Current Date

Search
Close this search box.
Search
Close this search box.

ജേതാക്കളുടെ ആഘോഷം

eid-wish.jpg

മുസ്‌ലിംകള്‍ക്ക് രണ്ട് ആഘോഷങ്ങളാണല്ലോ ഉള്ളത്. ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്ഹായും. ആഘോഷങ്ങളെല്ലാം വിജയികള്‍ക്കുള്ളതാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്തിട്ടുള്ള ഒട്ടേറെ വിജയങ്ങളുടെ പേരില്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കലാണ് ഈദുല്‍ ഫിത്ര്‍.

മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകം മനുഷ്യന്റെ സംയമന ശേഷിയാണ്. വിശന്നു വലഞ്ഞ മൃഗങ്ങള്‍ക്ക് ആഹാരം മുന്നില്‍ കണ്ടാല്‍ കഴിക്കാതിരിക്കാന്‍ കഴിയില്ല. എതിര്‍ലിംഗത്തിലുള്ളവയെ മുന്നില്‍ കണ്ടാല്‍ അതിലെ ഹിതമോ അഹിതമോ അവക്ക് പ്രശ്‌നമല്ല. അതേസമയം മനുഷ്യന് അവന്റെ ഇച്ഛകളെ നിയന്ത്രിക്കാനും മോഹങ്ങളെ മെരുക്കിയെടുക്കാനും കഴിയും. നല്ല വിശപ്പുള്ളപ്പോള്‍ ആഹാരം മുന്നിലുണ്ടായിരിക്കെ അത് കഴിക്കാതിരിക്കാന്‍ അവന് സാധിക്കും. അതിയായ ദാഹമുള്ളപ്പോള്‍ കയ്യെത്താവുന്ന ദൂരത്തുള്ള വെള്ളം കഴിക്കാന്‍ കൊതിയുണ്ടെങ്കിലും കഴിക്കാതിരിക്കാന്‍ അവന് കഴിയും. ഇങ്ങോട്ട് തെറിപറയുന്നവനോട് തെറിപറയാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രതിയോഗിയെ പേടിച്ചോ ആര്‍ജ്ജിതമായ സംസ്‌കാരത്തിന്റെ പേരിലോ പറയാതിരിക്കാന്‍ അവന് കഴിയും. മനുഷ്യനുള്ള സംയമനശേഷി കൊണ്ടാണിത് സാധിക്കുന്നത്. ഇതിന്റെ ഉപയോഗമനുസരിച്ചാണ് മനുഷ്യന്റെ സംസ്‌കാരം വളരുകയും തളരുകയും ചെയ്യുന്നത്.

ഒരാളുടെ സംസ്‌കാരത്തിന്റെ മാപിനിയാണ് അവന്റെ സംയമനശേഷി എന്നു പറയാവുന്നതാണ്. ആഹരിക്കണമെന്ന് തോന്നിയതെല്ലാം ആഹരിക്കുകയും കാണണമെന്ന് തോന്നിയതെല്ലാം കാണുകയും കേള്‍ക്കണമെന്ന് തോന്നിയതെല്ലാം കേള്‍ക്കുകയും പറയണമെന്ന് തോന്നിയതെല്ലാം പറയുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ മൃഗതുല്ല്യനായി മാറുന്നു. അത്തരത്തിലുള്ള ജന്തുസമാനമായ അവസ്ഥയില്‍ നിന്നും മാനുഷിക തലത്തിലേക്കുള്ള ഉയര്‍ച്ചയാണ് റമദാനിന്റെ ഒന്നാമത്തെ വിജയം. ഇച്ഛകളോടുള്ള ഈ പോരാട്ടത്തില്‍ വിജയം വരിച്ചവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്ര്‍.

മനുഷ്യനെ സംബന്ധിച്ചടത്തോളം അവന്റെ ജീവിത വിശുദ്ധിയുടെ അവലംബം വിദ്യാഭ്യാസ യോഗ്യതയോ ശാസ്ത്ര സാങ്കേതിക രംഗത്തെ വിജയമോ ജീവിത സൗകര്യങ്ങളോ അല്ല. മറിച്ച് അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ച സജീവബോധമാണ്. ആ ബോധമാണ് റമദാനിലൂടെ വീണ്ടെടുക്കുന്നത്. റമദാനിന്റെ പകലിലെ മണിക്കൂറുകള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് മറ്റാരെങ്കിലും കാണുമോ എന്ന ഭയം കൊണ്ടല്ല, അല്ലാഹു അറിയുമെന്ന ഭയത്താലാണ്. ഈ ബോധം ജീവിതത്തിലുടനീളം നേടിയെടുക്കാനുള്ള കരുത്താര്‍ജ്ജിച്ചവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്ര്‍.

മനുഷ്യനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ ദൗര്‍ബല്യങ്ങളാണ് അവന്‍ ശീലിച്ചു വന്ന ശീലങ്ങളും പരിചയിച്ചു വന്ന പാരമ്പര്യ രീതികളും. അതില്‍ നിന്ന് മോചനം നേടാന്‍ സാധാരണഗതിയില്‍ ഏറെ പ്രയാസമാണ്. എന്നാല്‍ റമദാനില്‍ പതിവില്ലാത്ത സമയത്ത് ആഹാരം കഴിക്കുന്നു, പതിവുള്ളപ്പോള്‍ ആഹാരം ഉപേക്ഷിക്കുന്നു, നല്ല ക്ഷീണമുണ്ടെങ്കിലും രാത്രി നിന്ന് നമസ്‌കരിക്കുന്നു ഇത്തരത്തില്‍ പതിവ് ശീലങ്ങളോട് വിടപറഞ്ഞ് ശീലങ്ങളുടെയും ചര്യകളുടെയും അടിമയാകുന്നതിന് പകരം അവയുടെ യജമാനനാകാനുള്ള കരുത്ത് നേടുന്നു. ഈ പോരാട്ടത്തില്‍ വിജയം വരിച്ചവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്ര്‍.

 

ജീവിതത്തിന്റെ താളം നിയന്ത്രിക്കുന്നതില്‍ സമയനിഷ്ഠക്ക് പ്രധാന പങ്കുണ്ട്. സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയ ദുരന്തം കൂടിയാണത്. മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം അവന്റെ സമയം അനാവശ്യമായി കവര്‍ന്നെടുക്കലാണ്. നിശ്ചയിച്ച പരിപാടിക്കും യാത്രകള്‍ക്കും കൃത്യസമയത്ത് എത്താതിരിക്കുക, മരണാനന്തര കര്‍മങ്ങളും വിവാഹ ചടങ്ങുകളും നിശ്ചയിച്ച സമയത്ത് നടക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യന്റെ സമയനിഷ്ഠയെ പ്രതികൂലമായി ബാധിക്കും. സമയനിഷ്ഠക്കുള്ള ഏറ്റവും നല്ല പരിശീലനമാണ് റമദാന്‍. പ്രത്യേകിച്ചും നോമ്പുതുറക്കുന്ന സമയം. നോമ്പിലൂടെ സമയനിഷ്ഠയെന്ന വിപത്തിനോട് പൊരുതി വിജയിക്കുന്നവര്‍ക്കുള്ളതാണ് പെരുന്നാള്‍. വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന്റെ ആഘോഷം കൂടിയാണ് റമദാന്‍. വിശുദ്ധ ഖുര്‍ആനെ ജീവിതത്തിന്റെ വസന്തമായി സ്വന്തത്തോട് ചേര്‍ത്തു വെക്കാനുള്ള പരിശീലനത്തില്‍ വിജയം വരിച്ചവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്ര്‍. ഇവ്വിധം ജീവിത്തിന്റെ വിവിധ മേഖലകളില്‍ സ്വന്തത്തെ നിയന്ത്രരിക്കാന്‍ റമദാനിലൂടെ പരിശീലനം നേടിയവരുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍. വിജയത്തിന്റെ ആഘോഷമായതു കൊണ്ടാണ് എല്ലാ വിജയവേളകളിലും വിശ്വാസികള്‍ മുഴക്കുന്ന അതേ മുദ്രാവാക്യം ഇതിലും വിശ്വാസികള്‍ മുഴക്കുന്നത്. അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്..

Related Articles