Current Date

Search
Close this search box.
Search
Close this search box.

ഇടപാടുകളിലെ വിശ്വാസവും ഉത്തരവാദിത്തവും

കര്‍മശാസ്ത്രത്തിലെ ഇടപാടുകളില്‍ പണത്തിന് വലിയ സ്വാധീനമുണ്ട്. പൊതുവെ രണ്ട് രീതിയിലാണത്: വിശ്വസ്ഥതയും ഉറപ്പും. നാലിനങ്ങളിലായി അതിനെ വിശദീകരിക്കാം:

1. ഉടമസ്ഥത

ഓരോ മനുഷ്യനും തന്റെയടുക്കല്‍ ഉടമപ്പെടുത്തിയിരിക്കുന്ന സമ്പത്തിന്റെ അധികാരവും ഉടമസ്ഥതയും അവന് തന്നെയാണ്. ശരീഅത്തിന്റെ വീക്ഷണപ്രകാരം മൂന്ന് രീതിയിലൂടെയാണ് ഉടമസ്ഥാവകാശം സ്ഥിരപ്പെടുക:

1 സ്വന്തമായൊരു താല്‍പര്യമോ അധ്വാനമോ ഇല്ലാതെ ഉടമപ്പെടുത്തുന്ന സമ്പാദ്യം. അനന്തരസ്വത്ത് അതിനൊരു ഉദാഹരണമാണ്. അനന്തരമെടുക്കപ്പെടുന്നവന്റെയോ അനന്തരാവകാശിയുടെയോ അധ്വാനമോ തൃപ്തിയോ അതില്‍ നിബന്ധനയല്ല. അത് അല്ലാഹുവിന്റെ തീരുമാനമാണ്. അതില്‍ കൈകടത്തലുകള്‍ നടത്താന്‍ മനുഷ്യന് അധികാരമില്ല. ഒരു വ്യക്തിക്ക് അധ്വാനമില്ലാതെത്തന്നെ ലഭിക്കുന്ന സമ്പത്തില്‍ പെട്ടതാണ് സ്വദഖയും വസ്വിയത്തും.

2- ഒരു വ്യക്തിക്ക് അധ്വാനം കൊണ്ട് മാത്രം ഉടമപ്പെടുത്താനാകുന്നത്. മുമ്പ് മറ്റൊരാളും ഉടമപ്പെടുത്തിയിട്ടില്ലാത്ത അവസ്ഥയില്‍ അനുവദനീയമായ രീതിയിലൂടെ ആകുമ്പോള്‍ മാത്രമാണ് അത് കരസ്ഥമാകുന്നത്. ഒഴിഞ്ഞ് കിടക്കുന്ന ഭൂമി പുനരുജ്ജീവിപ്പിക്കുന്നത് പോലെ. കരയില്‍നിന്നും കടലില്‍നിന്നും വേട്ടയാടി പിടിക്കുന്നത് പോല. ഭരണാധികാരി അനുവദീനീയമാക്കിത്തരുന്നവയും അതിന്റെ ഭാഗം തന്നെയാണ്. അതിലും അനുവദനീയമായ ഇടപാടുകള്‍ നടത്താം.

3- സ്വന്തം അധ്വാനം കൊണ്ടും പ്രീതിയാലും ഉടമപ്പെടുത്തുന്നവയാണ് മൂന്നാമത്തേത്. ഉടമസ്ഥാവകാശത്തിന്റെ വഴിയാണ് ഈ ഇടപാട് സാധ്യമാകുന്നത്. കച്ചവടത്തില്‍ സര്‍വസാധാരണയായത് പോലെ. ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ രീതിയാണിത്.
മേല്‍പറഞ്ഞ മൂന്ന് രീതികളിലൂടെയും ഒരാള്‍ ഒരുവസ്തുവിന് മേല്‍ ഉടമസ്ഥാവകാശം നേടിയെടുക്കുന്നുവെങ്കില്‍ അതിന്റെ പൂര്‍ണാവകാശം അവന് തന്നെയായിരിക്കും. ബുദ്ധിമാന്ദ്യം സംഭവിക്കല്‍, പൊട്ടനാവല്‍, കുട്ടിയായിരിക്കല്‍, ജപ്തി ചെയ്യപ്പെടല്‍, മറ്റുള്ളവരെ പ്രയാസപ്പെടുത്തല്‍ തുടങ്ങി ശരീഅത്തിന് വിരുദ്ധമായ അവസ്ഥാവിശേഷം നിലനില്‍ക്കാത്ത കാലത്തോളം അതില്‍ സ്വതന്ത്രമായി ഇടപെടലുകള്‍ നടത്താന്‍ അവന്‍ അര്‍ഹനായിരിക്കും.

