങ്ങി ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ അവരെല്ലാം വീണ്ടും സര്‍വീസില്‍ തിരിച്ചെത്തിയിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആകെ 19 പേരില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ വിരമിച്ചും രാജിവെച്ചും സര്‍വീസില്‍ നിന്ന് വിട്ടവരാണ്. കുറഞ്ഞ കാലത്തെ സസ്പന്‍ഷന്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ച ശിക്ഷ എന്നതും ഒരു കൂട്ടകൊല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് അവരുടെ പ്രമോഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഒരു തടസ്സവുമായില്ലെന്നതും വസ്തുതയാണ്.

1987 മെയ് 22 നായിരുന്നു ഉത്തര്‍പ്രദേശിലെ മീറത്തിലുള്ള ഹാഷിംപുരയില്‍ നിന്നും 42 മുസ്‌ലിം യുവാക്കള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഒരു പ്രക്ഷോപത്തിന് നേരെ അത് അടിച്ചമര്‍ത്താനോ അല്ലെങ്കില്‍ ഏറ്റുമുട്ടലിലോ ഉണ്ടായ ഒരു കൊലപാതകമായിരുന്നില്ല ഇതെന്നതും ശ്രദ്ധേയമാണ്. 1987-ല്‍ മീററ്റിലുണ്ടായ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കലുഷിതമായ അന്തരീക്ഷമായിരുന്നു ഇതിന്റെ പശ്ചാത്തലം. 1987 മെയ് 22-ന് സുരീന്ദ്രര്‍ പാല്‍ സിങിന്റെ നേതൃത്വത്തിലുള്ള പോലീസിലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (PAC) ഹാഷിംപുരയിലെ മുസ്‌ലിംകളെ വളഞ്ഞു. അവരിലെ പ്രായം ചെന്നവരെയും സ്ത്രീകളെയും വിട്ടയച്ചെങ്കിലും അമ്പതോളം വരുന്ന കൂലിപ്പണിക്കാരും നെയ്ത്തുകാരുമായ ആളുകളെ ട്രക്കില്‍ കയറ്റി കൊണ്ടു പോയി. അവരെ പോലീസ് സ്‌റ്റേഷനിലേക്കോ കോടതിയിലേക്കോ കൊണ്ടു പോകുന്നതിന് പകരം അവരെ നഗരപ്രാന്തത്തിലെത്തിച്ച് ഓരോരുത്തരെയായി കൊന്ന് കനാലില്‍ തള്ളുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ് മരണം അഭിനയിച്ച് അതില്‍ നിന്ന് രക്ഷപ്പെട്ടവരാണ് പിന്നീട് ഈ കേസിന്റെ എഫ്.ഐ.ആര്‍ നല്‍കിയത്.

നമ്മുടെ രാജ്യത്തെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥക്കും കീഴില്‍ പൗരന്‍മാര്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യത്തിന്റെ പ്രസക്തിയാണിത് കൂട്ടുന്നത്. പ്രത്യേകിച്ചും ഇരകളാക്കപ്പെട്ടുന്നത് ന്യൂനപക്ഷവും സമൂഹത്തിലെ അവഗണിക്കപ്പെടുന്ന കീഴാളവര്‍ഗവുമാകുമ്പോള്‍ നീതി വഴിമാറി നടക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. പ്രതികളെ ശിക്ഷിക്കുന്നതിന് പകരം സര്‍വീസില്‍ തുടരാന്‍ അനുവദിച്ചതും ചിലര്‍ക്കെല്ലാം പ്രമോഷന്‍ നല്‍കിയതും അന്വേഷണത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ അവര്‍ക്കായിട്ടുണ്ടെന്നതിലേക്കുള്ള സൂചനയാണ്. നിയമം പരിരക്ഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ഇത്ര ഗുരുതരമായ നിയമ ലംഘനവും മനുഷ്യത്വ രഹിത സമീപനവും ഉണ്ടായിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് നമ്മുടെ സംവിധാനങ്ങള്‍ക്കേറ്റിരിക്കുന്ന തകരാറിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? സര്‍ക്കാറുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട അനുവാദത്തിന് തന്നെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. വൈകിവന്ന സര്‍ക്കാറിന്റെ ആ അനുവാദം പോലും ക്രൈബ്രാഞ്ച് റിപോര്‍ട്ടിലുണ്ടായിരുന്ന ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെയെല്ലാം ഒഴിച്ചു നിര്‍ത്തി താഴെ റാങ്കിലുള്ള 19 പേരെ മാത്രം പ്രതിചേര്‍ക്കാനായിരുന്നു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ കാണിച്ചിരിക്കുന്ന കടുത്ത വിവേചനത്തിന്റെ ചിത്രമാണ് ഹാഷിംപുര നല്‍കുന്നത്. സിഖ് കൂട്ടകൊലയില്‍ ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 17 ലക്ഷം നല്‍കിയപ്പോള്‍ ഹാഷിംപുരയില്‍ നല്‍കിയത് 4 ലക്ഷം മാത്രമാണ്. നീതി വൈകുക മാത്രമല്ല, നിഷേധിക്കപ്പെടുക കൂടി ചെയ്തിരിക്കുന്നു. നീതിയുടെ അരിപ്പയിലെ തുളകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ സാധാരണക്കാരന് നഷ്ടപ്പെടുന്നത് വ്യവസ്ഥയില്‍ തന്നെയുള്ള വിശ്വാസമാണ്.

Related Articles