Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തിന്റെ സകാത്ത്

ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്. മുസ്‌ലിംകൾക്ക് ഉപകാരവും പ്രയോജനവുമുള്ള എല്ലാ മേഖലയിലും തന്റെ ഊർജ്ജം ചെലവഴിക്കുകയെന്നതാണ് ജീവിതത്തിന്റെ സകാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ചിന്ത മുസ് ലിം സമൂഹത്തിൽ ധാർമ്മികവും ഭൗതികവുമായ നേട്ടങ്ങളുടെ കൈമാറ്റത്തിനുള്ള വിശാലമായ സാധ്യതകൾ തുറന്നുവെക്കുന്നു. മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ പരസ്പര ബന്ധവും സാഹോദര്യവും അതിന്റ മൂർത്തമായ രൂപത്തിലേക്ക് എത്തിച്ചേരാനും ഇത് സഹായകമാകുന്നു. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ബന്ധത്തിൽ ആത്മാർത്ഥ കാണിക്കാൻ ഇതൊരു പ്രേരകമാകുന്നു. കാരണം, ഇസ് ലാമിനോടുള്ള വിധേയത്വമെന്നത് കേവലം ശഹാദത്ത് വചനങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല. മറിച്ച്, സാമൂഹികവും വികസനപരവുമായ മുന്നേറ്റവും അതിന്റെ ഭാഗമാണ്. സാകത്തിനെ അതിന്റെ പൊതുവായ അർത്ഥത്തോടെ സമീപിക്കുന്നർക്ക് ധനികരുമായോ ദരിദ്രരുമായോ യാതൊരു ബന്ധവും ഉണ്ടാകില്ല. പകരം, മറ്റുള്ളവർക്കായുള്ള സമ്പൂർണ ഉദാരതയുമായിട്ടായിരിക്കും അവരുടെ ജീവിതം ബന്ധപ്പെട്ടു കിടക്കുക.
സാമ്പത്തികമായ സകാത്തിനെ സംബന്ധിച്ചെടുത്തോളം അതിന് രണ്ട് വശമുണ്ട്; ഒന്ന് ദാതാവും മറ്റൊന്ന് സ്വീകർത്താവും. എന്നാൽ ജീവിത്തിന്റെ സകാത്തിനെ സംബന്ധിച്ചെടുത്തോളം, അത് ഓരോ മനുഷ്യനെയും ഒരു നിലക്ക് ദാതാവും മറ്റൊരു നിലക്ക് സ്വീകർത്താവുമാക്കിത്തീർക്കും. ഇങ്ങനെയാണ് പരസ്പര സഹായങ്ങൾ സാധ്യമാകുന്നത്. അതുവഴി ഉണ്ടായിത്തീരുന്ന പസ്പര സ്‌നേഹവും ഇണക്കവുമാണ് പിന്നീടതിനെ സമ്പൂർണമാക്കുന്നത്. സാഹോദര്യം സുദൃഢമാകുന്നതോടൊപ്പം തന്നെ ഏക സമുദായമെന്ന അർത്ഥത്തെ അത് കൂടുതൽ അർത്തവത്താക്കുകയും ചെയ്യും. അല്ലാഹു പറയുന്നത് നോക്കൂ: ‘നിശ്ചയം ഇതാണ് നിങ്ങളുടെ ഒറ്റക്കെട്ടായ സമുദായം. ഞാൻ നിങ്ങളുടെ നാഥനുമാകുന്നു'(അമ്പിയാഅ്: 92), ‘നിശ്ചയം ഇതാണ് നിങ്ങളുടെ ഒറ്റക്കെട്ടായ സമുദായം. ഞാനാണ് നിങ്ങളുടെ നാഥൻ. അതുകൊണ്ട് എന്നെ നിങ്ങൾ സൂക്ഷിക്കുക'(മുഅ്മിനൂൻ: 52). ഈ രണ്ട് സൂക്തങ്ങളിലൊന്ന് ആരാധനയുമായും മറ്റൊന്ന് സൂക്ഷ്മതയുമായും ബന്ധപ്പെട്ടതാണ്. അഥവാ, വിശാലമായ അർത്ഥമാണ് അത് നൽകുന്നത്.