2. വിശ്വസ്ഥത

തന്റെ സമ്മത പ്രകാരം തന്നെ ഇടപാട് നടത്താന്‍ അനുവാദം നല്‍കി തന്റെ ഉടമസ്ഥതയിലുള്ള വസ്തു ഒരു വ്യക്തി മറ്റൊരാളെ ഏല്‍പിക്കുന്നതാണ് അമാനത്ത്. ആ സമ്പത്തില്‍ ക്രയവിക്രയം നടത്താനും ഉപകാരപ്രദമായ മറ്റു ഇടപാടുകള്‍ നടത്താനും വിശ്വാസപൂര്‍വം ഏല്‍പിക്കപ്പെട്ട വ്യക്തിക്ക് അതില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. ഇബ്‌നു അറബി അമാനത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അമാനത്തിന്റെ വിഷയത്തില്‍ ആളുകള്‍ ഭിന്നാഭിപ്രായക്കാരാണ്. തന്റെ കൂട്ടുകാരന്റെ സമ്മതപ്രകാരം സ്വീകരിക്കുന്നതെല്ലാം അമാനത്താണെന്ന് പറയുന്നവരുണ്ട്. തന്റെ കൂട്ടുകാരന്റെ സമ്മതപ്രകാരം ഉപകാരപ്രദമായ വഴിയിലുപയോഗിക്കാന്‍ സ്വീകരിക്കുന്നതെല്ലാം അമാനത്താണെന്നാണ് മറ്റു ചിലരുടെ വിശദീകരണം. അവ രണ്ടും അമാനത്ത് തന്നെയാണ്. നാശത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടതെന്നതാണ് അമാനത്തിന്റെ പദാര്‍ഥം.(1)

മതപരവും നിയമപരവുമായ വിശ്വാസ്യത എതിര്‍ക്കപ്പെടേണ്ടതല്ല

സ്വന്തമായ അതിക്രമത്താലോ വീഴ്ചയാലോ സംഭവിച്ചാലല്ലാതെ വിശ്വാസപൂര്‍വം ഏല്‍പിക്കപ്പെട്ട കാര്യത്തില്‍ ഒരു വ്യക്തിക്കുമേല്‍ ഉത്തരവാദിത്തം(തള്മീന്‍) ചുമത്തേണ്ടതില്ല. ഏല്‍പിക്കപ്പെട്ട വ്യക്തിയുടെ കാരണത്താലല്ലാതെ സംഭവിച്ച ന്യൂനതകളെല്ലാം ശരിയായ ഉടമസ്ഥന്റെ ഭാഗത്ത് നിന്ന് തന്നെ സംഭവിച്ചത് പോലെയാണ് കണക്കാക്കപ്പെടുക. അഥവാ, ഏല്‍പിക്കപ്പെട്ട വ്യക്തി അതിന് ഉത്തരവാദിയാകില്ലെന്നര്‍ഥം. ശരീഅത്തിനതില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്: ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവന്റെ സമ്പാദ്യത്തില്‍ നന്നും പിഴയായി സ്വീകരിക്കുന്നതിനുള്ള നിയമപരമായ വിധിയാണ് തള്മീന്‍. അവനില്‍ നിന്ന് പിഴയായി പിടിക്കണമെങ്കില്‍ അതിന് ശറഇയ്യായ തെളിവു കൂടി അനിവാര്യമാണ്.(2)

ഒരു വ്യക്തി നോര്‍മല്‍ രീതിയില്‍ ഒരു കാര്‍ വാടകക്കെടുക്കുകയും യഥാവിധി ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കെ അതിനു വല്ല കേടുപാടുകളും സംഭവിച്ചാല്‍ അവനതിന് ഉത്തരവാദിയാവുകയില്ല. കാരണം, ഉടമസ്ഥന്റെ സമ്മതം ലഭിച്ചതിന് ശേഷം ശരീഅത്ത് അനുവദിച്ച അതുപയോഗിക്കാന്‍ അവന് അനുവാദമുണ്ട്. ആ വീഴ്ച വാടകക്ക് കൊടുത്ത വ്യക്തിയില്‍ നിന്നും സംഭവിച്ചതു പോലെത്തന്നെയാണ് കണക്കാക്കപ്പെടുക. വാടകക്കെടുത്തവന്റെമേല്‍ ഉത്തരവാദിത്തം ചുമത്താന്‍ പാടില്ല. ഇത്തരം വിഷയങ്ങളില്‍ കര്‍മശാസ്ത്രം ചില നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്:

1- വാടകക്കെടുത്ത വ്യക്തി അതിന് ഉത്തരവാദിയാകില്ല.
2- വിശ്വസ്തതയോടെ ഏല്‍പിക്കപ്പെട്ട വ്യക്തിയും ഉത്തരവാദിയാകില്ല. ഇവ്വിഷയകമായി വന്ന ഹദീസ് ബലഹീനമാണെങ്കിലും പ്രയോഗത്തില്‍ അത് ഉപയോഗിക്കാവുന്നതാണ്.
3- ഒരു വസ്തുവിലുള്ള തൃപ്തിയെന്നത് അതില്‍ സംഭവിക്കുന്ന കാര്യങ്ങളിലുള്ള തൃപ്തിയെയും സാധൂകരിക്കുന്നുണ്ട്.
മുളാറബത്ത്, കൂറുകച്ചവടം, വഖ്ഫ്, വദീഅത്ത്, വാടക, വകാലത്ത്, വസ്വിയത് തുടങ്ങിയ ഇടപാടിലെല്ലാം അമാനത്ത് വരുന്നതാണ്.

വിശ്വസ്തതയോടെ ഏല്‍പിക്കപ്പെട്ടവന്‍ ഉത്തരവാദിയാകുന്നതെപ്പോള്‍?

1- ധനത്തിനുമേല്‍ അതിക്രമം കാണിച്ചു, നിര്‍ണയിക്കപ്പെട്ട പിരിതി കടന്നു തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അമീന്‍(വിശ്വസ്തതയോടെ ഏല്‍പ്പിക്കപ്പെട്ടവന്‍) ഉത്തരവാദിയാകുന്നതാണ്. ഒരാള്‍ വാടകക്കെടുത്ത വാഹനം അനുവാദം നല്‍കപ്പെടാത്ത രീതിയില്‍ ഉപയോഗിക്കുന്നത് പോലെയാണത്. ആ വാഹനത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ചുമട് ഏറ്റി വാഹനം നശിച്ചാല്‍ അവനതിന് ഉത്തരവാദിയാകും.

2- ധന സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഉത്തരവാദിയാകാന്‍ കാരണമാക്കും. താന്‍ ഏല്‍പ്പിക്കപ്പെട്ട സമ്പത്ത് അനുചിതമായ സ്ഥലത്ത് ഉപേക്ഷിച്ചിടുന്നത് പോലെയോ വിശ്വസ്ഥനല്ലാത്തവന്റെ കൈവശം ഏല്‍പ്പിക്കുകയോ ചെയ്യുന്നത് പോലെ. ഒരു വസ്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട വ്യക്തി അത് പരസ്യമാക്കിവെക്കുകയും അങ്ങനെയത് മോഷ്ടിക്കപ്പെടുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം അവന്‍ തന്നെ ഏറ്റെടുക്കേണ്ടിവരും.

3- അശ്രദ്ധമൂലം നശിക്കുക. വിശ്വസ്ഥത അടിസ്ഥാനമായതെല്ലാം അശ്രദ്ധമൂലം നശിച്ചു കഴിഞ്ഞാല്‍ ആരുടെ അടുക്കല്‍ നിന്നാണോ അത് നശിച്ചത് അവന്റെമേലത് കടമായി ഭവിക്കും.(3) അശ്രദ്ധമൂലം നശിച്ചാല്‍ അമീന്‍ ഉത്തരവാദിയാകുമെന്ന് തന്നെയാണ് ഹനഫി കര്‍മശാസ്ത്ര വിശാരദന്മാരുടെയും അഭിപ്രായം.(4)

