Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രവർത്തനം- മഹത്തായ പുണ്യകർമം

ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരികവും നാഗരികവും രാഷ്ട്രീയവുമായ വളർച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനങ്ങളിൽ അതിപ്രധാനമാണ് സാമ്പത്തിക പുരോഗതി. വിശുദ്ധ ഖുർആൻ മാനവസമൂഹത്തിന്റെ നിലനിൽപിന് ആധാരമെന്നാണ് സമ്പത്തിനെ വിശേഷിപ്പിക്കുന്നത്.

”അല്ലാഹു നിങ്ങളുടെ നിലനിൽപിനാധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യബോധമില്ലാത്തവർക്ക് നൽകരുത്.”(4:5)
അതുകൊണ്ടുതന്നെ സമ്പാദിക്കുകയെന്നത് ഒരു പുണ്യകർമമാണ്. പരലോകത്ത് പ്രതിഫലാർഹമായ മഹത്തായ സദ്കർമം. ഭൂമിയെ മാനവ സമൂഹത്തിനു വേണ്ടി ഫലസമൃദ്ധമാക്കുന്നതും പട്ടിണിയും പേടിയുമില്ലാത്ത സമൂഹ നിർമിതിക്ക് വേണ്ടി പണിയെടുക്കുന്നതും എത്രമേൽ മഹത്തരമായ പുണ്യ കർമമാണെന്ന് ഖുർആനും പ്രവാചകചര്യയും അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്.

വിശുദ്ധ ഖുർആനിൽ ഒരൊറ്റ പ്രവാചകന്റെ ജീവിതമേ ക്രമാനുഗതമായി വിവരിച്ചിട്ടുള്ളു. യൂസുഫ് നബിയുടെ സംഭവബഹുലമായ ജീവിതം നൂറിലേറെ സൂക്തങ്ങളിലൂടെ ഖുർആൻ അനാവരണം ചെയ്യുന്നു. കഥകളിൽ വെച്ച് ഏറ്റവും ഉത്തമമെന്നാണ് അല്ലാഹു ആ കഥയെ വിശേഷിപ്പിച്ചത്. അത് വിശദീകരിക്കുന്ന അദ്ധ്യായത്തിന് നൽകിയ പേരും ആ പ്രവാചകന്റേത് തന്നെ. അന്യായമായി ജയിലിലടക്കപ്പെട്ട അദ്ദേഹം അവിടെ നിന്ന് മോചിതനായ ശേഷം നിർവഹിച്ച മുഖ്യമായ പ്രവർത്തനം എന്തായിരുന്നുവെന്ന് ഖുർആൻ വിശദീകരിക്കുന്നുണ്ട്. തന്റെ ദൗത്യമെന്തെന്ന് അതേറ്റെടുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ”അദ്ദഹം പറഞ്ഞു: രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏൽപിക്കുക. തീർച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (12:55)

അങ്ങനെ ഈജിപ്ഷ്യൻ ജനത അഭിമുഖീകരിക്കാൻ സാധ്യതയുണ്ടായിരുന്ന കടുത്ത പട്ടിണിയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആ രാജ്യത്തെ അദ്ദേഹം രക്ഷിച്ചു.

സുഭിക്ഷതയുടെ ഏഴ് വർഷത്തെ വിളവിൽ നിന്ന് വരാനിരിക്കുന്ന വറുതിയുടെ ഏഴുവർഷത്തേക്ക് ആവശ്യമായ ധാന്യം കരുതിവെയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഒരു പ്രവാചകൻ ഭൂമിയിൽ നിർവഹിച്ച മഹദ്കൃത്യങ്ങളിൽ പ്രധാനം സാമ്പത്തിക പ്രവർത്തനമാണെന്നർഥം.

ദൈവത്തിന്റെ കൂട്ടുകാരനെന്ന് ഖുർആൻ വിശേഷിപ്പിച്ച ഇബ്രാഹീം പ്രവാചകൻ തന്റെ കുടുംബത്തെ ജലശൂന്യവും ഫലശൂന്യവും അതുകൊണ്ടുതന്നെ ജനശൂന്യവുമായ മക്കാ താഴ്‌വരയിൽ താമസിപ്പിച്ചപ്പോൾ നടത്തിയ പ്രാർഥന ആ നാട്ടിൽ സുരക്ഷിതത്വവും സുഭിക്ഷതയും ഉണ്ടാകാനാണ്. (ഖുർആൻ 2:126)

അങ്ങനെ ആ നാടിനെ അതു രണ്ടുമുള്ളതാക്കി മാറ്റിയതായി ദൈവം അറിയിക്കുന്നു: ”അതിനാൽ ഈ കഅ്ബാ മന്ദിരത്തിന്റെ നാഥന് അവർ വഴിപ്പെട്ടു ജീവിക്കട്ടെ. അവർക്ക് വിശപ്പടക്കാൻ ആഹാരവും പേടിക്ക് പകരം നിർഭയത്വവും നൽകിയവനാണവൻ” (106:3,4)

പണിയെടുത്ത് പുണ്യം നേടുക
അധ്വാനശേഷിയും സമയവും അമൂല്യമാണ്. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടുകയില്ല. കടം കൊടുക്കാനോ ദാനം ചെയ്യാനോ സാധ്യമല്ല. ഉപയോഗിച്ചാൽ ലാഭം; ഇല്ലെങ്കിൽ നഷ്ടം. അത് രണ്ടും ദൈവം മനുഷ്യനെ ഏൽപിച്ച അമാനത്താണ്. അഥവാ സൂക്ഷിപ്പ് സ്വത്താണ്. അതുകൊണ്ടുതന്നെ ഒട്ടും പാഴാക്കാനുള്ളതല്ല. അവ രണ്ടിനെയും സംബന്ധിച്ച്, അവ എങ്ങനെ വിനിയോഗിച്ചുവെന്ന് എല്ലാവരും മരണാനന്തര ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടും. അതു കൊണ്ടുതന്നെ വിശ്വാസികൾ സമയവും അധ്വാനശേഷിയും പൂർണമായും പ്രയോജനപ്പെടുത്തണം. ഒഴിവുദിവസമില്ലാത്തവരാണ് വിശ്വാസികൾ. വെള്ളിയാഴ്ച ജുമുഅ: പ്രാർഥനയ്ക്ക് വരുന്നതിന് മുമ്പ് സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നവരെന്ന നിലയിൽ വിശ്വാസികളെ പരിചയപ്പെടുത്തുന്ന ഖുർആൻ (62:9), ജുമുഅ കഴിഞ്ഞാൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ”നമസ്‌കാരത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ ഭൂമിയിൽ വ്യാപരിക്കുക. ദൈവത്തിന്റെ അനുഗ്രഹം തേടുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങൾ വിജയം വരിച്ചേക്കാം.”(62:10)

സാമ്പത്തിക പ്രവർത്തനങ്ങളെ ഐച്ഛികവൃത്തിയായല്ല ഇസ്‌ലാം കാണുന്നത് നിർവഹിക്കേണ്ട ബാധ്യതയായാണ്. ദൈവം കല്പിക്കുന്നു: ”അവനാണ് ഭൂമിയെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത്. അതിനാൽ അതിന്റെ വിരിമാറിലൂടെ നടന്നു കൊള്ളുക. അവൻ തന്ന വിഭവങ്ങളിൽ നിന്ന് ആഹരിക്കുക. നിങ്ങൾ ഉയിർത്തെഴുന്നേറ്റ് ചൊല്ലുന്നതും അവങ്കലേക്ക് തന്നെ.”(67:15)

അധ്വാനത്തിന്റെ മഹത്ത്വം വിളംബരം ചെയ്തു കൊണ്ട് പ്രവാചകൻ പറയുന്നു: ”സ്വന്തം കൈകൊണ്ട് വേല ചെയ്ത് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണം ആരുംതന്നെ കഴിക്കുന്നില്ല. ദൈവദൂതൻ ദാവൂദ് തന്റെ കൈകൊണ്ട് അധ്വാനിച്ചാണ് ആഹരിച്ചിരുന്നത്.”
വീണ്ടും പറയുന്നു: ”വൈകുന്നേരമാകുമ്പോൾ കായികാധ്വാനത്തിലൂടെ ക്ഷീണിതനാകുന്നവൻ പാപങ്ങൾ പൊറുക്കപ്പെട്ടവനായിത്തീരുന്നു.”
ഇസ്‌ലാമിക പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു. ”ചില പാപങ്ങളുണ്ട്. നമസ്‌കാരവും ദാനധർമങ്ങളും ഹജ്ജും അവയ്ക്ക് പ്രായശ്ചിത്തമാവുകയില്ല. എന്നാൽ ഉപജീവനം തേടുന്നത് അവയ്ക്ക് പ്രായശ്ചിത്തമാകുന്നു.”
”ദൈവം തൊഴിലാളിയായ തന്റെ അടിമയെ ഇഷ്ടപ്പെടുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി ജോലിയെടുത്ത് ക്ഷീണിച്ചവൻ പ്രതാപവാനും മഹാനുമായ ദൈവത്തിന്റെ മാർഗത്തിലെ പോരാളിയെപ്പോലെയാകുന്നു”

”തന്റെ ദാസനെ അനുവദനീയങ്ങൾക്കായി അധ്വാനിച്ച് ക്ഷീണിതനായി കാണുന്നതാണ് ദൈവം ഇഷ്ടപ്പെടുന്നത്.”
ഒരിക്കൽ നബിതിരുമേനി തന്റെ ഒരനുചരനെ കണ്ടുമുട്ടി. പരസ്പരം ഹസ്തദാനം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈ തീരെ മാർദവമില്ലാത്തതും പരുപരുത്തതുമായി അനുഭവപ്പെട്ടു. അപ്പോൾ പ്രവാചകൻ ചോദിച്ചു: ”താങ്കളുടെ കൈക്ക് എന്തുപറ്റി? അത് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടല്ലോ.” ”ദൈവദൂതരേ, അത് പണിയെടുത്തതിന്റെ പാടുകളാണ്.” പ്രവാചക ശിഷ്യൻ അറിയിച്ചു. അപ്പോൾ പ്രവാചകൻ തന്റെ അനുചരന്മാരുടെ മുമ്പിൽ വെച്ച് അദ്ദേഹത്തിന്റെ ഇരുകൈകളും ഉയർത്തിപ്പിടിച്ച് അവയെ ചുംബിക്കുകയും പിന്നീട് അവയെ പതാക പോലെ വീശുകയും ചെയ്തു. അത്യധികം ആഹ്ലാദത്തോടും അഭിമാനത്തോടും കൂടി അവിടുന്ന് അരുൾ ചെയ്തു: ”ദൈവവും അവന്റെ ദൂതനും സ്‌നേഹിക്കുന്ന രണ്ട് കൈകളാണിത്. നരകത്തീ അവയെ സ്പർശിക്കുകയില്ല.” പാടുപെട്ട് പണിയെടുത്ത പാടുകളുള്ള കൈകളാണ് പ്രപഞ്ചനാഥനും അവന്റെ പ്രവാചകനും ഏറ്റവും പ്രിയപ്പെട്ടവയെന്നർഥം.

കഅ്ബിൽ നിന്ന് നിവേദനം: ”ഒരാൾ നബിതിരുമേനിയുടെ അരികിലൂടെ നടന്നു പോയി. അദ്ദേഹത്തിന്റെ കരുത്തും ഉന്മേഷവും കണ്ടപ്പോൾ പ്രവാചകന്റെ അനുചരന്മാർ പറഞ്ഞു: ‘തിരുദൂതരേ, അയാൾ ഇറങ്ങിത്തിരിച്ചത് ദൈവമാർഗത്തിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ!” അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അയാൾ തന്റെ കൊച്ചു കുട്ടികൾക്ക് വേണ്ടി അധ്വാനിക്കാനാണ് ഇറങ്ങിത്തിരിച്ചിട്ടുള്ളതെങ്കിൽ അയാൾ ദൈവമാർഗത്തിലാണ്. വാർധക്യം ബാധിച്ച തന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണ് അയാൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെങ്കിലും ദൈവമാർഗത്തിലാണ്. സ്വന്തം ശരീരത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി പരിശ്രമിക്കാനാണ് പുറപ്പെട്ടിട്ടുള്ളതെങ്കിൽ അപ്പോഴും ദൈവമാർഗത്തിൽ തന്നെ. എന്നാൽ പുറംപൂച്ചും പൊങ്ങച്ചവും പ്രകടിപ്പിക്കാനാണ് ഇറങ്ങിത്തിരിച്ചതെങ്കിൽ അയാൾ പിശാചിന്റെ പാതയിലാണ്.”
അലസന്മാരിൽ പലപ്പോഴും കാണപ്പെടുന്ന ദു:സ്വഭാവത്തെ തിരുത്താൻ പോലും പ്രവാചകൻ നിർദേശിക്കുകയുണ്ടായി. അവിടുന്ന് അരുൾ ചെയ്യുന്നു.: ”നിങ്ങൾ പ്രഭാത പ്രാർഥന പൂർത്തിയാക്കിയാൽ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്.”