സകാത്തിനെ അതിന്റെ പൊതുവായ അർത്ഥത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. അതിന്റെ വിശാലമായ അർത്ഥത്തിലേക്ക് എത്തിച്ചേരാൻ ചിന്തക്കും സാധിച്ചെന്ന് വരില്ല. എന്നാൽ, ഓരോ വ്യക്തിയെയും സംബന്ധിച്ചെടുത്തോളം സകാത്തിൽ നിന്ന് തനിക്ക് നൽകാൻ സാധ്യമാകുന്നതെന്താണെന്ന് അവൻ സ്വയം അന്വേഷിക്കണം.

ശരീരത്തിന്റെ സകാത്ത്

ദൈവിക മാർഗത്തിൽ ശരീരത്തെ ഉപയോഗിക്കുക വഴിയും ഇതരരെ സഹായിക്കുക വഴിയുമാണ് ഒരു മനുഷ്യൻ അവന്റെ ശരീരത്തിന്റെ സംസ്‌കരണം നടത്തുന്നത്. അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിലെ വിശ്വാസിയുടെ ഓരോ ചലനവും ദാനധർമ്മമാണ്. രണ്ടുപേർക്കിടയിൽ അവൻ നീതി നടപ്പിലാക്കുന്നു, അത് ധർമ്മമാണ്. ഒരു വ്യക്തിയെ വാഹനത്തിനുമേൽ ചുമടേറ്റാൻ സഹായിക്കുന്നു, അത് ധർമ്മമാണ്. നല്ലവാക്ക് ധർമ്മമാണ്. നമസ്‌കാരത്തിലേക്കുള്ള ഓരോ ചവിട്ടടിയും ധർമ്മമാണ്. വഴിയിലെ തടസ്സങ്ങൾ നീക്കുന്നത് ധർമ്മമാണ്'(ബുഖാരി, മുസ്‌ലിം). ജനങ്ങൾക്കിടയിൽ പരസ്പരം നന്മ വളർത്തിയും സദുപദേശങ്ങൾ നൽകിയും അല്ലാഹുവിന്റെ മാർഗത്തിലുള്ള ചലനങ്ങൾ എത്രമാത്രം സുന്ദരമാണ്.

അറിവിന്റെ സകാത്ത്

ജീവിത്തിന്റെ സകാത്തുകളിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടതാണ് അറിവിന്റെ സകാത്ത്. നജ്മുദ്ധീനുൽ ഇസ്സി പറയുന്നു: ഉമ്മത്തിന്റെ അനന്തരസ്വത്തിൽ വിശുദ്ധ ഖുർആനുമുണ്ടെന്നതിൽ സംശയമില്ല. ആദ്യ അറിവ് പരസ്പര ബഹുമാനവും ആത്മ സംസ്‌കരണവുമാണ്. അറിവിന്റെ സകാത്തിനേക്കാൾ മഹത്തരമായ മറ്റേത് സകാത്താണുള്ളത്?ജ്ഞാനത്തിന്റെയും ഏകത്വത്തിന്റെയും അകപ്പൊരുളുകളെക്കുറിച്ചുള്ള അന്വേണത്തേക്കാൾ ഉത്തമമായി എന്തുണ്ട്? നല്ല അറിവും അതിനനുസിച്ചുള്ള പ്രവർത്തിയുമുള്ള ഒരാൾക്ക് ലഭിക്കുന്ന അംഗീകാരം അവന്റെ അറിവ് കൊണ്ട് മാത്രമാണ്. അവനിലുള്ള ജ്ഞാനമാണ് മറ്റുള്ളവരെ അവനിലേക്ക് തിരിച്ചുകളയുന്നത്.(ഹുസ്‌നുത്തമ്പീഹ് ലിമാ വറദ ഫിത്തശ്ബീഹ്, 1/103).

അറിവിന്റെ സകാത്തിന്റെ രൂപങ്ങൾ നിരവധിയാണ്. അവയിൽ ചിലത്:
1- അറിവിന്റെ വ്യാപനം: അറിവിന്റെ സകാത്തിന്റെ ആദ്യ രൂപം അതിന്റെ വ്യാപനമാണ്. കാരണം, അല്ലാഹു പറയുന്നു: ‘വേദം നൽകപ്പെട്ടവരോട്, നിങ്ങളത് ആളുകൾക്ക് വിവരിച്ചുകൊടുക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണമെന്നു അല്ലാഹു ഉടമ്പടി ചെയ്തതനുസരിക്കുക'(ആലു ഇംറാൻ: 178), ‘സത്യവിശ്വാസികൾ ഒന്നടങ്കം യുദ്ധത്തിന് പോയിക്കൂടാ. അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം നബിയൊന്നിച്ച് മതവിഷയങ്ങളിൽ ജ്ഞാനമാർജിക്കാനും തങ്ങളുടെയാളുകൾ യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയാൽ അവർക്ക് താക്കീത് നൽകാനും എന്തുകൊണ്ട് പുറപ്പെടുന്നില്ല?'(തൗബ: 122). അബൂബക്‌റ(റ) ഉദ്ധരിക്കുന്നു; മിനിയിൽ വെച്ചുള്ള പ്രസംഗത്തിൽ പ്രവാചകൻ(സ്വ) പറഞ്ഞു: ‘നിങ്ങളിൽ നിന്ന് സന്നിഹിതരായവർ അല്ലാത്തവർക്ക് പറഞ്ഞുകൊടുക്കട്ടെ. നിങ്ങളിൽ നിന്ന് അറിവ് ലഭിക്കുന്ന ആൾ എന്നിൽ നിന്ന് കേട്ടവനേക്കാൾ ശ്രദ്ധയോടെ ഗൗനിക്കുന്നനായിരിക്കാം’. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: ഒരു അറിവിനെ കുറിച്ച് ആരെങ്കിലും ചോദിക്കപ്പെടുകയും അറിഞ്ഞിട്ടും അവനത് മറച്ചുവെക്കുകയും ചെയ്താൽ അന്ത്യനാളിൽ നരകത്തീ കൊണ്ട് അല്ലാഹു അവന് കടിഞ്ഞാണിടും'(അബൂ ദാവൂദ്).

2- അറിവനുസരിച്ചുള്ള പ്രവർത്തനം: അറിവിന്റെ സകാത്തിന്റെ ഉന്നതപദവിയിലുള്ള ഒന്നാണ് അതനുസരിച്ചുള്ള പ്രവർത്തനം. അബൂ ഹാതിം പറയുന്നു: അറിവിനെ മലിനമാക്കിക്കളയുന്ന ഐച്ഛിക കാരണങ്ങളിൽ നിന്ന് സാധ്യമാകും വിധം തന്റെ അറിവിനെ സംരക്ഷിക്കുകയെന്നതാണ് ഒരു ജ്ഞാനിയുടെ കടമ. ഓരോ ഇരുന്നൂറ് ഹദീസുകളിൽ നിന്നും അഞ്ച് ഹദീസെങ്കിലും അവൻ പ്രാവർത്തകിമാക്കുന്നുവെങ്കിൽ അറിവിന്റെ സകാത്ത് അവൻ ചെയ്തുവീട്ടിയിരിക്കുന്നു. നേടിയെടുത്ത അറിവുകൾ പ്രാവർത്തികമാക്കാൻ കഴിയാത്തവന് അത് മനപ്പാഠമാക്കാനും കഴിയില്ല. (റൗളത്തുൽ ഉഖലാഇ വ നുസ്ഹത്തുൽ ഫുളലാഅ്, പേജ്. 38).

ഇബ്‌നു സഅദ്(റ) ഉദ്ധരിക്കുന്നു: ഇൽമുരിവായകൊണ്ട് പ്രവർത്തിച്ചവൻ ഇൽമുദ്ദിറായ അനന്തരമായെടുത്തിരിക്കുന്നു. ഇൽമുദ്ദിറായ കൊണ്ട് പ്രവർത്തിച്ചവൻ ഇൽമുരിആയ അനന്തരമായെടുത്തിരിക്കുന്നു. ഇൽമുരിആയ കൊണ്ട് പ്രവർത്തിച്ചവൻ സത്യപാന്ഥാവിലേക്ക് വഴികാണിക്കപ്പെട്ടിരിക്കുന്നു. മാലിക് ബ്‌നു ദീനാർ(റ) പറയുന്നു: ഒരാൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടിയാണ് അറിവ് തേടുന്നതെങ്കിൽ അറിവ് അവനുമേൽ അധികാരം ചെലുത്തും. മറിച്ച്, മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് അറിവ് തേടുന്നതെങ്കിൽ അതവനിൽ അഹങ്കാരം അധികരിപ്പിക്കുകയും ചെയ്യും. മഅ്‌റൂഫുൽ കർഖി പറയുന്നു: അല്ലാഹു ഒരു മനുഷ്യന് നന്മ ഉദ്ദേശിച്ചാൽ അവന്റെ മുമ്പിൽ പ്രവർത്തനങ്ങളുടെ വാതിൽ തുറന്നിടുകയും തർക്കങ്ങളുടെ വാതിൽ കൊട്ടിയടക്കുകയും ചെയ്യും. അല്ലാഹു ഒരു മനുഷ്യന് തിന്മ ഉദ്ദേശിച്ചാൽ പ്രവർത്തനങ്ങളുടെ വാതിൽ അവന് മുമ്പിൽ കൊട്ടിയടക്കുകയും തർക്കങ്ങളുടെ വാതിൽ തുറന്നിട്ടുകൊടുക്കുകയും ചെയ്യും.

3- നന്മകൊണ്ടുള്ള കൽപനയും തിന്മയെത്തൊട്ടുള്ള വിലക്കും: അല്ലാഹു പറയുന്നത് നോക്കൂ: ‘നന്മയിലേക്ക് ക്ഷണിക്കുകയും സൽക്കർമങ്ങൾ കൽപിക്കുകയും ദുഷ്‌ക്കർമങ്ങൾ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നുണ്ടാകണം. അവർ തന്നെയാണ് വിജയികൾ'(ആലു ഇംറാൻ: 104). ശൈഖ് ബക്കർ അബൂ സയ്ദ് പറയുന്നു: അറിവിന്റെ സകാത്ത് എന്ന് പറയുന്നത് ഇവയൊക്കെയാണ്: സത്യം കൊണ്ട് തർക്കിക്കുക, നന്മകൊണ്ട് കൽപിക്കുക, തിന്മകൊണ്ട് വിരോധിക്കുക, ജ്ഞാന പ്രചരണം, പരസ്പര സഹായത്തോടുള്ള സ്‌നേഹം, സ്ഥാനമാനങ്ങൾ ത്യജിക്കാനുള്ള മനസ്സ്, സത്യവും നന്മയും ദുരന്തമായി വർത്തിക്കുമ്പോൾ മുസ്‌ലിംകൾക്ക് വേണ്ടി മധ്യസ്ഥത വഹിക്കുക.(ഹുൽയത്തു ത്വാലിബിൽ ഇൽമ്, പേ. 191).

സമയത്തിന്റെ സകാത്ത്

സമയം മുഴുവൻ സ്വന്തം ശരീരത്തിന് വേണ്ടി ചെലവഴിക്കാതിരിക്കലാണ് സമയത്തിന്റെ സകാത്ത് എന്ന് പറയുന്നത്. സമയത്തിൽ നിന്ന് അൽപം മറ്റുള്ളവർക്ക് കൂടി മാറ്റിവെക്കുക. സാധ്യമാകും വിധം ഇതരരെ സഹായിക്കുക.
മുസ്‌ലിം സമുദായത്തിന് പരസഹായം ചെയ്യാൻ വേണ്ടി സമയം ചിലവഴിക്കുക. മിക്ക ആളുകളും വിനേധയാത്ര നടത്തുന്നവരാണ്. അവരെ സംബന്ധിച്ചെടുത്തോളം, മുസ്‌ലിം മുസ്‌ലിമേതര രാജ്യങ്ങളിലുള്ള ഇസ്‌ലാമിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനാകും. അവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ശരീഅത്ത് ജ്ഞാനത്തിന് പുറമെ വിവിധ മേഖലകളിലുള്ള കോഴ്‌സുകൾ നൽകാനും ഇവരെക്കൊണ്ട് സാധിക്കും.

സമ്പത്തിന്റെ സകാത്ത്

സമ്പത്തിന്റെ സകാത്ത് നരവധിയാണ്. അതിൽ നിർബന്ധമായവയുണ്ട്. അതാണ് ശരീഅത്തിൽ സുപ്രസിദ്ധമായ സകാത്ത്. എന്നാൽ, സുന്നത്തായ സകാത്തുമുണ്ട്. സ്വദഖ, ദാനധർമ്മങ്ങൾ, സമ്മാനങ്ങൾ എന്നിവയെല്ലാം ആ ഗണത്തിൽ പെടുന്നവയാണ്. സകാത്ത് വ്യക്തമാക്കുന്നതോടൊപ്പം തന്നെ അതിന് നിരവധി ഇനങ്ങളുമുണ്ട്. അബൂ മുസൽ അശ്അരി(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘ജീവകാരുണ്യം എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണ്’. അതിനൊരാൾക്ക് സാധ്യമായില്ലെങ്കിലോ? ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ചോദിച്ചു. അപ്പോൾ പ്രവാചകൻ(സ്വ) പറഞ്ഞു: ‘അവന്റെ ഇരുകൈകൾ കൊണ്ടവൻ പ്രവർത്തിക്കുകയും സ്വന്തം ശരീരത്തിനെങ്കിലും ഉപകാരപ്പെടുന്നവനാവുകയും പിന്നീടുള്ളത് സ്വദഖ നൽകുകയും ചെയ്യണം’. അതിനും സാധ്യമായില്ലെങ്കിലോ? ചോദ്യകർത്താവ് ആവർത്തിച്ചു. അന്നേരം പ്രവാചകൻ(സ്വ) പറഞ്ഞു: ‘ആവശ്യക്കാരനെ സഹായിക്കുക’. അതിനും സാധ്യമായില്ലെങ്കിലോ? ചോദ്യകർത്താവ് വീണ്ടും ചോദിച്ചു. തിരുനബി(സ്വ) പ്രതികരിച്ചു: ‘നന്മകൊണ്ടും സൽപ്രവർത്തികൾകൊണ്ടും കൽപിക്കുക’. അതിനും സാധ്യമായില്ലെങ്കിൽ? അയാളുടെ സംശയം തീർന്നില്ല. അപ്പോൾ പ്രവാചകൻ(സ്വ) പ്രതിവചിച്ചു: ‘തിന്മ ചെയ്യാതിരിക്കുകയും അതിനെത്തൊട്ട് തടയുകയും ചെയ്യുക. അതും ധർമ്മമാണ്'(ബുഖാരി, മുസ്‌ലിം).

വിത്യസ്തങ്ങളായ സകാത്ത്

വൈയക്തികമായ ആലോചനകൾ, പ്രൊജക്റ്റിനാവശ്യമായ ആശയങ്ങൾ, ചാരിറ്റികൾ, ദരിദ്രർക്ക് വസ്ത്രങ്ങളും ഭക്ഷണവും ശേഖരിക്കുക, കുട്ടികളെ പഠിപ്പിക്കുക, സ്‌കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ കൊണ്ടുപോകാനുള്ള ബാഗുകൾ നൽകുക, മറ്റു വീടുകളിലെ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ശരിയാക്കിക്കൊടുക്കുക, ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പുസ്‌തകവും സ്‌കൂളിലേക്ക് ആവശ്യമായ മറ്റു വസ്തുക്കളും നൽകുക തുടങ്ങി നിരവധി കാര്യങ്ങൾ ഓരോ വ്യക്തിക്കും സ്വന്തമായി ചെയ്തുകൊടുക്കാൻ സാധ്യമാകും.

മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് സകാത്ത്. സമ്പത്തിനോട് ബന്ധപ്പെടുത്തിയുള്ള അതിന്റെ സൂക്ഷ്മാർത്ഥത്തിലും ജീവിതത്തിന്റെ നിഖില മേഖലകളെയും ബന്ധപ്പെടുത്തിയുള്ള അതിന്റെ പൊതുവായ അർത്ഥത്തിലും അതങ്ങനെത്തന്നെയാണ്. മുസ്‌ലിം സമൂഹത്തിന്റെ ചലനാത്മകതയെയും കർമ്മ നൈരന്തര്യത്തെയും മുസ്‌ലിംകൾക്കിടയിലെ പരസ്പര സഹായ സഹകരണത്തെയും അത് പ്രോജ്ജ്വലമാക്കുന്നു. അവിടെ ധനികനെന്നോ ദരിദ്രനെന്നോ വിത്യാസമില്ല. ഓരോരുത്തരും അല്ലാഹു അനുഗ്രഹമായി നൽകിയവകൊണ്ട് ആത്മവിശുദ്ധി നടത്തുന്നു.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles