Current Date

Search
Close this search box.
Search
Close this search box.

തൊഴിലാളിയുടെ അവകാശങ്ങള്‍

സമൂഹത്തിലെ ഓരോ വ്യക്തിയുടെതും സംരക്ഷിച്ചതു പോലെ തൊഴിലാളികളുടെ അവകാശങ്ങളും ഇസ്‌ലാം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്. മുന്‍കാല സമൂഹങ്ങളില്‍ അവര്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്നും നിന്ന്യതയില്‍ നിന്നും വിത്യസ്തമായി ആദരപൂര്‍ണമായ ജീവിതം സമ്മാനിക്കുന്ന പരിഗണനകളും പരിരക്ഷയും ഇസ്‌ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവരുടെ അവകാശ സംരക്ഷണത്തിന് ആവശ്യമായ നിരവധി ഉപാദികളും തത്വങ്ങളുമായാണ് ശരീഅത്ത് വരുന്നത്. ജനങ്ങള്‍ക്കിടയില്‍ നീതി നടപ്പില്‍ വരുത്തുക, അവരുടെ ജീവിതകാലത്തും മരണശേഷവും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമൂഹിക സ്ഥിരത കൈവരിക്കാന്‍ സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്.

തൊഴിലാളികളോട് മാനുഷിക പരിഗണന പുലര്‍ത്തിവേണം പെരമാറാനെന്ന് തൊഴില്‍ ദാതാക്കളോട് ഇസ്‌ലാം നിസ്‌കര്‍ശിച്ചു. തൊഴിലാളികളോട് വാത്സല്യം കാണിക്കാനും ഗുണം ചെയ്യാനും ഇസ്‌ലാം അവരോട് നിര്‍ദേശിച്ചു. താഴെ നല്‍കപ്പെട്ടവ അടക്കം മറ്റനവധി അവകാശങ്ങളുടെ പൂര്‍ത്തീകരണത്തിനും അവരെ പ്രേരിപ്പിച്ചു:

1- വേതനം: തൊഴിലാളിയുടെ വേതനം തൊഴിലുടമയുടെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാം അതിന് പ്രത്യേക പരിഗണന നല്‍കിയത്. തൊഴിലിനെ ആരാധനയുടെ ഭാഗമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. സ്വന്തം മാതാപിതാക്കളുടെയും ഭാര്യ സന്താനങ്ങളുടെയും ആവശ്യത്തിനുള്ള ചെലവഴിക്കലും യാചനയില്‍ നിന്നുമുള്ള ആത്മസംരക്ഷണവുമാണ് അതിന്റെ പ്രേരകം. അത് സഹോദരങ്ങളെ പരസ്പരം ഉദാത്തരാക്കുന്നു. ഇതെല്ലാം കൊണ്ട് തന്നെ വേതനത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം പ്രത്യേക നിസ്‌കര്‍ശത പുലര്‍ത്തുന്നു. ഓരോ തൊഴിലാളിക്കും അവന് അര്‍ഹമായ വേതനം നല്‍കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു.

ഐഹികവും പാരത്രികവുമായി വിശുദ്ധ ഖുര്‍ആന്‍ നിരവധി ഇടങ്ങളില്‍ വേതനത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘ഓരോരുത്തര്‍ക്കും അവരവരുടെ അനുഷ്ഠാനാനുസൃത പദവികളാണുണ്ടാവുക. അവരുടെ കര്‍മഫലം പൂര്‍ത്തീകരിച്ചു നല്‍കാനാണത്. ഒരുവിധ അതിക്രമവും അവരോടനുവര്‍ത്തിക്കപ്പെടുകയില്ല'(അഹ്ഖാഫ്: 19), ‘സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്; അവര്‍ക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്'(തീന്‍: 6). പ്രതിഫലത്തെ അതിന്റെ ഏറ്റവും മഹത്തരമായ രീതിയിലും ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പിയാക്കളെല്ലാം പറയുമായിരുന്നെന്ന് പ്രിതപാദിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘ഈ ദൗത്യനിര്‍വഹണത്തിന് ഒരുവിധ പ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. പ്രപഞ്ച സംരക്ഷകന്റെ അടുത്താണ് എന്റെ പ്രതിഫലം'(ശുഅറാഅ്: 164), തിരുനബി പറഞ്ഞതായും അല്ലാഹു പറയുന്നു: ‘എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാനാവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തന്നെ എടുത്തോളൂ, എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്'(സബഅ്: 47).

പ്രായോഗിക ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അര്‍ഥവും അതിന് നല്‍കപ്പെട്ടിട്ടുണ്ട്. മൂസാ നബിയുടെയും ഉല്‍കൃഷ്ടനായ ഒരു വ്യക്തിയുടെയും കഥ വിവരിക്കുന്നിടത്തുണ്ട്: ‘ഞങ്ങളുടെയാടുകള്‍ക്ക് ജലപാനം നടത്തിത്തന്നതിനുള്ള പ്രതിഫലം നല്‍കാനായി പിതാവ് താങ്കളെ ക്ഷണിക്കുന്നുണ്ട്'(ഖസ്വസ്: 25), ‘ശുഐബ് നബി പറഞ്ഞു. എട്ടുകൊല്ലം എന്റെ കൂലിക്കാരനാകണമെന്ന ഉപാധിയോടെ ഇരുപുത്രികളിലൊരുത്തിയെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാന്‍ ഞാനാഗ്രഹിക്കുകയാണ്; പത്തുകൊല്ലം തികക്കുകയാണെങ്കില്‍ അത് നിങ്ങളുടെയിഷ്ടം; നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. സദ്വൃത്തനായ ഒരു വ്യക്തിയായി-ഇന്‍ ശാഅല്ലാഹ്-നിങ്ങള്‍ക്കെന്നെ കാണാം, മൂസാനബി പ്രതികരിച്ചു. നമുക്കിടയിലുള്ള തീരുമാനം അതുതന്നെ. രണ്ടില്‍ ഏതവധി പൂര്‍ത്തീകരിച്ചാലും എന്നോട് അതിക്രമമരുത്. നമ്മുടെ ഈ ഇടപാടിന് അല്ലാഹുവാണ് സാക്ഷി'(ഖസ്വസ്: 2728). മേല്‍പറഞ്ഞ സൂക്തങ്ങളില്‍ പ്രതിഫലം/ വേതനമെന്നത് പ്രയാസം സഹിച്ചതിനും സേവനം ചെയ്തതിനുമാണ്.

തൊഴിലും വേതനവുമായി ബന്ധപ്പെട്ട് അനവധി ഹദീസുകളുമുണ്ട്. അനസ് ബ്‌നു മാലിക്(റ) നിവേദനം ചെയ്ത് പറയുന്നു: അബൂ ത്വയ്ബ റസൂലി(സ്വ)ന് ഹിജാമ ചെയ്തുകൊടുത്തു. അതിന് പ്രതിഫലമായി ഒരു സ്വാഅ് കാരക്ക നല്‍കാന്‍ റസൂല്‍(സ്വ) കല്‍പിച്ചു(ബുഖാരി, മുസ്‌ലിം). തൊഴില്‍ കഴിഞ്ഞാലുടനെത്തന്നെ വേതനം നല്‍കാനും നബി(സ്വ) പ്രേരിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി അബ്ദുല്ലാഹ് ബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ‘നിങ്ങള്‍ തൊഴിലാളിക്ക് അവന്റെ വിയര്‍പ്പ് വറ്റും മുമ്പ് തന്നെ അവനവകാശപ്പെട്ടത് നല്‍കുക'(ഇബ്‌നു മാജ).

തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലേക്കും അവന്റെ വേതനം വൈകാതെത്തന്നെ പൂര്‍ത്തീകരിച്ചു നല്‍കുന്നതിലേക്കുമാണ് റസൂല്‍(സ്വ) ഉമ്മത്തിനെ കൊണ്ടെത്തിക്കുന്നത്. അവന്റെ വിയര്‍പ്പ് വറ്റും മുമ്പെന്ന പ്രയോഗം അതിനെ ഗൗരവതരമാക്കുന്നുണ്ട്. ഒട്ടും അവതാനത കാണിക്കാതെ തൊഴില്‍ കഴിഞ്ഞയുടനെ വേതനം നല്‍കുന്നതിനെക്കുറിച്ച് വ്യങ്യമായി പറഞ്ഞതാണത്.

തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെയോ ഭക്ഷണത്തിന്റെയോ പാനീയത്തിന്റെയോ വസ്ത്രത്തിന്റെയോ പകരമായാണ് ഓരോ തൊഴിലാളിയും തൊഴിലെടുക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് അവര്‍ക്കവകാശപ്പെട്ടത് നല്‍കാന്‍ തൊഴിലുടമസ്ഥര്‍ ബാധ്യസ്ഥരാണ്. പ്രതിഫലം നല്‍കുന്നതില്‍ അവതാനത കാണിക്കാനോ പൂര്‍ണമായി നല്‍കാതെ അനീതി കാണിക്കാനോ പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ ശിക്ഷാര്‍ഹമായ തെറ്റാണവന്‍ ചെയ്യുന്നത്. അനീതിയെയും അക്രമികളെയും അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്: ‘അക്രമികള്‍ക്ക് ഒരു സഹായിയും ഉണ്ടാവുകയില്ല'(ഹജ്ജ്: 71), ‘അക്രമികളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്നു താങ്കള്‍ ധരിച്ചുവശാകേണ്ട; ഭീതിദമായ ഒരുനാളിലേക്ക് അവരെയവന്‍ പിന്തിച്ചിടുകയാണ് -അന്ന് അവര്‍ കണ്ണ് തള്ളിയവരാകും'(ഇബ്രാഹീം: 42). മുന്‍കഴിഞ്ഞ സമൂഹങ്ങളെല്ലാം ശിക്ഷിക്കപ്പെട്ടത് അവര്‍ ചെയ്ത അനീതിയും അപലര്‍ക്ക് നേരെയുള്ള അക്രമവും കാരണമാണ്; ‘നിങ്ങളുടെ മുമ്പുള്ള പല തലമുറകളെയും അതിക്രമം ചെയ്തതിനാല്‍ നാം സംഹരിച്ച് കളയുക തന്നെ ചെയ്തിട്ടുണ്ട്'(യൂനുസ്: 13).

പ്രസ്തുത വിഷയത്തെക്കുറിച്ച് തിരുനബി(സ്വ)യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു: ‘അതിക്രമം നിങ്ങള്‍ സൂക്ഷിക്കുക. കരാണം അതിക്രമമെന്ന് അന്ത്യനാളില്‍ ഇരുള്‍ നിറഞ്ഞ ശിക്ഷകളില്‍ പെട്ടതാണ്’. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘എന്റെ അടിമകളേ, അതിക്രമം ഞാന്‍ എന്നോട് തന്നെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കുമത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അതിക്രമം കാണിക്കാതിരിക്കുക'(മുസ്‌ലിം). മഹല്ലി എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഹസ്മ് പറയുന്നു: തൊഴിലാളിക്ക് അവനര്‍ഹിച്ച ഭക്ഷണവും വസ്ത്രവും വീടും പ്രതിഫലമായി നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. നല്‍കപ്പെടുന്ന പ്രതിഫലമെല്ലാം ശരീഅത്തിന് നിലക്കുന്നതും അവന് അര്‍ഹിക്കുന്നതുമാകണം. അങ്ങനെയെല്ലാ എങ്കില്‍ അതെല്ലാം അതിക്രമമാകും(ബാബു സകാത്, മഹല്ലി, ഭാഗം 2).

2- തൊഴിലാളി തൊഴിലുടമയോട് വെച്ച നിബന്ധനകളിലെ അവകാശം: തൊഴിലാളിയുമായി ഇടപാട് നടത്തും നേരം അവന്‍ മുന്നോട്ടു വെച്ച നിബന്ധനകളാലുള്ള അവകാശം അവന് പൂര്‍ത്തീകരിച്ചു നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. അതില്‍ ഒരുതരത്തിലുള്ള ന്യൂനതകളും വരുത്തരുത്. അത് അക്രമമാണെന്ന് മാത്രമല്ല അതിന്റെ പരിണതി ഭയാനകവുമായിരിക്കും. അങ്ങനെയാകുമ്പോള്‍ അര്‍ഹിച്ച വേതനം ലഭ്യമാകാതെത്തന്നെ തൊഴിലാളിക്ക് അധിക ജോലി ചെയ്യേണ്ടി വരും. സമാനമായ തൊഴില്‍ മറ്റൊരിടത്ത് ചെയ്താല്‍ അവന് ലഭിക്കുമായിരുന്ന അര്‍ഹിച്ച വേതനത്തിനുള്ള അവസരം നഷ്ടപ്പെടുത്തലും കൂടിയാണത്. വഞ്ചന ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. അല്ലാഹു പറയുന്നു: ‘തങ്ങളുടെ സാമാനങ്ങളില്‍ ആളുകള്‍ക്ക് കമ്മി വരുത്തരുത്'(ഹൂദ്: 85). ജനങ്ങളുടെ നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചു നല്‍കേണ്ട അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന കല്‍പനയാണത്, അത് അളവായാലും തൂക്കമായാലും ശരി. തിരുനബി(സ്വ) പറയുന്നു: ‘സ്വയം ബുദ്ധിമുട്ടാക്കരുത്, ആരെയും ബുദ്ധിമുട്ടിക്കുകയുമരുത്'(അബൂ ദാവൂദ്).

