Current Date

Search
Close this search box.
Search
Close this search box.

വിലക്കുകൾ നിരോധങ്ങൾ

സമ്പാദിക്കൽ പുണ്യകർമമാണെങ്കിലും അത് വ്യക്തമായ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കണം. അഥവാ അനുവദനീയ മാർഗത്തിലൂടെയായിരിക്കണം. ഉത്തമമായതുമാകണം. നിഷിദ്ധമോ നിഷിദ്ധ മാർഗേണയോ ആവരുത്. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. അഥവാ ഏകദൈവ ദർശനത്തിന്റെ അവിഭാജ്യ ഘടകം. ദൈവത്തിനു മാത്രം വഴിപ്പെട്ട് ജീവിക്കുന്നവരാണ് ഏകദൈവ വിശ്വാസികൾ. ആ വിശ്വാസം അംഗീകരിക്കുന്നവർ ഉത്തമവും അനുവദനീയവുമായ ആഹാരമേ ഉപയോഗിക്കാവൂ എന്ന് ദൈവം ശക്തമായി ശാസിക്കുന്നു.

”അതിനാൽ ദൈവം നിങ്ങൾക്ക് നൽകിയ വിഭവങ്ങളിൽ അനുവദനീയവും ഉത്തമവുമായത് ആഹരിച്ചു കൊള്ളുക. ദിവ്യാനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക. നിങ്ങൾ അവനു മാത്രം വഴിപ്പെടുന്നവരെങ്കിൽ.” (ഖുർആൻ.16:114)

ഉത്തമമായ ആഹാരമേ ഉപയോഗിക്കാവൂ എന്ന് ദൈവം മുഴുവൻ പ്രവാചകന്മാരോടും നിർദേശിച്ചതായി ഖുർആൻ വ്യക്തമാക്കുന്നു.: ”ദൈവദൂതന്മാരേ, നല്ല ആഹാരപദാർഥങ്ങൾ ഭക്ഷിക്കുക. സൽകർമങ്ങൾ ചെയ്യുക. ഉറപ്പായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ് അല്ലാഹു.”(23:51)

നിഷിദ്ധമായ മാർഗത്തിലൂടെ നേടിയ സമ്പത്ത് ഉപയോഗിക്കുന്നവരുടെ പ്രാർഥന പോലും ദൈവം സ്വീകരിക്കുകയില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചകൻ ഒരു മനുഷ്യനെ പരിചയപ്പെടുത്തി. അയാളിൽ ഭക്തിയുടെ എല്ലാ അടയാളങ്ങളുമുണ്ട്. അയാൾ ഇരുകൈകളും ഉയർത്തി പ്രാർഥിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ അയാൾക്ക് എങ്ങനെ ഉത്തരം കിട്ടാനാണെന്ന് പ്രവാചകൻ ചോദിക്കുന്നു. ”അയാൾ തിന്നുന്നതും കുടിക്കുന്നതും ധരിക്കുന്നതും നിഷിദ്ധമാണ്. അയാൾ വളർത്തപ്പെട്ടതും നിഷിദ്ധം ഭക്ഷിച്ചാണ്.” അനുവദനീയമല്ലാത്ത ആഹാരപദാർഥങ്ങൾ ഭക്ഷിക്കുന്നവരുടെ ആരാധനാകർമങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്ന് ഇതിലൂടെ പ്രവാചകൻ പഠിപ്പിക്കുന്നു.

അപരന്റെ ധനം അപഹരിക്കുന്നവർ തുലഞ്ഞവരാണെന്നും അവരുടെ സുകൃതങ്ങൾ ആരുടെ ധനമാണോ അവിഹിതമായെടുത്തത് അവർക്ക് നൽകേണ്ടിവരുമെന്നും മതിയാവാതെ വരുമ്പോൾ അവരുടെ പാപങ്ങൾ ഏറ്റെടുത്ത് നരകാവകാശിയായിത്തീരുമെന്നും പ്രവാചകൻ താക്കീത് ചെയ്തിരിക്കുന്നു. തെളിയിച്ചു പറഞ്ഞാൽ ഇന്ത്യയുടെ പൊതു മുതൽ കവർന്നെടുക്കുകയോ അഴിമതി നടത്തുകയോ ചെയ്യുന്നവർ മരണശേഷം ദൈവസന്നിധിയിൽ വെച്ച് വിചാരണയ്ക്ക് വിധേയമാക്കപ്പെടുമ്പോൾ അയാളുടെ സുകൃതം മുഴുവനും നൂറ്റി മുപ്പത് കോടി മനുഷ്യർക്ക് ഭാഗിച്ചു കൊടുക്കേണ്ടിവരുമെന്നും മതിയാകാതെ വരുമ്പോൾ അവരുടെയെല്ലാം പാപങ്ങൾ അയാൾ ഏറ്റെടുക്കേണ്ടിവരുമെന്നും അങ്ങനെ കഠിനമായ ശിക്ഷക്ക് വിധേയമാകുമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു.

ഫലസ്തീന്റെ തെക്ക് ചെങ്കടലിന്റെയും അഖബാ ഉൾക്കടലിന്റെയും കരയോരങ്ങളിൽ സ്ഥിതിചെയ്തിരുന്ന മദ്‌യൻ സമൂഹം അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരായിരുന്നു. കോടികളുടെ അഴിമതിയും തട്ടിപ്പും വെട്ടിപ്പും നടക്കുന്ന ഇക്കാലത്ത് ഒരു കുറ്റകൃത്യമായി കാണാൻ പോലുമാവാത്ത വിധം വളരെ നിസ്സാരമാണത്. എന്നിട്ടും അതിന് അറുതി വരുത്താൻ ദൈവം ശുഐബ് നബിയെ നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: ”നിങ്ങൾ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തി വെച്ചിരിക്കെ നിങ്ങളതിൽ നാശമുണ്ടാകരുത്. നിങ്ങൾ സത്യവിശ്വാസികളെങ്കിൽ അതാണ് നിങ്ങൾക്കുത്തമം.” (ഖുർആൻ: 7:85)

ഈ കൽപന പാലിക്കാതെ ശുഐബ് നബിയെ ധിക്കരിച്ച് ജീവിച്ച ആ ജനത ദൈവത്തിന്റെ ശാപകോപങ്ങൾക്കിരയായി സമൂലം നശിപ്പിക്കപ്പെട്ടു.
ഖുർആൻ കൽപിക്കുന്നു: ”ദൈവം തുലാസ് സ്ഥാപിച്ചിരിക്കുന്നു. നിങ്ങൾ തുലാസിൽ കൃത്രിമം വരുത്താതിരിക്കാനാണത്.അതിനാൽ നീതിപൂർവ്വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തിൽ കുറവ് വരുത്തരുത്.” (55:7-9)

സമയബന്ധിതമായ ആരാധനാകർമങ്ങൾ പോലും നിർബന്ധമാക്കുന്നതിന് മുമ്പ് തന്നെ ഇസ്‌ലാം ക്രയവിക്രയങ്ങളിലെ കൃത്രിമം ശക്തമായി വിലക്കുകയും അതിനെതിരെ താക്കീതു നൽകുകയും ചെയ്തു: ”കള്ളത്താപ്പുകാർക്ക് നാശം! അവർ ജനങ്ങളിൽ നിന്ന് അളന്നെടുക്കുമ്പോൾ തികവ് വരുത്തും. ജനങ്ങൾക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോൾ കുറവ് വരുത്തുകയും ചെയ്യും. അവരോർക്കുന്നില്ലേ? തങ്ങളെ ഉയിർത്തെഴുന്നേൽപിക്കുമെന്ന്.”(83:1-4)

ഇങ്ങനെ വളരെ നിസ്സാരമായ സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പോലും ഇസ്‌ലാം ഗൗരവമായി കാണുകയും കണിശമായി വിലക്കുകയും ചെയ്യുന്നു.

നിഷിദ്ധമായ സമ്പാദന മാർഗങ്ങൾ
സാമൂഹ്യ താൽപര്യങ്ങൾക്ക് വിരുദ്ധമായ എല്ലാ സമ്പാദ്യ മാർഗങ്ങളേയും ഇസ്‌ലാം ശക്തമായി വിലക്കുന്നു. ഖുർആൻ പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്; പരസ്പര പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയ ല്ലാതെ. നിങ്ങൾ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവൻ തന്നെ; തീർച്ച.”(4:29)

”നിങ്ങളന്യോന്യം നിങ്ങളുടെ ധനം അന്യായമായി അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂർവ്വം കുറ്റകരമായ മാർഗത്തിലൂടെ അന്യരുടെ സ്വത്തിൽ നിന്ന് ഒരു ഭാഗം ആഹരിക്കാനായി അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്.” (2:188)

ചൂഷണം, മോഷണം, അഴിമതി, പൂഴ്ത്തിവെയ്പ്, കൈക്കൂലി, കരിഞ്ചന്ത, വഞ്ചന, കൃത്രിമം കാണിക്കൽ, മായം ചേർക്കൽ തുടങ്ങിയ എല്ലാ സാമ്പത്തിക കുറ്റങ്ങളെയും ഇസ്‌ലാം കർക്കശമായി വിലക്കുന്നു.
പ്രവാചകൻ പറയുന്നു: ”വഞ്ചന നടത്തിയവൻ നമ്മിൽ പെട്ടവനല്ല.”
”കച്ചവടത്തിൽ നിങ്ങൾ പരസ്പരം വഞ്ചിക്കരുത്”
”ഒരാൾ വില പറഞ്ഞതിന് കൂട്ടിപ്പറയരുത്”.
”കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അവർക്കിടയിൽ അത് കൊടുപ്പിക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു”.
”അനുകൂലമായി വിധിക്കു വേണ്ടി കൈക്കൂലി കൊടുക്കൽ സത്യനിഷേധമാണ്.”
അസദ് ഗോത്രത്തിലെ ഇബ്‌നുല്ലുത്ബിയ്യ: എന്നയാളെ പ്രവാചകൻ സകാത്ത് സംഭരിക്കാൻ നിയോഗിച്ചു. തിരിച്ചുവന്നപ്പോൾ അയാൾ പറഞ്ഞു: ”അത് നിങ്ങൾക്കുള്ളതാണ്. ഇത് എനിക്ക് പാരിതോഷികമായി ലഭിച്ചതും.” അപ്പോൾ പ്രവാചകൻ പ്രസംഗപീഠത്തിൽ കയറി ദൈവത്തെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു: ”ദൈവം എന്നെ ചുമതലപ്പെടുത്തിയ ചില കാര്യങ്ങൾ നടപ്പിലാക്കാൻ നിങ്ങളിൽനിന്ന് ഞാൻ ഭരമേൽപിച്ചയാൾ ശേഖരിച്ച സമ്പത്ത് കൊണ്ടുവന്നപ്പോൾ പറയുന്നു: ‘ഇതാണ് നിങ്ങൾക്കുള്ളത്. ബാക്കി എനിക്കു പാരിതോഷികമായി ലഭിച്ചതാണ്.’ എന്നാൽ അയാൾ സത്യസന്ധനെങ്കിൽ ഓർക്കട്ടെ; അയാൾ തന്റെ മാതാപിതാക്കളുടെ വീട്ടിലിരുന്നാൽ അയാൾക്കത് കിട്ടുമായിരുന്നോ? ദൈവമാണ് സത്യം! അനർഹമായി നിങ്ങളിലാരെങ്കിലും വല്ലതും കൈവശപ്പെടുത്തിയാൽ ആ ഭാരവും ചുമന്നാണ് അന്ത്യദിനത്തിൽ അവൻ ദൈവവുമായി സന്ധിക്കുക?”

യൂനുസ് ബ്‌നു ഉബൈദ വസ്ത്ര വ്യാപാരിയായിരുന്നു. വിവിധ വിലകൾക്കുള്ള വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ കടയിലുണ്ടായിരുന്നു. ഒരിക്കൽ യൂനുസ് തന്റെ സഹോദര പുത്രനെ കടയിൽ നിർത്തി പള്ളിയിൽ പ്രാർഥനക്ക് പോയി. തിരിച്ചുവരുമ്പോൾ ഒരു ഗ്രാമീണൻ തന്റെ കടയിൽ നിന്ന് ഒരു കെട്ട് വസ്ത്രവുമായി പോകുന്നത് കണ്ടു. യൂനുസ് അദ്ദേഹത്തെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി. അതിന് വാങ്ങിയ വിലയെ സംബന്ധിച്ച് അന്വേഷിച്ചു. നാനൂറ് നാണയമാണെന്ന് അയാൾ പറഞ്ഞു. അപ്പോൾ അത് വളരെ കൂടുതലാണെന്നും ഇരുനൂറ് നാണയം തിരിച്ചു വാങ്ങണമെന്നും യൂനുസ് അയാളോടാവശ്യപ്പെട്ടു. തനിക്ക് ഈ വസ്ത്രങ്ങൾ വളരെയേറെ ഇഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതിന് നാനൂറ് നാണയം നൽകിയത് സന്തോഷത്തോടെയാണെന്നും ഗ്രാമീണൻ തറപ്പിച്ച് പറഞ്ഞു.

