Current Date

Search
Close this search box.
Search
Close this search box.

സ്വയം സംരംഭകത്വം: അതിജീവനത്തിൻറെ ബദൽ മാർഗ്ഗങ്ങൾ

മനുഷ്യ ജീവിതത്തെ ചലിപ്പിക്കുന്ന ഇന്ധനവും അവരുടെ നിലനിൽപിന് അനിവാര്യമായ ഘടകവുമാണ സമ്പത്ത്. കൃഷി, കച്ചവടം, വ്യവസായം, സേവനം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് സമ്പത്ത് നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുന്നത്. സർക്കാരും പൊതു സംരംഭക സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ താൽപര്യം കാണിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് അത് കടുത്ത മൽസരത്തിലൂടെ മാത്രമേ നേടി എടുക്കാൻ കഴിയൂ എന്ന് മാത്രമല്ല ശുഷ്ക്കിക്കുകയും ചെയ്ത്കൊണ്ടിരിക്കുകയാണ്. തൊഴിലിന് വേണ്ടി മനുഷ്യർ വേഴാമ്പലിനെ പോലെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.

ഈ സാഹചര്യത്തിൽ, സ്വയം സംരംഭകത്വം എങ്ങനെയാണ് അതിജീവനത്തിൻറെ ബദൽ മാർഗ്ഗങ്ങളാവുന്നത് എന്നതിനെ കുറിച്ച് കൂലങ്കശമായി അന്വേഷിക്കേണ്ടതുണ്ട്. അല്ലങ്കിൽ നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ ചെകുത്താനും കടലിനുമിടയിൽ കഴിയേണ്ടി വരും. സ്വയം സംരംഭകത്വം എന്നത് ഒരു മഹത്തായ മൂല്യമാണ്. എല്ലാവർക്കും ആ മൂല്യം ഉണ്ടാവണമെന്നില്ല. എന്നാൽ താൽപര്യവും അഭിനിവേഷവും ഉണ്ടെങ്കിൽ വളർത്തി എടുക്കാവുന്നതേയുള്ളൂ ആ ഗുണം. ഒരു ലാപ്ടോപൊ മൊബൈലൊ ഉണ്ടെങ്കിൽ, സ്വയം സംരംഭകനാവാൻ കഴിയുന്ന കാലമാണിത്.

പ്രവാചക ശിഷ്യൻ അബ്ദുറഹിമാൻ ഇബ്നു ഔഫ് ഒരു വർത്തക പ്രമാണിയായിരുന്നു. മക്കയിൽ നിന്നും പാലായനം ചെയ്ത് മദീനയിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിൻറെ മടിശ്ശീല ശൂന്യമായിരുന്നു. പലരും സഹായ ഹസ്തവുമായി അദ്ദേഹത്തെ സമീപിച്ചു. അതെല്ലാം വിനയപൂർവ്വം നിരാകരിച്ച അബ്ദുറഹിമാൻ ഇബ്നു ഔഫ് അവരോട് ആവശ്യപ്പെട്ടത് അങ്ങാടി കാണിച്ച് തരൂ എന്നായിരുന്നു. എൻറെ ഉപജീവനത്തിൻറെ വഴി ഞാൻ അവിടന്ന് കണ്ടത്തെികൊള്ളാം. രക്തത്തിൽ അലിഞ്ഞ് ചേർന്ന ഈ സംരംഭകത്വ ത്വര നമ്മിലുണ്ടൊ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.

അത്തരമൊരു ഗുണം തനിക്കുണ്ടെങ്കിൽ, അതിൽ ഏത് മേഖലയിലാണ് താൽപര്യമെന്ന് കണ്ടത്തെുകയും അതിൽ രാപകൽ ഭേദമന്യേ പ്രവർത്തന നിരതനാവുകയും ചെയ്യലാണ് ഏതൊരു സംരംഭകത്വവും വിജയിക്കാനുള്ള ആദ്യപടി. സ്വയം ബിസിനസ് ചെയ്യാൻ പ്രധാനമായും മൂന്ന് കാര്യങ്ങൾ അറിഞ്ഞിരിക്കണം. പണം കൈകാര്യം ചെയ്യാൻ അറിയുക എന്നതാണ് അതിലൊന്ന്. ഓരോ നയാപൈസയും പ്രധാനമണെന്ന തിരിച്ചറിവ് ഉണ്ടാവുകയും അത് നിക്ഷേപമായി മാറ്റാനുള്ള ത്വര ഉണ്ടാവുകയാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വയം ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട രണ്ടാമത്തെ കാര്യമാണ് ആളുകളെ മനസ്സിലാക്കുകയും അവരെ കൈകാര്യം ചെയ്യാൻ കഴിയുക എന്നത്. തൊഴിലാളികൾ, പാർട്ടനർമാർ, ഉപഭോഗ്താക്കൾ തുടങ്ങി വിവിധ തലത്തിലുള്ള ആളുകളുമായി ബന്ധപ്പെടാൻ ഒരു സംരംഭകൻ നിർബന്ധിതനാണ്. ചതിക്കുഴിയിൽ അകപ്പെടാതെ അവരെ കൈകാര്യം ചെയ്യുന്നതിലാണ് അയാളുടെ വിജയം. ഒരു സംരംഭകൻറെ മൂന്നാമത്തെ പ്രധാന കർത്തവ്യം സമയം കൃത്യമായി വിനിയോഗിക്കുക എന്നതാണ്. അയാളുടെ ഓരോ നിമിഷവും അമൂല്യമാണ് എന്ന ബോധത്തോടെയായിരിക്കണം സമയം ചെലവഴിക്കേണ്ടത്.

കുട്ടികൾ പിച്ച വെക്കുന്നത് പോലെയാണ് സ്വയം സംരംഭകത്വം എന്ന് പറയാം. പല പ്രാവിശ്യം പരാജയപ്പെടാൻ സാധ്യതയുണ്ട്. അപ്പോഴൊക്കെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്ന് വരാനുള്ള അസാമാന്യമായ ഇഛാശക്തിയും കഠിന പ്രയത്നവും ഉണ്ടെങ്കിൽ മാത്രമേ സ്വയം സംരംഭകത്വമെന്ന ഏർപ്പാടിന് മുതിരേണ്ടതുള്ളൂ. ആദ്യ വീഴ്ചയിൽ നിന്ന് പിന്മാറുന്ന ഒരു കട്ടിക്ക് നടക്കാൻ കഴിയില്ലന്ന കാര്യം ഉറപ്പ്. ഓരോ വിഴ്ചയും പുതിയ പാഠങ്ങൾ പഠിക്കാനുള്ള അവസരമായി മാറ്റുകയാണ് ചെയ്യേണ്ടത്. ഏതൊരു കാര്യത്തിൻറെ വിജയത്തിനും ആത്മവിശ്വാസം വളരെ പ്രധാനമാണ്. മനസ്സിലെ ഭയം ദൂരെ കളഞ്ഞ് ബുദ്ധിപരമായ റിസ്ക് ഏറ്റെടുക്കാനുള്ള ആർജ്ജവം ഒരു സംരംഭകന് അനിവാര്യമാണ്.

സംശയിച്ച് തുടങ്ങുന്ന ഒരു സംരംഭവും വിജയിക്കുകയില്ല. ശങ്കിച്ച് ശങ്കിച്ച് നിൽക്കുന്നതിന് പകരം ധീരമായി രംഗത്ത് ഇറങ്ങുക. ദൈവത്തിൻറെ ഒരു താങ്ങും കരുത്തും തനിക്കുണ്ടാവുമെന്ന അചഞ്ചല വിശ്വാസത്തിൽ ഏത് ഇരുണ്ട വഴിയിലൂടെയും ധീരമായി നടക്കാൻ കഴിയണം. ഏതൊരു സംരംഭമാണൊ തുടങ്ങാൻ ആഗ്രഹിക്കുന്നത് അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുക. അതിന് വേണ്ടി ചോദ്യാവലി ഉണ്ടാക്കുകയും ബിസിനസ് ചെയ്യുന്നവരുമായി ചർച്ച ചെയ്യുക. അത്തരം ബിസിനസ് കണ്ടാൽ അവിടെ നിൽകുക. അതിനെക്കാൾ മെച്ചപ്പെട്ട രൂപത്തിൽ അതേ ബിസിനസ് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുക.

ഒരു ബിസിനസ് സംരംഭത്തിൻറെ മുഴുവൻ വശങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഒരു കൺസൽട്ടൻസിയെ നിശ്ചയിക്കുന്നത് നല്ലതാണ്. സാമ്പത്തികം, മാർക്കറ്റിംഗ്, റിക്രൂട്ട്മെൻറെ തുടങ്ങി വിവിധ വശങ്ങളെ കുറിച്ച് അത്തരം സ്ഥാപനങ്ങളിൽ നിന്ന് ഉപദേശങ്ങൾ തേടുക. സംരംഭകരെ സഹായിക്കാൻ പല പദ്ധതികളും രാജ്യത്തെ വിവിധ സർക്കാർ ഏജൻസികൾ ചെയ്ത് വരുന്നുണ്ട്. അതിൽ പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ധനസഹായം കൈപ്പറ്റുന്നത് നമ്മെ ഈ ലോകത്തും പരലോകത്തും നശിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.

ഒരു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും സംരംഭകരും ബിസിനസ്കാരും നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. വർത്തക പ്രമാണിമാരെ അവഗണിക്കുക ഭരണകൂടങ്ങൾക്ക് സാധ്യമല്ല. ഏറ്റവും വലിയ തൊഴിൽ മേഖല സൃഷ്ടിക്കുന്നത് അവരാണ്. ഉപജീവനത്തിന് വേണ്ടിയുള്ള സ്വയം സംരഭകത്വം ഏറെ പുണ്യകരമാണെന്ന് പ്രവാചകൻ പറഞ്ഞു. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ പ്രവചകന്മാരോടും സത്യസന്ധന്മാരോടും രക്തസാക്ഷികളോടൊപ്പമായിരിക്കുമെന്ന് അവിടന്ന് അരുളി.

കൂടാതെ ഖുർആനിലും ഹദീസ് സാഹിത്യത്തിലും കച്ചവടവും അനുബന്ധ പദങ്ങളും നിരവധി തവണ ആലംങ്കാരികമായും അല്ലാതേയും പ്രയോഗിച്ചതായി കാണാം. മനുഷ്യരെല്ലാം ഈ ഭൂമിയിൽ ജീവിച്ച്കൊണ്ടിരിക്കുന്നത് കൊള്ളകൊടുക്കകളിലൂടെയാണ്. അത് നിലച്ചാൽ ജീവിതം നിലച്ചു. ഈ ജീവിതവും ഇവിടത്തെ വിഭവങ്ങളും കച്ചവടച്ചരക്കാക്കി പരലോകത്തേക്കുള്ള പാഥേയം ഒരുക്കാൻ ഖുർആൻ നമ്മെ ഉണർത്തുന്നു.

Related Articles