Current Date

Search
Close this search box.
Search
Close this search box.

ജാരിയായ സ്വദഖയും വഖ്ഫും തമ്മിലുള്ള വിത്യാസം

സ്വദഖയുടെ ഭാഷാർത്ഥം: അല്ലാഹുവിനുള്ള ആരാധന എന്ന ഉദ്ദേശത്തോടെ ദരിദ്രർക്ക് നൽകുന്നത്(താജുൽ ഉറൂസ്). അൽമുഫ്റദാത്ത് എന്ന ഗ്രന്ഥത്തിൽ ഇമാം റാഗിബുൽ അസ്ഫഹാനി പറയുന്നു: ഒരു മനുഷ്യൻ സകാത്ത് പോലെ തന്റെ സമ്പാദ്യത്തിൽ നിന്നുമെടുത്ത് നൽകുന്നതിനാണ് സ്വദഖ എന്ന് പറയുന്നത്. അടിസ്ഥാനപരമായി സ്വദഖയെന്നത് സുന്നത്തായൊരു കർമ്മമാണ്, സകാത്ത് നിർബന്ധവുമാണ്. ദാതാവ് തന്റെ ദാനത്തിൽ സത്യസന്ധനാണെങ്കിൽ നിർബന്ധ ദാനങ്ങൾക്കും സ്വദഖ എന്ന പറയാവുന്നതാണ്(1/480, ദാറുൽ ഖലം). ഈയൊരു അർത്ഥത്തിൽ വഖ്ഫിനും ജാരിയായ സ്വദഖക്കും സ്വദഖ എന്ന് തന്നെ പറയാവുന്നതാണ്.

സാങ്കേതികാർത്ഥം: പരലോക നന്മ ഉദ്ദേശിച്ച് പ്രത്യുപകാരം പ്രതീക്ഷിക്കാതെ സമ്പാദ്യത്തിൽ നിന്നും നൽകുന്നതിനാണ് യഥാർത്ഥത്തിൽ നിരുപാധികം സ്വദഖ എന്ന് പറയുന്നത്(ഇമാം നവവി, അൽ-മജ്മൂഅ്, 4/246, അൽ-മുനീരിയ്യ). പൊതുവായ അർത്ഥത്തിൽ സുന്നത്തായ സ്വദഖയും സകാത്ത് പോലെ നിർബന്ധമായ സ്വദഖയും ഇതിൽ ഉൾപെടും. എങ്കിലും നിരുപാധികം സ്വദഖ എന്ന് പറയുമ്പോൾ സുന്നത്തായ സ്വദഖ മാത്രമേ അതിൽ വരൂ എന്നാണ് കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ പക്ഷം(മുഗ്നി മുഹ്താജ്, 4/194, ദാറുൽ കുതുബിൽ ഇൽമിയ്യ).

ഉത്തമമായത് എതിരാണെങ്കിൽ പോലും ആവശ്യക്കാർ അല്ലാത്തവർക്ക് സുന്നത്തായ സ്വദഖ നൽകുന്നത് അനുവദനീയമാണെന്നതിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. എന്നാൽ, പരലോക പ്രതിഫലം ലക്ഷ്യമുണ്ടെങ്കിൽ മാത്രമേ അത് സ്വദഖയായി പരിഗണിക്കൂ. മജ്മൂഅ് എന്ന ഗ്രന്ഥത്തിൽ മഹാനായ ഇമാം നവവി പറയുന്നു: ധനികർക്കും സുന്നത്തായ സ്വദഖ നൽകാമെന്നതിൽ എതിരഭിപ്രായമില്ല. അത് അവർക്ക് നൽകാം എന്ന് മാത്രമല്ല അതിനവർക്ക് പ്രതിഫലവും നൽകപ്പെടും. എങ്കിൽ ആവശ്യക്കാരന് നൽകലാണ് ഉത്തമം(6/236). മുഗ്നിൽ മുഹ്താജിൽ ഇമാം ഖത്തീബ് ശിർബീനി പറയുന്നു: ധനികർക്ക് സ്വദഖ നൽകൽ അനുവദനീയമാണ്. ആരാധനയാണെന്ന ഉദ്ദേശത്തോടെ ആണെങ്കിൽ അതിന് പ്രതിഫലവും നൽകപ്പെടും. പരലോക നന്മയും പ്രതിഫലവും ഉദ്ദേശിക്കാതെ ധനികർക്ക് നൽകുന്നവന്റെ സ്വദഖ ഇതിന് അപവാദമാണ്(3/559). ഗുണമുള്ള എല്ലാ പ്രവർത്തനത്തെക്കുറിച്ചും സ്വദഖയെന്ന് നിരുപാധികം പറയാം. പ്രവാചകൻ(സ്വ) പറയുന്നു: “എല്ലാ നന്മയും സ്വദഖയാണ്’. മജ്മൂഇൽ ഇമാം നവവി രേഖപ്പെടുത്തുന്നു: പരലോക നന്മ കാംക്ഷിച്ച് സമ്പാദ്യത്തിൽ നിന്ന് നൽകുന്നതിനാണ് യഥാർത്ഥത്തൽ സ്വദഖ എന്ന് പറയുന്നത്. അതെല്ലാത്തതിനും സ്വദഖയെന്നത് നിരുപാധികം പറയാവുന്നതാണ്(6/246).

സുന്നത്തായ സ്വദഖയെ രണ്ടായി തരം തിരിക്കാം; മുറിഞ്ഞു പോകുന്ന സ്വദഖയാണ് അതിൽ ഒന്നാമത്തേത്. വസ്തുവും അതിന്റെ ഉപകാരവും സ്വദഖ നൽകപ്പെടുന്നതോടെ തീർന്നുപോകുന്നതാണത്. അതിന്റെ ഉപകാരം നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും. ആ സമയം തീരുന്നതോടെ ആ സ്വദഖയും അവസാനിക്കും. ജാരിയായ സ്വദഖയാണ് രണ്ടാമത്തേത്. അത് മനുഷ്യന്റെ ജീവിത കാലത്തും മരണശേഷവും അവന് പ്രതിഫലം നേടിത്തരുന്ന സ്വദഖയാണ്. നൽകപ്പെടുന്ന വസ്തു അവശേഷിക്കുമെന്ന് മാത്രമല്ല, അതിൽ നിന്ന് ഉപകാരമെടുക്കാമെങ്കിലും കച്ചവടം നടത്തലോ വെറുതെ നൽകലോ അനുവദനീയമല്ല. അത് നൽകപ്പെട്ടത് മുതൽ അത് നിലനിൽക്കുന്ന കാലത്തോളം അതിൽ നിന്ന് ലഭിക്കുന്ന ലാഭമെല്ലാം അത് ദാനമായി നൽകപ്പെട്ടവനുള്ളതാണ്. അത് ദാതാവ് തന്റെ ജീവിത കാലത്ത് നൽകിയതാണെങ്കിലും(വഖ്ഫ് പോലെ) മരണശേഷം നൽകിയതാണെങ്കിലും(വസ്വിയത്ത് എഴുതിവെച്ചത് പോലെ).

ജാരിയായ സ്വദഖയുടെ നിയമവൽകരണത്തിന്റെ അടിസ്ഥാനം ഇബ്നു ഉമറി(റ)നെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണ്; ഉമറു ബ്നു ഖത്താബി(റ)ന് ഖൈബറിൽ വെച്ച് ഒരു ഭൂമി ലഭിച്ചു. ഒരിക്കൽ നബി(സ്വ)ക്ക് അരികിൽ വന്നു മഹാൻ അതിനെക്കുറിച്ച് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഖൈബറിൽ വെച്ച് എനിക്ക് ഒരു ഭൂമി ലഭിച്ചു. ഞാൻ അതിൽ നിന്നൊന്നും സമ്പാദ്യമായി എടുത്തിട്ടില്ല. ഞാൻ അതെന്താണ് ചെയ്യേണ്ടത്? നബി(സ്വ) പറഞ്ഞു: “നിനക്ക് വേണമെങ്കിൽ അത് സ്വന്തമാക്കി വെക്കാം അല്ലെങ്കിൽ സ്വദഖ ചെയ്യാം’ ഇബ്നു ഉമർ(റ): ഉമർ(റ) ഉടനെ അത് സ്വദഖ ചെയ്തു. അത് വിൽക്കുകയോ വെറുതെ നൽകുകയോ അനന്തരസ്വത്തായി കരുതിവെക്കുകയോ ചെയ്തില്ല. പകരം ദരിദ്രർക്കും അടുത്ത കുടുംബക്കാരിൽ നിന്ന് പാവപ്പെട്ടവർക്കും അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്നവർക്കും അതിൽ നിന്ന് നന്മയെടുക്കാനും ഭക്ഷിക്കാനും അദ്ദേഹം സ്വദഖയായി നൽകി(ബുഖാരി, മുസ്ലിം).

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. ഇബ്നു ഉമർ(റ) ഉദ്ധരിക്കുന്നു: പ്രവാചകരുടെ കാലത്ത് ഉമർ(റ) തന്റെ സമ്പത്തിൽ നിന്നും സ്വദഖ നൽകി. നബി(സ്വ)ക്കരികിൽ വന്ന് ഉമർ(റ) പറഞ്ഞു: അല്ലാഹിന്റെ ദൂതരെ, എന്റെ അരികിൽ ഞാൻ മൂല്യം കൽപിക്കുന്ന കുറച്ച് സമ്പാദ്യമുണ്ട്. ഞാനത് സ്വദഖ ചെയ്യാൻ ഉദ്ദേശിക്കുന്നു. നബി(സ്വ) മറുപടി പറഞ്ഞു: “അടിസ്ഥാനപരമായി അത് സ്വദഖ ചെയ്യുക. അത് വിൽക്കുകയോ സൗജന്യമായി നൽകുകയോ അനന്തരസ്വത്തായി കരുതിവെക്കുകയോ ചെയ്യാതിരിക്കുക. അതിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ ചെലവഴിക്കുക’. ഉമർ(റ) അത് സ്വദഖ ചെയ്തു. വഴിയാത്രക്കാർ, കുടുംബത്തിലെ പാവപ്പെട്ടവർ, ദരിദ്രർ, അതിഥികൾ, യുദ്ധം ചെയ്യുന്നവർ എന്നിവർക്കായി അദ്ദേഹമത് സ്വദഖ ചെയ്തു. അവർക്കതിൽ നിന്ന് യഥേഷ്ടം നന്മയെടുക്കുകയോ ഭക്ഷിക്കുകയോ ആവാം(ബുഖാരി). അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) അരുൾ ചെയ്തു: “മനുഷ്യൻ മരിച്ചാൽ അവന്റെ പ്രവർത്തനങ്ങളെല്ലാം അവനെത്തൊട്ട് മുറിഞ്ഞുപോകും, മൂന്ന് കാര്യങ്ങളൊഴികെ; സ്വദഖ ജാരിയ, ഉപകാരപ്രദമായ അറിവ്, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽവൃത്തനായ മക്കൾ എന്നിവായണത്'(മുസ്ലിം). ഖവാഇദുൽ അഹ്കാം എന്ന ഗ്രന്ഥത്തിൽ ഇസ്സു ബ്നു അബ്ദുസ്സലാം പറയുന്നു: വഖ്ഫും വസ്വിയ്യത്തും ജാരിയായ സ്വദഖയിൽ പെടും. ആ വീടും തോട്ടങ്ങളിലെ ഫലങ്ങളും കാലാകാലം ഉപകാരപ്രദമായി ഉപയോഗപ്പെടുത്താം. അതെല്ലാം നൽകപ്പെട്ടവന്റെ സമ്പാദ്യമാണ്. അതിൽ നിന്ന് കൂടുതൽ സമ്പാദിക്കാവുന്നതുമാണ്.

വഖ്ഫിന്റെ ഭാഷാർത്ഥം: പിടിച്ചുവെക്കൽ. സാങ്കേതികാർത്ഥം: ഉപകാരമെടുക്കാൻ സാധ്യമാകുന്ന മുതലിനെ അതിന്റെ പദാർത്ഥത്തോടു കൂടെ കൈമാറ്റത്തിനോ ഇടപാടിനോ അനുവദിക്കാതെ പിടിച്ചുവെക്കലാണ് വഖ്ഫ്(ഗായത്തുൽ ബയാൻ ശറഹു സുബദ്, ഇമാം റംലി, ദാറുൽ മഅ്രിഫ, പേ.230). ഹാഷിയത്തു ശിൽബി അൽ-ഹനഫി അലാ തബിയീനിൽ ഹഖാഇഖിൽ വഖ്ഫിന് നൽകുന്ന നിർവചനം ഇങ്ങനെയാണ്: വഖ്ഫ് ചെയ്യുന്നയാളുടെ ഉടമസ്ഥതിയിലായി സമ്പത്ത് പിടിച്ചുവെക്കുകയും അതിന്റെ ഉപകാരം സ്വദഖ ചെയ്യുകയോ ഇഷ്ടക്കാരിലേക്ക് ചെലവഴിക്കുകയോ ചെയ്യുക. ഇമാം അബൂ ഹനീഫ, അബൂ യൂസുഫ്, മുഹമ്മദ് എന്നിവരുടെ അഭിപ്രായ പ്രകാരം അതിന്റെ ഉടമസ്ഥത അല്ലാഹുവിന് മാത്രമായിരിക്കും. ഉപകാരത്തെ ഇടപാട് നടത്താമെന്ന് പറഞ്ഞത്; ആരാധനയെന്ന ഉദ്ദേശമില്ലാതെ ധനികരായ ആളുകളിലേക്ക് അത് നൽകാവുന്നതാണ്(ദാറുൽ കുതുബിൽ ഇസ്ലാമി, 3/324).

വസ്വിയ്യത്തിന്റെ ഭാഷാർത്ഥം: ഒരു വസ്തുവിനെ മറ്റൊന്നുമായി ചേർത്തു എന്ന് അർത്ഥമുള്ള വസ്വയ്ത്തു ശയ്അ ബിശയ്ഇ ഉൗസീഹി എന്നതിൽ നിന്നാണ് വിസ്വിയ്യത്ത് എന്നത് വരുന്നത്. ഒരുത്തനിലേക്ക് ധനം ചേർത്തു എന്ന് പറഞ്ഞാൽ അത് അവന്റേതാക്കി നൽകി എന്നാണ് അർത്ഥം(അൽമിസ്ബാഹുൽ മുനീർ ലിൽഫയൂമി, മക്തബുൽ ഇൽമിയ്യ, 2/662). സാങ്കേതികാർത്ഥം: മരണാന്തരം ഒരു കാര്യത്തെ സൗജന്യമായ മാർഗത്തിലൂടെ ഏൽപിച്ചുകൊടുക്കലാണ്. അത് വസ്തുവായിട്ടുമാകാം അതല്ലെങ്കിൽ വസ്തുവിന്റെ ഉപകാരമെടുക്കൽ മാത്രമായിട്ടുമാകാം(തബിയീനുൽ ഹഖാഇഖ്, ഇമാം സയ്ൽഇൗ, ദാറുൽ കിതാബിൽ ഇസ്ലാമി, 6/182), (അൽ-ബഹ്റുറാഇഖ്, ഇബ്നു നജീം, ദാറുൽ കിതാബിൽ ഇസ്ലാമി, 8/459).

ഉപകാരം: ഒരു വസ്തു ഉപയോഗിക്കുന്നത് കൊണ്ട് കരസ്ഥമാകുന്ന നേട്ടങ്ങളാണത്. വീട്ടിൽ താമസിക്കുക, മൃഗത്തെ വാഹനമായി ഉപയോഗിക്കുക എന്നിവ പോലെ(ദുററുൽ ഹുക്കാം ശറഹു മജല്ലത്തിൽ അഹ്കാം, അലി ഹയ്ദർ, ദാറുൽ ജീൽ, 1/115).

മേൽപറഞ്ഞ ഹദീസിലെ സ്വദഖ ജാരിയ എന്ന പൊതുവായ ഭാഷ്യത്തിൽ ഗുണപരമായ പ്രവർത്തനങ്ങളെയെല്ലാം ഉൾകൊള്ളുന്നുവെങ്കിലും വഖ്ഫാണ് അതിന്റെ യഥാർത്ഥ ലക്ഷ്യമെന്നാണ് ബഹുഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. പൊതുവായ പ്രയോഗത്തിലൂടെ പ്രത്യേകമായതിന് ഉദ്ദേശിക്കുന്ന ശൈലിയാണ് അതിൽ ഉപയോഗിച്ചത്. ഉപകാരമെടുക്കാമെന്ന് വസ്വിയത്ത് പോലെ മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന വേറെയും പ്രവർത്തനങ്ങളുണ്ടെന്നതിൽ അവർക്കിടയിൽ രണ്ടഭിപ്രായമില്ലെങ്കിലും അവരുടെ അടുക്കൽ സ്വദഖ ജാരിയ എന്നത് വഖ്ഫ് തന്നെയാണ്. വസ്വിയ്യത്തിനും അത് ഉപയോഗിക്കാമോ എന്ന ചർച്ചയിൽ നിന്ന് തന്നെ അവർ അകലം പാലിക്കുകയും ചെയ്യുന്നു. മുഗ്നിൽ മുഹ്താജിൽ ഖത്തീബ് ശിർബീനി പറയുന്നു: ഇമാം റാഫി പറയുന്നത് പോലെത്തന്നെ സ്വദഖ ജാരിയ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം വഖ്ഫ് ആണെന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അതല്ലാത്ത സ്വദഖകളൊന്നും തന്നെ ജാരിയായവയല്ല. എങ്കിലും സ്വദഖ നൽകപ്പെട്ടവന് ആ വസ്തുവോ അല്ലെങ്കിൽ അതിന്റെ ഉപകാരമോ നശിക്കാത്ത കാലത്തോളം സ്വീകരിക്കാവുന്നതാണ്. ഉപകാരമെടുക്കാമെന്ന വസ്വിയത്തിനെ മേൽപറഞ്ഞ ഹദീസ് ഉൾകൊള്ളുന്നുവെങ്കിലും അത് വളരെ വിരളമാണ്. അതിനാൽ തന്നെ ഹദീസിൽ പറഞ്ഞ സ്വദഖയെ വഖ്ഫിന്റെ മേൽ ചുമത്തലാണ് ഉചിതം(3/523).

എന്നാൽ ശാഫി മദ്ഹബിലെ പിൻകാല പണ്ഡിതന്മാരെ സംബന്ധിച്ചെടുത്തോളം, അവർ അതിനെ നിരുപാധികം അംഗീകരിക്കുന്നില്ല. അവരതിനെ കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കുന്നു. വഖ്ഫല്ലാത്ത സ്വദഖകളൊന്നും ജാരിയായവയിൽ പെടില്ലെന്ന് അവർ ഉറപ്പിച്ച് പറയുന്നില്ല. പകരം മറ്റു ഹദീസുകളും അവർ അവലംബമായി ഉപയോഗിക്കുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു; മഹാൻ പറഞ്ഞു: നബി(സ്വ) അരുൾ ചെയ്തു: “ഒരു വിശ്വാസിയുടെ മരണശേഷം അവനോട് ചേരുന്ന പ്രവർത്തനങ്ങളിലും നന്മകളിലും പെട്ടവ: പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അറിവ്, സ്വാലിഹായ സന്താനം, അനന്തരമായി നൽകിയ മുസ്വ്ഹഫ്, അവൻ നിർമിച്ച മസ്ജിദ്, വഴിയാത്രക്കാർക്ക് നിർമിച്ച വീട്, അവൻ ഉണ്ടാക്കിയ നദി, അവന്റെ സമ്പാദ്യത്തിൽ നിന്നും ജീവിതകാലത്ത് അവൻ ചെലവഴിച്ചത് ഇവയെല്ലാം മരണശേഷം അവനോട് ചേരുന്നതാണ്'(ഇബ്നു മാജ). അനസ്(റ) പറയുന്നു: നബി(സ്വ) അരുൾ ചെയ്തു: “ഒരു മനുഷ്യന് മരണശേഷം അവന്റെ ഖബറിലേക്ക് ഏഴ് കാര്യങ്ങളുടെ പ്രതിഫലം എത്തുന്നതാണ്: പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അറിവ്, ഒഴുക്കിയ നദി, കുഴിച്ച കിണർ, നട്ട ഇൗന്തപ്പന, നിർമിച്ച മസ്ജിദ്, അനന്തരമായി ഉപേക്ഷിച്ച മുസ്വ്ഹഫ്, മരണശേഷവും തനിക്ക് വേണ്ടി പാപമോചനം തേടുന്നേ സൽവൃത്തനായ പുത്രൻ’.

ഫയ്ളുൽ ഖദീർ എന്ന ഗ്രന്ഥത്തിൽ അൽ-ഹാഫിളുൽ മുനാവീ പറയുന്നു: നട്ട ഇൗന്തപ്പന എന്നതു കൊണ്ടുള്ള ഉദ്ദേശ്യം അതിന്റെ ഫലം വഖ്ഫായോ അല്ലാതെയോ സ്വദഖ ചെയ്യുകയെന്നതാണ്. ഇമാം ബയ്ഹഖി പറയുന്നു: ഇൗയൊരു ഹദീസ് ആദം സന്തതി മരിച്ചുപോകും നേരം മൂന്ന് പ്രവർത്തനമല്ലാത്തതെല്ലാം അവനെ വിട്ടുപോകുമെന്ന ഹദീസിനോട് വൈരുദ്ധ്യമാകുന്നില്ല. കാരണം, അതിൽ പറഞ്ഞ സ്വദഖ ജാരിയയെ ഇൗ പറഞ്ഞതെല്ലാം ഉൾകൊള്ളുന്നുണ്ട്(അൽമക്തബുത്തിജാരിയ്യത്തുൽ കുബ്റാ, 4/87).

മേൽപറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്, സ്വദഖ ജാരിയ എന്നത് വഖ്ഫ് എന്ന ഉദ്ദേശത്തെക്കാൾ പൊതുവായ ഉദ്ദേശമുള്ളതാണ്. കാരണം, ഉപകാരമെടുക്കാൻ പറഞ്ഞുള്ള വസ്വിയ്യത്തും അതിൽ പെടുന്നതാണ്. എങ്കിലും, സ്വദഖ ജാരിയ എന്നത് വഖ്ഫിനെ പ്രത്യേകമാക്കി പറഞ്ഞതാണെന്നതാണ് പണ്ഡിത പക്ഷം. വഖ്ഫല്ലാത്ത സ്വദഖകളൊന്നും തന്നെ നിരുപാധികം സ്വദഖ ജാരിയ എന്ന് പറഞ്ഞതിൽ ഉൾപെടില്ല. പൊതുവായ അർത്ഥത്തിലാണോ അതോ പ്രത്യേകമായ അർത്ഥത്തിലാണോ ഹദീസിൽ ജാരിയായ സ്വദഖ ഉപയോഗിച്ചത് എന്നതു അടിസ്ഥാനപ്പെടുത്തിയാണ് അവരത് പറഞ്ഞത്, അവരുടെ അടുക്കൽ അത് പ്രത്യേകമായ അർത്ഥത്തിലുള്ളതാണ് താനും. എന്നാൽ, പിൻകാല പണ്ഡിതന്മാർ അതിന് പൊതുവായ അർത്ഥമാണ് നൽകുന്നത്. സാഹചര്യ തെളിവുകൾ വെച്ച് അതാണ് അടിസ്ഥാനമെന്നാണ് അവരുടെ അഭിപ്രായം. അപ്പോൾ വസ്വിയത്തും സ്വദഖ ജാരിയയുടെ ഭാഗമായി വരും. അത് സ്വദഖയാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. വഖ്ഫ് പോലെത്തന്നെ അതിന്റെ പ്രതിഫലവും മനുഷ്യന് ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവാണ് ഏറ്റം അറിയുന്നവൻ.

 

അവലംബം: islamonline.net

Related Articles