തൊഴിലാളി നാടുവിട്ടു പോവുകയോ മറന്നുപോവുകയോ ചെയ്താലും അവന്റെ അവകാശം സംരക്ഷിക്കേണ്ട ചുമതല പൂര്‍ണമായും തൊഴിലുടമക്കാണ്. അവധിയെത്തിയതിന് ശേഷവും ജോലി പൂര്‍ണമായതിന് ശേഷവും നല്‍കാതെ പിന്തിപ്പിക്കുന്നതും ഉചിതമല്ല. നല്‍കാമെന്നേറ്റ പ്രതിഫലത്തോട് യോചിച്ചതിനേക്കാള്‍ കവിഞ്ഞ ജോലിയും തൊഴിലാളിയെക്കൊണ്ട് ചെയ്യിക്കരുത്. അഥവാ, തൊഴിലാളി അധികം ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള അധിക വരുമാനവും തൊഴിലുടമസ്ഥന്‍ നല്‍കണം. ഇതാണ് അല്ലാഹു കല്‍പിച്ച നീതി.

3- ഭാരിച്ച ജോലി നല്‍കി തൊഴിലാളിയെ ബുദ്ധിമുട്ടിക്കാതിരിക്കുക: തൊഴിലാളിക്ക് ഏറ്റെടുത്ത് ചെയ്യാന്‍ സാധ്യമല്ലാത്ത ജോലി നല്‍കി തൊഴിലുടമ അവനെ ബുദ്ധിമുട്ടിക്കരുത്. അവന്റെ ആരോഗ്യം നഷ്ടപ്പെടുകയോ അപകടത്തിലാവുകയോ ചെയ്‌തേക്കാവുന്ന ജോലിയും നല്‍കരുത്. അതവനെ പൂര്‍ണമായും ബലഹീനനാക്കിക്കളയും. അല്ലാഹു തന്നെ പറയുന്നത് നോക്കൂ: ‘കഴിവിനപ്പുറം ചെയ്യാന്‍ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കയില്ല'(ബഖറ: 286). സാധ്യമായത് കൊണ്ടല്ലാതെ കല്‍പനയില്ലെന്നത് ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്.

കേവലം തൊഴിലാളികളോ കൂലിപ്പണിക്കാരോ അല്ലാത്ത അടിമകളുടെ അവകാശത്തെക്കുറിച്ച് പോലും പ്രവാചകന്‍(സ്വ) ഊന്നിപ്പറഞ്ഞിട്ടുണ്ട്; ‘അടിമയുടെ ഭക്ഷണവും വസ്ത്രവും ഉടമയുടെ ബാധ്യതയാണ്. സാധ്യമായല്ലാതെ അവനെക്കൊണ്ട് ചെയ്യിക്കുകയുമരുത്. ഇനി അങ്ങനെ ചെയ്യിക്കുകയാണെങ്കില്‍ തന്നെ നിങ്ങളും അവനെ സഹായിക്കുക. അല്ലാഹിവന്റെ അടിമകളെ നിങ്ങള്‍ ശിക്ഷിക്കരുത്. നിങ്ങളെപ്പോലെയുള്ള സൃഷ്ടികള്‍ തന്നെയാണവര്‍'(ബുഖാരി, അദബുല്‍മുഫ്‌റദ്), ‘നിങ്ങളുടെ സഹോദരന്മാരാണവര്‍. അവരെ അല്ലാഹു നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നിരിക്കുന്നുവെന്ന് മാത്രം. ആര്‍ക്കെങ്കിലും തന്റെ കീഴിലൊരു സഹോദരനുണ്ടെങ്കില്‍ അവന്‍ കഴിക്കുന്നത് തന്നെ സഹോദരനെയും ഭക്ഷിപ്പിക്കുക. അവന്‍ ധരിക്കുന്നത് തന്നെ സഹോദരനെയും ധരിപ്പിക്കുക. തൊഴിലിടങ്ങളില്‍ കഴിവിനുമപ്പുറം ഭാരം ഏല്‍പിക്കരുത്. ഏല്‍പിക്കുകയാണെങ്കില്‍ അവരെയതില്‍ സഹായിക്കുക’.

തന്റെ മുതലില്‍ നിന്ന് വേതനമായി നല്‍കാനുള്ള തൊഴില്‍ നല്‍കുമ്പോള്‍ ഉല്‍കൃഷ്ടനായ മനുഷ്യന്‍ മൂസാ നബിയോട് പറഞ്ഞതിങ്ങനെയാണ്: ‘നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല'(ഖസ്വസ്: 27). തന്റെ ആരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്ന ജോലി ഒരു തൊഴിലുടമസ്ഥന്‍ തന്നെക്കൊണ്ട് ചെയ്യിക്കുകയാണെങ്കില്‍ ആ ഇടപാട് അസാധുവാക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. അവന് വേണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരോട് പരാതി ഉന്നയിക്കുകയുമാവാം.

4- അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള തൊഴിലാളിയുടെ അവകാശം: നിസ്‌കാരം, നോമ്പ് പോലെ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളിക്ക് സൗകര്യം ചെയ്തുകൊടുക്കല്‍ തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. അതില്‍ നിന്നുമവനെ തടയാന്‍ പാടില്ല. മാത്രവുമല്ല, അങ്ങനെ ജോലി ചെയ്യുന്നവരാണ് അവരില്‍ വെച്ച ഏറ്റവും ഉത്തമര്‍. തന്റെ പ്രവര്‍ത്തനം ആത്മാര്‍ത്ഥതയോടെയും വിശ്വസ്തതയോടെയും ചെയ്യാന്‍ അത് തൊഴിലാളിയെ സഹായിക്കും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും ജനങ്ങളെ തടയുന്നവനാകുന്നതും അല്ലാഹുവിന്റെ ബഹുമാന്യ കാര്യങ്ങളെ നിസാരവല്‍കരിക്കുന്നതും തൊഴിലുടമകള്‍ സൂക്ഷിക്കേണ്ട കാര്യമാണ്. അല്ലാഹു പറയുന്നു: ‘പാരത്രികലോകത്തെക്കാള്‍ ഐഹികജീവിതത്തെ സ്നേഹിക്കുകയും ദൈവികമാര്‍ഗത്തില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും അതില്‍ വക്രതയുണ്ടാക്കാനുദ്ദേശിക്കുകയും ചെയ്യുന്ന നിഷേധികള്‍ക്ക് ഗുരുതരശിക്ഷ മൂലം മഹാനാശം തന്നെയാണ് വരാനിരിക്കുന്നത്'(ഇബ്രാഹീം: 3), ‘ഒരാള്‍ നമസ്‌കരിക്കുകയാണെങ്കില്‍ അതു മുടക്കുന്നവനെ താങ്കള്‍ കണ്ടുവോ? അദ്ദേഹം നേര്മാുര്ഗമത്തിലായിരിക്കുകയോ ജീവിതത്തില്‍ സൂക്ഷ്മത പുലര്ത്താ ന്‍ അനുശാസിക്കുകയോ ആണെങ്കില്‍, അഥവാ ഈ മുടക്കുന്നവന്‍ നിഷേധിയാവുകയും സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞു കളയുകയും ചെയ്യുകയാണെങ്കില്‍ എത്ര ഹതഭാഗ്യനാണവന്‍! തന്നെ അല്ലാഹു കാണുന്നുണ്ടെന്ന് അവന്‍ ഗ്രഹിച്ചിട്ടില്ലേ? വേണ്ട, ഇപ്പണി അവന്‍ നിര്ത്തു ന്നില്ലെങ്കില്‍ വ്യാജം പറയുകയും പാപമനുവര്ത്തി ക്കുകയും ചെയ്യുന്ന അവന്റെ കുടുമ നാം പിടിച്ച് നരകത്തിലേക്കു വലിക്കുക തന്നെ ചെയ്യും. തന്റെ സ്വന്തക്കാരെ അവന്‍ സഹായത്തിനു വിളിച്ചുകൊള്ളട്ടെ; നരകശിക്ഷയുടെ മലക്കുകളെ നാമും വിളിക്കും. വേണ്ട, താങ്കള്‍ അവനെ അനുസരിച്ചു പോകരുത്; സാഷ്ടാംഗം നമിക്കുകയും ദൈവസാമീപ്യം നേടുകയും ചെയ്യുക'(അലഖ്: 919).

അക്കാരങ്ങളിലെല്ലാം തൊഴിലാളികളെ നിരീക്ഷിക്കേണ്ടത് തൊഴിലുടമയാണ്. നിര്‍ണിത നേരത്ത് തന്നെ അവരോട് നിസ്‌കരിക്കാന്‍ കല്‍പിക്കുണം. ഉല്‍കൃഷ്ട സ്വഭാവവും പെരുമാറ്റവും കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിക്കണം. ദീനിന്റെ ചിട്ടകള്‍ മുറുകെപ്പിടിക്കാന്‍ പ്രോത്സാഹിപ്പിക്കണം. അതവര്‍ തമ്മില്‍ മാനസികമായ അടുപ്പം സൃഷ്ടിച്ചേക്കാം. പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാകാനും തിന്മകളെത്തൊട്ട് പ്രതിരോധിക്കാനും അവരെ പ്രേരിപ്പിച്ചേക്കാം.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles