Current Date

Search
Close this search box.
Search
Close this search box.

മനുഷ്യത്വമുള്ളതാകട്ടെ വിദ്യാഭ്യാസം

education.jpg

ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗം വളരെയേറെ മാത്സര്യമേറിയതാണ്. വിദേശ നാടുകളില്‍ കുട്ടികളുടെ അഭിരുചിയും താല്‍പര്യവുമാണ് കരിയറിനെ നിര്‍ണയിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ സമ്മര്‍ദ്ദമാണ്. പ്രത്യേകിച്ച് മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളുടെ കാര്യത്തില്‍ സിലബസിന്റെ സമ്മര്‍ദങ്ങള്‍ക്കൊപ്പം തന്നെ വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടി വരുന്നു. വിദ്യാര്‍ഥികള്‍ ധാരാളമായി ആത്മഹത്യ ചെയ്യുന്ന ഒരു നാടാണ് നമ്മുടേത്. കാരണം, ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ റാങ്ക് നഷ്ടപ്പെട്ടാല്‍ പോലും വീട്ടുകാര്‍ക്ക് സഹിക്കാനാവില്ല. ഇത് വിദ്യാര്‍ഥിക്ക് മേല്‍ ചോദ്യശരങ്ങളാണ് ഉയര്‍ത്തുക. അത് മൂലം അവര്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വരുന്നു. വിദ്യാര്‍ഥി കാലഘട്ടം എന്നത് ഒരിക്കലും അന്യരുടെ പ്രതീക്ഷകളും പ്രത്യാശകളും പേറി നടക്കേണ്ട ഒന്നല്ല. സ്വന്തം സ്വപ്‌നങ്ങളിലേക്കുള്ള വഴിയാണ് വിദ്യാഭ്യാസത്തിലൂടെ വെട്ടിത്തെളിക്കേണ്ടത്. നമ്മുടെ നാട്ടില്‍ ധാരാളം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടെങ്കിലും മാനവ വിഭവശേഷി വികസനത്തില്‍ നാം വളരെയേറെ പുറകോട്ട് പോകാന്‍ കാരണം അഭിരുചികള്‍ക്ക് പലപ്പോഴും പ്രാധാന്യം നല്‍കുന്നില്ല എന്നതുകൊണ്ടാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പ്രവേശ പരീക്ഷ ‘നീറ്റ്'(NEET) നടപ്പിലാക്കി കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ് വരികയുണ്ടായി. എന്നാല്‍ മുന്‍പിന്‍ ആലോചിക്കാതെ സുപ്രീം കോടതി ഇങ്ങനെയൊരു തീരുമാനമെടുത്തത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കാരണം, ഇന്ത്യയില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും ഗ്രാമീണ സാഹചര്യത്തില്‍ നിന്ന് വരുന്നവരും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമൊക്കെയാണ്. ഒരു ഏകീകൃത പ്രവേശന പരീക്ഷ നടത്തപ്പെടുമ്പോള്‍ അവര്‍ക്ക് മത്സരിക്കേണ്ടതാകട്ടെ സി.ബി.എസ്.ഇ സിലബസുകള്‍ പഠിച്ച വിദ്യാര്‍ഥികളുമായാണ്. ഇവിടെ സാമൂഹ്യ നീതിയുടേതായ പ്രശ്‌നം ഉയര്‍ന്നുവരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇവിടെ ‘നീറ്റ്’ പോലുള്ള പ്രവേശ പരീക്ഷകള്‍ നടത്തപ്പെടുന്നത് കൊണ്ട് വിദ്യാര്‍ഥികള്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥിയും ജാര്‍ഖണ്ഡിലെ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സംസ്ഥാന പ്രവേശ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങി പാസ്സായിട്ടം നീറ്റ് എഴുതണമെന്ന കോടതി വിധി വന്നപ്പോള്‍ തളര്‍ന്നു പോയ ധാരാളം വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടുണ്ടാകും. ഓരോ സംസ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളുടെ വെവ്വേറെ പ്രവേശ പരീക്ഷകള്‍ നേരിടേണ്ട അവസ്ഥ ഒഴിവാക്കി ‘നീറ്റ്’ നടപ്പിലാക്കുകയാണെങ്കില്‍ അത് ഉപകാരപ്രദമാണ്. എന്നാല്‍ തീര്‍ത്തും വിജാതീയമായ സാഹചര്യങ്ങളാണ് ദേശീയ തലത്തില്‍ നീറ്റ് നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്നത്. അതിനാല്‍ അത് പ്രായോഗികമാണോ അല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.  

മാനവ വിഭവ ശേഷിയുടെ കാര്യം സൂചിപ്പിച്ചത് പോലെ, ഇന്ത്യ അതിന്റെ വൈജാത്യം ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകോട്ടാണ്. മെഡിക്കലും എഞ്ചിനീയറിംഗും തന്നെയാണ് ഇന്നും നമ്മുടെ നാട്ടിലെ ‘എലൈറ്റ് കോഴ്‌സുകള്‍’. ഡോക്ടര്‍മാര്‍ കുറേയുണ്ടായിട്ടും ആരോഗ്യരംഗത്തും നമ്മുടെ അവസ്ഥ വളരെ ശോചനീയമാണ്. ഉത്തരേന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളില്ലാതെയും മരുന്നുകള്‍ ലഭിക്കാതെയുമൊക്കെ ജനങ്ങള്‍ വലയുന്നു. മരുന്നു കമ്പനികള്‍ കുത്തകകളായി വളരുന്നതിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല. പഠിച്ച തുക തിരിച്ചുപിടിക്കുന്ന ഡോക്ടര്‍മാരെയാണ് സാധാരണക്കാരന് അഭിമുഖീകരിക്കേണ്ടി വരുന്നത്. കുറേ എഞ്ചിനീയര്‍മാര്‍ ഉണ്ടായത് കൊണ്ട് ഇവിടെ ഉയരുന്നത് കോര്‍പ്പറേറ്റ് കെട്ടിടങ്ങളും മാളുകളും മാത്രമാണ്. അപ്പോഴും കിടപ്പാടം ഇല്ലാതെ ഒരു ജനത തെരുവില്‍ അന്തിയുറങ്ങുന്നു, ചേരി പ്രദേശങ്ങളില്‍ വസിക്കുന്നു. ഇത് കോഴ്‌സുകളുടെയോ വിദ്യാഭ്യാസത്തിന്റെയോ പ്രശ്‌നമല്ല. അതിനോട് നാം വെച്ചുപുലര്‍ത്തുന്ന സമീപനത്തിന്റെ പ്രശ്‌നമാണ്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യത്വമോ അലിവോ അല്ല ഇവിടെ മനുഷ്യന് പ്രദാനം ചെയ്യപ്പെടുന്നത്. പണമുണ്ടാക്കുന്ന യന്ത്രങ്ങളെയാണ് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസ രീതി പടച്ചുവിടുന്നത്. അതുകൊണ്ട് പൂവിനെ നിരീക്ഷിക്കുന്ന, മണ്ണില്‍ കളിക്കുന്ന നമ്മുടെ കുട്ടികളെ കയ്യില്‍ അഴുക്കാവുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയല്ല നാം ചെയ്യേണ്ടത്. ഏ ഫോര്‍ ആപ്പിള്‍ എന്നു പഠിക്കുമ്പോള്‍ തന്നെ ആ ആപ്പിള്‍ വിശക്കുന്നവന് നല്‍കണം എന്ന് കൂടി പഠിപ്പിക്കുമ്പോഴാണ് നമ്മുടെ വിദ്യാഭ്യാസം മനുഷ്യത്വമുള്ളതാകുന്നത്.

Related Articles