Current Date

Search
Close this search box.
Search
Close this search box.

രജീന്ദര്‍ സച്ചാര്‍: ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിച്ച നിയമജ്ഞന്‍

kju.jpg

മനുഷ്യാവകാശങ്ങള്‍ക്കും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുമായി അഹോരാത്രം പ്രയത്‌നിച്ച നിയമജ്ഞനായിരുന്നു ഇന്ന് അന്തരിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കമ്മിഷന്റെ ചെയര്‍മാനായ അദ്ദേഹം നിഷ്പക്ഷ അന്വേഷണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു അദ്ദേഹത്തെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്.

2005 മാര്‍ച്ചിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചത്. 2006 നവംബര്‍ 17ന് സര്‍ക്കാരിനു മുന്‍പാകെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”2001ല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ജനസംഖ്യ 138 മില്യണ്‍ ആണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസ്,പൊലീസ്,സൈനിക-രാഷ്ട്രീയ മേഖലകളിലെല്ലാം മുസ്‌ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം കാണാം. ദാരിദ്ര്യം മൂലവും നിരക്ഷരരായും അനാരോഗ്യം മൂലവും കഷ്ടതയനുഭവിക്കുന്നവരായിരുന്നു ഇന്ത്യയിലെ മുസ്‌ലിംകള്‍. മറ്റു ഇന്ത്യന്‍ പൗരന്മാരെ പോലെയായിരുന്നില്ല അവര്‍. മുസ്‌ലിംകള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നും തീവ്രവാദികള്‍ ആണെന്നുമുള്ള ആരോപണങ്ങള്‍ക്ക് അവര്‍ നിരന്തരം വിധേയരായി. അവരെ സഹായിക്കാന്‍ ശ്രമിച്ച രാഷ്ട്രീയക്കാര്‍ മുസ്‌ലിം പ്രീണനമാണ് നടത്തുന്നതെന്ന ആരോപണവും നേരിട്ടു”- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും ഒരു വിഭാഗത്തിന് മുന്‍ഗണന നല്‍കാതെ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 2008 ഫെബ്രുവരിയില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ‘ഭാരതീയ വിചാര്‍ മഞ്ച്’ എന്ന പേരില്‍ രംഗത്തെത്തിയ സംഘം റിപ്പോര്‍ട്ട് ഇന്ത്യന്‍ ഭരണഘടനക്ക വിരുദ്ധമാണെന്നും ഇത് പൂര്‍ണമായും തള്ളണമെന്നും ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പാസാക്കാതെ പോവുകയായിരുന്നു.

ദീര്‍ഘകാലം ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച സബ്കമ്മിഷന്‍ അംഗം കൂടിയായിരുന്നു. അഴിമതി നിരോധന ബില്ലായ ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ സമരം ചെയ്ത അണ്ണാ ഹസാരയെ അറസ്റ്റു ചെയ്തതിനെതിരെ പ്രക്ഷോഭം നടത്തിയതിന് 2011 ഓഗസ്റ്റില്‍ സച്ചാര്‍ അറസ്റ്റു ചെയ്യപ്പെട്ടു.

1923 ഡിസംബര്‍ 22ന് ഭീം സെന്‍ സച്ചാറിന്റെ മകനായി ലാഹോറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്നു അദ്ദേഹത്തിന്റെ പിതാമഹന്‍. ലാഹോര്‍ ഗവര്‍ണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം സിംലയില്‍ കോടതിയില്‍ അഭിഭാഷകനായാണ് കര്‍മരംഗത്ത് സജീവമായത്.

 

Related Articles