Economy

പ്രവാചക സമ്പത്തിന്റെ ഉറവിടങ്ങള്‍

പ്രവാകന്‍ മുഹമ്മദ് നബി(സ)യുടെ സാമ്പത്തിക ശേഷിയെ കുറിച്ച് ആളുകള്‍ക്ക് രണ്ടാമതൊരു അഭിപ്രായമില്ല. പ്രവാചകന്‍ അത്യുദാരനാണെന്നത്, വിശ്വസനീയമായ ചരിത്രരേഖകള്‍ കൊണ്ട് സ്ഥിരപ്പെട്ടതും പ്രത്യേക അക്കാദമിക പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുളളതുമാണ്. പണത്തോട് ആര്‍ത്തിയില്ലാത്ത, പിശുക്ക് കാണിക്കാത്ത, ഭൗതിക സുഖസുഷുപ്തിയില്‍ അഭിരമിക്കാത്ത ജീവിതമാണ് ചരിത്ര ഗ്രന്ഥങ്ങള്‍ വെളിച്ചം വീശുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ). പ്രവാചകന്‍ സ്വന്തത്തെകുറിച്ച് പറയുമായിരുന്നു: ‘ഈ ദുനിയാവില്‍ ഞാനൊരു യാത്രക്കാരന്‍ മാത്രമാണ്. ആ യാത്രയിലെ വിശ്രമ വേളയാണ് ദുനിയാവിലെ എന്റെ ജീവിതം’. എന്നാല്‍, അന്തലുസി(സ്പെയിന്‍)ലെ ചില കര്‍മശാസ്ത്ര പണ്ഡിതര്‍ പ്രവാചകന്‍ ദരിദ്രനാണെന്ന് വിശേഷിപ്പിക്കാന്‍ പാടില്ലെന്നും അത് പ്രവാചക നിന്ദയാണെന്നും അവര്‍ക്ക് ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുന്നു.

ഗവേഷകനായ അബ്ദുല്‍ ഫത്താഹ് സമാന്‍ പ്രവാചക വരുമാന ഉറവിടത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമം നടത്തിയപ്പോള്‍, അവ പത്തോളം മാര്‍ഗങ്ങളിലൂടെയാണെന്ന് നിരീക്ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ സമ്പന്നവാനാക്കിയതിനെ കുറിച്ച് പറയുന്നു. ‘നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു'(അദ്ദുഹ: 8).

അവയിലെ സുപ്രധാന ഉറവിടങ്ങളാണ് താഴെ കുറിക്കുന്നത്:

ഒന്ന്:

പ്രവാചകന് സമ്പത്ത് ലഭിച്ചിരുന്ന മാര്‍ഗങ്ങളിലൊന്ന് കച്ചവടമായിരുന്നു. പ്രവാചകന്‍ പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുതന്നെ കച്ചവടത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്രിയ പത്നി ഖദീജ(റ)യുടെ സമ്പത്തുമായിട്ടാണ് കച്ചവടം നടത്തിയത്. പ്രവാചകനായതിന് ശേഷവും കച്ചവടവുമായി മുന്നോട്ടു പോയിട്ടുണ്ട്. ഇബ്നുല്‍ ഖയ്യിം പറയുന്നു: ‘പ്രവാചകന്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു. പ്രവാചകത്വത്തിന് ശേഷം കൂടുതല്‍ വാങ്ങുകയായിരുന്നു. ഹിജ്റക്ക് ശേഷം ചെറിയ രീതിയിലായിരുന്നു പ്രവാചകന്‍ കച്ചവടം നടത്തിയിരുന്നത്. ആ കച്ചവടം അധികവും മറ്റുളളവര്‍ക്കുവേണ്ടിയായിരുന്നു. പാനപാത്രവും ചെറിയ വിരിപ്പുമായിരുന്നു കച്ചവടം ചെയ്തിരുന്നത്. പ്രവാചകന്‍ വസ്തുക്കള്‍ വാടകക്ക് എടുക്കുകയും വാടകക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വാടകക്ക് എടുക്കലായിരുന്നു കൊടുക്കുന്നതിനേക്കാല്‍ കൂടുതലുണ്ടായിരുന്നത്.

പ്രവാചകത്വത്തിന് മുമ്പ് ആടിനെ മേയ്ക്കുന്നതിലൂടെ, സ്വന്തത്തിന് വേണ്ടി അദ്ദേഹം കച്ചവടം നടത്തി. ഖദീജ(റ)യുടെ സമ്പത്തുമായി അദ്ദേഹം സിറിയയിലേക്ക് കച്ചവടത്തിന് പുറപ്പെട്ടതും ഇപ്രകാരമായിരുന്നു. കച്ചവടത്തിലൂടെ സമ്പത്ത് കണ്ടെത്തുകയും ആവശ്യക്കാര്‍ക്കും നന്മയുടെ വഴിയില്‍ അവ ചെലവഴിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. പ്രവാചകന്‍ ദിവ്യ വെളിപാടിന്റെ തുടക്കത്തില്‍ വിറച്ച്കൊണ്ട് ഖദീജ(റ)യുടെ അടുക്കല്‍ വരുമ്പോള്‍ അവര്‍ പറയുന്ന വാക്കുകള്‍ അത് ബലപ്പെടുത്തുന്നു. ഖദീജ(റ)പറയുന്നു: ‘അല്ലാഹുവാണ് സത്യം! ദൈവം താങ്കള്‍ക്ക് ഒരു പ്രയാസവും വരുത്തിവെക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നു, മറ്റുളളവരുടെ ഭാരം ചുമക്കുന്നു, പ്രയാസമനുഭവിക്കുന്നവരെ സഹായം നല്‍കുന്നു, അതിഥികളെ ആദരിക്കുന്നു, സത്യത്തിന് വേണ്ടി നിലകൊളളുകയും ചെയ്യുന്നു’.

ഈ വിശേഷങ്ങളെല്ലാം അത്യുദാരമായ പ്രവര്‍ത്തനങ്ങളിലൂടെ കൈവന്നതാണ്. പ്രവാചകന്‍ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും മറ്റുളളവരെ സഹായിച്ചു. ഇമാം ഇബ്നു ഹജര്‍ പറയുന്നു: ‘പ്രവാചന് കൈവന്ന വിശേഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അടുത്തവരോടും അകന്നവരോടും ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നല്ല രീതിയില്‍ പ്രവാചകന്‍ വര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കല്‍പന സ്വീകരിക്കുന്നവര്‍ക്കും നിരസിക്കുന്നവര്‍ക്കും ഒരുപോലെ സഹായം നല്‍കുവാനുളള മനസ്സുളളതുകൊണ്ടാണ് അദ്ദേഹം ആ വിശേഷണങ്ങള്‍ക്ക് അര്‍ഹനാവുന്നത്.

രണ്ട്:

പിതാവില്‍നിന്നും പത്നിയില്‍ നിന്നും അനന്തരമായി വന്നുചേര്‍ന്ന സമ്പത്ത്. ഫറാഇന്റെ കിതാബില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്, അല്ലാഹുവിന്റെ പ്രവാചകന് തന്റെ മാതാപിതാക്കളില്‍ നിന്നും പ്രിയ പത്നി ഖദീജയില്‍ നിന്നും സമ്പത്ത് അനന്തരമായി ലഭിച്ചു. അബൂ യഅ്ലല്‍ ഫറാഅ് പറയുന്നു: ‘ഇമാം വാഖിദി രേഖപ്പെടുത്തുന്നു. പിതാവ് അബ്ദുളളയില്‍നിന്ന് അഞ്ച് ഒട്ടകവും, കുറച്ച് ആടുകളും, അദ്ദേഹത്തിന്റെ അടിമയായ ശക്റാനും മകന്‍ സ്വാലിഹിനെയും അനന്തരമായി ലഭിച്ചു. മാതാവിന്റെ മരണത്തെ തുടന്ന് അനന്തരമായി ലഭിച്ചത്, പ്രവാചകന്‍ ജനിച്ച മക്കയിലെ വീടാണ്. മക്കയിലെ സ്വഫ -മര്‍വക്കിടയിലെ അത്വാരീന്‍ അങ്ങാടിക്ക് പിറകിലുളള വീടും, കുറച്ച് സമ്പത്തുമാണ് അദ്ദേഹത്തിന് ലഭിച്ചത്. 400 ദിര്‍ഹമിന് ഉക്കാദ് ചന്തയില്‍നിന്ന് ഹക്കീം ബ്നു ഹിസാം ഖദീജ സൈദ് ബ്നു ഹാരിസക്ക് വാങ്ങിയതായിരുന്നു ആ വീട്. അവരില്‍നിന്ന് ഇഷ്ടദാനമായി ഹക്കീമിന് വീട് ലഭിച്ചു. അദ്ദേഹത്തിന്റെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കുകയും ഉമ്മു അയ്മനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പ്രവാചകത്വത്തിന് ശേഷം അവര്‍ക്ക് ഉസാമയെന്ന ആണ്‍ കുഞ്ഞ് ജനിച്ചു’.

മൂന്ന്:

ഗനീമത്തുകളുടെ അഞ്ചിലൊന്ന് പ്രവാചന് ലഭ്യമാവുന്ന വരുമാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നതാണ്. മുസ്ലിംകള്‍ യുദ്ധത്തെ അഭിമുഖീരിക്കുകയും യുദ്ധത്തില്‍നിന്ന് കരഗതമാവുകയും ചെയ്യുന്ന ഗനീമത്തുകള്‍ പ്രവാചകന് സമ്പത്ത് നേടിതരുന്നതിനുളള ഇതര മാര്‍ഗങ്ങളിലൊന്നാണ്. ‘നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്മാര്‍ക്കും ഉളളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍’ (അന്‍ഫാല്‍: 41). യുദ്ധമില്ലാതെ ലഭ്യമാവുന്ന സമ്പത്താണ് ‘ഫൈഅ്’. ഗനീമത്തുകള്‍ യുദ്ധത്തെ തുടര്‍ന്ന് ലഭ്യമാവുന്നതാണെങ്കില്‍ ‘ഫൈഅ്’ യുദ്ധമില്ലാതെ കൈകളില്‍ വരുന്ന സമ്പത്താണ്. പ്രവാചന് ഇതില്‍നിന്നും സമ്പത്ത് ലഭ്യമായിരുന്നു.

വിവ : അര്‍ശദ് കാരക്കാട്
അവലംബം: ഇസ്ലാം ഓണ്‍ലൈന്‍

Author
ഇദ്‌രീസ് അഹ്മദ്
Facebook Comments
Related Articles
Show More

Check Also

Close
Close
Close