‘അത് എന്റെ കടയാണ്. അതിന് അവിടെ നിൽക്കുന്ന ആൾ ഈടാക്കിയ വില അമിതമാണ്. കൊള്ളലാഭം കടുത്ത പാപമാണ്’ എന്ന് പറഞ്ഞ് യൂനുസ് അദ്ദേഹത്തെ തന്റെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇരുനൂറ് നാണയം തിരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് സഹോദരപുത്രനോട് ഗൗരവസ്വരത്തിൽ ചോദിച്ചു: ”നിനക്ക് ദൈവത്തിനെ ഓർമയില്ലേ? അമിതലാഭം കുറ്റകരമാണെന്ന് അറിഞ്ഞുകൂടേ?”
”അത് ആ ഗ്രാമീണൻ സ്വന്തം ഇഷ്ടപ്രകാരം വാങ്ങിയതാണ്. ഒട്ടും വിഷമമില്ലാതെയാണ് ഞാൻ പറഞ്ഞ വില നൽകിയത്.” സഹോദരപുത്രൻ പറഞ്ഞു. എന്നാൽ യൂനുസ് അതംഗീകരിച്ചില്ല. അദ്ദേഹം ചോദിച്ചു: ”സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടണമെന്നല്ലേ പ്രവാചകൻ പഠിപ്പിച്ചത്? നീ വിറ്റ ആ വസ്ത്രത്തിന് നാനൂറ് നാണയം വിലയായി കൊടുക്കാൻ നീ ഇഷ്ടപ്പെടുമോ?”
ഇങ്ങനെ സാമ്പത്തിക ഇടപാടുകളിലെ നിസ്സാരമായ തെറ്റുകുറ്റങ്ങൾ പോലും ഇസ്‌ലാം കർക്കശമായി വിലക്കുന്നു. അവിഹിതമായി ഒരു പൈസ പോലും നേടരുതെന്ന് കണിശമായി കൽപിക്കുന്നു. അതിന്റെ ലംഘനം മരണശേഷം പരലോകത്ത് കൊടിയ ശിക്ഷക്ക് കാരണമാകുമെന്ന് താക്കീത് നൽകുകയും ചെയ്യുന്നു.

പലിശയും ചൂതും
മനുഷ്യരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന എല്ലാറ്റിനെയും ഇസ്‌ലാം ശക്തമായി എതിർക്കുന്നു. അതിനാലാണ് ക്ഷാമകാലത്ത് അവശ്യസാധനങ്ങൾ പൂഴ്ത്തി വെക്കുന്നതും വില കൂട്ടി വിൽക്കുന്നതും കണിശമായി വിലക്കിയത്.

പലിശയാണ് ഈ രംഗത്തെ ഏറ്റവും വലിയ ചൂഷണോപാധി. മൂലധനം ഉപയോഗിച്ച് വ്യാപാരത്തിലൂടെയോ വ്യവസായത്തിലൂടെയോ ലാഭം ഉണ്ടാക്കുന്നതിനെ ഇസ്‌ലാം വിലക്കുന്നില്ല. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ലാഭത്തിലെന്നപോലെ നഷ്ടത്തിലും മുതൽ മുടക്കുന്നയാൾ പങ്കാളിയാകണം.

നമ്മുടെ രാജ്യത്തും ലോകത്തും വിലവർധനവിന് വഴിവെക്കുന്നത് പലിശ സമ്പ്രദായമാണ്. ഉദാഹരണമായി കരിമ്പ് കൃഷി ചെയ്യുന്ന കർഷകൻ ബാങ്കിൽ നിന്ന് കടമെടുക്കുന്നു. അദ്ദേഹം വില നിശ്ചയിക്കുമ്പോൾ അതിന്റെ പലിശ അതിൽ ഉൾപ്പെടുത്താൻ നിർബന്ധിതനാണ്. അവിടെ നിന്ന് അത് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്ന ട്രക്കുടമ ബാങ്കിൽ നിന്നെടുത്ത കടത്തിന്റെ പലിശയും ചേർത്താണ് ട്രക്ക് വാടക നശ്ചയിക്കുന്നത്. ഫാക്ടറി ഉടമ വാങ്ങിയ കോടികളുടെ പലിശ പഞ്ചസാരയിലാണ് വന്നു ചേരുന്നത്. അത് സൂക്ഷിക്കുന്ന ഗോഡൗൺ ഉടമയുടെ കടത്തിന്റെ പലിശയും അവിടെ നിന്ന് ഹോൾസെയിൽ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്ന ലോറിയുടെ കടത്തിന്റെ പലിശയും തുടർന്ന് കൈമാറ്റം ചെയ്യുന്ന എല്ലാ കടയുടമകളുടെയും അത് കൊണ്ടുപോകുന്ന വാഹന ഉടമകളുടെയും മുഴുവൻ കടത്തിന്റെയും പലിശ വന്നുചേരുന്നത് നാം വാങ്ങുന്ന പഞ്ചസാരയിലാണ്. അതു കൊണ്ടുതന്നെ പലിശ സമ്പ്രദായം ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന വിലയുടെ എത്രയോ ഇരട്ടിയാണ് ഉപഭോക്താവ് നൽകേണ്ടി വരുന്നത്. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും സ്ഥിതി ഇതു തന്നെയാണ്.

ഒരാൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. ആ പണം ഉപയോഗിച്ച് നടത്തുന്ന വ്യവഹാരങ്ങൾ ലാഭമായാലും നഷ്ടമായാലും നിക്ഷേപകന് നിശ്ചിത പലിശ ലഭിക്കുന്നു. ബാങ്ക് അത് കർഷകനോ വ്യാപാരിക്കോ വ്യവസായിക്കോ പലിശ നിശ്ചയിച്ച് കടം കൊടുക്കുന്നു. കൃഷിയിലും വ്യവസായത്തിലും വ്യാപാരത്തിലും ലാഭമായാലും നഷ്ടമായാലും നിശ്ചിത പലിശ ബാങ്കിലടയ്ക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്. അധ്വാനവും ത്യാഗവുമനുനുഷ്ഠിച്ച് പ്രത്യുൽപാദന പ്രക്രിയയിലേർപ്പെടുന്നവർ നഷ്ടമാണെങ്കിലും പലിശ നൽകേണ്ടി വരുന്നു. അതേസമയം നിക്ഷേപകന് ഏത് സാഹചര്യത്തിലും ഒരു വിധ റിസ്‌കുമില്ലാതെ അപരന്റെ അധ്വാനഫലം ലഭിക്കുന്നു. ഇത് എത്രമേൽ അനീതിയും ചൂഷണവുമാണെന്ന് പറയേണ്ടതില്ലല്ലോ.

പലിശ ആത്മീയവും ധാർമികവും സാമ്പത്തികവും നാഗരികവുമായ വളർച്ചക്ക് വിഘാതം വരുത്തുന്നു. അത് മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. സ്വാർഥത, പിശുക്ക്, കുടിലമനസ്‌കത, ഹൃദയകാഠിന്യം പോലുള്ള ദുർഗുണങ്ങളിൽ നിന്നാണ് പലിശ പിറവിയെടുക്കുന്നത്. മറിച്ച് ഉദാരത, ഹൃദയവിശാലത, അനുകമ്പ, സ്‌നേഹം, സഹകരണം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങളുള്ളവർക്ക് പലിശ വാങ്ങാൻ സാധ്യമല്ല.

ഇങ്ങനെ എല്ലാ അർഥത്തിലും സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും നാഗരികവും ധാർമികവും മാനവികവുമായ സകല നന്മകളെയും നേട്ടങ്ങളെയും നശിപ്പിക്കുന്ന പലിശയെ ഇസ്‌ലാം അതികഠിനമായി എതിർക്കുന്നു.

ദൈവം ഖുർആനിൽ വിശദീകരിക്കുന്നു: ”പലിശ തിന്നുന്നവൻ പിശാച് ബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേറ്റ് നിൽക്കുന്നവനെപ്പോലെയല്ലാതെ നിവർന്നു നിൽക്കാനാവില്ല. കച്ചവടവും പലിശയെപ്പോലെത്തന്നെയാണെന്ന് അവർ പറഞ്ഞതിനാലാണിത്. എന്നാൽ ദൈവം കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ദൈവത്തിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയിൽ നിന്ന് വിരമിച്ചാൽ നേരത്തെ പറ്റിപ്പോയത് അവനുള്ളത് തന്നെ. അവന്റെ കാര്യം ദൈവത്തിങ്കലാണ്. അഥവാ ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കിൽ അവരാണ് നരകാവകാശികൾ. അവരതിൽ സ്ഥിര വാസികളായിരിക്കും. അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധർമങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനെയും കുറ്റവാളിയെയും ദൈവം ഇഷ്ടപ്പെടുന്നില്ല.” (2:275,276)

”പലിശ അവർക്ക് വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരത് അനുഭവിച്ചു. അവർ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവർന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികൾക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.”(4:161)

പലിശ വിലക്കുകയും അതിന്റെ ഗൗരവം വിവരിക്കുകയും ശിക്ഷ വിശദീകരിക്കുകയും ചെയ്യുന്ന നാല്പത് പ്രവാചക വചനങ്ങളുണ്ട്. അത് നിരവധി നാശ നഷ്ടങ്ങൾക്ക് കാരണമായിത്തീരുമെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ പലിശയുൾപ്പെടെ സകല ചൂഷണങ്ങളിൽ നിന്നും തീർത്തും മുക്തമാണ്. മനുഷ്യനിലെ സദ്‌വികാരങ്ങൾ വളർത്തുന്നതും ഉദാരതയെ ഉത്തേജിപ്പിക്കുന്നതും പരസ്പര സഹകരണത്തിലധിഷ്ഠിതവുമാണ്. അതുകൊണ്ടുതന്നെ അത് ചൂതാട്ടത്തെയും ശക്തമായി വിലക്കുന്നു. ഒന്നിലേറെ സ്ഥലങ്ങളിൽ ഖുർആൻ അതിനെ മദ്യത്തോടാണ് ചേർത്തു പറഞ്ഞത്. രണ്ടും മനുഷ്യർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതും ദൈവസ്മരണയിൽ നിന്ന് മനുഷ്യരെ അകറ്റുന്നതുമാണെന്നും ഖുർആൻ അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. (2:219, 5:90,91)

പലിശമുക്തമായ സമൂഹനിർമിതിക്ക് ഇസ്‌ലാം വമ്പിച്ച പ്രാധാന്യം കൽപിക്കുന്നു. തദടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി പലിശ രഹിത സംരംഭങ്ങൾ ഇന്ന് ലോകത്തിലെ വിവിധ ഭാഗങ്ങളിലുണ്ട്. അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖമായ ബാങ്കുകളിൽ പലിശ രഹിത വിന്റോകൾ പ്രവർത്തിക്കുന്നുണ്ട്. മലേഷ്യ ഉൾപ്പടെ പല മുസ്‌ലിം നാടുകളിലും പലിശ രഹിത ബാങ്കുകൾ വിജയകരമായി നടന്നുവരുന്നു.

കൂടാതെ, പലിശ രഹിത സാമൂഹ്യ സംരംഭങ്ങളും സൊസൈറ്റികളും പല പ്രദേശങ്ങളിലും വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്നുണ്ട്. ചൂഷണത്തിന്റെ എല്ലാ കവാടങ്ങളും കൊട്ടിയടക്കുന്ന ഇസ്‌ലാം, അപരന്റെ അവകാശം അപഹരിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ക്രയവിക്രയങ്ങളും ശക്തമായി വിലക്കുന്നു, നിഷിദ്ധങ്ങളായി പ്രഖ്യാപിക്കുന്നു. ഭൂമിയിൽ സാമ്പത്തിക അസന്തുലിതത്വത്തിനും സാമൂഹിക അരക്ഷിതാവസ്ഥക്കും അവ വഴി വെക്കുമെന്നും മരണാനന്തര ജീവിതത്തിൽ ദൈവകോപത്തിനും ശിക്ഷക്കും കാരണമായിത്തീരുമെന്നും അത് പഠിപ്പിക്കുന്നു. ( തുടരും )

Related Articles