3. ഉത്തരവാദിത്തം(ഉത്തരവാദിത്തത്തോടു കൂടെയുള്ള വിശ്വസ്ഥത)

ഏല്‍പ്പിക്കപ്പെടുന്ന വസ്തു കൈവശം വെക്കാനുള്ള ചുമതലയാണത്. എന്തെങ്കിലും സാമൂഹിക നന്മക്ക് വേണ്ടിയുള്ള സൂക്ഷിപ്പും അതില്‍ പെടുന്നതാണ്.(5) കച്ചവടക്കാരനും ഉപഭോക്താവും തമ്മിലുള്ള ഇടപാട് അതിനുദാഹരണമാണ്. പണയം നല്‍കുന്നവനും കടം നല്‍കുന്നവനും സാമൂഹിക നന്മക്ക് വേണ്ടി സൂക്ഷിപ്പ് നടത്തുന്നവരാണ്.

ഉത്തരവാദി:
ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട ഏതൊരു വസ്തുവും നശിക്കുകയോ മറ്റെന്തെങ്കിലും വീഴ്ച സംഭവിക്കുകയോ ചെയ്താല്‍ അതേല്‍പ്പിക്കപ്പെട്ടവന്‍ അതിന് ഉത്തരവാദിയാകുന്നതാണ്. നാശം സംഭവിച്ചേക്കാവും കാരണങ്ങളെത്തൊട്ട് കണ്ണടച്ചുകളഞ്ഞതാണ് അതിന് കാരണം.

4. അതിക്രമം/ കൈകടത്തല്‍

മറ്റൊരു സമ്മതമില്ലാതെ അവന്റെ മുതല്‍ കൈവശമാക്കാന്‍ ശ്രമിക്കുന്ന നീച പ്രവര്‍ത്തിയാണിത്. അക്രമം ബലവും പ്രയോഗിച്ചാണ് അവനതിനുമേല്‍ അധികാരം ചെലുത്തുന്നത്. മോഷണം, കൊള്ള പോലെ അതിനൊരുപാട് ഉദാഹരണങ്ങളുണ്ട്. സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വസ്തു നിഷേധിക്കുക, ചിരക്കുകളും വാഹനങ്ങളും മോഷ്ടിക്കും, ഭൂമി കൈയേറ്റം നടത്തുക, ഡാറ്റ മോഷണം, കമ്പനികളുടെ പേരുകളും മോട്ടോകളും കണ്ടുപിടുത്തങ്ങളും കവര്‍ന്നെടുക്കുക എന്നിവയും അതില്‍പെടും.

അതിക്രമത്തിന്റെ വിധി

മറ്റൊരുത്തന്റെ അവകാശത്തിനുമേല്‍ അതിക്രമച്ചു കടക്കല്‍ കുറ്റമാണ്. അതവനെ ശിക്ഷക്ക് വിധേയനാക്കും. അതില്‍പെട്ട ചില ശിക്ഷകള്‍:
1- ഭരണാധികാരിയാല്‍ ചുമത്തപ്പെടുന്ന ശിക്ഷ
2- എത്ര വിലകൊടുത്തായാലും ഉടമസ്ഥന് അവന്റെ അവകാശം തിരികെ നല്‍കാനുള്ള ബാധ്യത.
3- നാശനഷ്ടത്തിനുള്ള പിഴ
4- ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് നല്‍കാനുള്ള ബാധ്യത.
അതിക്രമം കാണിച്ചവന് നല്‍കേണ്ടി ശിക്ഷകളെക്കുറിച്ചെല്ലാം കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇടപാടുകളില്‍ സംഭവിക്കുന്ന ഏറ്റവും മോശപ്പെട്ട രീതിയാണിത്.

അവലംബം:
1 അഹ്കാമുല്‍ഖുര്‍ആന്‍: 1/571.
2 അസ്സയ്‌ലുല്‍ജിറാറുല്‍ മുതദഫിഖ് അലാ ഹദാഇഖില്‍അസ്ഹാര്‍: 3/201.
3- അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ: 28/260.
4- അല്‍മബ്‌സൂത്വ്: 19/19.
5 ശറഹു മുഖ്തസറു ഖലീല്‍: 5/30.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles