Current Date

Search
Close this search box.
Search
Close this search box.

ബിസിനസ്സിൽ വിജയിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ

ബിസിനസ്സിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക? പണം സമ്പാദിക്കാനാണല്ലോ ബിസിനസ്സ് ചെയ്യുന്നത്. അപ്പോൾ അതിൽ പരാജയപ്പെട്ടാൽ പണം ലഭിക്കാതെ പ്രയാസപ്പെടും. ജീവത പ്രാരാബ്ദങ്ങൾ നേരിടേണ്ടി വരും. അതോടെ ജീവിതത്തോടുള്ള താൽപര്യം കുറയും. ജീവിതം മുന്നോട്ട് നീങ്ങാൻ കടത്തിൽ അഭയം തേടേണ്ട അവസ്ഥ. ഇത്തരമൊരു സാഹചര്യം വരാൻ ബിസിനസ്സ് ചെയ്യുന്ന ഒരാളും ആഗ്രഹിക്കുകയില്ല. അപ്പോൾ ബിസിനസ്സിൽ വിജയം കൈവരിക്കാൻ താഴെ പറയുന്ന ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

1. ഉപഭോക്താവിനെ പരിഗണിക്കുക
ഏതൊരു ബിസിനസ് സ്ഥാപനത്തിൻറെയും വിജയം അതിൻറെ ഉപഭോക്താക്കളിലാണ് നിലകൊള്ളുന്നത്. അവരുള്ളത്കൊണ്ടാണ് ഏതൊരു ബിസിനസ്സ് സ്ഥാപനവും നിലനിൽക്കുന്നതും മുന്നോട്ട് കുതിക്കുന്നതും. അവരില്ലെങ്കിൽ കച്ചവടമില്ല. എല്ലാം നഷ്ടത്തിൽ കലാശിക്കും. എന്ത് ചെയ്യുകയാണെങ്കിലും അത് ഉപഭോക്താവിന് ഗുണകരമാണൊ എന്ന് രണ്ട് വട്ടം ചിന്തിക്കണം. എങ്കിലേ കച്ചവടം വിജയിക്കൂ. ബിസിനസ്സിനെ സംബന്ധിച്ചേടുത്തോളം ഉപഭോഗ്താവ് രാജാവാണ് എന്ന തത്വം വളരെ പ്രസക്തമാണ്.

2. മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുക
സത്യസന്ധതയാണ് കച്ചവടത്തിൽ ഏറ്റവും ഉയർന്ന മൂല്യം. പ്രവാചകൻറെ സവിശേഷ ഗുണമായി ശത്രുക്കൾ പോലും അംഗീകരിച്ച കാര്യമാണ് സത്യസന്ധത. നാം ഏറ്റെടുത്ത കാര്യത്തോട് നീതി പുലർത്താൻ കഴിയണം. അല്ലെങ്കിൽ ഏറ്റെടുക്കാതിരിക്കുക. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയുക. പറയുന്നത് ഉദ്ദേശിക്കുകയും ചെയ്യുക. അങ്ങനെ വാക്കും പ്രവർത്തിയും പരസ്പരം രജ്ഞിപ്പിലും യോജിപ്പിലുമാവുക. മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നില്ളെങ്കിൽ, സ്ഥാപനത്തിന് അമീഭയെപോലെ അൽപായുസ്സേ ഉണ്ടാവൂ.

3. ടീം വർക്കിന് ഊന്നൽ നൽകുക
ഒരു വ്യക്തിയല്ല ടീമാണ് പ്രധാനം. ഒന്നും ഒന്നും ചേർന്നാൽ അത് രണ്ടല്ല. എത്രയോ മഹത്തായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന മനുഷ്യ ശക്തിയുടെ വലിയ സഞ്ചയമാണത്. കച്ചവടത്തിൽ വിജയിക്കാൻ ടീം വർക്ക് വളരെ പ്രധാനമാണ്. പക്ഷികളുടെ പറക്കൽ ശ്രദ്ധിച്ചിട്ടില്ലേ? കൂട്ടമായിട്ടാണ് അവ പറക്കുന്നത്. ഇത് അവയെ കൂടുതൽ ദൂരം പറക്കാനും ക്ഷീണമനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. ഒറ്റക്ക് ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു ടീമായി പ്രവർത്തിച്ചാൽ കച്ചവടത്തിൽ വൻ വിജയം നേടാം.

4. വൈവിധ്യത്തെ ഉൾകൊള്ളുക
കച്ചവടം ചെയ്യുമ്പോൾ പലതരത്തിലുള്ള മനുഷ്യരുമായി ബന്ധപ്പെടേണ്ടി വരും. പല സ്വഭാവത്തിലുള്ള ഉപഭോക്താക്കൾ, കൂടെ ജോലി ചെയ്യുന്നവർ, സാധനങ്ങൾ സപ്ളെ ചെയ്യുന്നവർ. എല്ലാം വൈവിധ്യമുള്ളവരും വൈരുധ്യമുള്ളവരുമാവാം. അവരുടെ വൈവിധ്യത്തെ ഉൾകൊള്ളാതെ ബിസിനസ്സിൽ നമുക്ക് വിജയിക്കാൻ കഴിയില്ല. വൈിവിധ്യമാർന്ന ചിന്തകൾ നമ്മുടെ ലോകത്തെ വികസിപ്പിക്കുകയും ബിസിനസ്സിൽ വിജയം നേടാൻ സഹായിക്കുകയും ചെയ്യും.

5. സന്തുലിതത്വം പാലിക്കുക
ബിസിനസ്സിൻറെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുക സ്വാഭാവികം. അപ്പോൾ കുടുംബ ജീവിതത്തെ അവഗണിക്കാനൊ സാമൂഹ്യ ജീവിതത്തെ ഉപേക്ഷിക്കാനൊ പാടില്ല. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും തൊഴിൽ മേഖലയിലും സന്തുലിതത്വം പാലിക്കൽ അനിവാര്യമാണ്. കഠിനമായി അധ്വാനിക്കുന്നതോടൊപ്പം വിശ്രമവും വിനോദവും ആവശ്യമാണ്. മനസ്സിന് ഒരു കുളിർമയും ആനന്ദവും ആവശ്യമാണ്. ആത്മീയ ചിന്തകളും അതിനനുസരിച്ച പ്രവർത്തനങ്ങളും അനിവാര്യമാണ്.

6. ഉത്തരവാദിത്വ ബോധം
ബിസിനസ്സിൽ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കുണ്ടാവേണ്ട മറ്റൊരു മഹത്തായ ഗുണമാണ് ഉത്തരവാദിത്വ ബോധം. നേതൃത്വം നൽകാൻ സ്വയം ശാക്തീകരണം ആർജിക്കുക. സ്വയം ശാക്തീകരണം നേടാതെ ഒന്നും ആർജ്ജിക്കുക സാധ്യമല്ല. എവിടെയെല്ലാം നേതൃത്വം നൽകാൻ കഴിയുമൊ അവിടെ ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ട് വന്ന് നേതൃത്വം ഏറ്റെടുക്കുക. അപകർഷതാ ബോധം ഉണ്ടാവുന്നവർക്ക് വിജയം നേടാൻ കഴിയുകയില്ല.

7. മികവിലേക്കുള്ള പരിശ്രമം
ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതിൽ പല ഘടകങ്ങളും നിർണ്ണായകമാണ്. കമ്പനി പ്രവർത്തിക്കുന്ന കെട്ടിട ഉടമസ്ഥൻ മുതൽ തൂപ്പ്കാരൻ വരേയും കമ്പനി പങ്കാളികൾ മുതൽ തൊഴിലാളികൾ വരേയുമുള്ള എല്ലാ ഘടകങ്ങളേയും ഒത്തൊരുമയോടെ കൊണ്ട്പോയില്ലെങ്കിൽ വിജയിക്കാൻ സാധിക്കുകയില്ല. അവർ പ്രതീക്ഷിക്കുന്നതിനെക്കാൾ ഹൃദ്യമായ പെരുമാറ്റവും സേവനവും വേതനവും അവർക്ക് നൽകാൻ കഴിയണം. അങ്ങനെ ബിസിനസ്സിലെ ഓരോ ഘടകത്തേയും തൃപ്തിപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തുക.

മുകളിൽ വിവരിച്ച ഏഴ് കാര്യങ്ങൾ ശ്രദ്ധാപൂർവ്വം നിങ്ങളുടെ ബിസിനസ്സ് സംരംഭത്തിൽ സമന്വയിപ്പിച്ചാൽ, നിങ്ങൾക്ക് വിജയം ഉറപ്പാണെന്ന് മാത്രമല്ല, പരാജയ ഭീതിയുടെ ആവശ്യവുമില്ല. ബിസിനസ്സിലൂടെ നിങ്ങളുടെ സ്വാതന്ത്ര്യം പരമാവധി ആസ്വദിക്കാം. കൈയ്യിൽ സുഭിക്ഷമായി പണം എത്തിച്ചേരുകയും നിങ്ങളുടെ സ്വപ്നം പൂവണിയുകയും ചെയ്യുന്ന ആ നല്ല നാളേക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം.

Related Articles