കൃഷിയും കച്ചവടവും
എക്കാലത്തെയും വരുമാന മാർഗങ്ങളിൽ പ്രധാനമാണ് കൃഷിയും കച്ചവടവും. രണ്ടിനെയും ഇസ്‌ലാം അതിയായി പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകൻ പറയുന്നു: ”ഒരാൾ ഒരു വൃക്ഷം നട്ടു. ഫലം ഉണ്ടാവുന്നതുവരെ അതിനെ സംരക്ഷിക്കുന്നതിലും സൂക്ഷിക്കുന്നതിലും ക്ഷമ കാണിച്ചു.എങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന കായ്കനികൾക്കനുസരിച്ച് അയാൾക്ക് ദൈവത്തിന്റെ പ്രതിഫലമുണ്ട്.”
”ഒരു വിശ്വാസി ചെടി നടുകയോ കൃഷി നടത്തുകയോ എന്നിട്ട് അതിൽ നിന്ന് പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുകയോ ചെയ്യുന്നില്ല; അതയാൾക്ക് ധർമമായിത്തീർന്നിട്ടല്ലാതെ.”

ഒരാൾ മാവ് നടുന്നുവെന്ന് സങ്കൽപിക്കുക. അതിന്റെ വേരുകൾ മഴവെള്ളം മണ്ണിലേക്ക് ആഴ്ത്തുന്നു. ഇലകൾ അന്തരീക്ഷ വായുവെ ശുദ്ധീകരിക്കുന്നു. അവ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും തണലേകുന്നു. യാത്രക്കാർക്ക് ഇളം തെന്നലേകുന്നു. പൂവ് പൂമ്പാറ്റകൾക്കും തേനീച്ചകൾക്കും ഏറെ ഉപകരിക്കുന്നു. തടിമരത്തിൽ അണ്ണാൻ കൂട് കൂട്ടുന്നു. ചില്ലകളിൽ പക്ഷികൾ കൂടുണ്ടാക്കുന്നു. ചില്ലകൾ വവ്വാലുകൾക്ക് പാർപ്പിടമൊരുക്കുന്നു.

തടിമരം പുഴുക്കൾക്ക് ആഹാരവും പാർപ്പിടവുമായിത്തീരുന്നു. മനുഷ്യർക്ക് വിറകായുപയോഗിക്കാനും വീട്ടുപകരണങ്ങളുണ്ടാക്കാനും വീടുണ്ടാക്കാനും അതുപകരിക്കുന്നു. പഴങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും പുഴുക്കൾക്കും പ്രാണികൾക്കും ആഹാരമായിത്തീരുന്നു. ഒരു മരം നടുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലം എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറം! എത്രമേൽ മഹത്തരം!
ഇവ്വിധം തന്നെ പുണ്യകരമാണ് കച്ചവടവും. പ്രവാചകൻ പറയുന്നു: ”സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി അന്ത്യദിനത്തിൽ നബിമാരുടെയും രക്തസാക്ഷികളുടെയും സത്യം പാലിച്ചവരുടെയും സുകൃതവാന്മാരുടെയും കൂടെയായിരിക്കും.”

അനുവദനീയമായ മാർഗത്തിലൂടെ സമ്പത്തുണ്ടാക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും പരലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുന്ന പുണ്യ കർമങ്ങളാണെന്ന് ഇതൊക്കെയും നമ്മെ ബോധ്യപ്പെടുത്തുന്നു. സമ്പത്തിന്റെ സംരക്ഷണാർഥം വധിക്കപ്പെടുന്നത് രക്തസാക്ഷ്യമാണെന്ന് പ്രവാചകൻ പറഞ്ഞിരിക്കുന്നു. ”തന്റെ ധനത്തിനു വേണ്ടി വധിക്കപ്പെടുന്നവൻ രക്ത സാക്ഷിയാണ്.”

അപരരുടെ ഔദാര്യം സ്വീകരിച്ച് ആരാധനയിൽ മുഴുകിക്കഴിയുന്നവരേക്കാൾ നല്ലവർ അധ്വാനിച്ച് ആഹരിക്കുന്നവരും മറ്റുള്ളവരെ ആഹരിപ്പിക്കുന്നവരുമാണ്. ഒരു സംഘം നബിതിരുമേനിയുടെ അടുത്തുവന്നു. അവരിൽ പരമഭക്തനും പരിത്യാഗിയുമായ ഒരാളുണ്ടായിരുന്നു. അപ്പോൾ പ്രവാചകൻ ചോദിച്ചു: ”ഇതാരാണ്?” ”ജീവിതം ആരാധനയ്ക്കു വേണ്ടി നീക്കിവച്ചെവനാണ്.” കൂടെയുള്ളവർ പറഞ്ഞു. അപ്പോൾ നബി തിരുമേനി ചോദിച്ചു: ”ആരാണ് അയാൾക്ക് തിന്നാൻ കൊടുക്കുന്നത്?” ”ഞങ്ങളെല്ലാവരും അയാൾക്ക് ആഹാരം നൽകുന്നു.” അവർ പറഞ്ഞു. അപ്പോൾ പ്രവാചകൻ പ്രഖ്യാപിച്ചു: ”നിങ്ങളെല്ലാവരുമാണ് അദ്ദേഹത്തേക്കാൾ ഉത്തമർ.”

എല്ലാവർക്കും എല്ലാറ്റിനും
മനുഷ്യന് ഇവിടെ പരിമിതമായ ആവശ്യങ്ങളേയുള്ളൂ. എത്ര കോടി രൂപ കൈവശമുണ്ടെങ്കിലും ഒരു വയറ് നിറക്കാനും ഒരു ശരീരം മറക്കാനും ഒരു കസേരയിൽ ഇരിക്കാനും ഒരു കട്ടിലിൽ ഉറങ്ങാനും ഒരു വീട്ടിൽ താമസിക്കാനും ഒരു വാഹനത്തിൽ സഞ്ചരിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. ഒരേ സമയം രണ്ടു കസേരയിൽ ഇരിക്കാനും രണ്ട് കട്ടിലിൽ കിടക്കാനും രണ്ടു വീട്ടിൽ താമസിക്കാനും സാധ്യമല്ലല്ലോ. എന്നിട്ടും എന്തിനാണ് കഠിനമായി അധ്വാനിക്കാനും പരമാവധി സമ്പാദിക്കാനും ഇസ്‌ലാം ആവശ്യപ്പെടുന്നത്? തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമല്ല, ഏതൊരു മനുഷ്യനും അധ്വാനിക്കുന്നത്; അധ്വാനിക്കേണ്ടത്. മറിച്ച് സമൂഹത്തിലെ പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത അവശരും അശരണരും അഗതികളും അനാഥരും വിധവകളും ദരിദ്രരുമായ മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ്. അഥവാ, അങ്ങനെയായിരിക്കണം.

അതിനുമപ്പുറം മൃഗങ്ങളും പറവകളുമുൾപ്പെടെ മുഴുവൻ ജീവികൾക്കും വേണ്ടിയാവണം. എലികളും പുഴുക്കളും ഉറുമ്പുകളും പറവകളും കന്നുകാലികളുമൊന്നും കൃഷി ചെയ്യുകയോ വിളവുണ്ടാക്കുകയോ ചെയ്യുന്നില്ലല്ലോ. അവയ്‌ക്കെല്ലാം ആവശ്യമുള്ളത് ഒരുക്കേണ്ടത് മനുഷ്യൻ തന്നെ. അതു കൊണ്ടു തന്നെ ഇസ്‌ലാമിന്റെ സുവർണ കാലത്ത് ഇത്തരം എല്ലാ നല്ല കാര്യങ്ങൾക്കും വേണ്ടി ദാനധർമങ്ങൾ ചെയ്തിരുന്നതിനോടൊപ്പം വഖ്ഫ് ചെയ്യുന്ന സമ്പ്രദായവും നിലനിന്നിരുന്നു.

അത്തരം വഖഫുകളിൽ ഏറെ ശ്രദ്ധേയമാണ് രോഗം ബാധിച്ച ജീവികളെ ചികിത്സിക്കാനും വാർധക്യവും വിവശതയും ബാധിച്ചവയെ സംരക്ഷിക്കുവാനുമായി നില നിന്നിരുന്ന വഖ്ഫ്. ദമാസ്‌കസിലെ ഇപ്പോഴത്തെ മുൻസിപ്പൽ കളിസ്ഥലമായ ‘അൽ മർജുൽ അഖ്ദർ’ പ്രയോജന മൂല്യമില്ലാത്തതിനാൽ ഉടമസ്ഥർ ഉപേക്ഷിക്കുന്ന, വാർധക്യം ബാധിച്ച് അവശമായ ഒട്ടകങ്ങൾക്ക് മേഞ്ഞു നടക്കാനായി വഖ്ഫ് ചെയ്യപ്പെട്ടതായിരുന്നു. ഇപ്രകാരം തന്നെ ദമാസ്‌കസിലെ വഖ്ഫുകളിൽ പൂച്ചകൾക്ക് തിന്നാനും
കളിക്കാനും താമസിക്കാനുമുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അവയ്ക്കുവേണ്ടി നീക്കി വെക്കപ്പെട്ട പ്രത്യേക മൈതാനങ്ങളിൽ നൂറുകണക്കിന് തടിച്ചു കൊഴുത്ത പൂച്ചകൾ സംരക്ഷിക്കപ്പെട്ടിരുന്നു. അദിയ്യ് ബ്‌നു ഹാതിം ഉറുമ്പുകൾക്ക് റൊട്ടി പിച്ചിയിട്ടു കൊടുക്കുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്യുമായിരുന്നു: ”അവയും നമ്മുടെ അയൽക്കാരാണ്. അവയോടും നമുക്ക് ബാധ്യതയുണ്ട്.”

ആശുപത്രികളിൽ രോഗികൾക്ക് കേൾക്കാൻ ഇമ്പമുള്ള സംഗീതമാലപിക്കാനും പാട്ട് പാടിക്കൊടുക്കാനും കഥ പറഞ്ഞു കൊടുക്കാനും ഖുർആൻ പാരായണം ചെയ്തു കൊടുക്കാനും തമാശകൾ കാണിച്ചുകൊടുക്കാനും സംഗീതജ്ഞരെയും പാട്ടുകാരെയും കാഥികരെയും ഖുർആൻ പാരായണ വിദഗ്ദരെയും ഫലിതക്കാരെയും നിശ്ചയിക്കുകയും അതിനായി സ്വത്ത് നീക്കി വെക്കുകയും ചെയ്തിരുന്നു. (ഡോക്ടർ മുസ്തഫാസ്സിബാഇയുടെ ‘ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങൾ’ കാണുക.)

പിന്നാലെ വരുന്നവർക്ക് പ്രയോജനപ്പെടണമെന്നതിനാലാണ് ആസന്നമരണനായ മനുഷ്യനും തന്റെ വശമുള്ള ചെടി നടണമെന്ന് പ്രവാചകൻ കൽപിച്ചത്. അദ്ദേഹം അരുൾ ചെയ്യുന്നു: ”ലോകാവസാനം ആസന്നമായ നിമിഷത്തിൽ പോലും നിങ്ങളിൽ ആരുടെയെങ്കിലുമടുക്കൽ ഒരീന്തപ്പനത്തൈ ഉണ്ടെങ്കിൽ അവനത് നട്ടു കൊള്ളട്ടെ. അവനതിൽ പ്രതിഫലമുണ്ട്.”

വൃദ്ധനായ ഒരു പ്രവാചകശിഷ്യൻ ഈന്തപ്പനച്ചെടി നടുകയായിരുന്നു. അപ്പോൾ അതിലൂടെ നടന്നു പോയ ഒരാൾ ചോദിച്ചു: ”ഈ വയസ്സുകാലത്ത് ഇത് നട്ടിട്ട് എന്ത് കിട്ടാനാണ്?” ”നടലാണ് എന്റെ ബാധ്യത. അതിന്റെ ഫലങ്ങൾ ഉപയോഗിക്കാൻ എനിക്ക് സാധിച്ചില്ലെങ്കിലും അവ പക്ഷികളോ മൃഗങ്ങളോ മനുഷ്യരോ ആരുപയോഗിച്ചാലും എനിക്ക് അതിന്റെ പ്രതിഫലം ലഭിക്കും.” ആ പ്രവാചകശിഷ്യൻ പ്രതിവചിച്ചു. വരും തലമുറകൾക്കും മറ്റെല്ലാ ജീവജാലങ്ങൾക്കും വേണ്ടി ഭൂമിയെ ധന്യവും ഫലസമൃദ്ധവുമാക്കുക.

അങ്ങനെ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിലുള്ള എല്ലാ ബാധ്യതകളും നിറവേറ്റുക. അതിലൂടെ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടുക. ഇതാണ് ഇസ്‌ലാം മുഴുവൻ മനുഷ്യർക്കും നൽകുന്ന നിർദേശം. ( തുടരും )

Related Articles