Current Date

Search
Close this search box.
Search
Close this search box.

Economy

സമൂഹ നിർമിതിയിൽ തൊഴിലിന്റെ പങ്ക്‌

അധ്വാനമെന്നത് വിശുദ്ധ ഖുർആനും തിരു ഹദീസും ഒരുപോലെ പ്രോത്സാഹിപ്പിച്ച വിഷയമാണ്. സമൂഹ നിർമിതിയിലും അതിന്റെ അഭിവൃദ്ധിയിലും അതിനുള്ള പ്രാധാന്യവും അവ രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാം എന്നത് കേവലമൊരു ആരാധന മതമല്ല. ആരാധനയും പ്രവർത്തനവുമാണ് അതിന്റെ ഉള്ളടക്കം. അത് രണ്ടും രണ്ടുമല്ല. ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിക്കാൻ സാധ്യമല്ലാത്ത വിധം ഇഴചേർന്നു നിൽക്കുന്നവയാണത്. അത് തന്നെ അധ്വാനം ദൈവിക മാർഗത്തിലാണെങ്കിൽ മാത്രം. ആളുകളോട് ഇരക്കുന്നതിൽ നിന്നും രക്ഷനേടൽ ആരാധനയാണ്. അതുകൊണ്ട് തന്നെ ഉപജീവനമാർഗം തേടൽ ആരാധന തന്നെയാണ്. മനുഷ്യനെ ഉത്തമ സ്വഭാവത്തിന് ഉടമയാക്കുകയെന്നതാണ് ആരാധനയുടെ താൽപര്യം.

അധ്വാനത്തിന് പ്രേരിപ്പിക്കുകയും അതിന് വേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രമാണങ്ങളുണ്ട്: “നിങ്ങൾക്കു നാം ഭൂമിയിൽ അധികാരം തരികയും ഉപജീവനമാർഗങ്ങൾ സംവിധാനിക്കുകയും ചെയ്തു. പക്ഷെ, വളരെ കുറച്ചു മാത്രമേ നിങ്ങൾ നന്ദി പ്രകാശിപ്പിക്കുന്നുള്ളൂ”(അഅ്റാഫ്: 10), ദാവൂദ് നബിയെക്കുറിച്ച് അല്ലാഹു പറയുന്നു: “യുദ്ധങ്ങളിൽ നിങ്ങൾക്ക് പ്രതിരോധം നേടാനായി പടയങ്കിയുണ്ടാക്കാൻ അദ്ദേഹത്തെ നാം പഠിപ്പിച്ചു”(അമ്പിയാഅ്: 8), “രോഗാതുരർ, അല്ലാഹുവിന്റെ ഔദാര്യം തേടുന്ന യാത്രക്കാർ, ദൈവമാർഗത്തിൽ പുണ്യസമരം ചെയ്യുന്നവർ എന്നിങ്ങനെ പലരും നിങ്ങളിലുണ്ടാകാമെന്ന് അവന്നറിയാം”(മുസമ്മിൽ: 2), “പകലിനെ നാം ഉപജീവന വേളയാകയും ചെയ്തിരിക്കുന്നു”(നബഅ്: 11).

ഈ സൂക്തങ്ങളും ഇതുപോലെയുള്ള മറ്റനേകം സൂക്തങ്ങളും തൊഴിലിന്റെ പ്രാധാന്യത്തെ സ്ഥാപിക്കുക മാത്രമല്ല അധ്വാനിക്കാനുള്ള മാർഗ്ഗങ്ങൾ മനുഷ്യന് അല്ലാഹു ലളിതമാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നറിയിക്കുക കൂടിയാണ്. തൊഴിൽ ചെയ്യാൻ വേണ്ടി പകൽ സമയം അവൻ പ്രകാശമുള്ളതാക്കി മാറ്റി, രാത്രി വിശ്രമിക്കാനായി ഇരുട്ടുമാക്കി. ഭൂമിയിൽ ഖനികളടക്കം മനുഷ്യന് ജോലിക്കും ജീവിതത്തിനും ആവശ്യമായ എല്ലാം സംവിധാനിച്ചു. മനുഷ്യ ജീവിതത്തിന് അനുയോജ്യമായ രീതിയിലതിനെ വിരിക്കപ്പെട്ട പരവതാനി പോലെയാക്കി. സൽപ്രവർത്തികൾ ചെയ്യാനുള്ള എല്ലാവിധ അവസരങ്ങളുമൊരുക്കി.

പരിശുദ്ധ ഖുർആനിലെ പല സൂക്തങ്ങളിലും “വിശ്വസിക്കുകയും സൽപ്രവർത്തികൾ അനുവർത്തിക്കുകയും ചെയ്യുന്നവരെന്ന്‌” അല്ലാഹു പറയുന്നത് കാണാനാകും. നമ്മെ സംബന്ധിച്ചിടത്തോളം, പ്രാമാണിക തെളിവുകൾ അനിവാര്യമായ ഒന്നാണ്. ഇവിടെ സൽപ്രവർത്തികളെ വിശ്വാസത്തോട് ചേർത്ത് പറഞ്ഞത് അല്ലാഹുവിന്റെ മാർഗം ഉദ്ദേശിച്ചുള്ള ഏതു പ്രവൃത്തിയും അതിന് കീഴിൽ വരുമെന്ന് അറിയിക്കാൻ വേണ്ടി കൂടിയാണ്. അതുകൊണ്ടാണ് പൊതുവായ കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗം തന്നെ ഖുർആൻ നടത്തിയത്. മനുഷ്യൻ അല്ലാഹുവിലും അവന്റെ ദൈവികതയിലും ഏകത്വത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ വഴിയിൽ ഐഹികമോ പാരത്രികമോ ആയ നേട്ടങ്ങൾ കൈവരിക്കാനാകുന്ന പ്രവർത്തികൾ അനുവർത്തിക്കുകയും ചെയ്യുന്ന കാലത്തോളം അവന് അല്ലാഹുവിന്റെ പ്രശംസയും അംഗീകാരവും നേടാനാകും.

ജനപഥത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ രിസാലത്തിനെ മാത്രം അവലംബിക്കാതെ ജോലികൾ കൂടി ചെയ്തവരായിരുന്നു. ജോലിയൊരു ജീവിതോപാധിയായി സ്വീകരിക്കുന്നതിൽ നിന്നും അവരാരും തന്നെ വിട്ടുനിന്നില്ല. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഇതുപോലെ തന്നെയാണ്. പക്ഷി ഒട്ടിയ വയറുമായി രാവിലെ കൂടുവിട്ട്‌ ഇറങ്ങുകയും നിറവയറുമായി വൈകുന്നേരം മടങ്ങി വരികയും ചെയ്യുന്നു. ഉറുമ്പുകൾ എല്ല് മുറിയെ അധ്വാനിച്ച് തങ്ങൾക്ക് വേണ്ട ഭക്ഷണങ്ങൾ സ്വരുക്കൂട്ടി വെക്കുന്നു. അതിനാൽ തന്നെ, ശൈത്യകാലം പണിയെടുക്കാതെ സുഖജീവിതം നയിക്കാൻ അവർക്ക് സാധ്യമാകുന്നു. എല്ലാ സൃഷ്ടിജാലങ്ങളും അധ്വാനിക്കുന്നുണ്ട്. തന്റെ സൃഷ്ടികളെയെല്ലാം അല്ലാഹു അങ്ങനെത്തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

വിശുദ്ധ ഖുർആൻ മാത്രമല്ല അധ്വാനത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഖുർആനിന്റെ ഈ പ്രോത്സാഹനത്തെ ശക്തിപ്പടുത്തുന്ന ഒട്ടനവധി ഹദീസുകളുണ്ട്. അധ്വാനത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഹദീസുകൾ ചെയ്തത്, അതിനപ്പുറം തൊഴിലാളികളെയും അവരുടെ പ്രവർത്തികളെയും പ്രത്യേകം പ്രശംസിക്കുക കൂടി അത് ചെയ്തു. അധ്വാന ശീലമുള്ളതിന്റെ അടയാളമായ ഉരമുള്ള കൈകൾ “അല്ലാഹുവിനും അവന്റെ ദൂതനും ഇഷ്ടപ്പെട്ട കൈകളാണെന്ന്” തിരുനബി(സ്വ) പറഞ്ഞു. തിരുമേനി(സ്വ) അതുമാത്രം പറഞ്ഞു നിർത്തിയില്ല, മറിച്ച് അധ്വാനിക്കാൻ ജനങ്ങളെ നന്നായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രവാചകൻ(സ്വ) പറഞ്ഞു: “ചെയ്യുന്ന പ്രവർത്തി നന്നായി ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം”. മറ്റൊരു അവസരത്തിൽ അവിടുന്ന് പറഞ്ഞു: “ഒരു കയർ തോളിലിട്ട് വിറക് വെട്ടാൻ പോകുന്നതാണ് ആളുകൾ നൽകിയാലും ഇല്ലെങ്കിലും അവരോട് യാചിക്കുന്നതിനേക്കാൾ ഉത്തമം”.

തൊഴിലില്ലായ്മ ഒരു ക്യാൻസർ രോഗം പോലെയാണ്. അത് സമൂഹത്തെ കാർന്നുതിന്നുകയും അതിന്റെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യും. നന്മയെ തടഞ്ഞുവെക്കുകയും അഭിവൃദ്ധിക്കും വളർച്ചക്കും തടസ്സം സൃഷ്ടിക്കുകയും ചെയ്യും. തൊഴിലില്ലായ്മയെയും ഭിക്ഷാടനത്തെയും ഇസ്‌ലാം ഒരുപോലെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതേസമയം, അധ്വാനത്തെയും തൊഴിലിനെയും നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്വഹാബികളും അങ്ങനെത്തന്നെയായിരുന്നു. ‘ഐഹിമകോ പാരത്രികമോ ആയ പ്രവർത്തനങ്ങളിൽ മനുഷ്യർ നിഷ്ക്രിയത്വം കാണിക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല’ എന്ന് മഹാനായ ഉമർ(റ) പറയുമായിരുന്നു. ജീവിതോപാതികൾ തേടിയുള്ള പ്രവർത്തനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നത് പോലെയാക്കുകയും അതുകാരണം പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞ മതമാണ് ഇസ്‌ലാം. നബി(സ്വ) പറഞ്ഞിട്ടുണ്ട്; “പാപങ്ങളിൽ പെട്ട ഒരു പാപമുണ്ട്, അതിനുള്ള പ്രതിവിധി ജീവിതോപാതികൾക്ക് വേണ്ടിയുള്ള പ്രയത്നമാണ്”.

ഇപ്രകാരം ഇസ്‌ലാം അധ്വാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിലേക്കവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തൊഴിലും കച്ചവടവും സുദാര്യമായ രീതിയിൽ നടക്കാൻ ചില നിയമങ്ങളും നിബന്ധനകളും വെച്ചു. ദൈവിക കൽപനകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ സ്വീകാര്യയോഗ്യമല്ല. ഭൂമിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സമാധാനം കെടുത്തുകയും ചെയ്യുന്ന വിധ്വംസക പ്രവർത്തനങ്ങളും അപ്രകാരം തന്നെയാണ്. അധ്വാനത്തിന്റെ പേരിൽ ഒരു മുസ്‌ലിമിനും തന്റെ സഹോദരനെ വഞ്ചിക്കുന്നത് ഭൂഷണമല്ല. തന്റെ കച്ചവട ചിരക്കിൽ വല്ല ന്യൂനതകളുമുണ്ടെങ്കിൽ കച്ചവടക്കാരനത് തുറന്നു പറയണം.

ഇസ്‌ലാം സ്വാതന്ത്ര്യത്തെ കച്ചവടത്തിന്റെ പൂർണ്ണതയാക്കി. ഓരോരുത്തർക്കും അവനവന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അധ്വാനത്തിന്റെ ഓരോ ചെറുതും വലുതുമായ കാര്യങ്ങളെ നിർണ്ണയിക്കാൻ ഇസ്‌ലാം ശ്രമിച്ചില്ല. പകരം, ഇടപാടുകളിൽ പൊതുവായ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി. അത് കൃത്യമായി അനുവർത്തിക്കുന്നവന് സ്വർഗം അടക്കം ഒരുപാട് പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്തു. അതേസമയം, അതിൽ വീഴ്ച വരുത്തുന്നവന് ശക്തമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അല്ലാഹു പറയുന്നു:“അളവിലും തൂക്കത്തിലും കുറവു വരുത്തുന്നവർക്ക്-ആളുകളോട് അളന്നുവാങ്ങുമ്പോൾ മുഴുവനായെടുക്കുകയും അളന്നോ തൂക്കിയോ ആളുകൾക്ക് അങ്ങോട്ട് കൊടുക്കുമ്പോൾ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്-മഹാനാശം!”(മുഥഫിഫീൻ: 1-3). മനുഷ്യൻ സ്വയമൊരു ആത്മനിരീക്ഷകനാവുക. തന്റെ സർവ ചലനങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോരോ ജോലികളിലും സ്വേഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുസ്ലിമിനുമുണ്ട്. അതുതന്നെ, ഇതരരെ ബുദ്ധിമുട്ടിക്കാതെ, അവരുടെ അവകാശങ്ങൾ കവർന്നെടുക്കാതെ ആകണം എന്ന് മാത്രം. കാരണം, അത്തരം വ്യവസ്ഥിതികളെല്ലാം അല്ലാഹുവാണ് സംവിധാനിച്ചത്. അതിൻ്റെ നന്മ, തിന്മ വശങ്ങളെക്കുറിച്ച് ഉത്തമ അറിവുള്ളവനും അവൻ തന്നെയാണ്.

തൊഴിലും സമൂഹ നിർമിതിയുമായി അതിനുള്ള ബന്ധവും

സമൂഹ നിർമിതിയിൽ തൊഴിലിൻ്റെ പ്രാധാന്യം എത്രമാത്രമാണെന്നതിന് നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും. സാമൂഹികമായ നവോത്ഥാനത്തിലും രാജ്യത്തിൻ്റെ അഭിവൃദ്ധിയും തൊഴിൽ വഹിക്കുന്ന പങ്ക് അതിൽ പ്രധാനമാണ്. ഓരോ സമൂഹത്തിൻ്റെയും ഉയർച്ചയിലും വളർച്ചയിലും ജോലിക്ക് വലിയ സ്വാധീനമുണ്ട്. അഭിവൃദ്ധിയെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥമായ പരിശ്രമമാണത്.

ചൂഷണങ്ങളെ നേരിടുന്നതിലും തൊഴിൽ അതിൻ്റേതായ ചുമതല വഹിക്കുന്നുണ്ട്. നിരന്തരമായ തൊഴിൽ ചൂഷണം ഇല്ലാതാക്കുകയും തുടർച്ചയായ കുറ്റകൃത്യങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്തുകയും ചെയ്യുന്നത് പോലെത്തന്നെ സമൂഹത്തിലെ ഓരോ വ്യക്തികൾക്ക് ഇടയിലും പരസ്പര സഹായ, സഹകരണ മനോഭാവം വളർത്തും. സമൂഹത്തിൽ ധാർമ്മികതയും നന്മയോടുള്ള അഭിനിവേശവും സഹവർത്തിത്വവും സഹിഷ്ണുതയും വർധിക്കാൻ തൊഴിലൊരു കാരണമായി വർത്തിക്കും.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള മികച്ച മാർഗങ്ങളിൽ ഒന്നുകൂടിയാണ് തൊഴിൽ. കുറ്റകൃത്യം, കുടുംബ ശിഥിലീകരണം പോലെ സമൂഹത്തെ ദുർബലപ്പെടുത്തതുന്ന ഘടകങ്ങളെയത് പ്രതിരോധിക്കുന്നു. പഠനത്തോടൊപ്പം തന്നെ ബാലവേല ചെയ്യേണ്ടിവരുന്ന പരിതഃസ്ഥിതിയെ അത് ഇല്ലായ്മ ചെയ്യുന്നു. അതിനെല്ലാം പുറമേ രാജ്യത്തിന് സുശക്തമായ സാമ്പത്തിക ഭദ്രത തൊഴിലിലൂടെ നേടിയെടുക്കാനാകും.

സമൂഹത്തിൻ്റെ ഉന്നമനത്തിൻ്റെയും ഉയർച്ചയുടെയും അടിസ്ഥാന ഘടകങ്ങളിലൊന്ന് തൊഴിൽ തന്നെയാണ്. വ്യത്യസ്തമായ തൊഴിലെടുക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സക്രിയവും ചലനാത്മകവുമായ സമൂഹമായിരിക്കുമത്. സ്വന്തത്തെയും സമൂഹത്തെയും ഒരുപോലെ നന്നാക്കിയെടുക്കാൻ പ്രാപ്തരായ ഒരുപാട് വ്യക്തിത്വങ്ങൾ അവരിലുണ്ടാകും. അതുവഴി സ്വയപര്യാപ്തത നേടാൻ ആ സമൂഹത്തിനും സമ്മോഹത്തിലെ ഓരോ വ്യക്തിക്കുമാകും.

ചിന്താപരമായ തൊഴിലും മേൽപറഞ്ഞ തൊഴിലുകളുടെ ഭാഗമാണ്. കലാപരവും നൂതനവുമായ കണ്ടെത്തലുകൾക്ക് അത് ഗുണകരമാകും. പേശീബലവും തൊഴിലിൻ്റെ അടിസ്ഥാനമാണ്. ചലനവും ശരീരം അനങ്ങിയുള്ള അധ്വാനവുമാണ് അതിനാവശ്യം. കച്ചവടം, കൊല്ലപ്പണി പോലെയുള്ള കരവിരുതുകൾ അതിൻ്റെ ഭാഗമാണ്.

പേശീബലത്തെയും ചിന്തയെയും ഒരുമിപ്പിക്കുന്ന തൊഴിലുകളുമുണ്ട്. ഒരേസമയം ശാരീരികമായ അധ്വാനവും ബൗദ്ധികമായ അധ്വാനവും ആവശ്യമായ ജോലികളാണത്. വൈദ്യ ചികിത്സയും എഞ്ചിനീയറിങ്ങും അതിൽ പെട്ടതാണ്.

അതിനെല്ലാം അപ്പുറം അല്ലാഹുവിനോട് അടുക്കാൻ പറ്റിയ ഉദാത്തമായ ആരാധന കൂടിയാണ് തൊഴിൽ. തനിക്കും തൻ്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള അധ്വാനം പ്രതിഫലാർഹമാണ്. സ്വന്തം ജീവിതത്തെ ശക്തിപ്പെടുത്താനും സമൂഹ നിർമിതിയിൽ സംഭാവന നൽകാനും അത് സഹായകമാകുന്നതാണ് കാരണം. ഐഹിക ജീവിതത്തിലെന്ന പോലെ പാരത്രിക ജീവിതത്തിലും അതിന് പ്രതിഫലമുണ്ട്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles