Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനിന്ദയെ ആത്മനിയന്ത്രണം കൊണ്ട് നേരിടുക

butterfly.jpg

താന്‍ ആദരിക്കുന്ന ഒന്നിനെ മറ്റാരെങ്കിലും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോള്‍ അതിനെതിരെ രോഷമുണ്ടാകുന്നത് മനുഷ്യസഹജമാണ്. പ്രവാചകന്‍(സ)യെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്ന കുറിപ്പ് ഒരു പത്രം പ്രസിദ്ധീകരിച്ചപ്പോള്‍ നാമത് കണ്ടതുമാണ്. അടുത്ത ദിവസം ഒന്നാം പേജില്‍ ഖേദപ്രകടനം നടത്തിയിട്ടും ആ രോഷം പൂര്‍ണമായും തണുപ്പിക്കാന്‍ സാധിച്ചിട്ടില്ല. മുസ്‌ലിംകള്‍ ഏറ്റവുമധികം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദ് നബി എന്നത് തന്നെയാണതിന്റെ കാരണം.

മുസ്‌ലിം മനസ്സുകളെ വേദനിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ (3: 186) തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. സത്യവിശ്വാസി സമ്പത്തിലും ശരീരത്തിലും പരീക്ഷിക്കപ്പെടും. അത്തരത്തിലുള്ള പരീക്ഷണം തന്നെയാണ് എതിരാളികളുടെ ഭാഗത്തു നിന്നുള്ള വേദനിപ്പിക്കുന്ന ചീത്തവാക്കുകളും എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും പരീക്ഷിക്കപ്പെടുമ്പോള്‍ തന്റെ വിശ്വാസത്തില്‍ സഹനത്തോടെ അടിയുറച്ച് നില്‍ക്കാന്‍ സാധിക്കുന്ന വിശ്വാസിക്ക് അതുപോലെ തന്നെ ഇത്തരം പരീക്ഷണത്തെയും അഭിമുഖീകരിക്കാന്‍ സാധിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് ‘സ്വബ്‌റും’ ‘തഖ്‌വ’യുമാണെന്നും അല്ലാഹു ആ സൂക്തത്തിന്റെ അവസാന ഭാഗത്ത് നമ്മോട് പറയുന്നു. ‘സ്വബ്ര്‍’ ദുര്‍ബലാവസ്ഥയിലുള്ള കീഴൊതുങ്ങലായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ നിശ്ചയദാര്‍ഢ്യവും ആത്മനിയന്ത്രണവുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ‘സ്വബ്ര്‍’ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എതിരാളികള്‍ നാം ജീവനേക്കാളേറെ സ്‌നേഹിക്കുന്ന പ്രവാചകനെ കുറിച്ച് ആരോപണങ്ങളും പരിഹാസങ്ങളും ഉയര്‍ത്തുമ്പോള്‍ നമ്മുടെ നിലപാടുകളിലത് ചാഞ്ചാട്ടമുണ്ടാക്കാതിരിക്കലാണ് അതിലെ നിശ്ചയദാര്‍ഢ്യം. നബി(സ) തന്റെ ജീവിതത്തില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടോ അതെല്ലാം ലോകസ്രഷ്ടാവിന്റെ കല്‍പന പ്രകാരമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ കല്‍പനക്കെതിരെ എന്റെ പ്രവാചകന്‍ പ്രവര്‍ത്തിക്കില്ല എന്നു വിശ്വസിക്കുന്ന മുസ്‌ലിം അതില്‍ അസ്വസ്ഥപ്പെടേണ്ടതില്ല.

നിശ്ചയദാര്‍ഢ്യം പോലെ തന്നെ പ്രധാനമാണ് ആത്മനിയന്ത്രണവും. നബി നിന്ദിക്കപ്പെടുമ്പോള്‍ അതിനെതിരെ അക്രമത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നത് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ അല്ല ഗുണം ചെയ്യുക. രാജ്യത്തുടനീളം കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു സന്ദര്‍ഭമാണിത്. വാക്കുകളിലൂടെയും അക്രമസംഭവങ്ങളിലൂടെയും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ശക്തികള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന കാലമാണിത്. ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ സംഘ്പരിവാര്‍ മാത്രമല്ല അസഹിഷ്ണുതയുടെ വക്താക്കള്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലും അസഹിഷ്ണുത ഉണ്ടെന്ന് തെളിയിക്കാനുള്ള ഒരു സന്ദര്‍ഭത്തിനാണ് അവര്‍ കാത്തിരിക്കുന്നത്. അതിന് വേണ്ടി അവര്‍ സൃഷ്ടിച്ചെടുക്കുന്ന പ്രകോപനങ്ങളെ തിരിച്ചറിയാനും അതിനോട് യുക്തമായി പ്രതികരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

Related Articles